Skip to main content

ജനങ്ങളുടെ സംഘടിത ശക്തിയിലൂടെ മാത്രമേ കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങളെ തിരുത്താനാകൂ

പാർലമെന്റിൽ സ്വന്തമായി ഭൂരിപക്ഷമില്ലാത്ത കക്ഷിയായി മാറിയ ബിജെപി നേതൃത്വം നൽകുന്ന പുതിയ സർക്കാരിന്റെ ആദ്യബജറ്റിൽ രാജ്യത്തിന്റെ സാമൂഹ്യ, സാമ്പത്തിക സാഹചര്യങ്ങൾ പ്രതിഫലിക്കുന്ന പ്രഖ്യാപനങ്ങൾ ജനം പ്രതീക്ഷിച്ചിരുന്നു.എന്നാൽ, കേന്ദ്ര ബജറ്റ് പൂർണമായും നിരാശാജനകമാണ്. ഇക്കാര്യം കേരള സർക്കാർ ആദ്യംതന്നെ ചൂണ്ടിക്കാട്ടി. ബജറ്റിലെ കേരള വിരുദ്ധതയും ചൂണ്ടിക്കാട്ടി. പിന്നീട്‌ രാജ്യത്തിന്റെ ഏതാണ്ടെല്ലാ ഭാഗത്തും പ്രതിഷേധം ഉയരുന്നതാണ്‌ കാണാനാകുന്നത്‌. രാജ്യത്തിന്റെ ഭാവിയും വികസനവും ജനപുരോഗതിയും ലക്ഷ്യമിടേണ്ട ബജറ്റ് മോദി സർക്കാരിന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി മാത്രമുള്ള രാഷ്ട്രീയ ഗിമ്മിക്കാക്കി മാറ്റുകയായിരുന്നു. പ്രധാനമന്ത്രിക്കസേര സംരക്ഷിക്കാൻ കേന്ദ്ര ധനവിഭവങ്ങളെ ദുരുപയോഗം ചെയ്യുന്നതാണ്‌ ബജറ്റിൽ കണ്ടത്‌. പ്രതിപക്ഷ സംസ്ഥാനങ്ങളെയാകെ അവഗണിച്ചു. തെക്കേന്ത്യൻ സംസ്ഥാനങ്ങളെ പാടേ മറന്നു. ബിജെപിക്ക്‌ അക്കൗണ്ട്‌ തുറക്കാനായതിനു പകരമായിട്ടാകണം കേരളത്തിന്റെ അക്കൗണ്ടുതന്നെ പൂട്ടുന്ന സമീപനം ബിജെപി സ്വീകരിച്ചത്.

ബജറ്റ്‌ കണക്കുകളുടെ വിശദാംശങ്ങളൊക്കെ ലഭ്യമായി തുടങ്ങിയിട്ടുണ്ട്‌. ഈ സാമ്പത്തിക വർഷം സംസ്ഥാനങ്ങൾക്കുള്ള ആകെ കേന്ദ്ര ധനക്കൈമാറ്റത്തിനായുള്ള വകയിരുത്തലിലെ വർധന 49,394 കോടി രൂപമാത്രമാണ്‌. എന്നാൽ, ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതികളിലൂടെ ബിഹാറിനും ആന്ധ്രപ്രദേശിനും രണ്ടു ലക്ഷം കോടിയോളം രൂപയാണ്‌ അധികമായി നൽകുന്നത്‌. കേന്ദ്രഭരണം നിലനിർത്തുന്ന രണ്ട്‌ പ്രാദേശിക കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്കാണ്‌ ഇത്തരത്തിൽ വാരിക്കോരി നൽകാൻ തീരുമാനിച്ചത്‌. കേന്ദ്ര ഭരണകക്ഷിതന്നെ ഭരിക്കുന്ന ഒഡിഷയ്‌ക്കും ടൂറിസത്തിന്റെ ക്ഷേത്ര നഗരികളുടെയും ബീച്ചുകളുടെയും നവീകരണത്തിന്റെ പേരിൽ വലിയ പദ്ധതികളാണ്‌ പ്രഖ്യാപിച്ചത്‌. ഒപ്പം ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കും സഹായങ്ങൾ ലഭിക്കുന്നു. രാജ്യത്തിന്റെ ചരിത്രത്തിൽത്തന്നെ ഉണ്ടായിട്ടില്ലാത്ത സ്വജനപക്ഷപാതിത്വമാണ്‌ പ്രകടമായത്‌. നികുതിയിലൂടെയും ഭരണഘടന അംഗീകരിച്ച മറ്റ്‌ ധനാഗമന മാർഗങ്ങളിലൂടെയും രാജ്യത്താകെനിന്നും സമാഹരിക്കുന്നതാണ്‌ കൺസോളിഡേറ്റഡ്‌ ഫണ്ട്‌. ഇത്‌ ചില സംസ്ഥാനങ്ങൾക്കുമാത്രമായി വിനിയോഗിക്കപ്പെടുന്നത്‌ ഫെഡറലിസത്തിന്‌ വലിയ ആഘാതം വരുത്തിവയ്‌ക്കുന്ന തീരുമാനമാണ്‌.

