Skip to main content

സ. ലെനിൻ ചരമശതാബ്‌ദി, ലെനിൻ നീണാൾ വാഴട്ടെ

ആഗോള തൊഴിലാളിവർഗ വിപ്ലവത്തിന്റെ മുന്നേറ്റത്തിൽ, 54 വർഷത്തെ ചുരുങ്ങിയ കാലയളവിനുള്ളിൽ വ്ളാദിമിർ ഇലിയ്‌ച്ച് ലെനിൻ മായാത്ത മുദ്ര പതിപ്പിച്ചാണ്‌ കടന്നുപോയത്‌. മാർക്‌സിസത്തിന്റെ സർഗാത്മക ശാസ്ത്രത്തിൽ അഗാധ അറിവുനേടുക മാത്രമല്ല, അത് തന്റെ സമകാലിക കാലയളവിൽ അദ്ദേഹം പരിഷ്‌കരിച്ച്‌ റഷ്യൻ വിപ്ലവത്തെ വിജയത്തിലേക്ക് നയിക്കുകയും ലോകത്തിലെ ആദ്യത്തെ സോഷ്യലിസ്റ്റ് രാജ്യം-സോവിയറ്റ് യൂണിയൻ (യുഎസ്‌എസ്‌ആർ) സ്ഥാപിക്കുന്നതിലേക്ക് എത്തിക്കുകയും ചെയ്തു. എല്ലാത്തരം വ്യതിയാനങ്ങളെയും ചെറുത്തുതോൽപ്പിച്ച് അദ്ദേഹം മാർക്സിസത്തെ സമ്പുഷ്ടമാക്കുകയും വിപ്ലവ പ്രസ്ഥാനത്തെ തളർത്താതെ സംരക്ഷിക്കുകയും ചെയ്തു. വിപ്ലവ പ്രസ്ഥാനത്തിന്റെ ഓരോ പരിവർത്തന ഘട്ടത്തിലും കൃത്യവും യോജിച്ചതുമായ തന്ത്രങ്ങൾ സ്വീകരിച്ച സമർഥനായ തന്ത്രജ്ഞനായിരുന്നു ലെനിൻ. പ്രമുഖ മാർക്സിസ്റ്റ് സൈദ്ധാന്തികനും വിശാരദനും സമരതന്ത്രജ്ഞനുമായിരുന്ന അദ്ദേഹം ആഗോളതലത്തിലും വിവിധ രാജ്യങ്ങളിലും വിപ്ലവ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിന് നൽകിയ സംഭാവനകൾ തുടർച്ചയായ പഠനത്തിന് വിധേയമാക്കുന്നു. വിജയകരമായ റഷ്യൻ വിപ്ലവത്തെ-മഹത്തായ ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തെ വിജയത്തിലേക്ക്‌ നയിച്ചുകൊണ്ട്‌, "തത്വചിന്തകർ പലപ്പോഴും ലോകത്തെ പലതരത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്; എന്നിരുന്നാലും, അതിനെ മാറ്റിമാറിക്കുക എന്നതാണ് പ്രധാനകാര്യം” എന്ന മാർക്‌സിന്റെ പ്രസിദ്ധമായ ഉദ്ധരണിയെ ലെനിൻ പ്രായോഗികതലത്തിൽ നടപ്പാക്കി.

