Skip to main content

യുഡിഎഫിനെകൊണ്ട് കേരളത്തിനെന്ത് പ്രയോജനം?

പോൾ സക്കറിയയുടെ പ്രസിദ്ധമായ ആ ചോദ്യം മറ്റൊരു തരത്തിൽ കേരളമാകെ ഉയരേണ്ടതാണ്. യുഡിഎഫിനെക്കൊണ്ട് കേരളത്തിന് എന്താണ് പ്രയോജനം? എന്തിനുവേണ്ടിയാണ് അവരീ നാട്ടിൽ രാഷ്ട്രീയപ്രവർത്തനം നടത്തുന്നത്? ആരോടാണ് അവരുടെ കൂറ്? മൂന്നരക്കോടി മലയാളികളോട് ഇവർക്കെന്തെങ്കിലും ഉത്തരവാദിത്തമോ ബാധ്യതയോ ഉണ്ടോ?

ചോദിക്കാൻ കാരണമുണ്ട്. കേന്ദ്രസർക്കാർ കേരളത്തോടു കാണിക്കുന്ന സാമ്പത്തികവിവേചനമെന്ന പ്രതികാരത്തിനെതിരെ നാം സുപ്രിംകോടതിയെ സമീപിച്ചു. ആ പോരാട്ടത്തിന്റെ ആദ്യഘട്ടം തന്നെ നമുക്ക് അനുകൂലമായി. ആ നീക്കത്തിന്റെ ഫലമായി തടഞ്ഞുവെയ്ക്കപ്പെട്ട 13608 കോടി രൂപ നമുക്ക് ലഭിക്കുകയാണ്. കേസ് പിൻവലിച്ചാൽ പണം തരാമെന്ന കേന്ദ്രസർക്കാരിന്റെ മുഷ്കിനെ സുപ്രിംകോടതി രൂക്ഷമായി വിമർശിക്കുകയും പരാതിപ്പെടാനുള്ള അവകാശം ഭരണഘടനാപരമാണെന്ന് നിരീക്ഷിക്കുകയും ചെയ്തു.

എന്താണ് യുഡിഎഫിന്റെ പ്രതികരണം? ഇതേക്കുറിച്ച് വാ തുറന്നൊരു അക്ഷരം ഏതെങ്കിലും യുഡിഎഫ് നേതാവ് ഇതേവരെ പറഞ്ഞുവോ? കേസിനെക്കുറിച്ച് മനോരമ നൽകിയ വാർത്തയിലെ ഒരു ഭാഗം ഞാനുദ്ധരിക്കാം:

“ഈ വിഷയത്തിൽ കേരളം നൽകിയ ഹർജി പിൻവലിക്കേണ്ടതില്ലെന്നു വ്യക്തമാക്കിയതു കേന്ദ്ര സർക്കാരിനു തിരിച്ചടിയായി. ഹർജി പിൻവലിച്ച ശേഷം വിഷയം ചർച്ച ചെയ്യാമെന്നതായിരുന്നു കേന്ദ്രം നേരത്തേ നടന്ന ചർച്ചയിൽ മുന്നോട്ടുവച്ച നിർദേശം. ഹർജിയുമായി മുന്നോട്ടുപോകാൻ കേരളത്തിന് അവകാശമുണ്ടെന്നും സംസ്ഥാനത്തിന്റെ അധികാരം നിഷേധിക്കുന്നത് ശരിയല്ലെന്നും നിരീക്ഷിച്ചു. കേരളത്തിന്റെ ആവശ്യത്തെ അതിശക്തമായാണ് ഇന്നലെ കേന്ദ്രം എതിർത്തത്”.