സംസ്ഥാനങ്ങൾക്ക്‌ �കനത്ത തിരിച്ചടി
ജനങ്ങൾക്കൊപ്പം നിൽക്കുകയും സഹായിക്കുകയും ചെയ്യുകയെന്ന വലിയ ഉത്തരവാദിത്വം നിറവേറ്റുന്നത്‌ സംസ്ഥാന സർക്കാരുകളാണ്‌. ഭക്ഷണവും വെള്ളവും വെളിച്ചവും പാർപ്പിടവുമടക്കം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നുവെന്ന്‌ ഉറപ്പാക്കേണ്ടത്‌ സംസ്ഥാന സർക്കാരാണ്‌. പ്രകൃതി ദുരന്തങ്ങളിൽ ആശ്വാസമേകേണ്ട ചുമതലയും സംസ്ഥാനം നിർവഹിക്കുന്നു. ഇതൊക്കെ കാരണം കഴിഞ്ഞ കുറേ വർഷങ്ങളായി സംസ്ഥാന സർക്കാരുകൾക്ക്‌ വലിയ ഭാരം പേറേണ്ടിവരുന്നു. അങ്ങനെയുള്ള സംസ്ഥാന സർക്കാരുകളുടെ ധനസ്ഥിതി മോശമാകാതെ നോക്കാനുള്ള ബാധ്യത കേന്ദ്ര സർക്കാരിനുണ്ട്‌. എന്നാൽ, ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ തികഞ്ഞ പക്ഷപാതിത്വ നിലപാടാണ്‌ സ്വീകരിക്കുന്നത്‌.

