Skip to main content

കേരളത്തിനെതിരെ സംസാരിക്കുമ്പോൾ നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും ഒരേ സ്വരം

കേരളത്തെയും സംസ്ഥാനം നേടിയ പുരോഗതിയെയും നുണകൾ കൊണ്ട് മൂടാൻ പ്രധാനമന്ത്രിയും പ്രധാന പ്രതിപക്ഷ കക്ഷിയുടെ അഖിലേന്ത്യാ പ്രധാനിയും ഒരേ മനസ്സോടെ ശ്രമിക്കുന്ന വിചിത്ര പ്രതിഭാസമാണ് ഇപ്പോൾ കാണുന്നത്. കേരളത്തിനെതിരെ സംസാരിക്കുമ്പോൾ നരേന്ദ്ര മോദിക്കും രാഹുൽ ഗാന്ധിക്കും ഒരേ സ്വരമാണ്. എൽഡിഎഫ് ഉയർത്തുന്ന രാഷ്ട്രീയ നിലപാടുകൾക്കാണ് കേരളത്തിന്റെ അംഗീകാരം. അത് തിരിച്ചറിഞ്ഞാണ് കോൺഗ്രസും ബിജെപിയും ഇപ്പോൾ ഒരുപോലെ പരിഭ്രമം പ്രകടിപ്പിക്കുന്നത്.

പത്തൊൻപതാമത്തെ മണ്ഡലത്തിലാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നത്. നാളെ കണ്ണൂർ മണ്ഡലത്തിലെ മൂന്നു യോഗങ്ങളോടെ പര്യടനം പൂർത്തിയാകും. എല്ലാ മണ്ഡലങ്ങളിലേയും ജനങ്ങളുമായും പ്രവർത്തകരുമായും നേതാക്കളുമായും സംവദിച്ചുള്ള ഈ പര്യടനത്തിൽ നിന്നും വ്യക്തമായ ചിത്രം, ഈ തെരഞ്ഞെടുപ്പ് ഫലം 2019 ലേതിന്റെ നേർ വിപരീതമായിരിക്കും എന്നതാണ്. എൽഡിഎഫ് ഉയർത്തുന്ന രാഷ്ട്രീയ നിലപാടുകൾക്കാണ് കേരളത്തിന്റെ അംഗീകാരം. അത് തിരിച്ചറിഞ്ഞാണ് കോൺഗ്രസ്സും ബിജെപിയും ഇപ്പോൾ ഒരുപോലെ പ്രകടിപ്പിക്കുന്ന പരിഭ്രമം.

നീതി ആയോഗ് പുറത്തിറക്കിയ ആരോഗ്യ സൂചിക, നീതി ആയോഗിൻ്റെ സ്കൂൾ വിദ്യാഭ്യാസ ഗുണനിലവാര സൂചിക, നീതി ആയോഗിൻ്റെ സുസ്ഥിര വികസനസൂചിക, പൊതുകാര്യ സൂചിക എന്നിവയിൽ ഒന്നാം സ്ഥാനത്താണ് കേരളം. തുടർച്ചയായി ഈ നേട്ടങ്ങൾ നമ്മുടെ സംസ്ഥാനത്തിന് ലഭിക്കുന്നു. ആ നീതി ആയോഗിന്റെ എക്സ് ഒഫീഷ്യൽ ചെയർമാനാണ് പ്രധാനമന്ത്രി. എന്നിട്ടാണ് അദ്ദേഹം പറയുന്നത് കേരളം മോശമാണെന്ന്. സാക്ഷരത (96%), ആയുർദൈർഘ്യം (75.2 വർഷം), ഉയർന്ന ആരോഗ്യ സൂചികകൾ, നവീകരിച്ച സാമൂഹിക സുരക്ഷ, മികച്ച ക്രമസമാധാന സംവിധാനം, അനുയോജ്യമായ ടൂറിസം ഇൻഫ്രാസ്ട്രക്ചർ എന്നിങ്ങനെ സാമൂഹിക അടിസ്ഥാന സൗകര്യങ്ങളാൽ കേരളം രാജ്യത്തിനാകെ മാതൃകയാണ്. കുടുംബശ്രീ സംരംഭം മുതൽ ആരോഗ്യമേഖലയിലെ പരിഷ്‌കാരങ്ങൾ, വിഖ്യാതമായ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതി, നവകേരള മിഷൻ തുടങ്ങി കേരളം മുൻകൈയെടുത്ത സംരംഭങ്ങൾ ദേശീയതലത്തിലും ആഗോള തലത്തിലും അനുകരിക്കപ്പെട്ടു.

