Skip to main content

രാഷ്ട്രീയ നിലനില്‍പ്പ് ലക്ഷ്യമിട്ട് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുന്നതാണ് കേന്ദ്ര ബജറ്റ്

ഒറ്റ നോട്ടത്തിൽ തന്നെ സംസ്ഥാനങ്ങള്‍ക്കിടയില്‍ വിവേചനപരമായ സമീപനം കൈക്കൊള്ളുന്ന ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത്. ദേശീയ പ്രാധാന്യമുള്ള 8 ലക്ഷ്യങ്ങള്‍ എന്ന മുഖവുരയോടെ ധനമന്ത്രി പ്രഖ്യാപിച്ച കാര്യങ്ങളില്‍ കേരളം ഉള്‍പ്പെടെയുള്ള ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുകയാണ്.

ഏതെങ്കിലും സംസ്ഥാനത്തിന് ആവശ്യമായ വികസന പദ്ധതി പ്രഖ്യാപിക്കുന്നതിലുള്ള എതിര്‍പ്പ് പ്രകടിപ്പിക്കുന്നില്ലെങ്കിലും, ഏതെങ്കിലും സംസ്ഥാനത്തെ അവഗണിക്കുന്നത് അംഗീകരിക്കാനാവില്ല.
കേരളം പോലുള്ള സംസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണം തടയുന്ന സമീപനമാണിത്. കേരളം നിരന്തരം ഉയർത്തിയ സുപ്രധാന ആവശ്യങ്ങൾ പരിഗണിക്കാൻ തയാറാകാത്തത് ഇന്നാട്ടിലെ ജനങ്ങളോടാകെയുള്ള വെല്ലുവിളിയാണ്.

ബജറ്റ് നിർദേശങ്ങൾ വിശദമായി പരിശോധിച്ച ശേഷം കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തിനു മുന്നിൽ ആവർത്തിച്ചുന്നയിക്കാൻ യോജിച്ച ശ്രമം നടത്തും.
കേന്ദ്ര സര്‍ക്കാരിന്‍റെ ഇന്നത്തെ രാഷ്ട്രീയ നിലനില്‍പ്പിന് അനിവാര്യമായ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ നടത്തിയിട്ടുള്ളത്.

കേരളത്തിന്‍റെ കാര്യമെടുത്താല്‍, നമ്മുടെ ദീര്‍ഘകാല ആവശ്യങ്ങളായ എയിംസ് ഉള്‍പ്പെടെയുള്ളവ പരിഗണിച്ചതായി കാണുന്നില്ല. പ്രകൃതി ദുരന്ത നിവാരണ കാര്യങ്ങളിലും ടൂറിസം മേഖലയിലും കേരളത്തെ പരിഗണിച്ചിട്ടില്ല. ഈ അവഗണ നിരാശാജനകവും പ്രതിഷേധാർഹവുമാണ്.

കാര്‍ഷിക മേഖലയില്‍ പ്രഖ്യാപിച്ച ചില കാര്യങ്ങള്‍ സംസ്ഥാനങ്ങള്‍ നേരിട്ട് ഇടപെട്ട് നടത്തേണ്ടവയാണ്. ഇതിന് ഏറ്റവും അനിവാര്യമായ കാര്യം സംസ്ഥാനങ്ങളുടെ സാമ്പത്തിക ശാക്തീകരണമാണ്. ആ ശാക്തീകരണം സാധ്യമാകാതെ കാർഷികാഭിവൃദ്ധി എങ്ങനെ കൈവരിക്കാനാകും? വായ്പാ പരിധി നിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേന്ദ്രം കൈക്കൊള്ളുന്ന സമീപനം കാരണം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പണം ചെലവിടാന്‍ സംസ്ഥാനങ്ങള്‍ ബുദ്ധിമുട്ടുകയാണ്.

കേന്ദ്രാവിഷ്കൃത പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കും അതില്‍ സാമ്പത്തിക ചെലവുണ്ട്. ഇത്തവണ നഗരവികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രഖ്യാപിച്ച പദ്ധതികളില്‍ സംസ്ഥാനത്തിന്‍റെ നികുതി അധികാരങ്ങളില്‍ കേന്ദ്രം കൈകടത്തുന്നതായാണ് കാണുന്നത്. സ്റ്റാമ്പ് ഡ്യൂട്ടി കുറയ്ക്കേണ്ടതുണ്ടെന്ന കാര്യം കേന്ദ്ര ധനമന്ത്രിയുടെ പ്രസംഗത്തില്‍ പരാമർശിച്ചിരിക്കുന്നു. ജി.എസ്.ടി നിലവില്‍ വന്നതിനുശേഷം സംസ്ഥാനങ്ങള്‍ക്ക് വളരെ പരിമിതമായ തനത് നികുതി അധികാരം മാത്രമേയുള്ളൂ. അതുപോലും കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെ കേന്ദ്രത്തിന്‍റെ നിബന്ധനകള്‍ക്ക് വിധേയമാക്കാനാണ് ബജറ്റില്‍ ശ്രമം നടത്തിയിരിക്കുന്നത്. ഇത് ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്തതാണ്.