മാർക്‌സിസത്തെയും അതിന്റെ ശാസ്ത്രീയ രീതിയെയും സൃഷ്ടിപരമായ സാധ്യതകളെയും അതിന്റെ ലോകവീക്ഷണത്തെയും സമഗ്രമായി പഠിച്ചുകൊണ്ട് ലോകത്ത്‌ അത്തരമൊരു മാറ്റത്തിന് നേതൃത്വം നൽകാൻ ലെനിന് സാധിച്ചു. മാർക്‌സിസത്തിന്റെ അമൂല്യനിധിയിലേക്കുള്ള അദ്ദേഹത്തിന്റെ അതുല്യവും വഴിവിളക്കുമായ സംഭാവനകളുടെ വിവിധ വശങ്ങൾ ആഴത്തിൽ മനസ്സിലാക്കാനായി പ്രത്യേകം പരിശോധിക്കേണ്ടതാണ്‌. ലെനിന്റെ ‘ഭരണകൂടവും വിപ്ലവവും', ‘സോഷ്യല്‍ ഡെമോക്രസിയുടെ രണ്ട് അടവുകൾ', ‘എന്താണ് ചെയ്യേണ്ടത്', ‘സാമ്രാജ്യത്വം, മുതലാളിത്തത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടം' തുടങ്ങിയ നിരവധി സുപ്രധാന കൃതികൾ പലരും പഠിച്ചിട്ടുണ്ട്. ഇത് തീർച്ചയായും സുപ്രധാനമാണ്, തികച്ചും ഗൗരവമുള്ളതുമാണ്. ഇന്നത്തെ സാഹചര്യത്തിൽ സമ്പൂർണ മനുഷ്യവിമോചനത്തിനായുള്ള പോരാട്ടം ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് ഓരോ വിപ്ലവകാരിയും ഈ കൃതികളെ ഓരോന്നും ശരിയായും ശാസ്‌ത്രീയമായും അതിന്റെ സത്ത പൂർണമായും ഉൾക്കൊണ്ടും മനസ്സിലാക്കണം. റഷ്യൻ വിപ്ലവത്തിന്റെയും ലോക തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെയും വളർച്ചയുടെ പ്രത്യേക ഘട്ടങ്ങളിൽ ലെനിൻ എന്തുകൊണ്ടാണ്‌ ഈ കൃതികൾ രചിച്ചതെന്ന്‌ മനസ്സിലാക്കേണ്ടതിനും അതുപോലെതന്നെ തുല്യപ്രാധാന്യമുണ്ട്‌.

മാർക്‌സിസത്തെ സംബന്ധിച്ച്‌ ലെനിൻ മുന്നോട്ടുവയ്‌ക്കുന്ന രണ്ട് ആശയത്തെ നമ്മൾ ഒന്നിപ്പിക്കുകയാണെങ്കിൽ, ഈ സർഗാത്മക ശാസ്ത്രത്തെ ആഗോളതലത്തിൽ ഉന്നതിയിലെത്തിക്കാൻ അദ്ദേഹം വഹിച്ച സുപ്രധാന പങ്ക്‌ മനസ്സിലാക്കാൻ സഹായിക്കും. ഒന്നാമതായി, ‘ആരാണ് ജനങ്ങളുടെ സുഹൃത്തുക്കൾ...' എന്ന കൃതിയിൽ, "ലക്ഷക്കണക്കിന് അധ്വാനിക്കുന്ന ആളുകൾ മാർക്‌സിസത്തിലേക്ക് ആകർഷിക്കപ്പെടുന്നതിന്റെ പ്രധാന കാരണം, അത്‌ ഒരേസമയം രണ്ട് ഭാവങ്ങൾ സമന്വയിപ്പിക്കുന്ന ഒരേയൊരു തത്വചിന്തയാണ്‌– -അതായത്‌ വിപ്ലവകരവും ശാസ്ത്രീയവുമാണത്‌. ഇതിന്റെ സ്ഥാപകർ അവരുടെ സ്വന്തം ജീവിതത്തിൽത്തന്നെ ഈ രണ്ട് വശവും സംയോജിപ്പിച്ചിരുന്നു, മാർക്‌സിസം അവയെ സമഗ്രമായും ആന്തരികമായും സംയോജിപ്പിക്കുന്നു. രണ്ടാമതായി, ‘മൂർത്തമായ അവസ്ഥകളുടെ മൂർത്തമായ വിശകലനമാണ്’. മാർക്‌സിസത്തിന്റെ ജീവാത്മാവും മാർക്‌സിസത്തിലെ ഏറ്റവും അനിവാര്യമായ ഘടകവുമെന്നും ലെനിൻ അടിവരയിട്ടു പറയുന്നു.

