Skip to main content

മതനിരപേക്ഷത നിലനിൽക്കണമെങ്കിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സുരക്ഷയോടെ ജീവിക്കാനുള്ള സാഹചര്യമുണ്ടാകണം

1925ൽ ആർഎസ്എസ് രൂപീകരിക്കപ്പെട്ടതിന്റെ 100–-ാം വാർഷികമായ 2025ൽ രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രമായി പ്രഖ്യാപിക്കുകയെന്ന അജൻഡയോടെയാണ് ബിജെപി പാർലമെന്റ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. നാനൂറിലേറെ സീറ്റുകൾ നേടുമെന്ന മോദിയുടെ പ്രഖ്യാപനവും അത് ഏറ്റെടുത്ത കോർപറേറ്റ് മാധ്യമങ്ങളുടെ ലക്ഷ്യവുമിതായിരുന്നു. മൂന്നിൽരണ്ട് ഭൂരിപക്ഷം നേടി ഭരണഘടനാ ഭേദഗതിയിലേക്ക് കടക്കണമെന്നായിരുന്നു ഇവരുടെ മോഹം. ബിജെപിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷമൊന്നും നൽകാതെ ഈ അജൻഡയെയാണ് ഇന്ത്യൻ ജനത തകർത്തത്. ഇന്ത്യൻ ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലയാണ് ഈ തെരഞ്ഞെടുപ്പിലൂടെ സംരക്ഷിക്കപ്പെട്ടിട്ടുള്ളത്.

ബിജെപി മുന്നോട്ടുവച്ച മതരാഷ്ട്രവാദത്തെ പ്രതിരോധിക്കുന്നതിൽ രാജ്യത്തെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസാകട്ടെ പ്രത്യേക പദ്ധതികളൊന്നുമില്ലാതെ വിറങ്ങലിച്ച് നിൽക്കുകയായിരുന്നു. ഇതിന്റെ ഫലമായി അവരുടെ മുഖ്യമന്ത്രിമാരും പിസിസി പ്രസിഡന്റുമാരും എംപിമാരും എംഎൽഎമാരും ബിജെപിയിലേക്ക് ഘോഷയാത്ര നടത്തുകയായിരുന്നു.

രാജ്യത്ത് ഇത്തരമൊരു സാഹചര്യം നിലനിൽക്കുന്ന ഘട്ടത്തിലാണ് സിപിഐ എമ്മിന്റെ 23–-ാം പാർടി കോൺഗ്രസ് കണ്ണൂരിൽ നടന്നത്. ബിജെപിയെ മുഖ്യശത്രുവായി പ്രഖ്യാപിച്ച പാർടി കോൺഗ്രസ് അവരെ അധികാരത്തിൽനിന്ന് മാറ്റിനിർത്തുക പ്രധാനമാണെന്ന്‌ ഓർമിപ്പിക്കുകയും ചെയ്‌തു. അതിനായി ഓരോ സംസ്ഥാനത്തെയും ബിജെപിവിരുദ്ധ വോട്ടുകളെ കൂട്ടിയോജിപ്പിക്കണമെന്നും എടുത്തുപറഞ്ഞു. സംഘപരിവാർ മുന്നോട്ടുവയ്‌ക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിനോട് സന്ധി ചെയ്യുകയും ആഗോളവൽക്കരണ നയങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന കോൺഗ്രസിന് ബിജെപിയുടെ നയങ്ങൾക്ക് ബദലാകാൻ കഴിയില്ലെന്ന ദൗർബല്യവും പാർടി കോൺഗ്രസ് എടുത്തുപറഞ്ഞു. സംഘപരിവാറിന്റെ മതരാഷ്ട്രവാദത്തിനെതിരെ ജനാധിപത്യ ശക്തികളെയും ഗ്രൂപ്പുകളെയും കൂട്ടിയോജിപ്പിച്ച്‌ പാർലമെന്റിനകത്തും പുറത്തും പോരാടണമെന്നും വ്യക്തമാക്കി.

