Skip to main content

കണക്കിൽപ്പെടാത്ത കള്ളപ്പണം തെരഞ്ഞെടുപ്പ് ഫണ്ടിന്റെ മറപിടിച്ച് ബിജെപിയുടെ അക്കൗണ്ടിലെത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ഇലക്ട്രൽ ബോണ്ട്

ലോകത്ത് ജനാധിപത്യ പ്രക്രിയ വികസിച്ചുവന്നത് നിരവധി പടവുകൾ പിന്നിട്ടാണ്. ഒട്ടേറെ സമരങ്ങളുടെയും പോരാട്ടങ്ങളുടെയും ചരിത്രവും അതിനു പിന്നിലുണ്ട്. ഗ്രീസിലും റോമിലുമെല്ലാം പ്രാചീനകാലത്ത് നിലനിന്ന ജനാധിപത്യത്തിൽ അടിമകൾക്ക്‌ സ്ഥാനമുണ്ടായിരുന്നില്ല. ഇന്ത്യയിൽ നിലനിന്ന ജനാധിപത്യ രൂപങ്ങൾ പൊതുവിൽ ചാതുർവർണ്യ രീതികൾക്ക് കീഴ്പ്പെട്ടുകൊണ്ടുള്ളതായിരുന്നു. സമൂഹത്തെയാകെ ഉൾക്കൊള്ളുന്ന തരത്തിലുള്ള ജനാധിപത്യ രൂപങ്ങൾ ലോകത്തെവിടെയും പ്രാചീനകാലത്ത് വികസിച്ചുവന്നിരുന്നില്ല.

ഗ്രീക്ക്, റോമൻ പാരമ്പര്യങ്ങളുടെ തുടർച്ചയിൽ ഫ്യൂഡൽ രീതികൾ യൂറോപ്യൻ രാജ്യങ്ങളിൽ സജീവമായി. അവയ്ക്കെതിരായി ഫ്രഞ്ച് വിപ്ലവംപോലുള്ളവ സമത്വത്തിന്റെ ആശയങ്ങൾ മുന്നോട്ടുവച്ച്‌ രംഗപ്രവേശം ചെയ്തു. ഇത്തരത്തിൽ യൂറോപ്യൻ രാജ്യങ്ങളിലുണ്ടായ വിവിധ മുന്നേറ്റങ്ങൾ കൂടിച്ചേർന്നാണ് പാർലമെന്ററി ജനാധിപത്യ വ്യവസ്ഥ രൂപപ്പെടുത്തിയത്. അപ്പോഴും സ്ത്രീകൾക്ക് വോട്ടവകാശമുണ്ടായിരുന്നില്ല. വിപ്ലവാനന്തരം സോവിയറ്റ് റഷ്യയിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു.

ലോകത്ത് വികസിച്ചുവന്ന ജനാധിപത്യ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി കോർപറേറ്റുകളുടെ പിന്തുണയോടെ ജർമനിയിൽ ഹിറ്റ്‌ലർ അധികാരത്തിലേറി ഫാസിസ്റ്റ് അജൻഡകളുമായി ലോകം കീഴടക്കാൻ ശ്രമിച്ചു. ഈ നീക്കത്തിന്‌ അന്ത്യം കുറിച്ചതും ഹിറ്റ്‌ലറെ പരാജയപ്പെടുത്തി ലോകത്ത് ജനാധിപത്യ വ്യവസ്ഥ നിലനിർത്തിയതും കോടിക്കണക്കിനു കമ്യൂണിസ്റ്റുകാരുടെ രക്തസാക്ഷിത്വത്തിന് മുകളിലായിരുന്നു.ഇത്തരം ജനാധിപത്യപരമായ മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ ഭരണഘടന തയ്യാറാക്കുന്ന ചർച്ച നടന്നത്. സ്വാതന്ത്ര്യസമരത്തിലെ വിവിധ ധാരകൾ മുന്നോട്ടുവച്ച കാഴ്ചപ്പാടുകൾ ഭരണഘടനാ രൂപീകരണത്തിന് അടിസ്ഥാനമായി. അതിനാൽ സ്വാതന്ത്ര്യസമരം മുന്നോട്ടുവച്ച സമത്വത്തിന്റെയും മതനിരപേക്ഷതയുടെയും സാമൂഹ്യനീതിയുടെയും മുദ്രാവാക്യങ്ങളും അതിന്റെ ഭാഗമായി. ഇന്ത്യയിലെ പാർലമെന്ററി വ്യവസ്ഥതന്നെ രൂപംകൊണ്ടത് അങ്ങനെയാണ്.

