Skip to main content

കേരളത്തിന്റെ പ്രതിഷേധം ഫലം കണ്ടു, തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രം വെട്ടിക്കുറച്ച 1.5 കോടി തൊഴിൽ ദിനങ്ങൾ പുനഃസ്ഥാപിപിച്ചു

നവകേരള സദസ്സിൽ ഉന്നയിക്കുകയും കേരളമാകെ ഒന്നിച്ചണിനിരക്കുകയും ചെയ്ത ഒരു വിഷയത്തിൽക്കൂടി അനുകൂല തീരുമാനം വന്നിരിക്കുകയാണ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ വെട്ടിക്കുറച്ച കേരളത്തിന്റെ ഒന്നരക്കോടി തൊഴിൽ ദിനങ്ങൾ കൂടി പുനഃസ്ഥാപിക്കാനാണ് കേന്ദ്രസർക്കാർ നിർബന്ധിതമായത്.

ഈ സാമ്പത്തിക വർഷം കേന്ദ്രം ആദ്യം അനുവദിച്ചത് 6 കോടി തൊഴിൽ ദിനങ്ങളായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം കേന്ദ്രം അനുവദിച്ച 9.5 കോടി തൊഴിൽ ദിനങ്ങളുടെ സ്ഥാനത്ത് 9.65 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് മാതൃകയായ സംസ്ഥാനത്തോടായിരുന്നു വിവേചനപരമായ ഈ സമീപനം. മൂന്നരക്കോടി തൊഴിൽ ദിനങ്ങൾ ഒറ്റവർഷം വെട്ടിക്കുറച്ചു. പടിപടിയായി കേരളത്തിനുള്ള തൊഴിൽ ദിനങ്ങൾ വെട്ടിക്കുറയ്ക്കുന്നതിന് എതിരെ സംസ്ഥാനസർക്കാരും തൊഴിലുറപ്പ് തൊഴിലാളികളും വലിയ പ്രതിഷേധം ഉയർത്തി. മന്ത്രിയെന്ന നിലയിൽ ഡൽഹിയിൽ നേരിട്ടെത്തി സമ്മർദ്ദം ചെലുത്തിയിരുന്നു. ഇതിനെത്തുടർന്ന് രണ്ട് കോടി തൊഴിൽ ദിനങ്ങൾ കൂടി അനുവദിക്കാൻ അന്ന് കേന്ദ്രം നിർബന്ധിതമായി. നവകേരള സദസ്സിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ തൊഴിൽ ദിനങ്ങൾ വെട്ടിക്കുറയ്ക്കുന്ന കേന്ദ്രനിലപാട് ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിച്ചു. ഈ സമ്മർദങ്ങൾക്കൊടുവിലാണ് ഈ വർഷം വെട്ടിച്ചുരുക്കിയ മുഴുവൻ തൊഴിൽ ദിനങ്ങളും കേന്ദ്രത്തിനു പുനസ്ഥാപിക്കേണ്ടിവന്നത്.