ഓരോ സംസ്ഥാനത്തും ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുന്ന തരത്തിൽ വോട്ടുകൾ സമാഹരിക്കാൻ, സാഹചര്യങ്ങൾ മനസ്സിലാക്കിയുള്ള ഇടപെടൽ സിപിഐ എം നടത്തി. വർഗ–- ബഹുജന സംഘടനകളുടെ നേതൃത്വത്തിൽ ജനകീയ പ്രശ്നങ്ങളേറ്റെടുത്തുള്ള പ്രക്ഷോഭങ്ങളും ഒപ്പം വികസിപ്പിച്ചു. കേരള സർക്കാർ ബിജെപി പിന്തുടരുന്ന ആഗോളവൽക്കരണ നയങ്ങൾക്കെതിരെ ബദലുയർത്തിപ്പിടിച്ച്‌ രാജ്യത്താകമാനം മാതൃകയുയർത്തി.

ഹിന്ദുത്വ– കോർപറേറ്റ് അജൻഡകൾക്കെതിരെ പ്രക്ഷോഭങ്ങൾ രാജ്യത്താകെ ഉയർന്നുവരുമ്പോൾ കേന്ദ്ര ഏജൻസികളെ ഉപയോഗപ്പെടുത്തി പ്രതിപക്ഷ നേതാക്കളെ വേട്ടയാടി. ഭീരുക്കളും അവസരവാദികളും സ്ഥാനമോഹികളുമായവർ പലരും ബിജെപിയിലേക്ക് ചേക്കേറി. ബിജെപിയുടെ ഇത്തരം ജനാധിപത്യവിരുദ്ധവും ഫെഡറൽ സംവിധാനത്തെ തകർക്കുന്നതുമായ പ്രവർത്തനങ്ങൾ ഓരോ സംസ്ഥാനത്തിന്റെയും സാഹചര്യങ്ങൾക്കനുസരിച്ച് ബിജെപി വിരുദ്ധ വോട്ടുകളെ സമാഹരിക്കുകയെന്ന ഇടതുപക്ഷനിലപാടുകളിലേക്ക് ഇന്ത്യ കൂട്ടായ്‌മയെ എത്തിച്ചു. ഭരണഘടന ഭേദഗതി ചെയ്ത് മതരാഷ്ട്രമാക്കാനുള്ള ബിജെപിയുടെ വ്യാമോഹങ്ങളെ തകർത്തതിന് ഈ രാഷ്ട്രീയ കാഴ്ചപ്പാടിന് സുപ്രധാനമായ പങ്കുണ്ട്.

ബിജെപിക്ക് ഈ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയേറ്റത് മഹാരാഷ്ട്ര, രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ്. ഇതിനാധാരമായിത്തീർന്ന പ്രധാനകാര്യം ഈ മേഖലയിലുയർന്നുവന്ന കർഷക പ്രക്ഷോഭങ്ങൾകൂടിയാണ്. മഹാരാഷ്ട്രയിലെ നാസിക്കിൽനിന്നാരംഭിച്ച അഖിലേന്ത്യ കിസാൻസഭയുടെ നേതൃത്വത്തിലുള്ള ലോങ് മാർച്ചാണ് ഈ പോരാട്ടത്തിന് തുടക്കത്തിൽ ബഹുജന രൂപം നൽകിയത്. തുടർന്ന്, രാജസ്ഥാനിലും ഉത്തരേന്ത്യയിലുമെല്ലാം നടന്ന കർഷക പോരാട്ടത്തിന്റെ നേതൃനിരയിൽത്തന്നെ ഇടതുപക്ഷ കർഷക സംഘടനകൾ ഉണ്ടായിരുന്നു.