പ്രധാനപ്പെട്ട കേന്ദ്ര പദ്ധതികളിൽ ഗണ്യമായ വെട്ടിക്കുറവ് വരുത്തിയതായിട്ടാണ് ബജറ്റ് രേഖകളിൽ കണുന്നത്. പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതിയിൽ 2002 - 23ൽ 272, 802 കോടി രൂപയായിരുന്നു വകയിരുത്തിയതെങ്കിൽ ഇത്തവണ അത് 2,05, 220 കോടി രൂപ മാത്രമാണ്.
പ്രധാനമന്ത്രി പോഷൺ അഭിയാൻ പദ്ധതിയിൽ 2002- 23 ൽ 12 , 681 കോടി രൂപ വകയിരുത്തിയിരുന്നു. അത് 12,467 കോടി രൂപയായി ചുരുക്കി. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് 2022- 23 ൽ 90, 806 കോടി രൂപ വകയിരുത്തിയെങ്കിൽ ഇത്തവണ 86, 000 കോടി രൂപ മാത്രമാണുള്ളത്.
ഈ കണക്കുകൾ സൂചിപ്പിക്കുന്നത് സാധാരണ ജനങ്ങളെ ബാധിക്കുന്ന പദ്ധതികളോടുള്ള ഉദാസീനമായ സമീപനമാണ്.

കേന്ദ്ര സര്‍ക്കാരിന്‍റെ രാഷ്ട്രീയ നിലനില്‍പ്പ് ലക്ഷ്യമിട്ടുകൊണ്ട് ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളെയും അവഗണിക്കുന്ന പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സമീപനത്തിനെതിരെ ശക്തിയായ പ്രതിഷേധം അറിയിക്കുകയാണ്. ഈ അവഗണനയ്ക്കെതിരെ കേരളത്തില്‍ കക്ഷിരാഷ്ട്രീയ ഭേദമെന്യേ അഭിപ്രായസമന്വയമുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്.
 

കൂടുതൽ ലേഖനങ്ങൾ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

തളിപ്പറമ്പിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾക്കും തൊഴിലാളികൾക്കും സംസ്ഥാനത്തുണ്ടായ സമാന ദുരന്തങ്ങൾക്ക് തുല്യമായ പാക്കേജ് അനുവദിക്കുന്നത് സംസ്ഥാന സർക്കാർ പരിഗണിക്കും. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം-ബെംഗളൂരു റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ ഏർപ്പെടുത്താൻ എല്ലാ പഠനവും കഴിഞ്ഞ് ദക്ഷിണ റെയിൽവേ തന്നെ സമർപ്പിച്ച നിർദ്ദേശത്തിനുമേൽ എന്തുകൊണ്ട് മാസങ്ങളായി കേന്ദ്ര റെയിൽവേ മന്ത്രാലയം അടയിരുന്നു?

സ. ജോൺ ബ്രിട്ടാസ് എംപി

തെരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് ഇനിയും മുഴുത്ത നമ്പറുകൾ പ്രതീക്ഷിക്കണം.. എറണാകുളം-ബെംഗളൂരു വന്ദേഭാരത് സർവീസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച നാടകീയ രംഗങ്ങളാണ് ഈ കുറുപ്പിന് ആധാരം.

അർഹമായ സഹായം നിഷേധിച്ച് ദുരന്തബാധിതരെ കേന്ദ്രം കൈയൊഴിയുമ്പോഴും അവരെ ചേർത്തുപിടിച്ച്, താങ്ങും തണലുമാകാൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനങ്ങളും പിണറായി വിജയൻ സർക്കാരും തയ്യാറാകുകതന്നെ ചെയ്യും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേന്ദ്രം ഭരിക്കുന്ന മോദിസർക്കാർ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനോട് രാഷ്ട്രീയവിവേചനം കാണിക്കുകയാണെന്ന് സിപിഐ എം നേരത്തേതന്നെ വ്യക്തമാക്കിയതാണ്.

എക്കാലത്തെയും മഹാനായ വിപ്ലവകാരി ചെഗുവേരയുടെ ഓര്‍മകൾക്ക് മുന്നില്‍ ഒരു പിടി രക്തപുഷ്പങ്ങള്‍

വിപ്ലവ നക്ഷത്രം ചെ എന്ന 'ഏർണസ്റ്റോ ഗുവേര ഡി ലാ സെർന'യുടെ അൻപത്തിയെട്ടാം രക്തസാക്ഷി ദിനമാണിന്ന്. അർജന്റീനയിൽ റൊസാരിയോയിൽ ജനിച്ച മാർക്സിസ്റ്റ് വിപ്ലവകാരിയും ഗറില്ലസമരതന്ത്രങ്ങളുടെ കിടയറ്റനേതാവും ക്യൂബൻ വിമോചനപ്പോരാട്ടത്തിൽ ഫിദൽ കാസ്ട്രോയുടെ ഉറ്റ സഹായിയും ആയിരുന്നു ചെഗുവേര.