മഹാത്മാ ഗാന്ധിയെ മതവർഗീയവാദികളുടെ കൊടുംഭീകരത വെടിവച്ചുകൊന്ന ദിനമാണിന്ന്. ഗാന്ധിയുടെ ജീവിതം ലോകത്തിന് നൽകുന്ന സന്ദേശം സമാധാനവും സ്നേഹവും സാഹോദര്യവും ഐക്യവുമാണ്. ഇന്ത്യൻ ജനതയുടെ പാരസ്പര്യത്തിന്റെയും ദേശീയതയുടെയും പ്രവാചകനായ ഗാന്ധിജിയെ മതഭീകരതയ്ക്ക് സഹിക്കാനാവുമായിരുന്നില്ല.
ആ മഹാമനുഷ്യന്റെ ഓർമ്മകൾ പോലും ഇന്ത്യയിലെ മതതീവ്രവാദികളുടെ ഉറക്കം കെടുത്തുന്നതാണെന്ന് സമീപകാല സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്തിന്റെ മതനിരപേക്ഷതയ്ക്ക് മുകളിൽ വർഗീയതയുടെ ആപത്കരമായ പെരുമ്പറകൾ കൂടുതൽ ഭ്രാന്തമായി മുഴങ്ങിക്കേൾക്കുമ്പോൾ ഗാന്ധിയുടെ ഓർമ്മകൾ നിത്യപ്രസക്തമാകുന്നു. അത് പുതിയൊരിന്ത്യയെ പടുത്തുയർത്താനുള്ള പോരാട്ടത്തിന് കരുത്തേകുന്നു.