സ്വാതന്ത്ര്യ പ്രസ്ഥാനത്തിൽ പങ്കാളിത്തമില്ലാതിരുന്ന സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം ഇവ അംഗീകരിക്കാൻ കഴിയുമായിരുന്നില്ല. പാർലമെന്ററി വ്യവസ്ഥയെയല്ല ഏകാധിപത്യ പ്രവണതകൾ അടിച്ചേൽപ്പിക്കാൻ കഴിയുന്ന പ്രസിഡൻഷ്യൽ ഭരണരീതിയെയാണ് അവർ പിന്തുണയ്ക്കുന്നത്. ഇന്ത്യൻ ജനാധിപത്യവ്യവസ്ഥയ്ക്ക് നേരെ രൂക്ഷമായ വിമർശമാണ് ആർഎസ്എസിന്റെ താത്വിക ഗ്രന്ഥമായ ‘വിചാരധാര’യിലുള്ളത്. സാമ്പത്തിക നയത്തിലാകട്ടെ തുറന്ന കമ്പോളവ്യവസ്ഥയെന്ന കോർപറേറ്റ് അജൻഡകളാണ് സംഘപരിവാറിന്റേത്. അതിനാൽ, പൊതുമേഖലാ രൂപീകരണത്തെയും അവർ ശക്തമായി എതിർത്തു. ചുരുക്കത്തിൽ ഏകാധിപതിയുടെ ഭരണത്തിൻ കീഴിൽ കോർപറേറ്റുകൾക്കുവേണ്ടിയുള്ള തുറന്ന കമ്പോളവ്യവസ്ഥയാണ് സംഘപരിവാറിന്റെ രാഷ്ട്രീയനയം. അവിടെ ജനാധിപത്യത്തിനും ജനജീവിതത്തിനും സ്ഥാനമില്ല.

സംഘപരിവാറിന്റെ ഈ നയങ്ങളെ നേരിട്ടുകൊണ്ടാണ് ഇന്ത്യൻ ജനാധിപത്യം വികസിച്ചത്. അവ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ചർച്ചകളും ഇവിടെ സജീവമായിരുന്നു. എല്ലാവർക്കും വോട്ടവകാശം ലഭിക്കുമ്പോഴും പണക്കൊഴുപ്പും വർഗീയ ചിന്തകളുമെല്ലാം ജനകീയ താൽപ്പര്യത്തിന് എതിരായി തീരുന്നുവെന്ന വിമർശം പൊതുവിൽ ഉയർന്നുവന്നു. അവ തിരുത്തേണ്ടത് അനിവാര്യമാണെന്നും വിലയിരുത്തപ്പെട്ടു.

ഇന്ത്യൻ ജനാധിപത്യത്തെ ഇങ്ങനെയുള്ള ദൗർബല്യങ്ങളിൽനിന്ന് മോചിപ്പിക്കുന്നതിനുള്ള പെരുമാറ്റച്ചട്ടങ്ങളും നിലവിൽവന്നു. കോർപറേറ്റ് താൽപ്പര്യങ്ങൾ പണക്കൊഴിപ്പിലൂടെ കടന്നുവരാതിരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. പണക്കൊഴുപ്പ് ജനതാൽപ്പര്യങ്ങളെ ബാധിക്കാതിരിക്കാൻ രാഷ്ട്രീയ പാർടികളുടെ ചെലവ്തന്നെ തെരഞ്ഞെടുപ്പ് കമീഷൻ നിർവഹിക്കുകയെന്ന ആശയം ഉയർന്നുവന്നു. ഇത്തരത്തിൽ ഇന്ത്യൻ ജനാധിപത്യ പ്രക്രിയയെ ശക്തിപ്പെടുത്തുന്നതിനുള്ള ശക്തമായ നിലപാടുകളാണ് സിപിഐ എം ഉൾപ്പെടെയുള്ള ഇടതുപക്ഷ പാർടികൾ മുന്നോട്ടുവച്ചത്. ഇന്ത്യയുടെ ജനാധിപത്യ പ്രക്രിയയെ ദുർബലപ്പെടുത്തുന്നതിന് കാരണമെന്ന് വിശേഷിപ്പിക്കപ്പെട്ട ഘടകങ്ങൾ സജീവമായിരിക്കുന്നുവെന്നതാണ് രാജ്യത്തെ ജനാധിപത്യ പ്രക്രിയ നേരിടുന്ന പ്രധാന വെല്ലുവിളി. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ രൂപീകരിക്കപ്പെട്ടത്. അയോധ്യയിൽ വോട്ട് പ്രതിഷ്ഠ നടത്തിയതും വർഗീയ അജൻഡകളുടെ പ്രയോഗംതന്നെയാണ്.

