Skip to main content

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികൾക്ക് ആകെയുള്ള അടി

പ്രബീർ പുർകായസ്ഥയുടെ അറസ്റ്റ് റദ്ദാക്കിയ സുപ്രീംകോടതി നടപടി സത്യത്തിൽ ഡൽഹി പോലീസിന് മാത്രമല്ല, രാജ്യത്തെ കുറ്റാന്വേഷണ ഏജൻസികൾക്ക് ആകെയുള്ള അടിയാണ്.

ഭരിക്കുന്നവരുടെ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാനുള്ള ഗുണ്ടാപ്പടയായി ഡൽഹി പോലീസും ഇഡിയും സിബിഐയും ഒക്കെ മാറിക്കഴിഞ്ഞു. UAPA, PMLA എന്നീ നിയമങ്ങൾ ആർക്കെതിരെയും ഏത് സമയത്തും പ്രയോഗിക്കാമെന്നും അതുവഴി ജനാധിപത്യത്തെയും പൗരാവകാശങ്ങളെയും തന്നിഷ്ടം പോലെ കശക്കി എറിയാമെന്നുമുള്ള കേന്ദ്ര ഏജൻസികളുടെ ഹുങ്കിനേറ്റ തിരിച്ചടിയാണിത്.

ന്യൂസ്ക്ലിക്ക് സ്ഥാപകനും എഡിറ്ററും വിജ്ഞാന സ്വാതന്ത്ര്യത്തിന്റെ മുൻനിര പോരാളിയുമായ പ്രബീർ പുർകായസ്ഥയെ അറസ്റ്റ് ചെയ്തതും തടവിൽ പാർപ്പിച്ചതും നിയമവിരുദ്ധമാണെന്ന് അർത്ഥ ശങ്കയ്ക്കിടയില്ലാത്തവിധം സുപ്രീംകോടതി പ്രഖ്യാപിച്ചു. കേസിന്റെ മെരിറ്റിലേക്ക് കോടതി കടന്നിട്ടില്ല. അറസ്റ്റിന്റെ നടപടിക്രമം തന്നെ തെറ്റാണ് എന്ന് കോടതി പറഞ്ഞു. അതായത് തങ്ങൾക്കെതിരെ അഭിപ്രായം പറയുന്നവരെയൊക്കെ കൈകാര്യം ചെയ്യാൻ സർക്കാർ ഏജൻസികളെ ഉപയോഗിക്കും എന്ന മാടമ്പിത്തരമാണ് സുപ്രീംകോടതി ചുരുട്ടി കൊട്ടയിലിട്ടത്.

എതാണ്ട് ഇതേ രൂപത്തിലാണ് ഇഡി എനിക്കതിരെയും നീങ്ങിയത്. എന്താണ് കുറ്റമെന്ന് പറയാതെ റോവിങ് എൻക്വയറി നടത്തി തോന്നുമ്പോലെ പിടിച്ച് അകത്തിടാം എന്നതായിരുന്നു ഇഡിയുടെ പൂതി. ഒരു പൗരൻ എന്ന നിലയിൽ ലഭിക്കേണ്ട നിയമപരമായ സംരക്ഷണം നൽകാൻ ഹൈക്കോടതി തയ്യാറായതുകൊണ്ട് മാത്രമാണ് അത് ഒഴിവായത്. ഇവിടെ മാത്രമല്ല, രാജ്യത്താകെ ഇത്തരം ശ്രമങ്ങൾ നടക്കുന്ന വേളയിലാണ് സുപ്രീംകോടതി വിധി എന്നത് പ്രധാനമാണ്.

ഈ വിധി ദൂരവ്യാപകമായ ഫലങ്ങൾ ഉണ്ടാക്കും എന്നത് വ്യക്തമാണ്. ഇത്തരം യജമാന സേവയ്ക്കായുള്ള കേന്ദ്ര ഏജൻസികളുടെ എടുത്തുചാട്ടങ്ങളെ നിയന്ത്രിക്കാനും വേട്ടപ്പട്ടികളെപ്പോലെ സർക്കാർ ഏജൻസികളെ ഉപയോഗിക്കുന്ന ഭരണനേതൃത്വത്തെ നിലയ്ക്ക് നിർത്താനും ഈ വിധി ഉപകരിക്കുമെങ്കിൽ അത് നന്നാവും.

അധികാരത്തോട് ഒട്ടിനിന്ന് ഭരണകക്ഷിക്കുവേണ്ടി വാഴ്ത്തുപാട്ട് പാടുന്ന മുഖ്യധാരാ മാധ്യമങ്ങൾക്ക് അവരുടെ നിലപാടിൽ മാറ്റം വരുത്തേണ്ടിവരും. ഇന്ത്യയിൽ ഒരു നീതിന്യായ സംവിധാനം നിലനിൽക്കുന്നു എന്ന ബോധ്യം അവർക്ക് ഉണ്ടാകാൻ ഈ വിധി ഉപകരിക്കുമെന്ന് പ്രതീക്ഷിക്കാം. അത് എന്തുതന്നെ ആയാലും രാജ്യത്തെ ബദൽമാധ്യമങ്ങളുടെ ശക്തിയും വിശ്വാസ്യതയും പോരാട്ടവീറും ഈ വിധി വർധിപ്പിക്കുക തന്നെ ചെയ്യും. ഇനി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെയും ഈ വിധി സ്വാധീനിക്കും. സങ്കുചിത കക്ഷിരാഷ്ട്രീയ താല്പര്യങ്ങൾക്കുവേണ്ടി രാജ്യത്ത് നിലവിലുള്ള നിയമങ്ങളെയും പൗരന്റെ അറിയാനുള്ള അവകാശങ്ങളെയും ചവിട്ടിമെതിക്കുന്നതിനെതിരെ നടക്കുന്ന എല്ലാ പോരാട്ടങ്ങളും വിജയം കാണുക തന്നെ ചെയ്യും.

കഴിഞ്ഞ ഒക്ടോബർ മുതൽ അകാരണമായി ജയിലിൽ അടയ്ക്കപ്പെട്ട പ്രിയസുഹൃത്ത് പ്രബീറിന്റെ അറസ്റ്റും റിമാന്റും റദ്ദാക്കിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. ഇത്തരം ഭീഷണികൾ കൊണ്ട് അമിതധികാര പ്രവണതയ്‌ക്കെതിരായ സമരങ്ങളെ നേരിട്ടുകളയാമെന്ന് കരുതുന്ന മോഡിയും കൂട്ടരും വിഡ്ഢികളുടെ സ്വർഗത്തിലാണ്.
 

കൂടുതൽ ലേഖനങ്ങൾ

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടണം

സ. പിണറായി വിജയൻ

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസാധ്യത്തെ ഇച്ഛാശക്തികൊണ്ട് സാധ്യമാക്കിയ സന്തോഷകരമായ സന്ദർഭമാണിത്. ആദ്യഘട്ടം നൽകിയത് 178 വീടാണ്. 7 സെന്റിന്റെ പട്ടയവും നൽകുന്നു.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

സ. പിണറായി വിജയൻ

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സ. പിണറായി വിജയൻ നയിക്കും

സ. എം എ ബേബി

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.