Skip to main content

സഖാവ് ഇ കെ നായനാരുടെ ദീപ്‌തസ്‌മരണകളുമായി ബർണശേരി നായനാർ അക്കാദമിയിൽ മ്യൂസിയം തുറന്നു

സഖാവ് ഇ കെ നായനാരുടെ ദീപ്‌തസ്‌മരണകളുമായി കണ്ണൂർ ബർണശേരി നായനാർ അക്കാദമിയിൽ മ്യൂസിയം തുറന്നു. നായനാരുടെ 20-ാം ചരമവാർഷിക ദിനമായ മെയ് 19 ഞായറാഴ്‌ച സിപിഐ എം നേതാക്കളും നായനാരുടെ കുടുംബാംഗങ്ങളും മ്യൂസിയം സന്ദർശിച്ചു. ഇന്ന് (മെയ് 20 തിങ്കൾ) മുതൽ മ്യൂസിയത്തിൽ സന്ദർശകർക്ക്‌ പ്രവേശനമുണ്ടാകും. മുതിർന്നവർക്ക്‌ 50 രൂപയും കുട്ടികൾക്ക്‌ 25 രൂപയുമാണ്‌ പ്രവേശന ഫീസ്‌.

സഞ്ചാരികൾക്കും ചരിത്രാന്വേഷികൾക്കുമായി ഇ കെ നായനാർ എന്ന കമ്യൂണിസ്‌റ്റ്‌ നേതാവിന്റെ രാഷ്‌ട്രീയ ജീവിതവും കണ്ണൂരിന്റെ സമരചരിത്രവും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്‌. നായനാരുടെ സാന്നിധ്യം പുനസൃഷ്ടിക്കാൻ മ്യൂസിയത്തിനുവേണ്ടി പ്രത്യേകം വികസിപ്പിച്ചെടുത്ത നൂതന ഇൻസ്‌റ്റലേഷനാണ്‌ പ്രധാന ആകർഷണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ഹോളോലെൻസ് പ്രൊജക്‌ഷനിലൂടെ സന്ദർശകരുടെ ചോദ്യങ്ങൾക്ക്‌ നായനാരുടെ ശബ്ദത്തിൽ ഉത്തരം ലഭിക്കും.
നായനാർ ഉപയോഗിച്ച എഴുത്തുമേശ, പെഡസ്റ്റൽ ഫാൻ, റേഡിയോ, ടിവി തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ മുറിയിലെന്നപോലെ സജ്ജീകരിച്ചിട്ടുണ്ട്. ജനനം മുതൽ അന്ത്യയാത്രവരെയുള്ള ജീവിതം വിശാലമായ ക്യാൻവാസിൽ വരച്ചുകാട്ടുന്ന ‘ഇ കെ നായനാരുടെ ജീവിതവും കാലവും: ചുവർചിത്ര’വുമുണ്ട്‌. അദ്ദേഹം രചിച്ച 71 പുസ്‌തകങ്ങളെക്കുറിച്ചും ലേഖനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളടങ്ങിയ ടച്ച്‌ സ്‌ക്രീനും നായനാരുടെ ജീവിതത്തിലെ നിമിഷങ്ങളും അഭിമുഖങ്ങളും ഉൾപ്പെടുത്തിയ ഡോക്യുമെന്ററിയും ‘മുഖ്യമന്ത്രിയോട് ചോദിക്കാം' ടിവി പരിപാടിയുടെ ഭാഗങ്ങളും പ്രദർശനത്തിലുണ്ട്‌.

കമ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിനായി ജീവൻ ത്യജിച്ച രക്തസാക്ഷികളെ ഓർമിപ്പിക്കുന്ന അഗ്നിപ്പറവകളും കർഷകർ, തൊഴിലാളികൾ, സ്ത്രീകൾ, വിദ്യാർഥികൾ, സാധാരണക്കാർ എന്നിവരുടെ മുഖങ്ങൾ ഉൾക്കൊള്ളുന്ന മുഖത്തളവും കാണാം. പി കൃഷ്ണപിള്ള, ഇഎംഎസ്‌, എകെജി, കെ ദാമോദരൻ, എൻ സി ശേഖർ തുടങ്ങിയ നേതാക്കളുടെ ജീവിതചിത്രവും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം ഉൾക്കൊള്ളുന്ന ‘ചരിത്രം സചിത്രം' ഹ്രസ്വചലച്ചിത്ര പ്രദർശനവും മ്യൂസിയത്തിൽ ഒരുക്കിയിട്ടുണ്ട്.

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.