മനുഷ്യസമൂഹത്തിനുമേലുള്ള എല്ലാവിധ അടിച്ചമർത്തലുകളും അവസാനിക്കണമെന്നാണ് ലെനിന്റെ നിലപാട്. ‘‘എവിടെ മർദനമുണ്ടോ, എവിടെ നിർബന്ധമുണ്ടോ അവിടെ സ്വാതന്ത്ര്യവുമില്ല, ജനാധിപത്യവുമില്ല'' എന്നതാണ് ലെനിന്റെ സമീപനം. അതിന് മർദനങ്ങളെല്ലാം അവസാനിക്കുന്ന ലോകമുണ്ടാകണം. അതിനായി എല്ലാ ആധിപത്യങ്ങളെയും ഉൻമൂലനം ചെയ്യാനുള്ള ഇടക്കാല സംവിധാനം വേണ്ടിവരും. അതായാണ് തൊഴിലാളിവർഗ സർവാധിപത്യത്തെ ലെനിൻ കണ്ടത്. ആധിപത്യങ്ങൾ അവസാനിക്കുന്ന ലോകത്ത് ഭരണകൂടം കൊഴിഞ്ഞുവീഴുമെന്നും സ്വാതന്ത്ര്യത്തിന്റെ ആകാശത്തിലേക്ക് മനുഷ്യസമൂഹം എത്തിച്ചേരുമെന്നും ലെനിൻ വ്യക്തമാക്കുന്നത്. ‘ഭരണകൂടവും വിപ്ലവവുമെന്ന' ലെനിന്റെ പുസ്തകം ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നതാണ്.