Skip to main content

തെരഞ്ഞെടുപ്പ് പ്രക്രിയ മുന്നേറുന്തോറും മോദിക്കും എൻഡിഎയ്ക്കും എതിരായി കാറ്റ് വീശുകയാണ്

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ടം പിന്നിട്ടു കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയപ്പോഴത്തെ അന്തരീക്ഷമല്ല ഇപ്പോഴുള്ളത്. 400 സീറ്റിന്റെ മുദ്രാവാക്യവുമായിട്ടാണ് ബിജെപി തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയത്. എന്നാൽ ഇപ്പോൾ തെരഞ്ഞെടുപ്പ് ഫലം അനിശ്ചിതാവസ്ഥയിലാണ്. 400 സീറ്റ് പോയിട്ട് കേവലഭൂരിപക്ഷം കിട്ടില്ലായെന്ന ശക്തമായ പ്രവചനങ്ങളും ഉണ്ടായിക്കഴിഞ്ഞു.
(1) ഏപ്രിൽ 1-നുശേഷം വിദേശനിക്ഷേപകർ 30,000 കോടി രൂപയോളം ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റിൽ നിന്നും പിൻവലിച്ചു. ഇതിന്റെ ഫലമായി സെൻസെക്സ് രണ്ട് ശതമാനത്തിലേറെ ഇടിയുകയും ചെയ്തു. 2014-ലും 2019-ലും നേരെ മറിച്ചായിരുന്നു സ്ഥിതി. നാലാംഘട്ടം വരെയുള്ള തെരഞ്ഞെടുപ്പ് കാലത്ത് യഥാക്രമം സെൻസസ് സൂചിക 3.7 ശതമാനവും 2.2 ശതമാനവും ഉയരുകയാണ് ചെയ്തത്. വിദേശനിക്ഷേപവും ഗണ്യമായി ഉയർന്നു. തെരഞ്ഞെടുപ്പ് മാത്രമല്ല, സ്റ്റോക്ക് മാർക്കറ്റിനെ സ്വാധീനിക്കുന്നത് എന്നത് വാസ്തവം തന്നെ. എന്നാൽ അമിത് ഷായ്ക്കു തന്നെ നിക്ഷേപകരെ സമാധാനിപ്പിക്കാൻ തങ്ങൾ തന്നെയായിരിക്കും അധികാരത്തിൽ തിരിച്ചുവരികയെന്നും ജൂൺ 4-ന് ഓഹരിവിലകൾ കുത്തനെ ഉയരുമെന്നും അതുകൊണ്ട് ഓഹരികൾ വിറ്റഴിക്കുന്നത് യുക്തിപരമല്ലെന്നും വിശദീകരിക്കേണ്ടിവന്നു.
(2) അത്ഭുതപ്പെടുത്തുന്ന സ്വീകാര്യതയാണ് ‘ധ്രുവ് റാഠി’യേയും ‘രവിഷ് കുമാറി’നേയും പോലുള്ള യൂട്യൂബർമാരുടെയും ബദൽ സാമൂഹ്യമാധ്യമങ്ങളുടെയും മോദി വിരുദ്ധ പോസ്റ്റുകൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ധ്രുവ് റാഠിയുടെ മൂന്ന് യൂട്യൂബ് ചാനലുകളിലായി 2.56 കോടി വരിക്കാരാണുള്ളത്. രാഷ്ട്രീയ വിശദീകരണത്തിനുള്ള ഹിന്ദി ചാനലിന് 1.9 കോടി ആളുകളാണ് വരിക്കാരായുള്ളത്. ഓരോ വീഡിയോയും കോടിക്കണക്കിനായ ആളുകളാണ് കാണുന്നത്. ഏറ്റവും പുതിയ വീഡിയോയായ ‘മോദി ദി റിയൽ സ്റ്റോറി’ 24 മണിക്കൂറിനകം കണ്ടത് ഒരുകോടി ആളുകളാണ്. മോദി വിരുദ്ധ വീഡിയോ കാണാൻ താല്പര്യപ്പെടുന്നവരുടെ എണ്ണം ഓരോ ദിവസവും വർദ്ധിച്ചുവരികയാണ്. അതേസമയം മോദിയുടെ റാലി വീഡിയോ കാണുന്ന ആളുകളുടെ എണ്ണം കുറഞ്ഞുവരികയാണ്.