മാർക്‌സിസത്തിന്റെ ഈ രണ്ട് വശവും-വിപ്ലവകരവും ശാസ്ത്രീയവുമായ വശങ്ങൾ–സംയോജിപ്പിച്ചാണ് മനുഷ്യവിമോചനത്തിന്റെ വിപ്ലവ ലക്ഷ്യം സാക്ഷാൽക്കരിക്കാൻ കഴിയുക. ഒന്നിന് അമിതമായ ഊന്നൽ നൽകുകയും മറ്റൊന്നിന് പ്രാധാന്യം നൽകാതിരിക്കുകയും ചെയ്യുന്നത് വ്യതിയാനങ്ങൾക്ക് കാരണമാകും. വിപ്ലവ സാധ്യതകളെ അവഗണിക്കുകയും സാഹചര്യത്തെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്നതിൽമാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുന്നത് പരിഷ്‌കരണവാദത്തിലേക്ക് നയിക്കും. സ്ഥിതിഗതികളുടെ ശാസ്ത്രീയമായ വിലയിരുത്തൽ അവഗണിച്ച് വിപ്ലവകരമായ മുദ്രാവാക്യംമാത്രം അവലംബിക്കുന്നത് ഇടതുപക്ഷ സാഹസിക വ്യതിയാനത്തിലേക്ക് നയിക്കും. അത്തരം വ്യതിയാനങ്ങളിൽനിന്ന് രക്ഷപ്പെടാൻ, ഈ രണ്ട് ഗുണങ്ങളുടെയും ശരിയായ സംയോജനം അത്യാവശ്യമാണ്.

‘മൂർത്തമായ അവസ്ഥകളുടെ മൂർത്തമായ വിശകലനത്തിന്’ മൂർത്തമായ അവസ്ഥകളെ വസ്തുനിഷ്ഠമായി വിലയിരുത്തി, അതിന്റെ അടിസ്ഥാനത്തിൽ വിപ്ലവകരമായ വിശകലനം ശരിയായി നടത്തുകയും വേണം. ആത്മനിഷ്ഠമായ പരിഗണനകളെ അടിസ്ഥാനമാക്കി മൂർത്തമായ അവസ്ഥകളെ തെറ്റായി കണക്കാക്കുന്നത് തെറ്റായതും അയഥാർഥവുമായ രാഷ്ട്രീയ വിശകലനത്തിലേക്ക് നയിക്കും. അത്‌ വിപ്ലവ പ്രസ്ഥാനത്തിന്റെ ദിശയെ താളംതെറ്റിക്കുകയും ചെയ്യും. അതിനാൽ, മൂർത്തമായ അവസ്ഥകളെ വസ്തുനിഷ്ഠമായി വിലയിരുത്താനും അവിടെ നിന്ന് മാർക്‌സിസത്തിന്റെ മേൽപ്പറഞ്ഞ രണ്ട് ഗുണങ്ങളെയും സംയോജിപ്പിച്ച്‌ വിശകലനം ചെയ്യാനുമുള്ള ഒരു വിപ്ലവകാരിയുടെ കഴിവിലുടെയാണ്‌ വിപ്ലവ പ്രസ്ഥാനത്തിന് മുന്നോട്ടു നയിക്കാൻ കഴിയുന്ന അടിത്തറ സൃഷ്ടിക്കുന്നത്‌. വിപ്ലവ പ്രസ്ഥാനം പിന്തുടരേണ്ട ശരിയായ രാഷ്ട്രീയ- അടവുനയത്തിന്റെ ശരിയായ വിശകലനത്തിനും ക്രമേണയുള്ള വികാസത്തിനും ശേഷം ശരിയായി അഭിപ്രായം രൂപപ്പെടുത്തിയാലും, ഈ രാഷ്ട്രീയ കൃത്യതയെ പ്രായോഗിക തലത്തിലേക്ക്‌ മാറ്റിയെടുക്കുന്നത്‌ പാർടി സംഘടനയുടെ ശക്തിയെ ആശ്രയിച്ചിരിക്കും. ലെനിനെ പിന്തുടർന്നുകൊണ്ട്‌, സ്റ്റാലിൻ ഒരിക്കൽ പ്രാധാന്യത്തോടെ പറഞ്ഞതുപോലെ, രാഷ്ട്രീയ അടവുനയം നൂറു ശതമാനം ശരിയാണെങ്കിലും, ഈ രാഷ്ട്രീയ ലൈനിനെ ജനങ്ങളിലേക്ക് എത്തിക്കാൻ പ്രാപ്‌തിയുള്ള ഒരു സംഘടനയില്ലെങ്കിൽ അത് കാര്യമായ പ്രയോജനമുണ്ടാക്കില്ല. പാർടി സംഘടന, അതിന്റെ കാര്യശേഷിയും പ്രാപ്‌തിയും വിപ്ലവ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിൽ അങ്ങനെ നിർണായക പങ്കുവഹിക്കുന്നു. ഇതിനെ ലെനിൻ - വിപ്ലവത്തിന്റെ "ആത്മനിഷ്ഠ ഘടകം' എന്ന്‌ വിളിച്ചു.