ബിഹാറിനെപ്പോലെ അഴിമതിയാണ് കേരളത്തിൽ എന്ന് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആരോപിച്ചു. ഒറ്റയടിക്ക് രണ്ടു സംസ്ഥാനങ്ങളെ അപമാനിക്കുകയാണദ്ദേഹം. ഇന്ത്യയിൽ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്നത് വിഖ്യാതമാണ്. ഈ അംഗീകാരം കേരളത്തിന് നൽകിയത് സെന്റർ ഫോർ മീഡിയാ സ്റ്റഡീസും ട്രാൻസ്പെറൻസി ഇന്റർനാഷണലും ലോക്കൽ സർക്കിൾസും ചേർന്ന് നടത്തിയ ഇന്ത്യാ കറപ്‌ഷൻ സർവ്വേ ആണ്. അതിനപ്പുറം എന്ത് ആധികാരിക റിപ്പോർട്ട് വെച്ചാണ് പ്രധാനമന്ത്രി കേരളത്തെ അപമാനിക്കുന്നത്?

പതിമൂന്നാം ധനകാര്യ കമ്മീഷൻ കാലയളവിൽ നിന്നും പതിനാലാം ധനകാര്യ കമ്മീഷൻ കാലയളവിലേക്കെത്തിയപ്പോൾ സംസ്ഥാനങ്ങൾക്കുള്ള കേന്ദ്ര നികുതി വിഹിതം ആകെ കേന്ദ്ര നികുതി വരുമാനത്തിന്റെ 42 ശതമാനം ആക്കിയത് ബിജെപി സർക്കാരിന്റെ നേട്ടമായാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. എന്നാൽ, ഇപ്പോഴത്തെ നീതി ആയോഗ് സിഇഒ ബിവിആർ സുബ്രഹ്മണ്യത്തിൻ്റെ വെളിപ്പെടുത്തലിനെപ്പറ്റി “റിപ്പോർട്ടേഴ്സ് കളക്ട്ടീവ്” പുറത്തുവിട്ട വാർത്ത മോദിയുടെ അവകാശവാദത്തെ പൊളിക്കുന്നതാണ്.

2014 ൽ പ്രധാനമന്ത്രിയായയുടനെ സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം വെട്ടിക്കുറയ്ക്കാൻ നരേന്ദ്രമോദി ധനകാര്യ കമ്മീഷനുമേൽ സമ്മർദ്ദം ചെലുത്തിയെന്നാണ് നീതി ആയോഗ് സിഇഒ തുറന്നുപറഞ്ഞത്. അന്ന് പ്രധാനമന്ത്രിയുടെ ഓഫീസിൽ ജോയിന്റ് സെക്രട്ടറിയായിരിക്കെ താനാണ് പ്രധാനമന്ത്രിക്കും ധനകാര്യ കമ്മീഷൻ ചെയർമാൻ വൈ വി റെഡ്ഢിക്കുമിടയിൽ ഇടനിലക്കാരനായി നിന്നതെന്നാണ് ബിവിആർ സുബ്രഹ്മണ്യം വെളിപ്പെടുത്തിയത്. സംസ്‌ഥാനങ്ങൾക്ക് 42 ശതമാനം കേന്ദ്ര നികുതി വിഹിതം നൽകണമെന്നായിരുന്നു വൈ വി റെഡ്ഢിയുടെ നേതൃത്വത്തിലുള്ള ധനകാര്യ കമ്മീഷൻ ശുപാർശ. അത് 33 ശതമാനമായി വെട്ടി കുറയ്ക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിച്ചത്.

