Skip to main content

കേരളത്തെ പകർച്ചവ്യാധികളിൽനിന്ന് രക്ഷിക്കാൻ മുന്നിട്ടിറങ്ങി ലോകശ്രദ്ധ നേടിയ ശൈലജ ടീച്ചർക്കെതിരായ അക്രമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ വടകരയ്ക്കൊപ്പം കേരളവും പങ്കുചേരും

വടകര പാര്‍ലമെന്റ് മണ്ഡലത്തിൽ എൽഡിഎഫ്‌ സ്ഥാനാര്‍ഥിയായ കെ കെ ശൈലജടീച്ചർക്കെതിരെ നടന്ന സൈബര്‍ ആക്രമണം നമ്മുടെ നാടിന്റെ ജനാധിപത്യപരമായ പാരമ്പര്യങ്ങള്‍ക്കുനേരെ മുഖംതിരിഞ്ഞ്‌ നിൽക്കുന്നതാണ്. വലതുപക്ഷ രാഷ്ട്രീയം ചെന്നെത്തിയ പാപ്പരത്തത്തിന്റെ പുതിയ മുഖമാണത്‌. യുഡിഎഫ് കണ്‍വീനര്‍കൂടിയായ എം എം ഹസ്സന്‍ നൽകിയ അഭിമുഖത്തിൽ ഇപ്പോഴത്തെ യുവനേതാക്കളെക്കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി ‘ജനമധ്യത്തിലല്ല സോഷ്യൽ മീഡിയയിലാണ് അവരുടെ പ്രവര്‍ത്തനമെന്ന്'. ഇക്കാര്യം ഇവിടെ കൂട്ടിവായിക്കേണ്ടതാണ്. യൂത്തുകോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പിൽ വ്യാജ ഐഡി കാര്‍ഡുണ്ടാക്കിയത്‌ സംബന്ധിച്ച്‌ പരാതികളിലേക്കും കേസുകളിലേക്കും കടന്ന അനുഭവം നമ്മുടെ മുന്നിലുണ്ട്.

എം എം ഹസ്സന്‍ ചൂണ്ടിക്കാണിച്ച കോണ്‍ഗ്രസ് യുവനേതാക്കളുടെ വഴിയിലൂടെയല്ല കെ കെ ശൈലജടീച്ചർ കടന്നുവന്നത്. നിരവധി കാലത്തെ പ്രവര്‍ത്തനത്തിന്റെയും ത്യാഗപൂര്‍ണമായ ഇടപെടലുകളുടെയും കഴിവിന്റെയും പ്രതിബദ്ധതയുടെയും കരുത്തിൽ ഉയര്‍ന്നുവന്ന നേതാവാണ് കെ കെ ശൈലജ ടീച്ചർ. കേരളത്തിന്റെ പ്രതിസന്ധികളിൽ ഇടപെട്ട് ഒരു രക്ഷകയെന്ന നിലയിൽ പ്രവര്‍ത്തിച്ചതിനാൽ കേരളത്തിലെ ജനത അവരെ സ്നേഹത്തോടെ ‘ടീച്ചറമ്മ’ എന്ന് വിളിക്കുന്ന സ്ഥിതിയുമുണ്ടായി. ഈ അംഗീകാരത്തെ തകര്‍ക്കുകയെന്നത് യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളിലൊന്നായിരുന്നു. യുഡിഎഫിന്റെ സ്ഥാനാര്‍ഥി വടകരയിലേക്ക് വന്നപ്പോള്‍ ജനങ്ങള്‍ ചാര്‍ത്തിനൽകിയ ‘ടീച്ചറമ്മ’ എന്ന പേരിനെതിരെയാണ് ആദ്യത്തെ പ്രതികരണമുണ്ടായത്. ആ കാഴ്ചപ്പാടിന്റെ ചുവടുപിടിച്ച് മുന്നോട്ടുപോകുകയാണ് ടീച്ചറെ തേജോവധം ചെയ്ത യുഡിഎഫിലെ നവമാധ്യമ യൂണിവേഴ്സിറ്റിക്കാര്‍ ചെയ്തത്.