തെരഞ്ഞെടുപ്പിൽ കോർപറേറ്റുകളുടെ പണക്കൊഴുപ്പിൽ ജനതാൽപ്പര്യങ്ങളെ ഞെക്കിക്കൊല്ലുന്നതിനുള്ള സംഘപരിവാറിന്റെ ഇടപെടലാണ് ഇലക്ടറൽ ബോണ്ടിലൂടെ രംഗത്തുവന്നിരിക്കുന്നത്. കള്ളപ്പണം പിടിച്ചെടുത്ത് 15 ലക്ഷം രൂപ ഓരോരുത്തരുടെയും അക്കൗണ്ടിലേക്ക് എത്തിക്കുമെന്ന് പറഞ്ഞവരാണ് കള്ളപ്പണം ഉപയോഗിച്ച് ഇന്ത്യൻ ജനാധിപത്യത്തെ അട്ടിമറിക്കാൻ ഇലക്ടറൽ ബോണ്ട് കൊണ്ടുവന്നത്. ഇത് കടന്നുവന്ന വഴി പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. 2017ലെ കേന്ദ്ര ബജറ്റിലാണ് ധന നിയമ ഭേദഗതിയിലൂടെ രാഷ്ട്രീയ പാർടികൾക്ക് ഫണ്ട് സമാഹരണത്തിനായി ഇലക്ടറൽ ബോണ്ടുകൾ ആരംഭിച്ചത്. ഇതിനായി നിരവധി നിയമങ്ങൾ ഭേദഗതി ചെയ്തു. ഈ ഭേദഗതികൾ ബിജെപിക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയിൽ പാസാക്കേണ്ടെന്ന നിലപാടും സ്വീകരിച്ചു. പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ 2018 ജനുവരി രണ്ടിന് വിജ്ഞാപനം നിലവിൽ വന്നു. ഇങ്ങനെ വിജ്ഞാപനം ചെയ്യപ്പെട്ട ഇലക്ടറൽ ബോണ്ട് പദ്ധതി പ്രകാരം രാഷ്ട്രീയ പാർടികൾക്ക് തെരഞ്ഞെടുപ്പ് സംഭാവനയായി പണം നൽകുന്ന വ്യക്തികളോ സ്ഥാപനങ്ങളോ അവരുടെ പേരുകളും മേൽവിലാസവും ആരോടും വെളിപ്പെടുത്തേണ്ടതില്ല. ആര് കൊടുത്തു, ആര് വാങ്ങി, തുകയെത്ര എന്നൊന്നും ആർക്കും മനസ്സിലാകില്ല. അതുവഴി രാഷ്ട്രീയ പാർടികൾക്ക് എവിടെ നിന്ന് ഫണ്ട് ലഭിക്കുന്നുവെന്നും എങ്ങനെ ചെലവഴിക്കുന്നുവെന്നും മനസ്സിലാക്കാനുള്ള ജനാധിപത്യപരമായ അവകാശങ്ങൾ ഇല്ലാതാകുന്ന സാഹചര്യമുണ്ടായി. സർക്കാരിന് നൽകുന്ന കണക്കിലൂടെ കാര്യം മനസ്സിലാക്കാനുള്ള അവകാശമാണ് എടുത്തുമാറ്റപ്പെട്ടത്.

ജനാധിപത്യത്തെയും സമ്പദ്‌‌വ്യവസ്ഥയെയും ബാധിക്കുന്ന ഈ വ്യവസ്ഥയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമീഷനും റിസർവ്‌ ബാങ്ക് ഓഫ് ഇന്ത്യയും രംഗത്തുവന്നു. ഇതിന്റെ ആലോചന ആരംഭിക്കുന്ന ഘട്ടത്തിൽത്തന്നെ തങ്ങളുടെ ഭിന്നാഭിപ്രായ കുറിപ്പുകൾ അവർ നൽകുകയും ചെയ്തു. ഇന്ത്യൻ ജനാധിപത്യത്തെയും സമ്പദ്ഘടനയെയും ഇത് ബാധിക്കുമെന്നായിരുന്നു ഇവരുടെ നിഗമനം. എന്നാൽ, ഇവ പരിശോധിക്കാതെ തള്ളിക്കളഞ്ഞു.