സംസ്‌ഥാനങ്ങൾക്കുള്ള നികുതി വിഹിതത്തിൽ സ്വതന്ത്ര തീരുമാനം എടുക്കാൻ അധികാരമുള്ള ഭരണഘടനാ സ്‌ഥാപനമാണ് ധനകാര്യ കമ്മീഷനുകൾ. ഈ ഭരണഘടനാ മാനദണ്ഡം ലംഘിച്ചാണ് പ്രധാനമന്ത്രി കമ്മീഷനുമേൽ സമ്മർദ്ദം ചെലുത്തിയത്. എന്നാൽ വൈവി റെഡ്ഢിയുടെയും ധനകാര്യ കമ്മീഷന്റെയും ശക്തമായ നിലപാടുമൂലം ബിജെപി സർക്കാർ ഉദ്ദേശിച്ച അജണ്ട നടപ്പിലാക്കാൻ കഴിയാതെപോവുകയായിരുന്നു

ധനകാര്യകമ്മീഷനുകൾ വഴിയുള്ള വിഹിത വിതരണം ആരുടെയും ഔദാര്യമല്ല. അത്‌ ഭരണഘടനാപരമായി സംസ്ഥാനങ്ങൾക്ക്‌ അവകാശപ്പെട്ടതാണ്. കമീഷന്റെ പരിഗണനാ വിഷയങ്ങളിലും മാനദണ്ഡങ്ങളിലും കൈകടത്തി, കേരളത്തിന്‌ ലഭിക്കേണ്ട അർഹതപ്പെട്ട തുക നിഷേധിക്കുന്നതാണ്‌ കേന്ദ്രസർക്കാർ സമീപനം. ബിജെപി സർക്കാർ വന്ന ശേഷം 2011 ലെ ജനസംഖ്യ മനദണ്ഡമാക്കാൻ ധനകാര്യ കമ്മീഷനോട്‌ ആവശ്യപ്പെട്ടതു കാരണം നികുതി വിഹിതത്തിന്റെ കാര്യത്തിൽ സംസ്ഥാനങ്ങൾ തമ്മിലുള്ള അന്തരം വർദ്ധിച്ചു. കേരളം കൈവരിച്ച നേട്ടങ്ങൾക്ക്‌ ഇത്‌ വലിയ തിരിച്ചടിയായി. ഈ പ്രശ്നം സംസ്ഥാനം ഉയർത്തുമ്പോൾ അതിനു പരിഹാരം കാണാതെ തുകയുടെ വലുപ്പം പറയുകയാണ്. ബി ജെ പി നൽകുന്ന പരസ്യങ്ങളിലും കേരളത്തെക്കുറിച്ച് തെറ്റിധാരണ പരത്തുകയാണ്. സാമ്പത്തികമായി കേരളത്തിന്റെ കഴുത്തു ഞെരിക്കുന്നവർ തന്നെ അതിന്റെ പേരിൽ സംസ്ഥാനത്തിനെതിരെ ആക്ഷേപം ചൊരിയുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് ഒന്നും ലഭിക്കാനില്ല എന്ന തിരിച്ചറിവ് സൃഷ്ടിക്കുന്ന വെപ്രാളവും നിരാശയുമാണ് തെറ്റായ കാര്യങ്ങൾ പറയാൻ ബിജെപിക്കും പ്രധാനമന്ത്രിക്കും പ്രേരണയാകുന്നത്. അതേ ദയനീയതയാണ് രാഹുൽ ഗാന്ധിയുടെയും പ്രശ്നം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അദ്ദേഹം കേരളത്തിൽ വന്ന് മത്സരിച്ചു. ആ ഘട്ടത്തിൽ ജനങ്ങളിൽ ചില തെറ്റിദ്ധാരണകൾ സൃഷ്ടിക്കാൻ കോൺഗ്രസിന് കഴിഞ്ഞു. ജനങ്ങൾക്ക് യഥാർഥ സ്ഥിതി പെട്ടെന്ന് തന്നെ തിരിച്ചറിയാനായി. അതുകൊണ്ട് തുടർന്ന് നടന്ന ഒരു തെരഞ്ഞെടുപ്പിലും കോൺഗ്രസ്സ് പച്ചപിടിച്ചില്ല. ഇപ്പോൾ അഞ്ചു വർഷത്തിന് ശേഷം അതേ വീഞ്ഞ് പുതിയ കുപ്പിയിൽ ഒഴിച്ച് വരികയാണ്. സ്വന്തം പാർട്ടിയുടെ നേതൃസ്ഥാനത്തു നിന്ന് നിർണ്ണായക ഘട്ടത്തിൽ ഒളിച്ചോടിയ നേതാവ്എന്ന പേരുദോഷം മാറ്റി രാജ്യത്തെ നയിക്കാൻ പ്രാപ്തനാണ് എന്ന് വിശ്വസിക്കാൻ തക്ക ബലമുള്ള നിലപാട് രാഹുലിൽ നിന്ന് ഉണ്ടായിട്ടില്ല എന്നതാണ് വിമർശനം. പ്രധാന എതിരാളിയെന്ന് അദ്ദേഹം അവകാശപ്പെടുന്ന നരേന്ദ്ര മോദിയെയും സംഘ്പരിവാറിനെയും നേരിട്ട് എതിർക്കാൻ ശ്രമിക്കുക പോലും ചെയ്യാതെ ഉത്തരേന്ത്യയിൽ നിന്ന് ഒളിച്ചോടി, വയനാട്ടിൽ രണ്ടാം തവണയും മത്സരത്തിനെത്തിയ രാഹുൽ ഗാന്ധിയിൽ നിന്ന് കൂടുതൽ എന്താണ് നാട് പ്രതീക്ഷിക്കേണ്ടത്?