കേരളം മുന്നോട്ടുവച്ച പ്രധാന ആവശ്യമായിരുന്നു 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ്‌. ബിഹാറിനും ആന്ധ്രയ്‌ക്കും ഒഡിഷയ്‌ക്കുമൊക്കെ ചില വികസന പദ്ധതികളുടെ പേരിൽ പണം വാരിക്കോരി നൽകി. എന്നാൽ, ഭരണഘടനാപരമായി അർഹതപ്പെട്ട വായ്‌പ എടുക്കുന്നതിൽ നടത്തിയ അനാവശ്യമായ കേന്ദ്ര സർക്കാർ ഇടപെടൽമൂലവും അർഹതപ്പെട്ട നികുതി വിഹിതം നൽകാത്തതുമൂലവും ആകെ നഷ്ടപ്പെട്ടതിന്റെ ചെറിയൊരു ഭാഗമാണ് നഷ്ടപരിഹാര പാക്കേജായി നമ്മൾ ആവശ്യപ്പെട്ടത്. ഒരു രൂപപോലും അനുവദിക്കാൻ തയ്യാറായില്ല.
രാജ്യത്തിന്‌ സാമ്പത്തിക തണലാകേണ്ട ബൃഹത്‌ പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ പദ്ധതിയുടെ തുടർവികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്‌. പൂർണതോതിൽ പ്രവർത്തനസജ്ജമാകുന്ന തുറമുഖത്തിന്റെ സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താൻ വിഴിഞ്ഞത്തിനു ചുറ്റുമായി വലിയ നിക്ഷേപം ആവശ്യമാണ്‌. ഇതെല്ലാം പരിഗണിച്ച്‌ സംസ്ഥാനം സമർപ്പിച്ച 5000 കോടി രൂപയുടെ ‘വിസിൽ പാക്കേജ്‌ പദ്ധതി’യും അവഗണിച്ചു.
ലോകോത്തര നിലവാരത്തിലുള്ളതാണ്‌ കേരളത്തിലെ ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യമെന്ന്‌ ദേശീയ, അന്തർദേശീയ തലത്തിൽ വിവിധ ഏജൻസികൾ അംഗീകരിക്കുന്നു. എല്ലാ ആരോഗ്യസൂചകങ്ങളിലും രാജ്യത്ത്‌ കേരളംതന്നെയാണ്‌ മുന്നിൽ. ചികിത്സ, ആരോഗ്യശാസ്‌ത്ര ഗവേഷണ മേഖലയിൽ വലിയ പങ്കാളിത്തം ഉറപ്പാക്കാൻ കഴിയുന്ന മികവുറ്റ നിരവധി ആരോഗ്യ സ്ഥാപനങ്ങളും നമുക്കുണ്ട്‌. എന്നിട്ടും പത്തുവർഷത്തിലേറെയായി കേരളം കാത്തിരിക്കുന്ന എയിംസ്‌ പ്രഖ്യാപനം ഇത്തവണയും ഉണ്ടായില്ല. കേന്ദ്ര ധനമന്ത്രി വിളിച്ചുചേർത്ത പ്രീ ബജറ്റ്‌ ചർച്ചയിൽ കേരളം മുന്നോട്ടുവച്ച ഒരാവശ്യവും പരിഗണിക്കപ്പെട്ടില്ല.

സാധാരണക്കാരന്‌ ഒന്നുമില്ല
വാർധക്യകാല പെൻഷൻ, വികലാംഗ പെൻഷൻ, വിധവാ പെൻഷൻ എന്നിങ്ങനെ മൂന്നിനം സാമൂഹ്യസുരക്ഷാ പെൻഷനുകൾക്കാണ്‌ 200 മുതൽ 500 രൂപവരെ കേന്ദ്ര സർക്കാർ വിഹിതമുള്ളത്‌. ഇത്‌ വർധിപ്പിക്കണമെന്ന ആവശ്യം ചെവിക്കൊണ്ടിട്ടില്ല. ഇതിനായുള്ള നാഷണൽ സോഷ്യൽ അസിസ്‌റ്റൻസ്‌ പ്രോഗ്രാമിനുള്ള ബജറ്റ്‌ വകയിരുത്തലിൽ ഒരുരൂപപോലും വർധിപ്പിക്കാൻ തയ്യാറായിട്ടില്ല. കഴിഞ്ഞവർഷങ്ങളിലെ അതേ തുക വെറും 9652 കോടി രൂപമാത്രമാണ്‌ ഇത്തവണയുമുള്ളത്‌. എന്നാൽ, കേരളം ക്ഷേമപെൻഷൻ വിതരണത്തിന്‌ 11,000 കോടി രൂപ പ്രതിവർഷം ചെലവിടുന്നുണ്ട്‌. കേന്ദ്ര ബജറ്റിൽ, ഭക്ഷ്യ സബ്‌സിഡിയിൽ 2022– 23നെ അപേക്ഷിച്ച്‌ 67,552 കോടി രൂപയുടെ വെട്ടിക്കുറവാണ്‌ വരുത്തിയിട്ടുള്ളത്‌. സ്‌കൂൾ ഉച്ചഭക്ഷണ വിതരണത്തിനുള്ള പിഎം പോഷൻ പദ്ധതിക്ക്‌ 214 കോടി രൂപ കുറച്ചാണ്‌ വകയിരുത്തൽ.