ഇടതുപക്ഷ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഇന്ത്യയിലെ തൊഴിലാളിവർഗവും ശക്തമായ പോരാട്ടം രാജ്യത്തെമ്പാടുമുയർത്തി. ക്യാമ്പസുകളിൽ കാവിവൽക്കരണത്തിനെതിരായ സമരത്തെ നയിച്ചത് ഇടതുപക്ഷ വിദ്യാർഥി സംഘടനകളായിരുന്നു. ദളിത് ജനവിഭാഗങ്ങൾക്കും സ്ത്രീകൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരായ നീക്കങ്ങളെ പ്രതിരോധിക്കാനും ഇടതുപക്ഷം മുൻപന്തിയിലുണ്ടായിരുന്നു.ഫെഡറലിസം തകർക്കുന്ന ബിജെപി സർക്കാരിന്റെ നയങ്ങൾക്കെതിരെയുള്ള ശക്തമായ പ്രതിരോധമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന സത്യഗ്രഹസമരം. ആ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ദേശീയതലത്തിലും പ്രാദേശികതലത്തിലും പ്രവർത്തിക്കുന്ന രാഷ്ട്രീയ കക്ഷികൾ മുന്നോട്ടുവരികയുണ്ടായി. മോദി സർക്കാരിനെതിരായി ജനാധിപത്യക്കാഴ്ചപ്പാടുള്ള കക്ഷികളുടെ പ്രതിരോധമായി അത് മാറി.

ജനങ്ങളുടെ ജീവിതപ്രശ്നങ്ങളേറ്റെടുത്ത്‌ ഇടതുപക്ഷം നടത്തിയ സമരങ്ങൾ ജനഹൃദയങ്ങളിൽ സ്ഥാനംപിടിച്ചു. മോദി നൽകിയ വാഗ്ദാനങ്ങൾ പൊള്ളയായിരുന്നെന്നും അതിനാൽ പുതുതായി നൽകുന്ന വാഗ്ദാനങ്ങൾ വിശ്വസിക്കാൻ പറ്റില്ലെന്നും ഇന്ത്യൻജനത തിരിച്ചറിഞ്ഞു. കോർപറേറ്റ് ഭരണമെന്ന് ഇന്ത്യൻ ഗ്രാമങ്ങളിൽ മുഴങ്ങി. കോർപറേറ്റ് മാധ്യമങ്ങൾ മറച്ചുവച്ച യാഥാർഥ്യങ്ങൾ ജനകീയ മാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും തങ്ങളുടെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾ തിരിച്ചറിഞ്ഞു. പലരും രാജ്യത്തെ രക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ സ്വയം സന്നദ്ധമായി രംഗത്തുവന്നു. ശവപ്പെട്ടി കുംഭകോണംതൊട്ട് നടത്തിയ അഴിമതികളുടെ പരമ്പരയിൽ ഇലക്ടറൽ ബോണ്ട് സ്ഥാനം പിടിച്ചു. സീതാറാം യെച്ചൂരി സുപ്രീംകോടതിയിൽ നൽകിയ കേസായിരുന്നു ഈ വിധിക്ക് ആധാരമായത്. ഇതുകൂടി വന്നതോടെ ജനകീയ പ്രതിഷേധം കൂടുതൽ ശക്തമായി. സംഘപരിവാറിന്റെ അജൻഡകളെ പ്രതിരോധിച്ച് ഭരണഘടനയെ നിലനിർത്താനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിൽ ഇടതുപക്ഷത്തിന്റെ നിലപാടിന് സുപ്രധാന സ്ഥാനമുണ്ട്.