ശൈലജ ടീച്ചറുടെ വ്യക്തിത്വത്തെയും മതനിരപേക്ഷവാദികളിലും ന്യൂനപക്ഷ വിഭാഗങ്ങളിലും തിളക്കമാര്‍ന്ന നിലപാടുകളിലൂടെ നേടിയെടുത്ത ഇടതുപക്ഷത്തിന്റെ അംഗീകാരത്തെയും ഇല്ലാതാക്കുകയെന്നതും ഈ സൈബര്‍ വിങ്ങിന്റെ ലക്ഷ്യമാണെന്ന് വ്യക്തമാകും. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിൽ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുമെന്ന നിലപാടില്ല. ഏക സിവിൽകോഡ് അടിച്ചേൽപ്പിക്കുന്നതിനെപ്പറ്റിയും അവര്‍ മൗനംപാലിക്കുകയാണ്.

കോൺഗ്രസ് പണ്ട് ഉയർത്തിപ്പിടിച്ചിരുന്ന മതനിരപേക്ഷ നിലപാടുകൾ അവർ ഉപേക്ഷിച്ചതായി കഴിഞ്ഞകാല അനുഭവങ്ങൾ കണക്കിലെടുത്ത് ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എൽ കെ അദ്വാനിയുടെ നേതൃത്വത്തിലുള്ള രഥയാത്ര, രാജ്യത്തിന്റെ മതനിരപേക്ഷത സംരക്ഷിക്കുന്നതിന്റെ ഭാഗമായി ലാലു പ്രസാദ് യാദവ് ബിഹാറിലെ സമസ്തിപുരിൽ വച്ച് തടഞ്ഞു. തുടര്‍ന്ന് ഇന്ത്യന്‍ പാര്‍ലമെന്റിൽ വി പി സിങ്‌ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം ബിജെപി കൊണ്ടുവന്നു. ഈ അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ് പിന്തുണച്ചതോടെ വി പി സിങ്‌ ഗവണ്‍മെന്റ് നിലംപതിച്ചു. ഇതിനെത്തുടര്‍ന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. വടകര പാര്‍ലമെന്റിൽ കോലീബി സഖ്യം അരങ്ങേറിയതും അതിനെ ഇടതുപക്ഷം ശക്തമായി എതിര്‍ത്തതും അവരെ പരാജയപ്പെടുത്തിയതും വടകരയുടെ രാഷ്ട്രീയ ചരിത്രത്തിലെ തങ്കലിപികളിൽ എഴുതപ്പെട്ട സംഭവമാണ്.

കോലീബി സഖ്യത്തെ തകര്‍ത്ത് മതനിരപേക്ഷതയുടെ രാഷ്‌ട്രീയത്തിനൊപ്പംനിന്ന വടകരയുടെ മണ്ണിൽ മതനിരപേക്ഷതയുടെയും ഭരണഘടനയുടെയും സംരക്ഷണത്തിന്‌ ഇടതുപക്ഷം സ്വീകരിച്ച നിലപാട് വലിയ അംഗീകാരം നേടി. പാര്‍ലമെന്റിനകത്തും പുറത്തും ഇക്കാര്യത്തിൽ കോണ്‍ഗ്രസ് സ്വീകരിച്ച തെറ്റായ സമീപനങ്ങള്‍ ഈ തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയമായി മാറിയിട്ടുണ്ട്. ലീഗിന്റെ പച്ചക്കൊടി ഉയര്‍ത്താനനുവദിക്കാത്ത പ്രശ്നം ആ വിഭാഗത്തിനിടയിലും വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കെ കെ മുരളീധരനെ മാറ്റിയ നടപടി കോണ്‍ഗ്രസിൽ വലിയ പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. ഇത്തരം രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് മറുപടി പറയാതെ നുണബോംബുകള്‍ പ്രചരിപ്പിക്കാനുള്ള പ്രവര്‍ത്തനമാണ് യുഡിഎഫ് നടത്തിക്കൊണ്ടിരിക്കുന്നത്.