ഇലക്ടറൽ ബോണ്ടുകളുടെ നിർവഹണ ചുമതല നിലവിൽ കേന്ദ്രധനമന്ത്രാലയത്തിനാണ്. എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലുമായി 29 സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് ഇതിന്റെ ചുമതല നൽകുകയും ചെയ്തു. ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ മാസങ്ങളിലെ ഒന്നുമുതൽ പത്തുവരെയുള്ള തീയതികളിൽ ബോണ്ടുകൾ കമ്പനികൾക്ക് വാങ്ങാവുന്നതാണ്. ഇങ്ങനെ വാങ്ങുന്ന ബോണ്ടുകൾ ഇന്ത്യയിൽ ഔദ്യോഗിക അംഗീകാരമുള്ള ഏതെങ്കിലും രാഷ്ട്രീയ പാർടികൾക്ക് സംഭാവനയായി നൽകാം. ഇത്തരം ബോണ്ട് രാഷ്ട്രീയ പാർടികൾ കൈപ്പറ്റിയാൽ 15 ദിവസത്തിനകം ബോണ്ട് ഹാജരാക്കി പണമാക്കണം. ഇല്ലെങ്കിൽ അത് അസാധുവാകും. ഇതുവരെ 30 ഘട്ടത്തിലായി 16,518 കോടി രൂപ മൂല്യമുള്ള ബോണ്ടുകളാണ് രാഷ്ട്രീയ പാർടികൾക്ക് നൽകിയിട്ടുള്ളത്. ഇങ്ങനെ വിറ്റ ബോണ്ടുകളിൽ 60 ശതമാനവും ബിജെപിക്കും 9.5 ശതമാനം കോൺഗ്രസിനുമാണ് ലഭിച്ചത്. കണക്കിൽപ്പെടാത്ത കള്ളപ്പണം തെരഞ്ഞെടുപ്പ് ഫണ്ടിന്റെ മറപിടിച്ച് ബിജെപിയുടെ അക്കൗണ്ടിലെത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്ന് വ്യക്തം.

ബോണ്ടുമായി ബന്ധപ്പെട്ട ചർച്ചകൾ വന്നപ്പോൾത്തന്നെ സിപിഐ എം ഇതിനെ എതിർത്തു. കോർപറേറ്റുകൾക്ക് സൗജന്യം നൽകുന്നതിനുള്ള പ്രതിഫലമായി ഈ ബോണ്ടുകൾ മാറുമെന്നാണ് സിപിഐ എം നിലപാടെടുത്തത്. മാത്രമല്ല, ഇവ വാങ്ങില്ലെന്നും പ്രഖ്യാപിച്ചു. ഇതുണ്ടാക്കുന്ന പ്രശ്നങ്ങളെ ഉയർത്തിപ്പിടിച്ച് സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു. സുപ്രീംകോടതിയാകട്ടെ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. മാത്രമല്ല, രാഷ്ട്രീയ പാർടികൾക്ക് ലഭിക്കുന്ന സംഭാവനകളെപ്പറ്റി അറിയാനുള്ള അവകാശം പൊതുജനങ്ങൾക്കുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. സുപ്രീംകോടതിയിൽ സിപിഐ എം നൽകിയ കേസിന്റെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങളെല്ലാം പുറത്തുവന്നത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ സംരക്ഷണത്തിനുള്ള പോരാട്ടമാണ് സുപ്രീംകോടതിയിൽ സിപിഐ എം നടത്തിയത് എന്നർഥം.

