അന്വേഷണ ഏജൻസികളെ ദുരുപയോഗിച്ച് പ്രതിപക്ഷത്തെ കേന്ദ്രം വേട്ടയാടുമ്പോള്‍ കോൺഗ്രസിന് ഇരട്ടത്താപ്പാണ്. കേന്ദ്ര അന്വേഷണ ഏജൻസികള്‍ എല്ലാ പ്രതിപക്ഷ പാര്‍ടികള്‍ക്കുമെതിരെ നീങ്ങുകയാണ്. എന്നാൽ അന്വേഷണം കോൺഗ്രസിനെതിരെ വരുമ്പോള്‍ അവര്‍ അതിനെ എതിര്‍ക്കും. മറ്റു പാര്‍ടികള്‍ക്കെതിരെ വരുമ്പോള്‍ അവര്‍ കേന്ദ്ര ഏജൻസിക്കൊപ്പം നിൽക്കും. ഇതാണ് കോൺഗ്രസ് നിലപാട്. ഒരുവർഷം മുമ്പ് മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്‌തപ്പോൾ കോൺഗ്രസിന്റെ ചോദ്യം എന്തുകൊണ്ട് കെജ്‍രിവാളിനെ അറസ്റ്റ് ചെയ്യുന്നില്ല എന്നായിരുന്നു.
കെജ്‍രിവാളിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് ഡൽഹിയിൽ നടന്ന മഹാറാലിയിൽ കോൺഗ്രസിന്റെ അഖിലേന്ത്യനിരയാകെ പങ്കെടുത്തു. പക്ഷേ, അവരുടെ സമീപനത്തിൽ മാറ്റമുണ്ടോ? അതിനു ശേഷമാണ് കേരളത്തിൽ കിഫ്ബിക്കെതിരായ നീക്കത്തിന്റെ ഭാഗമായി ഇഡി, തോമസ് ഐസക്കിന് നോട്ടീസ് നൽകിയത്. ആ നോട്ടീസ് അയച്ച ഇഡിയുടെ കൂടെയാണ് കേരളത്തിലെ പ്രതിപക്ഷനേതാവും കോൺഗ്രസും നിൽക്കുന്നത്.