കോൺഗ്രസിതര പ്രതിപക്ഷ കക്ഷികൾ വിശാലമായ മുന്നണി കെട്ടിപ്പടുത്ത് പ്രതിരോധത്തിന്റെ ദുർഗങ്ങൾ സൃഷ്ടിച്ചു. മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തർപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം ഉണ്ടായ ജനമുന്നേറ്റം ഈ കൂട്ടായ്മയുടെകൂടി ഫലമാണ്. പള്ളി പൊളിച്ച്‌ അമ്പലം നിർമിച്ച ഫൈസാബാദിൽ ബിജെപി പരാജയപ്പെട്ടു. കാശിയിലെ പള്ളി പൊളിക്കാൻ വട്ടംകൂട്ടുന്ന സംഘപരിവാറിന്‌ കനത്ത തിരിച്ചടി നൽകി; കഴിഞ്ഞ തവണ നാലരലക്ഷം വോട്ടിന്‌ നരേന്ദ്ര മോദി വിജയിച്ചിടത്ത്‌ ഒന്നര ലക്ഷം വോട്ടിന്‌ മാത്രം രക്ഷപ്പെടുന്ന അവസ്ഥയിലേക്ക്‌ എത്തിച്ചേരുകയും ചെയ്‌തു. വർഗീയ അജൻഡക്കെതിരായ ജനതയുടെ പ്രതികരണം കൂടിയായി അത്‌. യുപിയിൽ പത്തിലേറെ സീറ്റിൽ ഇന്ത്യ കൂട്ടായ്‌മ പരാജയപ്പെട്ടത്‌ ബിഎസ്‌പി വോട്ട്‌ ശിഥിലമാക്കിയത്‌ കൊണ്ടാണ്‌ എന്നുകൂടി ചേർത്തു വായിക്കുമ്പോൾ എത്ര വലിയ തിരിച്ചടിയാണ്‌ യു പി ജനത നൽകിയത്‌ എന്ന്‌ വ്യക്‌തമാണ്‌.

കോൺഗ്രസും ബിജെപിയും മുഖാമുഖം ഏറ്റുമുട്ടിയ ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്‌, കർണാടകം തുടങ്ങിയ സംസ്ഥാനങ്ങളിൽ ബിജെപിക്ക് വിജയിക്കാനായതാണ് ഭരണത്തിൽ പിടിച്ചുനിൽക്കുന്നതിന് അവരെ സഹായിച്ചത്. കോൺഗ്രസിന്റെ ദൗർബല്യമാണ് ബിജെപിക്ക് ഭരണം നിലനിർത്തുന്നതിന് അവസരമൊരുക്കിയത്. ചന്ദ്രബാബു നായിഡുവുമായും നിതീഷ്‌ കുമാറുമായും എൻഡിഎ അവസാന ഘട്ടത്തിൽ സഖ്യമുണ്ടാക്കിയില്ലായിരുന്നെങ്കിൽ ബിജെപിക്ക് ഭരണം വിദൂരസ്വപ്നമായി മാറുമായിരുന്നു.

കേരളത്തിൽ എൻഡിഎ സ്ഥാനാർഥിയുടെ വിജയമാണ് ഇപ്പോൾ കൊട്ടിഘോഷിക്കപ്പെടുന്നത്. എൻഡിഎക്ക് ഈ വിജയം ആദ്യമായല്ല. മൂവാറ്റുപുഴ പാർലമെന്റ് മണ്ഡലത്തിലും നേമം അസംബ്ലി മണ്ഡലത്തിലും അവർ വിജയിച്ചിട്ടുണ്ട്. അതിന്റെ തുടർച്ചയാണിത്. എന്നാൽ, ഈ മൂന്ന് മണ്ഡലത്തിലും യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയാണുണ്ടായത്. അതായത് യുഡിഎഫിന്റെ വോട്ടുകളാണ് കേരളത്തിൽ എൻഡിഎയുടെ അക്കൗണ്ട് തുറക്കലിന്‌ എന്നും ആധാരമായി നിലനിന്നത്.

തൃശൂരിൽ എൻഡിഎ സ്ഥാനാർഥി പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചത് 74,656 വോട്ടിനാണ്. യുഡിഎഫിന് ഇവിടെ കഴിഞ്ഞ തവണ ലഭിച്ച 86,695 വോട്ട്‌ കുറഞ്ഞതുകൊണ്ടാണ് ഇത് സംഭവിച്ചത്. അതേസമയം, എൽഡിഎഫിന് 16,196 വോട്ട്‌ വർധിച്ചു. വടകര പാർലമെന്റ് മണ്ഡലത്തിലും ബേപ്പൂർ അസംബ്ലി മണ്ഡലത്തിലും പൊതുസ്ഥാനാർഥിയെ നിർത്തി ബിജെപിയെ വിജയിപ്പിക്കുകയെന്ന പരീക്ഷണം കേരളത്തിൽ നേരത്തേ പരാജയപ്പെട്ടിരുന്നു. അതിനുശേഷമാണ് ഇത്തരം രഹസ്യബന്ധങ്ങൾ സജീവമായത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാല് അസംബ്ലി മണ്ഡലത്തിൽ ബിജെപിക്ക് ലീഡ് ഉണ്ടായിരുന്നു. അവയിലൊന്നും പിന്നീട് വിജയിക്കാൻ കഴിഞ്ഞില്ലെന്ന കാര്യം ഓർക്കേണ്ടതുണ്ട്.