ടീച്ചർക്കെതിരായി ആരംഭിച്ചിരിക്കുന്ന സൈബര്‍ അക്രമം കോണ്‍ഗ്രസ് ചെന്നെത്തിയ ഈ രാഷ്ട്രീയ പ്രതിസന്ധിയെ മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. അതുകൊണ്ടാണ് കെ കെ ശൈലജ ടീച്ചർ മുസ്ലിം വിരുദ്ധയാണെന്ന വ്യാജ പ്രചാരണങ്ങള്‍ നവമാധ്യമങ്ങളിൽ ഉയര്‍ത്തിക്കൊണ്ടുവന്നത്. വടകര പാർലമെന്റ്‌ മണ്ഡലത്തിൽ അവര്‍ക്കെതിരെ പ്രചരിപ്പിച്ച മൂന്ന് ക്ലിപ്പിങ്‌ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ഒന്ന് മുസ്ലിം സമുദായം മുഴുവന്‍ തീവ്രവാദികളാണെന്ന് ശൈലജ ടീച്ചർ പറഞ്ഞു. രണ്ടാമതായി പ്രവാചകന്‍ തെറ്റായ രീതികളെ പ്രചരിപ്പിച്ചുവെന്നും ടീച്ചർ പ്രസ്താവിച്ചുവെന്നതും ലൗജിഹാദുമായി ബന്ധപ്പെട്ട കാര്യത്തിൽ ആര്‍എസ്എസ് നിലപാടാണ് അവർക്കുള്ളതെന്നും. ഇതെല്ലാം വ്യാജമായി സൃഷ്ടിച്ചെടുത്തതാണ്. ടീച്ചറുടെ ബൈറ്റുകളും ഇന്റര്‍വ്യൂകളുമെടുത്ത മാധ്യമങ്ങള്‍തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതിനു പുറമെ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ലെറ്റര്‍പാഡ് വ്യാജമായി നിര്‍മിച്ച് പ്രചാരണം സംഘടിപ്പിച്ചു. ഇതുസംബന്ധിച്ച് പരാതി കെ കെ ശൈലജ ടീച്ചർ നൽകിയിട്ടുമുണ്ട്. പാനൂര്‍ ബോംബ് കേസിലെ പ്രതിക്കൊപ്പം ടീച്ചർ നിൽക്കുന്നതായുള്ള ചിത്രം വ്യാജമായി നിര്‍മിച്ച് പ്രചരിപ്പിക്കലുമുണ്ടായി.

ടീച്ചർക്കെതിരായി നടത്തിയ സൈബര്‍ അക്രമങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരെ സംബന്ധിച്ച വിവരങ്ങള്‍ പരിശോധിച്ചാൽ ഇതൊരു രാഷ്ട്രീയ അജൻഡയാണെന്ന് വ്യക്തമാകുന്നതാണ്. ന്യൂ മാഹിയിലെ ലീഗ് പഞ്ചായത്ത് സെക്രട്ടറിയും പഞ്ചായത്ത് അംഗവുമായ അസ്ലാം, പേരാമ്പ്രയിലെ ലീഗ് പ്രവര്‍ത്തകനായ സൽമാന്‍ മാളൂര്‍, ലീഗ് പ്രവര്‍ത്തകനായ മിന്‍ഹാജ് കെ എം എന്നിവര്‍ക്കെതിരെ കേസെടുത്തു. ഇക്കാര്യത്തിലുള്ള അന്വേഷണം തുടരുകയാണെന്നാണ് മനസ്സിലാക്കുന്നത്.
ഈ സംഭവങ്ങളെല്ലാം കാണിക്കുന്നത് യാദൃച്ഛികമായി ഉണ്ടായതല്ല ഇവയെല്ലാം എന്നാണ്. യുഡിഎഫിന്റെ പ്രചാരണ തന്ത്രത്തിന്റെ ഭാഗമായി രൂപപ്പെട്ടതാണിത്. കെ കെ ശൈലജ ടീച്ചറെത്തന്നെ മതവിരുദ്ധയായി ചിത്രീകരിച്ച് വോട്ടുകള്‍ നേടാമെന്ന തന്ത്രമാണ് ഇതിനുപിന്നിലുള്ളത്. ടീച്ചറുടെ വ്യക്തിത്വത്തെ തകര്‍ക്കുകയെന്ന അജൻഡയുടെ ഭാഗമായാണ് യുഡിഎഫ് സ്ഥാനാര്‍ഥിയടക്കം നവമാധ്യമ യൂണിവേഴ്സിറ്റികളിൽ ബിരുദമെടുത്തവര്‍ ഇത് നടപ്പാക്കിയത്.