മാർക്‌സിനെയും മാർക്‌സിസത്തെയും ശരിയായി മനസ്സിലാക്കിയ ലെനിൻ, ആഭ്യന്തര സാഹചര്യങ്ങളെയും അതിന്റെ വൈരുധ്യങ്ങളെയും വിശകലനം ചെയ്യുന്നതിനൊപ്പം ആഗോള സംഭവവികാസങ്ങളെയും വൈരുധ്യങ്ങളെയും ശരിയായി വിശകലനം ചെയ്യാതെ റഷ്യൻ വിപ്ലവം ഉൾപ്പെടെ ഒരു വിപ്ലവവും വിജയിക്കില്ലെന്നും തിരിച്ചറിഞ്ഞിരുന്നു. ആഗോളതലത്തിൽ, സാമ്രാജ്യത്വത്തിനെതിരായ ലോക വിപ്ലവപ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാൻ സ്വീകരിക്കേണ്ട തന്ത്രങ്ങൾക്ക് അദ്ദേഹം ദിശാബോധം നൽകി. പരിഷ്കരണവാദം, ഇടതുപക്ഷ സാഹസികത (കുട്ടികൾക്കുണ്ടാകുന്ന ഒരു തരം ചിത്തഭ്രമം എന്നാണ്‌ അദ്ദേഹം ഇതിനെ വിളിച്ചത്‌) എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വ്യതിയാനങ്ങൾക്കെതിരെയും ലെനിൻ നിരന്തരം പോരാടി. വിപ്ലവകരമായ മുന്നേറ്റത്തിന്റെ നിർണായക ഘട്ടങ്ങളിൽ ഉരുത്തിരിയുന്ന ഇത്തരം വ്യതിയാനങ്ങളെ ഇല്ലാതാക്കുന്നതിനും തെറ്റായ ദിശ സ്വീകരിക്കുന്നതിൽനിന്ന്‌ പിന്തിരിപ്പിച്ചും തൊഴിലാളിവർഗ പ്രസ്ഥാനത്തിന് മുന്നോട്ട് പോകാനുള്ള ശരിയായ ദിശ വ്യക്തമാക്കുന്നതിന്‌ അദ്ദേഹം സുപ്രധാന കൃതികൾ രചിച്ചു. വിപ്ലവ പ്രസ്ഥാനത്തിന് വ്യക്തമായ ദിശാബോധം നൽകുന്നതിനും ആത്യന്തികമായി അതിനെ വിജയത്തിലേക്ക് നയിക്കുന്നതിനും അദ്ദേഹത്തിന്റെ കാലത്തെ തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ നേതാക്കളുമായി ആശയപരമായി തർക്കിക്കുകയും പോരടിക്കുകയും ചെയ്‌തു. വർഗസമരങ്ങളെ ശക്തിപ്പെടുത്തുന്നതിനും ഇത്തരം യഥാർഥ സാഹചര്യങ്ങളുടെ വെല്ലുവിളികളെ നേരിടുന്നതിനും ‘ആത്മനിഷ്‌ഠ ഘടകം' ശക്തിപ്പെടുത്തുന്നതിനും തൊഴിലാളിവർഗം ഇടക്കാലത്തേക്ക്‌ ചില മുദ്രാവാക്യങ്ങളും മുൻകരുതലുകളും തന്ത്രങ്ങളും പ്രയോഗിക്കേണ്ടതുണ്ട്. അതിലുടെ അതത്‌ രാജ്യത്തെ വിപ്ലവകരമായ പരിവർത്തന പ്രക്രിയയെ മുന്നോട്ട് കൊണ്ടുപോകാനാകും.