എല്ലാ വിഭാഗങ്ങൾക്കും അവരുടെ വിശ്വാസങ്ങളുമായി ജീവിക്കാനും വിശ്വാസമില്ലാത്തവർക്ക് അങ്ങനെ ജീവിക്കാനുമുള്ള അവകാശമാണ് മതനിരപേക്ഷതയുടെ അടിസ്ഥാനം. മതം രാഷ്ട്രീയത്തിലും രാഷ്ട്രീയം മതത്തിലും ഇടപെടാതിരിക്കുകയെന്നതും അതിന്റെ ഭാഗമാണ്. മതനിരപേക്ഷത ദുർബലമാകുന്നതിന്റെ പ്രധാന ലക്ഷണം ന്യൂനപക്ഷ ജനവിഭാഗങ്ങൾ ആക്രമിക്കപ്പെടുകയും രണ്ടാംകിട പൗരന്മാരായി മാറ്റപ്പെടുകയും ചെയ്യുന്നതാണ്.

മതനിരപേക്ഷത നിലനിൽക്കണമെങ്കിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് സുരക്ഷയോടെ ജീവിക്കാനുള്ള സാഹചര്യമുണ്ടാകണം. അതിനാൽ ന്യൂനപക്ഷ സംരക്ഷണമെന്നത് മതനിരപേക്ഷതയുടെ ഭാഗമാണ്. മതപ്രീണനത്തിന്റെ ഭാഗമല്ല. മതനിരപേക്ഷത സംരക്ഷിക്കുന്നതിന് ഏതൊരു രാജ്യത്തെയും ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇതിനെയാണ് മതപ്രീണനമെന്ന് സംഘപരിവാർ വിളിക്കുന്നത്. സംഘപരിവാറിന്റെ ഇത്തരം പ്രചാരണങ്ങളെ നിസ്സാരമായി കാണാതെ തുറന്നുകാട്ടി മുന്നോട്ടുപോകേണ്ടതിന്റെ പ്രാധാന്യം ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുണ്ട്.

മനുഷ്യജീവിതത്തിന്റെ സൂക്ഷ്മതലങ്ങളിലെല്ലാം ഇടപെട്ടുള്ള പ്രവർത്തനമാണ് മതരാഷ്ട്രവാദികൾ നടത്തുന്നത്. ഇതിനെ തുറന്നുകാട്ടണം. ചാരിറ്റിയുടെ പേര് പറഞ്ഞും വികസനത്തിന്റെ മത്താപ്പ് കാണിച്ചും മതരാഷ്ട്രവാദികൾ അവരുടെ മുഖം മിനുക്കാനാണ് ശ്രമിക്കുന്നത്. മതരാഷ്ട്രവാദികൾക്ക് പിന്തുണ നൽകുന്നവർ രാജ്യത്തെ മതനിരപേക്ഷതയുടെ കടയ്‌ക്കലാണ് കത്തിവയ്‌ക്കുന്നത്.

മതരാഷ്ട്രവാദങ്ങൾ സമൂഹത്തിൽ പിടിമുറുക്കാൻ ശ്രമിക്കുമ്പോൾ ശ്രീനാരായണ ഗുരുവിന്റെ ‘പലമത സാരവുമേകം’ എന്ന നവോത്ഥാന ആശയങ്ങൾ കൂടുതൽ ശക്തമായി പ്രചരിപ്പിക്കേണ്ടതുണ്ട്. മതരാഷ്ട്രവാദങ്ങൾക്കെതിരായുള്ള മുന്നേറ്റം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഈ തെരഞ്ഞെടുപ്പ് ഓർമപ്പെടുത്തുന്നു. ഒപ്പം സ്വയംവിമർശം നടത്തി തിരുത്തേണ്ടവയെ തിരുത്തുമെന്ന സിപിഐ എം സംസ്ഥാന കമ്മിറ്റിയുടെ പ്രഖ്യാപനം മതരാഷ്ട്രീയവാദികൾക്കും ആഗോളവൽക്കരണ പിന്തുണക്കാർക്കും എതിരായുള്ള ജനകീയമുന്നേറ്റത്തിന് കൂടുതൽ കരുത്ത് പകരുമെന്നതിന് തർക്കമില്ല.
 