പൊതുപ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ തെറ്റായ രീതിയിൽ കാണുകയും ചിത്രീകരിക്കുകയും ചെയ്യുകയെന്നത് പുരുഷ മേധാവിത്വ സമൂഹത്തിന്റെ രീതിയാണ്. സ്ത്രീകളെ ശരീരം മാത്രമായി കാണുകയും അശ്ലീലമായ തരത്തിലത് ചിത്രീകരിക്കുകയും ചെയ്യുന്ന രീതി അതിന്റെ ഫലമായാണ് സമൂഹത്തിൽ വികസിച്ചത്. മോര്‍ഫ് ചെയ്ത ചിത്രത്തിലൂടെ കെ കെ ശൈലജ ടീച്ചർക്കെതിരെ നടത്തിയ പ്രചാരണം ഇതാണ് കാണിക്കുന്നത്. തികച്ചും സ്ത്രീവിരുദ്ധമായ ഇത്തരം ചെയ്തികള്‍ കാണിക്കുന്നത് യുഡിഎഫിന്റെ നവമാധ്യമ സംവിധാനം കൈകാര്യം ചെയ്യുന്നത്‌ സ്ത്രീവിരുദ്ധ ആശയങ്ങള്‍ പേറി നടക്കുന്നവരാണ് എന്നാണ്‌ . ‘എന്റെ വടകര KL 18 എന്ന ഇൻസ്റ്റാ, എഫ് ബി’ പേജ് വഴിയാണ് ശൈലജ ടീച്ചർക്കെതിരായ അശ്ലീല പ്രചാരണങ്ങൾ തുടങ്ങിയത്. അതേപോലെ Troll reporter TRഗ്രൂപ്പ് വഴിയാണ്‌ മോർഫ് ചെയ്ത വീഡിയോകൾ പ്രചരിപ്പിച്ചത്. ഇത്തരം ഇൻസ്റ്റാ, എഫ് ബി പേജുകളും ധാരാളം ഫേക്ക്‌ ഐഡികളും യുഡിഎഫുകാർ വ്യക്തിഹത്യ ചെയ്യാനായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു.

നിര്‍മിത ബുദ്ധിയുടെ വളര്‍ച്ചയോടെ തെരഞ്ഞെടുപ്പുകാലത്ത് പ്രചരിക്കുന്ന തെറ്റായ വിവരങ്ങളും കപട വാര്‍ത്തകളും സൃഷ്ടിക്കുന്ന ആശയക്കുഴപ്പത്തെക്കുറിച്ചും ആശങ്ക വളരുന്നുണ്ടെന്ന കാര്യം സിപിഐ എമ്മിന്റെ കഴിഞ്ഞ കേന്ദ്ര കമ്മിറ്റി പ്രമേയം എടുത്തുപറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ നവമാധ്യമങ്ങളിൽ നടത്തുന്ന ഇത്തരം കള്ളപ്രചാരവേലകളെ തുറന്നുകാട്ടുകയെന്നത് നമ്മുടെ ജനാധിപത്യ സമൂഹത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിന് പ്രധാനമാണ്. ഇടതുപക്ഷത്തിന്റെ തിളക്കമാര്‍ന്ന മതനിരപേക്ഷ നിലപാടുകള്‍ക്കുള്ള പിന്തുണയെ വ്യക്തിഹത്യ നടത്തിയും മതവിരുദ്ധയാണെന്ന് ചിത്രീകരിച്ചും മറികടക്കാന്‍പറ്റുമെന്ന യുഡിഎഫിന്റെ പ്രചാരണ തന്ത്രമാണ് വടകരയിൽ തുറന്നുകാട്ടപ്പെട്ടത്. ഇതിനെതിരെ വടകരയിലെ ജനങ്ങളുടെ മാത്രമല്ല സംസ്ഥാനത്തെമ്പാടുമുള്ള മതനിരപേക്ഷവാദികളുടെയും ജനാധിപത്യവാദികളുടെയും പ്രതികരണം ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയാണ്.