പാർപ്പിട പദ്ധതി പിഎംഎവൈ (അർബൻ) അടങ്കലിലും 1518 കോടി കുറഞ്ഞു. റൂറൽ പദ്ധതിയിൽ 9538 കോടിയും കുറച്ചു. രണ്ടിലുംകൂടി 11,056 കോടി രൂപയാണ്‌ വെട്ടിക്കുറച്ചത്‌. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ 2022–-23നെ അപേക്ഷിച്ച്‌ 4806 കോടി രൂപ കുറഞ്ഞു. ആശ, അങ്കണവാടി ഉൾപ്പെടെ വിവിധ സ്‌കീം തൊഴിലാളികളുടെ ഓണറേറിയം ഉയർത്തണമെന്ന ആവശ്യവും പരിഗണിച്ചില്ല. പരമ്പരാഗത തൊഴിൽമേഖലകളുടെ നവീകരണത്തിനും തൊഴിൽദിനങ്ങളുടെയും വരുമാനത്തിന്റെയും വർധനയ്‌ക്കും ഉതകുന്ന നിർദേശമൊന്നുമുണ്ടായില്ല. ഇന്ധന സബ്‌സിഡിയിലും വലിയ വെട്ടിക്കുറവ്‌ വരുത്തി.

കർഷകരക്ഷ കടലാസിൽ
കർഷകരോട്‌ കേന്ദ്ര സർക്കാരിന്‌ പ്രതികാര മനോഭാവം മാത്രമാണുള്ളതെന്ന്‌ തെളിയിക്കുന്നതാണ്‌ ബജറ്റ്‌ നിർദേശങ്ങൾ. കാർഷിക മേഖലയ്‌ക്കുള്ള നീക്കിയിരിപ്പ്‌ 1,22,529 കോടി രൂപയാണ്‌. 2020–-21ൽ ഇത്‌ 1,34,400 കോടി രൂപയായിരുന്നു. 12,000 കോടിയോളം രൂപയുടെ കുറവാണുണ്ടായിട്ടുള്ളത്‌. 2022–-23നെ അപേക്ഷിച്ച്‌ ഈവർഷം രാസവള സബ്‌സിഡിയിൽ 8739 കോടി രൂപയുടെ കുറവുണ്ട്‌. യൂറിയ സബ്‌സിഡിയിൽ 46,217 കോടി രൂപയുടെ വെട്ടിക്കുറവ്‌ വരുത്തി. റബറിന്റെ താങ്ങുവില ഉയർത്താൻ കേരളം സഹായം ആവശ്യപ്പെട്ടിരുന്നു. അതുമുണ്ടായില്ല. കർഷകരെ പാടേ മറന്ന്‌, കൃഷിയെ പൂർണമായും കോർപറേറ്റുകൾക്ക്‌ പതിച്ചുകൊടുക്കാനുള്ള നിർദേശങ്ങളാണ്‌ ബജറ്റിൽ മുഴച്ചുനിൽക്കുന്നത്‌.

സാധാരണക്കാരെയും അവശരെയും കർഷകരെയും അവഗണിച്ച ബജറ്റ്‌ കോർപറേറ്റുകൾക്ക്‌ വീണ്ടും കൈയയച്ച്‌ സഹായം ഉറപ്പാക്കി. കോർപറേറ്റ്‌ നികുതി 40 ശതമാനത്തിൽനിന്ന്‌ 35 ശതമാനമാക്കി കുറച്ചു. ജീവിത ചെലവിന്റെ ഉയർച്ചയ്‌ക്ക്‌ അനുസരിച്ചുള്ള അധിക ഇളവ്‌ ആദായനികുതിയിൽ നൽകാതെ സ്ഥിരം വരുമാനക്കാരെയും കബളിപ്പിച്ചു.

തൊഴിലവസരങ്ങളെക്കുറിച്ച്‌ ബജറ്റ്‌ പ്രസംഗത്തിൽ വലിയ വിവരണമാണ്‌ നടത്തിയത്‌. അഞ്ചുവർഷത്തിൽ 4.1 കോടി യുവജനങ്ങൾക്ക്‌ ജോലി നൽകുമെന്നാണ്‌ അവകാശവാദം. ഇതിനായുള്ള ഒരു പദ്ധതി നിർദേശവുമില്ല. പ്രധാനമന്ത്രിയുടെ തൊഴിലവസരമൊരുക്കൽ പദ്ധതിയുടെ അടങ്കൽ കഴിഞ്ഞവർഷത്തെ 2958 കോടിയിൽനിന്ന്‌ ഇത്തവണ 2300 കോടിയായി കുറയ്ക്കുകയായിരുന്നു. എന്നിട്ടാണ്‌ തൊഴിലവസരം ഉയർത്തുമെന്ന്‌ അവകാശപ്പെടുന്നത്‌. അഞ്ചുവർഷത്തിൽ 20 ലക്ഷം യുവജനങ്ങൾക്ക്‌ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ പരിശീലനം നൽകിയാൽ രാജ്യത്തെ തൊഴിലില്ലായ്‌മ പരിഹരിക്കപ്പെടുമെന്ന മിഥ്യാധാരണ സൃഷ്ടിക്കാണ്‌ ശ്രമം.