കേന്ദ്രത്തിന്റെ ധാർഷ്ട്യത്തിന് കോടതിയിൽ തിരിച്ചടിയേറ്റുവെന്ന് മനോരമയ്ക്കുപോലും എഴുതേണ്ടി വന്നു. മൂന്നരക്കോടി മലയാളികളോടാണ് ഈ ധാർഷ്ട്യം. നീതികേട് ഉണ്ടായാൽ ബന്ധപ്പെട്ട സംവിധാനങ്ങളിൽ പരാതി ഉന്നയിക്കാൻ ആർക്കും അവകാശമുണ്ട്. അതിൽ നീരസവും അസഹിഷ്ണുതയും പ്രതികാരബുദ്ധിയും കാണിക്കുന്നത് മാടമ്പികളുടെ മനോഭാവമാണ്. ഒരുതരം മാടമ്പിത്തരത്തെയും ഇന്ത്യൻ ഭരണഘടന അംഗീകരിക്കുന്നില്ല. അങ്ങനെയൊരു മാടമ്പിത്തരം കേരളത്തോട് കാണിച്ചപ്പോൾ, എന്തായിരുന്നു കേരളത്തിലെ കോൺഗ്രസിന്റെ പ്രതികരണം?

അതു ശരിയല്ലെന്നും ന്യായമല്ലെന്നും തുറന്നു പറയാൻ ഇവർ ആരെയാണ് ഭയക്കുന്നത്? ഈ നിലപാടിലെ അനീതി ബോധ്യപ്പെടാൻ ഇന്ത്യൻ ഭരണഘടന കമ്പോടു കമ്പ് കാണാതെ പഠിക്കേണ്ട കാര്യമില്ല. തരിമ്പെങ്കിലും നീതിബോധമുള്ള സാമാന്യബുദ്ധി മതി. അതില്ലാത്തവർക്കും ആരെയോ ഭയന്ന് ആ നീതിബോധത്തെ പരണത്തു വെയ്ക്കുന്നവർക്കും ഈ നാട്ടിൽ രാഷ്ട്രീയപ്രവർത്തനം നടത്താൻ എന്തവകാശം? എന്തിന്റെ പേരിലാണ് ഇവർ മലയാളിയുടെ മുഖത്തു നോക്കുന്നത്? എങ്ങനെയാണിവർ ഈ നാട്ടിലെ ജനങ്ങളെ അഭിമുഖീകരിക്കുന്നത്?

ഇടതുസർക്കാർ ഈ പോരാട്ടം നടത്തിയത് കേരളത്തിലെ ജനങ്ങൾക്കുവേണ്ടിയാണ്. കക്ഷിരാഷ്ട്രീയ ഭേദമെന്യേ മുഴുവൻ ജനങ്ങളെയും ബാധിക്കുന്നതാണ് കേന്ദ്രത്തിന്റെ പ്രതികാരബുദ്ധിയും സാമ്പത്തികവിവേചനവും. ശമ്പളവും പെൻഷനും വാങ്ങുന്നവരും വികസനനേട്ടങ്ങളുടെ ഗുണം അനുഭവിക്കുന്നവരും എൽഡിഎഫുകാർ മാത്രമാണോ? അല്ലല്ലോ.

അപ്പോൾ മൊത്തം ജനങ്ങളെയും ഗുരുതരമായി ബാധിക്കുന്ന മാടമ്പിത്തരം കേന്ദ്രസർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായാൽ, നാം അതിനെ ഒറ്റക്കെട്ടായല്ലേ ചെറുക്കേണ്ടത്? കേന്ദ്രത്തിന്റെ ആ നിലപാടിനെതിരെ പൊതുജനാഭിപ്രായം ശക്തമാക്കാൻ ഒറ്റക്കെട്ടായല്ലേ നാം രംഗത്തിറങ്ങേണ്ടത്?

സുപ്രിംകോടതിയുടെ നിലപാട് ബിജെപിക്കാർക്കും കേന്ദ്രസർക്കാരിനെ അനുകൂലിക്കുന്നവർക്കും ഇരുട്ടടിയായത് മനസിലാക്കാം. നിശബ്ദതയുടെ മാളങ്ങളിൽ അവർക്ക് ഒളിച്ചേ തീരൂ. പക്ഷേ, കേരളത്തിലെ പ്രതിപക്ഷം അങ്ങനെ ഒളിച്ചിരിക്കുന്നത് എന്തിന്? നമ്മുടെ ന്യായം നമുക്ക് സുപ്രിംകോടതിയെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു. പരമോന്നത കോടതിയും നാം ഉന്നയിച്ച ന്യായത്തിന്റെ പക്ഷത്തു നിന്നു. എന്നിട്ടും കേരളത്തിലെ യുഡിഎഫുകാർക്ക് കേന്ദ്രസർക്കാരിന്റെ സമീപനത്തെ വിമർശിക്കാൻ മടി.