ഇന്ന് നമ്മൾ നമ്മളെ ഒരു മാർക്‌സിസ്റ്റ്‌ -ലെനിനിസ്റ്റ് പാർടി എന്ന് സ്വയം വിളിക്കുമ്പോൾ, ലെനിൻ മാർക്‌സിസത്തെ എല്ലാ മേഖലകളിലും സമ്പുഷ്ടമാക്കിയ രീതി ബോധപൂർവം പിന്തുടരുകയാണ്‌.- എല്ലാത്തരം വ്യതിയാനങ്ങളോടും പരിഷ്കരണവാദികളോടും ഇടതുപക്ഷ സാഹസികതയോടും പോരാടുന്നു. തൊഴിലാളി- കർഷകസഖ്യം എന്ന അച്ചുതണ്ടിൽ കേന്ദ്രീകരിച്ച്‌ ചൂഷിതവർഗത്തിലെ എല്ലാ വിഭാഗങ്ങളെയും അണിനിരത്തുന്നതിനുള്ള തന്ത്രങ്ങൾ സ്വീകരിക്കുന്നു. മൂർത്തമായ വിശകലനത്തിന്റെ അടിസ്ഥാനത്തിൽ മൂർത്തമായ സാഹചര്യത്തിൽ മനുഷ്യവിമോചനത്തിന്റെ ചരിത്രഗതി രൂപപ്പെടുത്തുന്നതിലും വിപ്ലവ പ്രസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ തന്ത്രങ്ങൾക്ക്‌ രൂപംകൊടുക്കുന്നതിൽ ഇടപെടാൻ കഴിവുള്ള തൊഴിലാളി വർഗത്തിന്റെ ഒരു പാർടി കെട്ടിപ്പടുക്കാനാണ്‌ ശ്രമിക്കുന്നത്‌. ലെനിനിസത്തെ "സാമ്രാജ്യത്വ കാലഘട്ടത്തിലെ മാർക്‌സിസം’ എന്നാണ് സ്റ്റാലിൻ നിർവചിച്ചത്. നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ ഈ ദിശയിൽ മുന്നേറുന്നതിന്, ബിജെപിയെ ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും വേണം. ഇന്ത്യൻ ഭരണഘടനയെ തകർക്കാനും മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ ആർഎസ്എസ് വീക്ഷണത്തിനനുസരിച്ച്‌ മാറ്റിയെടുക്കാനും ശ്രമിക്കുന്ന ബിജെപി സർക്കാരിനെ അധികാരത്തിൽനിന്ന്‌ പുറത്താക്കുക എന്നതാണ് അടിയന്തര ദൗത്യം. കടുത്ത അസഹിഷ്ണുതയിൽ ഊന്നിയ ഫാസിസ്റ്റ് "ഹിന്ദുത്വ രാഷ്ട്ര’മാണ്‌ ആർഎസ്‌എസ്‌ ലക്ഷ്യമിടുന്നത്‌. ബിജെപിയെ പരാജയപ്പെടുത്താനായി ലെനിനിസ്റ്റ് തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള വിപ്ലവ തന്ത്രങ്ങളിൽ ഊന്നി ഉചിതമായ അടവുനയങ്ങൾ സ്വീകരിക്കണം.
ലെനിൻ നീണാൾ വാഴട്ടെ!
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.