കോലീബി സഖ്യമെന്ന രാഷ്ട്രീയ അശ്ലീലത്തെ തൂത്തെറിഞ്ഞത് വടകര പുലര്‍ത്തിയ രാഷ്ട്രീയ ജാഗ്രതകൊണ്ടാണ്. സ്ത്രീവിരുദ്ധവും വര്‍ഗീയവുമായ കാഴ്ചപ്പാടുകളിൽനിന്നുകൊണ്ട്‌ വടകരയിൽ രൂപപ്പെടുത്തിയ ഈ രാഷ്ട്രീയ അശ്ലീലത്തെയും വടകര ജനത തൂത്തെറിയും. കെ കെ ശൈലജ ടീച്ചറുടെ വമ്പിച്ച ഭൂരിപക്ഷം അശ്ലീല രാഷ്ട്രീയത്തിനും വര്‍ഗീയ പ്രചാരണത്തിനുമെതിരെയുള്ള ചുട്ട മറുപടി ആയിരിക്കും. കേരളത്തിന്റെ ജനാധിപത്യ രാഷ്ട്രീയ ക്രമത്തെ സംരക്ഷിക്കാന്‍ വടകര നൽകുന്ന മറ്റൊരു സംഭാവനകൂടിയായിരിക്കും അത്. വടകരയെ അറിയാവുന്ന ആര്‍ക്കും അക്കാര്യത്തിൽ തര്‍ക്കമുണ്ടാകുകയില്ല. വടകരയിൽ ശക്തിപ്പെട്ട പ്രതിഷേധങ്ങള്‍ അതാണ് കാണിക്കുന്നത്. കേരളത്തെ പകർച്ചവ്യാധികളിൽനിന്ന് രക്ഷിക്കാൻ മുന്നിട്ടിറങ്ങി ലോകശ്രദ്ധ നേടിയ ശൈലജ ടീച്ചർക്കെതിരെ നടത്തിയ ഈ അക്രമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ വടകരയ്ക്കൊപ്പം കേരളവും പങ്കുചേരും.
 

കൂടുതൽ ലേഖനങ്ങൾ

മോദി- ഷാ ഭരണം ഇന്ത്യയിൽ നടത്തുന്ന ഏകാധിപത്യ നടപടികൾ ഓരോന്നായി ഇപ്പോൾ സുപ്രീംകോടതി ഇടപെടലോടെ തുറന്നുകാട്ടപ്പെടുകയാണ്

സ. എം ബി രാജേഷ് 

ഇതാ, മുഖമടച്ച മറ്റൊരു പ്രഹരം കൂടി മോദി ഭരണകൂടത്തിന് ലഭിച്ചിരിക്കുന്നു. സത്യത്തിന്റെ ധീരനായ പോരാളിയും ന്യൂസ്ക്ലിക്ക് സ്ഥാപകനുമായ പ്രബീർ പുർക്കായസ്ഥയെ മോചിപ്പിക്കാൻ സുപ്രീംകോടതി ഉത്തരവിട്ട വാർത്ത ഏറെ ആഹ്ലാദം ഉണ്ടാക്കുന്നതാണ്.

ആരെയും എത്രകാലം വേണമെങ്കിലും ജയിലിലിടാൻ സാധിക്കുമെന്ന യൂണിയൻ ഗവണ്മെൻ്റിൻ്റെ ധാർഷ്ട്യത്തിന് നിയമത്തിൻ്റെ പിന്തുണയോടെ തിരിച്ചടി നൽകാൻ പ്രബീർ പുർക്കയസ്തയ്ക്ക് സാധിച്ചു

സ. പി രാജീവ്

മാധ്യമപ്രവർത്തകനായ പ്രബീർ പുർക്കയസ്തയുടെ അറസ്റ്റ് അസാധുവാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധി യൂണിയൻ ഗവണ്മെൻ്റിനേറ്റ ശക്തമായ തിരിച്ചടിയായി മാറുകയാണ്.

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികൾക്ക് ആകെയുള്ള അടി

സ. ടി എം തോമസ് ഐസക്

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി സത്യത്തിൽ ഡൽഹി പോലീസിന് മാത്രമല്ല, രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികൾക്ക് ആകെയുള്ള അടിയാണ്.

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി പത്രസ്വാതന്ത്ര്യത്തിനും ആവിഷ്കാരസ്വാതന്ത്ര്യത്തിനുമെതിരെ മോദി സർക്കാർ നടപ്പാക്കിയ ഏകാധിപത്യ നടപടികളെ കൂടുതൽ ചോദ്യം ചെയ്യാനുള്ള അവസരം ഒരുക്കും

സ. എം എ ബേബി

ന്യൂസ്ക്ലിക്ക് എന്ന ഓൺലൈൻ വാർത്താ പോർട്ടൽ സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുർകായസ്ഥയുടെ യുഎപിഎ പ്രകാരമുള്ള അറസ്റ്റും തടവും നിയമവിരുദ്ധമാണെന്നും അദ്ദേഹത്തെ ഉടൻ വിട്ടയക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കഴിഞ്ഞ ഒക്ടോബർ മുതൽ പ്രബീർ ദില്ലിയിലെ തിഹാർ ജയിലിൽ ആയിരുന്നു.