പൗരത്വ ഭേദഗതിയുൾപ്പെടെയുള്ള വർഗീയ അജൻഡകൾക്കും ഇലക്ടറൽ ബോണ്ടടക്കമുള്ള കോർപറേറ്റ് ഇടപെടലുകൾക്കുമെതിരെ പോരാട്ടം മുന്നോട്ടുകൊണ്ടുപോകുന്നത് ഇടതുപക്ഷമാണ്. കോൺഗ്രസാകട്ടെ വർഗീയ അജൻഡകൾക്കോ ഇലക്ടറൽ ബോണ്ടുപോലുള്ള സംവിധാനങ്ങൾക്കെതിരെയോ ഒരു നിലപാടും സ്വീകരിക്കുന്നില്ല. അവർ വർഗീയ അജൻഡകളുമായി സമരസപ്പെടുകയും ഇലക്ടറൽ ബോണ്ടുകളുടെ കോർപറേറ്റ് താൽപ്പര്യങ്ങൾക്ക് കീഴടങ്ങിയിരിക്കുകയുമാണ്. മതനിരപേക്ഷതയും ഇന്ത്യൻ ജനാധിപത്യവും സംരക്ഷിച്ച് ജനങ്ങളുടെ ശബ്ദം പാർലമെന്റിൽ എത്തണമെങ്കിൽ ഇടതുപക്ഷത്തിന്റെ പങ്കാളിത്തം പാർലമെന്റിൽ വർധിക്കേണ്ടതിന്റെ പ്രാധാന്യത്തിന് ഇത് അടിവരയിടുന്നു.
 

കൂടുതൽ ലേഖനങ്ങൾ

ആര്യ രാജേന്ദ്രന് നേരെ നടക്കുന്നത് ആസൂത്രിതമായ സൈബർ ആക്രമണം, സിപിഐ എമ്മിനെതിരെ എന്ത് കള്ള പ്രചരണവും നടത്താൻ മടിയില്ലാത്ത ഒരു വിഭാഗം മാധ്യമങ്ങളാണ് ഇതിന് നേതൃത്വം നൽകുന്നത്

സ. ആനാവൂർ നാഗപ്പൻ

തിരുവനന്തപുരം നഗരസഭ മേയർ സ: ആര്യ രാജേന്ദ്രനെ വ്യക്തിപരമായി അധിക്ഷേപിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകളും ചാനൽ ചർച്ചകളും കോൺഗ്രസ് - ബിജെപി സൈബർ സംഘങ്ങളും ഒരു വിഭാഗം മാധ്യമങ്ങളും കഴിഞ്ഞ കുറേ ദിവസങ്ങളായി നടത്തുകയാണ്.

പാടിക്കുന്നിൽ സഖാക്കൾ രൈരു നമ്പ്യാരും കുട്ട്യപ്പയും ഗോപാലനും രക്തസാക്ഷികളായിട്ട് 74 വർഷം

പാടിക്കുന്നിൽ സഖാക്കൾ രൈരു നമ്പ്യാരും കുട്ട്യപ്പയും ഗോപാലനും രക്തസാക്ഷികളായിട്ട് ഇന്നേക്ക് 74 വർഷം. 1950 മെയ് 3ന് അർധരാത്രിയോടെയാണ് സഖാക്കളെ പോലീസുകാർ പാടിക്കുന്നിൻ്റെ മുകളിൽ നിരത്തിനിർത്തി വെടിവച്ചുകൊന്നത്. കോൺഗ്രസ് നേതാക്കളുടെ സാനിധ്യത്തിലാണ് ഈ ക്രൂരകൃത്യം നടന്നത്.

സ. ഒ വി നാരായണന് ആദരാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മുതിർന്ന സിപിഐ എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റുമായ സ. ഒ വി നാരായണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കർഷകരെയും കർഷകത്തൊഴിലാളികളെയും സംഘടിപ്പിച്ച്‌ പൊതുപ്രവർത്തന രംഗത്തെത്തിയ അദ്ദേഹം ഒരു മാതൃകാ കമ്യുണിസ്റ്റായിരുന്നു.

സഖാവ് അമ്മുവിൻറെ ധീരസ്മരണകൾക്ക് 52 വർഷം

1973 മെയ് 3 ന് ഉച്ചയോടെ വാഴമുട്ടത്ത് കയർതൊഴിലാളികളുടെ അത്യുജ്ജലമായ പ്രക്ഷോഭം നടക്കുകയായിരുന്നു. നാടിനെ ആകെ നടുക്കിക്കൊണ്ട് പൊലീസ് ആ പ്രക്ഷോഭത്തിന് നേരെ വെടിയുതിർത്തു. ചീറിപാഞ്ഞ വെടിയുണ്ടകളിൽ ഒരെണ്ണം ആ സമരത്തിന്റെ മുൻനിര പോരാളിയായ സഖാവ് അമ്മുവിൻറെ തലയോട്ടി തകർത്തു.