ലൈഫ് ഭവനപദ്ധതി മുടക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുകയാണ്. കേന്ദ്രവിഹിതം ഉൾപ്പെടുത്തുന്നതുകൊണ്ട് അവരുടെ ലോഗോ ലൈഫ് മിഷൻ വീടുകൾക്കുമുന്നിൽ വയ്‌ക്കണമെന്നാണ് നിർദേശം. ചിലരുടെ ചിത്രം വയ്‌ക്കണമെന്നും പറയുന്നു. നാലരലക്ഷം ഭവനങ്ങൾ നൽകിയ ലൈഫ് പദ്ധതിക്ക് സംസ്ഥാന സർക്കാർ 16,000 കോടി രൂപയാണ് മുടക്കിയത്. കേന്ദ്രവിഹിതം 1370 കോടിമാത്രം. ഇത്രയും തുകമാത്രം മുടക്കിയവരുടെ ലോഗോയും ചിത്രങ്ങളും വയ്ക്കണമെന്ന നിർദേശത്തോട് സംസ്ഥാന സർക്കാരിന്റെ നിലപാട് അറിയിച്ചു. ‘ഇത് നിങ്ങളുടെ വീടല്ല, ദാനംകിട്ടിയതാണ്’ എന്ന് ഓർമിപ്പിക്കുന്ന രീതിയോട് യോജിപ്പില്ല.
ഇനി പദ്ധതിയുമായി സഹകരിക്കില്ലെന്നാണ് കേന്ദ്ര സർക്കാർ തീരുമാനം. കേന്ദ്രം സഹകരിക്കാതിരുന്നാലും പദ്ധതി ഉപേക്ഷിക്കില്ല. ലൈഫ് മിഷൻ ആരംഭിക്കുമ്പോൾ സംസ്ഥാനം കേന്ദ്ര സർക്കാരുമായും ആലോചിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ ഭവനനിർമാണ പദ്ധതിയും വിവിധ വകുപ്പുകളുടെ ഭവനനിർമാണ പ്രവർത്തനങ്ങളും ഒന്നിച്ച് സമാഹരിച്ച് ഒരു പദ്ധതിയുടെ ഭാഗമാക്കി നടപ്പാക്കാനാണ് ശ്രമിച്ചത്. ഗ്രാമത്തിൽ വീടുനിർമിക്കാൻ 75,000 രൂപവരെയും നഗരത്തിൽ ഒന്നരലക്ഷം രൂപവരെയുമാണ് കേന്ദ്രം നൽകുന്നത്. ഇതുകൊണ്ട് താമസയോഗ്യമായ വീട് നിർമിക്കാനാകില്ല. ആ പണവും സംസ്ഥാന സർക്കാർ വിഹിതവും ചേർത്ത് നാലുലക്ഷമാക്കിയാണ് വീട് അനുവദിക്കുന്നത്. ഇതെല്ലാം മറച്ചുവച്ച്, എല്ലാം തങ്ങളുടെ വകയാണെന്ന് പ്രചരിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.