കൂടുതൽ ലേഖനങ്ങൾ

വിദ്വേഷവും ഹിംസയും കൊടിയടയാളമാക്കിയ ഹിന്ദുത്വ വർഗീയതയെ കേരളത്തിന്റെ മണ്ണിലേക്ക് ആനയിച്ചാൽ ഉണ്ടാകുന്ന അപകടത്തെക്കുറിച്ച് മലയാളികൾ തിരിച്ചറിയണം

സ. എം വി ഗോവിന്ദൻ മാസ്റ്റർ

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് ജൂലൈ 28 മുതൽ 30വരെ ഡൽഹിയിൽ ചേർന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി യോഗത്തിനുശേഷം പാർടി വിശദമായ റിവ്യൂ റിപ്പോർട്ട്‌ പുറത്തിറക്കുകയുണ്ടായി. സിപിഐ എമ്മിന്റെ വെബ് സൈറ്റിൽ ഡോക്യുമെന്റ്‌ വിഭാഗത്തിൽ ഇതിന്റെ പൂർണരൂപം ലഭ്യമാണ്.

ഭൂരിപക്ഷമതത്തിന്റെ ആളുകളായി ചമഞ്ഞ് രാജ്യമാകെ വർഗീയ വിദ്വേഷം പടർത്തുന്ന ബിജെപി ശൈലി മൂന്നാം മോദി സർക്കാരും തുടരുകയാണ്

സ. എ വിജയരാഘവൻ

ഉത്തരേന്ത്യയിൽ പശുക്കടത്ത് ആരോപിച്ച് മനുഷ്യരെ കൊല്ലുന്ന പരിപാടി ഊർജിതമായി സംഘപരിവാർ നടത്തുകയാണ്. ഹരിയാനയിൽ നിന്ന് ഇത്തരം റിപ്പോർട്ടുകൾ തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നത് ഏവരെയും ആശങ്കയിലാക്കുന്നുണ്ട്.

കേരളത്തിന്റെ ഐടി രംഗത്ത് മികച്ച സംഭാവനകൾ നൽകിയ ഇൻഫോപാർക്ക് 20 വർഷങ്ങൾ പിന്നിടുന്നു

സ. പിണറായി വിജയൻ

കേരളത്തിന്റെ ഐടി രംഗത്ത് മികച്ച സംഭാവനകൾ നൽകിയ ഇൻഫോപാർക്ക് പ്രവർത്തനമാരംഭിച്ചു 20 വർഷങ്ങൾ പിന്നിടുകയാണ്. ഈ വേളയിൽ പുതിയ നേട്ടങ്ങളുമായി കുതിപ്പ് തുടരുന്ന ഇൻഫോപാർക്കിലെ ഐടി കയറ്റുമതി വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം 11,417 കോടി രൂപയിൽ എത്തി നിൽക്കുന്നു.

ഓണത്തിനും കേരളത്തിന് കേന്ദ്രത്തിന്റെ കടുംവെട്ട്: കേന്ദ്രം പിടിച്ചുവെച്ചത്‌ ₹3685 കോടി

മലയാളികളുടെ ദേശീയോത്സവമായ ഓണക്കാലത്തും കേരളത്തിന് അർഹമായ വിഹിതം തടഞ്ഞുവച്ച്‌ കേരളത്തോടുള്ള ദ്രോഹം കേന്ദ്രസർക്കാർ തുടരുകയാണ്. വായ്പയെടുക്കാനുളള അനുമതിപത്രവും കേന്ദ്രം നൽകുന്നില്ല.