അതിന്റെ കാരണമൊക്കെ നാട്ടുകാർക്ക് മനസിലാകും. മനമങ്ങും മിഴിയിങ്ങുമായി നിൽക്കുന്നവർക്ക് ഭാവി യജമാനനെ അലോസരപ്പെടുത്താൻ താൽപര്യമില്ല. അതുകൊണ്ടാണവർ പരസ്യമായിത്തന്നെ കേരളത്തിനെതിരെയുള്ള കേന്ദ്രസർക്കാർ നീക്കങ്ങൾക്ക് അനുകൂലമായി പ്രതികരിക്കുന്നതും നിലപാടു സ്വീകരിക്കുന്നതും.

നീലക്കുറുക്കൻ ഏതു കസേരയിലിരുന്ന് ഓരിയിട്ടാലും കുറുക്കന്റെ ശബ്ദമേ പുറത്തുവരൂ.
 

കൂടുതൽ ലേഖനങ്ങൾ

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു

വിരമിച്ച ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ ലോക്കോ പൈലറ്റ്, അസിസ്റ്റൻ്റ് ലോക്കോ പൈലറ്റ്, ട്രെയിൻ മാനേജർ തസ്തികകളിലേക്ക് പുനർ നിയമിക്കാനുള്ള റയിൽവേ ബോർഡിൻ്റെ തീരുമാനം പിൻവലിക്കണം എന്നാവശ്യപ്പെട്ട് സ. എ എ റഹീം എംപി കേന്ദ്ര റയിൽവേ മന്ത്രിക്ക് കത്തയച്ചു.

കോൺഗ്രസ്‌ ചരിത്രത്തിലെ ഏറ്റവും ജീർണമായ അധ്യായമാണ്‌ രാഹുൽ മാങ്ക‍ൂട്ടവുമായി ബന്ധപ്പെട്ട വിഷയത്തിൽ സംഭവിച്ചിരിക്കുന്നത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കോൺഗ്രസ്‌ ചരിത്രത്തിലെ ഏറ്റവും ജീർണമായ അധ്യായമാണ്‌ രാഹുൽ മാങ്ക‍ൂട്ടവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. കോൺഗ്രസ്‌ ര‍ൂപംകൊണ്ടതിന്‌ ശേഷം ഇതുപോലൊരു സംഭവം ഇതാദ്യമാണ്‌.

അസംബന്ധ ആക്ഷേപങ്ങൾ ഉന്നയിച്ച് മനുഷ്യരെ അപമാനിച്ചിട്ട് മൂടുംതട്ടിക്കൊണ്ട് പോകാമെന്ന് കരുതണ്ട

സ. ടി എം തോമസ് ഐസക്

പുതിയ വിവാദങ്ങൾ വന്നപ്പോൾ മുഹമ്മദ് ഷർഷാദിന്റെ ആരോപണങ്ങളും വിവാദവും മുങ്ങിപ്പോയത് സ്വാഭാവികം. പക്ഷേ, അത് അങ്ങനെ വിടാൻ തീരുമാനിച്ചിട്ടില്ല. അസംബന്ധ ആക്ഷേപങ്ങൾ ഉന്നയിച്ച് മനുഷ്യരെ അപമാനിച്ചിട്ട് മൂടുംതട്ടിക്കൊണ്ട് പോകാമെന്ന് കരുതണ്ട.

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു

സ. പിണറായി വിജയൻ

പീരുമേട് എംഎൽഎ വാഴൂർ സോമൻ്റെ ആകസ്മിക വിയോഗത്തിൽ അനുശോചിക്കുന്നു. ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലൂടെ ഉയർന്നു വന്ന അദ്ദേഹം ജനകീയനായ നിയമസഭാ സാമാജികനും സിപിഐയുടെ പ്രധാന നേതാവുമായിരുന്നു.