കേരളം മുന്നോട്ടുവച്ച മാതൃക ഏറ്റെടുത്ത് ഡെൽഹിയിൽ പ്രതിഷേധം നടത്താൻ കർണാടകയിലെ കോൺഗ്രസ് സർക്കാർ തീരുമാനിച്ചുവെന്ന വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. ഡെൽഹിയിലൊക്കെ പോയി സമരം ചെയ്യുന്നത് കൊണ്ടെന്ത് കാര്യമെന്ന് ചോദിക്കുന്ന കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ പ്രസ്താവനകൾ കർണാടക മുഖ്യമന്ത്രി കണ്ടുകാണില്ല. അല്ലെങ്കിൽ ഡെൽഹിൽ തന്നെ സമരം ചെയ്യുന്നത് പ്രധാനമാണെന്ന കേരള സർക്കാരിൻ്റെ വാദത്തിനായിരിക്കും കർണാടക സർക്കാർ പ്രാധാന്യം നൽകിയത്. എന്തായാലും സംസ്ഥാനത്തിനോടുള്ള വിവേചനപരമായ കേന്ദ്രസർക്കാർ നയത്തിൽ പ്രതിഷേധിക്കുന്നുവെന്ന കേരളത്തിൻ്റെ അതേ വാദമുയർത്തിക്കൊണ്ട് കർണാടകയും പ്രതിഷേധം പ്രഖ്യാപിച്ചുകഴിഞ്ഞു. പ്രതിപക്ഷ പാർടികളും ഒപ്പം വരണമെന്നാണ് കർണാടക സർക്കാർ ആവശ്യപ്പെടുന്നത്. കർണാടകയിലെ പ്രതിപക്ഷം ഈ വിഷയത്തിൽ കേരളത്തിലെ കോൺഗ്രസിൻ്റെ അഭിപ്രായം ആരായുകയില്ലെന്ന് പ്രതീക്ഷിക്കുന്നു. കർണാടക സർക്കാരും കേരളത്തിലെ കോൺഗ്രസുകാരുടെ വാക്കുകൾ ഗൗനിക്കുന്നില്ല എന്ന് കേരളത്തിൻ്റെ പാത പിന്തുടരുന്നതിലൂടെ വ്യക്തമാക്കുന്നു.
നാടാണ് പ്രധാനം. നാടിനായി ഒന്നിക്കണമെന്നും കേന്ദ്രസർക്കാരിനെതിരായ സമരത്തിൽ പങ്കെടുക്കണമെന്നുമാണ് ഇപ്പോഴും കേരളം ആവശ്യപ്പെടുന്നത്. വാളയാർ അതിർത്തിക്കപ്പുറം ഒരു നയവും വാളയാറിനിപ്പുറം മറ്റൊരു നയവും എന്ന നിലപാട് അവസാനിപ്പിച്ചുകൊണ്ട് കേരളത്തിൻ്റെ വികസനത്തിനായി ഫെബ്രുവരി 8ന് ജന്തർമന്ദിറിൽ സംസ്ഥാനം നടത്തുന്ന സമരത്തിൽ പങ്കെടുക്കാൻ കേരളത്തിലെ കോൺഗ്രസിന് ഇനിയും സമയമുണ്ട്. ബിജെപി നയിക്കുന്ന കേന്ദ്രസർക്കാരിൽ നിന്ന് വിവേചനമുണ്ടോ എന്ന് കേരളത്തിലെ കോൺഗ്രസിന് ഇപ്പോഴും സംശയമുണ്ടെങ്കിൽ കർണാടകയിലെ കോൺഗ്രസിനോട് ചോദിക്കാവുന്നതാണ്.