കേന്ദ്രം അനുവദിച്ച 8 കോടി തൊഴിൽ ദിനങ്ങൾ ഈ കഴിഞ്ഞ മാസം തന്നെ കേരളം പൂർത്തിയാക്കിയിരുന്നു. തൊഴിൽ ദിനങ്ങൾ 10.7 കോടിയായി ഉയർത്തണമെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തോട് കേരളം ആവശ്യപ്പെട്ടത്. സംസ്ഥാനം വിവിധ ഘടകങ്ങളിൽ കൈവരിച്ച പുരോഗതി വിലയിരുത്തിയതിന്റെയും, വലിയ സമ്മർദ്ദം ഉയർന്നതിന്റെയും പശ്ചാത്തലത്തിൽ ജനുവരി 10ന് ചേർന്ന കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ എംപവേർഡ് കമ്മിറ്റിയാണ് ലേബർ ബഡ്ജറ്റ് 9.5 കോടിയായി വർദ്ധിപ്പിച്ചത്. ഈ തൊഴിൽ ദിനങ്ങൾ കേരളം മറികടക്കുകയാണെങ്കിൽ, വീണ്ടും തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിച്ചു നല്കുമെന്നും കേന്ദ്ര ഗ്രാമവികസന സെക്രട്ടറി ഉറപ്പ് നൽകിയിട്ടുണ്ട്.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് ഏറ്റവും മാതൃകാപരമായി നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. പദ്ധതി നടത്തിപ്പിൽ മികവിന്റെ എല്ലാ സൂചികകളിലും കേരളമാണ് മുന്നിൽ. ട്രൈബൽ പ്ലസ്, നീരുറവ് പോലുള്ള മാതൃകാ പദ്ധതികളും തൊഴിലുറപ്പുമായി ചേർന്നു കേരളം ഏറ്റെടുക്കുന്നു. സമ്പൂർണ്ണ സോഷ്യൽ ഓഡിറ്റിംഗ് ഈ വർഷത്തെ ആദ്യ പകുതിയിലും കേരളം പൂർത്തിയാക്കി. ഈ നേട്ടം തുടർച്ചയായി കൈവരിക്കുന്ന ഏക സംസ്ഥാനമാണ് കേരളം. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തിയ ഏക സംസ്ഥാനവും കേരളമാണ്. ഇങ്ങനെ മുന്നേറുന്ന കേരളത്തെ തൊഴിൽ ദിനങ്ങൾ വെട്ടിക്കുറച്ച് വെല്ലുവിളിക്കുകയായിരുന്നു കേന്ദ്രം ചെയ്തുകൊണ്ടിരുന്നത്. പത്തരക്കോടി തൊഴിൽ ദിനങ്ങൾ രണ്ട് വർഷം മുൻപേയാണ് ഒമ്പതര കോടിയായി വെട്ടിച്ചുരുക്കിയത്, അത് വീണ്ടും ആറ് കോടിയായി ഇക്കുറി വെട്ടിച്ചുരുക്കുകയായിരുന്നു. ഇതിനെതിരെ കേരളമാകെ നടത്തിയ ചെറുത്തുനിൽപ്പാണ് ഇപ്പോൾ ഫലപ്രാപ്തിയിൽ എത്തിനിൽക്കുന്നത്. കേരളത്തിന് അർഹമായ തൊഴിൽ ദിനങ്ങൾ നേടിയെടുക്കാനുള്ള പോരാട്ടങ്ങൾ നമുക്ക് തുടരാം.
 

കൂടുതൽ ലേഖനങ്ങൾ

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി

തായാട്ട് കൊച്ചുവേലായുധന്റെ കുടുംബത്തിന് സിപിഐ എം നിർമിച്ച വീട് പാർടി സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ കൈമാറി. നാട്ടുകാരുടെയും ചേർപ്പ് ഏരിയയിലെ പാർടി അംഗങ്ങളുടെയും സഹായത്തോടെയാണ് വീട് നിർമിച്ചത്. വീടിൻ്റെ നിർമ്മാണം 75 ദിവസംകൊണ്ട് പൂർത്തിയാക്കാനായി.

വെനസ്വേലയിലെ അമേരിക്കൻ കടന്നാക്രമണം ഭീകരപ്രവർത്തനം

സ. പിണറായി വിജയൻ

വെനസ്വേലയിൽ അമേരിക്ക നടത്തിയത് നഗ്നമായ സാമ്രാജ്യത്വ ആക്രമണമാണ്. വിവിധ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി തെക്കൻ അർദ്ധഗോളത്തിൽ ശത്രുത വളർത്താൻ ശ്രമിക്കുന്ന ഒരു 'തെമ്മാടി രാഷ്ട്രമായി' അമേരിക്ക മാറിയിരിക്കുകയാണ്. ഇത് ഭീകരപ്രവർത്തനമാണ്.

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശം

സ. എം എ ബേബി

വെനസ്വേലയ്ക്ക് നേരെയുള്ള അമേരിക്കൻ ആക്രമണം ന​ഗ്നമായ സാമ്രാജ്യത്വ അധിനിവേശമാണ്. അമേരിക്ക തെമ്മാടിരാഷ്ട്രമായി പെരുമാറുന്നു. അമേരിക്കൻ ഏകാധിപത്യത്തിന് കീഴ്പ്പെടുത്തുക എന്നതാണ് വെനസ്വേല ആക്രമണത്തിന് പിന്നിലെ ലക്ഷ്യം. ഇന്ന് വെനസ്വേലയ്ക്ക് നേരെ നടന്ന ആക്രമണം നാളെ മറ്റ് രാജ്യങ്ങൾക്ക് നേരെയും നടക്കാം.

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സ. എം എ ബേബി പ്രകാശനം ചെയ്തു

എകെജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 2026 ഫെബ്രുവരി 21,22 തീയതികളിൽ നടക്കുന്ന അഞ്ചാമത് അന്തർ ദേശീയ കേരള പഠന കോൺഗ്രസിന്റെ വെബ്‌സൈറ്റും ഓൺലൈൻ രജിസ്‌ട്രേഷൻ സംവിധാനവും സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പ്രകാശനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. ടി എം തോമസ് ഐസക് പങ്കെടുത്തു.