കേന്ദ്ര അവഗണനയ്ക്കെതിരായ പോരാട്ടത്തിൽ യുഡിഎഫ് കേരളത്തെ വഞ്ചിക്കുകയാണ്. കേരളത്തിനെതിരെ ബിജെപി പ്രചരിപ്പിക്കുന്ന നുണകൾ ഏറ്റെടുക്കലാണ് യുഡിഎഫിന്റെ പണി. കേന്ദ്രസർക്കാരിൻ്റെ വൈരാഗ്യം നിറഞ്ഞ സമീപനമാണ് സംസ്ഥാനത്തിലെ ക്ഷേമപെൻഷൻ വിതരണത്തെവരെ ബാധിച്ചതെന്ന സത്യം ജനങ്ങളിൽനിന്ന് മറച്ചുവയ്ക്കാനാണ് പ്രതിപക്ഷ നേതാവ് ഉൾപ്പെടെ ശ്രമിക്കുന്നത്.
മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ കേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന തുകകളിലും വായ്‌പാനുപാതത്തിലും മുൻവർഷങ്ങളെ അപേക്ഷിച്ച് 57,400 കോടി രൂപയുടെ കുറവുണ്ടായി. ഏഴുവർഷത്തിനുള്ളിൽ കേരളത്തിന് അർഹതപ്പെട്ട കടമെടുപ്പ് പരിധിയിൽനിന്ന് 1,07,500 കോടിയിൽപ്പരം രൂപയുടെ വെട്ടിക്കുറവാണ് കേന്ദ്രം വരുത്തിയത്.
കേന്ദ്രം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിലാണ് ഏതാനും മാസത്തെ പെൻഷൻ വിതരണം വൈകിയത്. എന്നിട്ടും കഴിയുന്നത്ര മാസങ്ങളിലെ പെൻഷൻ ലഭ്യമാക്കാനായിട്ടുണ്ട്. ഇപ്പോൾ രണ്ടു ഗഡുവാണ് വിതരണം ചെയ്യുന്നത്. കഴിഞ്ഞമാസം അനുവദിച്ച ഒരു ഗഡു വിതരണം പൂർത്തിയായി. ഇതോടെ ആഘോഷക്കാലത്ത് 4800 രൂപ വീതം അവശരുടെയും അശരണരുടെയും കൈകളിലെത്തുന്നു. ബദൽ നയം നടപ്പാക്കിയ കേരളം ഇന്ത്യയിൽ ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ്. സാമൂഹ്യ പെൻഷൻ വേണ്ട എന്ന് കേന്ദ്രം പറഞ്ഞാൽ അത് അംഗീകരിക്കാൻ തയ്യാറല്ല. പെൻഷൻ 1600 രൂപയിൽനിന്ന് വർധിപ്പിക്കണമെന്നാണ് എൽഡിഎഫ് ആഗ്രഹിക്കുന്നത്.
ബിജെപിയുടെ പകയും കോൺഗ്രസിന്റെ ചതിയും സൃഷ്‌ടിക്കുന്ന പ്രശ്നങ്ങളാണ് ഇന്ന് കേരളം നേരിടുന്നത്. രണ്ടിനെയും അതിജീവിച്ച് നാം മുന്നോട്ടുപോകുക തന്നെ ചെയ്യും.