ഈ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങുമ്പോൾ തന്നെ ഇടതുപക്ഷം ചില കാര്യങ്ങൾ പറഞ്ഞിരുന്നു. സംഘപരിവാറിന്റെ പിടിയിൽ നിന്ന് ഇന്ത്യാ രാജ്യത്തെ മോചിപ്പിക്കാനുള്ള മൂർത്തമായ സമീപനമാണ് ഞങ്ങൾ മുന്നോട്ടു വെച്ചത്. കോൺഗ്രസോ? വർഗീയ വിഭജനത്തിന്റെ അജണ്ടയായി ബി ജെ പി സർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിയെക്കുറിച്ച് മിണ്ടാൻ കോൺഗ്രസ്സ് തയാറായോ? ബിജെപിയെ പേടിച്ച് മുസ്ലിം ലീഗിന്റെ കൊടിയും സ്വന്തം പതാകയും ഒളിപ്പിച്ചു വെച്ച പാപ്പർ രാഷ്ട്രീയമല്ലേ രാഹുൽ ഗാന്ധിയുടെ പാർട്ടി കൈകാര്യം ചെയ്യുന്നത്? കൊടി പിടിച്ച ലീഗുകാരെ തല്ലുന്ന കോൺഗ്രസ്സ്, സി എ എ വിഷയത്തിൽ പരസ്യം കൊടുത്ത പത്രം കത്തിക്കുന്ന ലീഗ്- ഇതാണ് യു ഡി എഫിലെ ഇന്നത്തെ അവസ്ഥ.

മൂന്നു കൂട്ടരുടെ കടന്നാക്രമണങ്ങളെ നേരിട്ടും അതിജീവിച്ചുമാണ് എൽഡിഎഫ് സംസ്ഥാനത്ത് ജനങ്ങളുടെ അംഗീകാരം നേടുന്നത്. കേന്ദ്ര സർക്കാരും അതിനെ നിയന്ത്രിക്കുന്ന സംഘ് പരിവാറും ഒന്നാമത്തേത്. അവരോട് തോൾ ചേർന്ന് ഇടതു പക്ഷത്തെയും നാടിനെയും ആക്രമിക്കുന്ന യുഡിഎഫ് അടുത്തത്. സ്വയം മാറി വ്യാജ പ്രചാരണങ്ങളും ഇടതു വിരുദ്ധതയും തമസ്കരണ തന്ത്രവും കൈമുതലാക്കിയ വലതുപക്ഷ മാധ്യമങ്ങൾ മൂന്നാമത്തേത്. ഈ ത്രികക്ഷി മുന്നണി ഉയർത്തുന്ന ഏതു ഭീഷണിയെയും നേരിട്ട് അത്യുജ്ജ്വല വിജയം നേടാൻ എൽ ഡി എഫിന് കേരളത്തിന്റെ പൂർണ പിന്തുണ ഉണ്ട് എന്ന ആവർത്തിച്ചു തെളിയിക്കുന്ന വോട്ടെടുപ്പാണ് 26ന് നടക്കുക.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.