(3) സോഷ്യൽ മീഡിയ ക്യാമ്പയിനിന്റെ ഈ വിജയം മുഖ്യധാര മാധ്യമങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. തങ്ങളുടെ വരിക്കാരെയും പ്രേക്ഷകരെയും പിടിച്ചുനിർത്തുന്നതിന് പ്രതിപക്ഷ വാർത്തകൾ കൊടുക്കുന്നതിന് അവർ നിർബന്ധിതരായി തീരുന്നു. ഇതിന് ഏറ്റവും നല്ല ഉദാഹരണം കെജറിവാളിന്റെ മോചനമാണ്. കെജറിവാളിന്റെ സ്വീകരണത്തിലും മറ്റും പ്രേക്ഷകരിൽ നല്ലൊരുപങ്ക് തങ്ങളുടെ ഫോണുകളിൽ നിന്നും ലൈവ് കൊടുത്തുകൊണ്ടിരിക്കുന്നതു കാണാം. മുഖ്യധാര മാധ്യമങ്ങൾക്കും മാറിനിൽക്കാൻ കഴിയാത്ത അവസ്ഥ വന്നു. മോദിയുടെ വർഗ്ഗീയ പ്രസംഗങ്ങൾക്കെതിരെ പല അച്ചടി മാധ്യമങ്ങൾക്കും എഡിറ്റോറിയൽ എഴുതേണ്ടി വന്നു.
(4) ഏറ്റവും പ്രധാനപ്പെട്ട സൂചന മോദിയുടെയും ബിജെപിയുടെയും ക്യാമ്പയിന്റെ ഉള്ളടക്കത്തിൽ വന്ന മാറ്റമാണ്. 400 സീറ്റിന്റെ വമ്പ് കഥകളും വികസനനേട്ടങ്ങളും പറഞ്ഞാണ് തെരഞ്ഞെടുപ്പ് കാമ്പയിൻ ആരംഭിച്ചത്. എന്നാൽ രണ്ടാംഘട്ടം കഴിഞ്ഞതോടെ വർഗ്ഗീയ പ്രചാരണങ്ങൾക്ക് മോദി തന്നെ മുൻകൈയെടുത്തു. ഒരു പ്രധാനമന്ത്രിയിൽ നിന്നും ഇത്രയും വിഷലിപ്തമായ വർഗ്ഗീയത നാം ഇതുവരെ കേട്ടിട്ടില്ല. ഓരോ ഘട്ടത്തിന്റെയും എക്സിറ്റ് പോളുകൾ നടക്കുന്നുണ്ട്. നമുക്ക് അവയുടെ ഫലം നാലാം തീയതിയേ അറിയൂ. പക്ഷേ, ഭരിക്കുന്നവർക്ക് നേരത്തേ അറിയാമല്ലോ. അതിന്റെ വെപ്രാളമാണ് പ്രധാനമന്ത്രിയുടെ പ്രസംഗങ്ങളിൽ പ്രതിഫലിക്കുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഏതായാലും ഈ വെപ്രാളംകൊണ്ട് അദാനി-അംബാനി പരാമർശം പോലുള്ള മഠയത്തരങ്ങളും മോദിയുടെ വായിൽ നിന്നും വീഴുന്നു.
ചുരുക്കത്തിൽ തെരഞ്ഞെടുപ്പ് പ്രക്രിയ മുന്നേറുന്തോറും മോദിക്കും എൻഡിഎയ്ക്കും എതിരായി കാറ്റ് വീശുകയാണ്.
 

കൂടുതൽ ലേഖനങ്ങൾ

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി

അഭിവന്ദ്യനായ ക്രിസോസ്റ്റം തിരുമേനിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'മാർ ക്രിസോസ്റ്റം പുരസ്‌കാരം 2025' സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബിക്ക് മുഖ്യമന്ത്രി സ. പിണറായി വിജയൻ കൈമാറി.

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സ. എം എ ബേബി പങ്കെടുത്തു

സഖാവ് ലെനിന്റെ 156-ാം ജന്മവാർഷികത്തോടനുബന്ധിച്ച് സിപിഐ എം പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി കൊൽക്കത്തയിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സ. എം എ ബേബി പങ്കെടുത്തു.

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി

പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ കേരളീയർക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിന് സജ്ജീകരണം ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്സിന് നിർദേശം നൽകി.