സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ നേതാവുമായിരുന്ന സഖാവ് എം സി ജോസഫൈന്റെ വേർപാടിന് രണ്ടു വർഷം തികയുന്നു. കണ്ണൂരിൽ സിപിഐ എം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിൽ പങ്കെടുക്കുന്നതിനിടെ 2022 ഏപ്രിൽ 10നാണ് ഹൃദയാഘാതത്തെ തുടർന്ന് സഖാവിന്റെ അന്ത്യം. വിദ്യാർഥി, യുവജന, മഹിളാ പ്രസ്ഥാനങ്ങളിലൂടെ പൊതുരംഗത്തെത്തിയ ജോസഫൈന്റെ ത്യാഗപൂർണവും പ്രതിജ്ഞാബദ്ധവുമായ രാഷ്‌ട്രീയ, സംഘടനാ പ്രവർത്തനമാണ് സഖാവിനെ പാർടിയുടെ കേന്ദ്രകമ്മിറ്റിയിൽവരെ എത്തിച്ചത്. സംഘടനയിലെന്നപോലെ പാർലമെന്ററി രംഗത്തും വിവിധ പദവികൾ വഹിച്ച ജോസഫൈൻ മികവുറ്റ പ്രവർത്തനങ്ങളാണ് നടത്തിയത്. സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ, വനിതാ വികസന കോർപറേഷൻ ചെയർപേഴ്‌സൺ, വിശാല കൊച്ചി വികസന അതോറിറ്റി ചെയർപേഴ്‌സൺ എന്നീ സ്ഥാനങ്ങളും അവർ വഹിച്ചിട്ടുണ്ട്. വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃപദവിയിലുമുണ്ടായിരുന്നു.
1978ൽ സിപിഐ എം അംഗമായ ജോസഫൈൻ പിന്നീട് എറണാകുളം ജില്ലാ കമ്മിറ്റി അംഗം, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 2002 മുതൽ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. സ. സുശീല ഗോപാലനുശേഷം കേരളത്തിൽനിന്ന് പാർടിയുടെ കേന്ദ്ര കമ്മിറ്റിയിലെത്തുന്ന വനിത ജോസഫൈനാണ്.
മലയാളം ബിരുദാനന്തര ബിരുദധാരിയായിരുന്ന സഖാവ് വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളിൽ പ്രവർത്തനമാരംഭിച്ച കാലത്തുതന്നെ മികച്ച വാഗ്‌മിയും സംഘാടകയുമായിരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങളോട് ആദ്യകാലംമുതൽതന്നെ താൽപ്പര്യമുണ്ടായിരുന്നു. പുരോഗമനവാദികളായ കോൺഗ്രസുകാർ എം എ ജോണിന്റെ നേതൃത്വത്തിൽ പരിവർത്തനവാദികളായി പ്രവർത്തിക്കുന്ന കാലത്ത് അതിൽനിന്നാണ് ജോസഫൈനും ഭർത്താവ് പി എ മത്തായിയും സിപിഐ എമ്മിൽ എത്തുന്നത്. രണ്ടുപേരെയും സിപിഐ എമ്മിന്റെ പ്രധാന പ്രവർത്തകരാക്കാൻ മുൻകൈയെടുത്തത് അന്തരിച്ച മുൻ സ്പീക്കർ എ പി കുര്യനായിരുന്നു.
ജനാധിപത്യത്തെ അട്ടിമറിച്ച് ഏകാധിപത്യഭരണത്തിലേക്കാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി ഇന്ത്യയെ കൊണ്ടെത്തിക്കുന്നത്.
എതിർക്കുന്നവരാരായാലും, ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെപ്പോലും ജയിലറയ്‌ക്കുള്ളിൽ അടയ്‌ക്കുന്ന സമീപനമാണ് മോദി ഭരണം പിന്തുടരുന്നത്. പ്രതിപക്ഷമുക്‌ത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കാണ് ബിജെപി നീങ്ങുന്നത്. കേന്ദ്ര ഏജൻസികളെ രാഷ്‌ട്രീയ ലക്ഷ്യത്തിനായി ദുരുപയോഗിക്കുന്നു. സംഘപരിവാർ നിശ്‌ചയിക്കുന്ന അജൻഡയനുസരിച്ച് മതരാഷ്‌ട്രം നിർമിക്കാനാണ് കേന്ദ്രഭരണം ശ്രമിക്കുന്നത്. ജനതയെ തമ്മിലടിപ്പിച്ചും വർഗീയവും മതപരവുമായി ഭിന്നിപ്പിച്ചും ഭരണഘടനയെത്തന്നെ അട്ടിമറിക്കുകയാണ് കേന്ദ്രം ഭരിക്കുന്നവർ.
ഇന്ത്യ എന്ന മതനിരപേക്ഷ രാഷ്‌ട്രത്തെ ഇല്ലാതാക്കുകയാണ് സംഘപരിവാർ ലക്ഷ്യം. അതിനായി കോർപറേറ്റുകളെയും കുത്തകമാധ്യമങ്ങളെയും കൂട്ടുപിടിക്കുന്നു. കോർപറേറ്റുകളിൽനിന്നും ഇലക്‌ടറൽ ബോണ്ടിന്റെ രൂപത്തിൽ കോടികളാണ് ബിജെപി കവർന്നത്. അതുപയോഗിച്ച് കുതിരക്കച്ചവടം നടത്തി ജനാധിപത്യംതന്നെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
ഇത്തരം നീക്കങ്ങളെയെല്ലാം ചെറുത്തു തോൽപ്പിച്ച് മുന്നേറാനുള്ള പോരാട്ടങ്ങളിൽ സഖാവ് എം സി ജോസഫൈന്റെ ഓർമ നമുക്ക് കരുത്തുപകരും.