രാജ്യം കടക്കെണിയിൽ
ധനദൃഢീകരണ ന്യായം പറഞ്ഞ്‌ സംസ്ഥാനങ്ങൾ അർഹതപ്പെട്ട വായ്‌പ എടുക്കുന്നതുപോലും നിഷേധിക്കുന്ന കേന്ദ്ര സർക്കാരിന്റെ ധനവിവരങ്ങൾ ഞെട്ടിക്കുന്നതാണ്‌. ഇത്തവണ കേന്ദ്ര ബജറ്റിന്റെ ആകെ അടങ്കൽ 48.21 ലക്ഷം കോടിയാണ്‌. അതിൽ 16.13 ലക്ഷം കോടി രൂപ കടമായി കണ്ടെത്തുകയാണ്‌. അതായത്‌ മൊത്തം വരുമാനത്തിന്റെ 33.5 ശതമാനം കടമാണ്‌. അതിൽ 14,72,915 കോടി രൂപ വിപണി വായ്‌പയാണ്‌. എന്നാൽ, ഈ സാമ്പത്തിക വർഷത്തെ പലിശ ചെലവാകട്ടെ 11,62,940 കോടി രൂപയും. ഏതാണ്ട്‌ 24 ശതമാനം. ഈ യാഥാർഥ്യങ്ങളെ മറച്ചുവയ്‌ക്കാൻ കേന്ദ്ര സർക്കാരിനാകില്ല. കേരളത്തിനുള്ള കേന്ദ്ര വിഹിതങ്ങൾ വർഷംതോറും വലിയ തോതിൽ കുറയുന്നതായി ബജറ്റ്‌ രേഖകൾ സംശയരഹിതമായി ബോധ്യപ്പെടുത്തുന്നു. കേരളത്തിനു മാത്രമാണ് ഇത്തരത്തിൽ കുറവ് വരുന്നത്. രണ്ടു കാര്യമാണ്‌ കേന്ദ്ര ബജറ്റ്‌ വ്യക്തമാക്കുന്നത്‌. ഒന്ന്‌: വല്ലാത്ത അപകടാവസ്ഥയിലേക്കാണ്‌ രാജ്യത്തിന്റെ പോക്ക്‌. രണ്ട്‌: കേരളത്തിന്റെ അർഹമായ ആവശ്യങ്ങൾ നേടിയെടുക്കാൻ ശക്തമായ സമ്മർദമുണ്ടായാലേ കഴിയൂ. ജനങ്ങളുടെ സംഘടിത ശക്തിയിലൂടെ മാത്രമേ കേന്ദ്ര സർക്കാരിന്റെ ഈ തെറ്റായ നയങ്ങളെ തിരുത്താനാകൂ. അതാണ്‌ നമ്മുടെ മുന്നിലുള്ള പ്രഥമ കടമ.
 

കൂടുതൽ ലേഖനങ്ങൾ

'വർക്ക് നിയർ ഹോം' പദ്ധതി; വികസനം ഏതാനും നഗരങ്ങളിൽ ഒതുക്കുകയല്ല, മറിച്ച് എല്ലാ പ്രദേശങ്ങളിലേയ്ക്കും എത്തിക്കുകയാണ് സർക്കാർ

സ. പിണറായി വിജയൻ

കാലത്തിന്റെ മാറ്റം ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്ന മേഖലകളിൽ ഒന്നാണ് തൊഴിൽ. കുറച്ചു വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന തൊഴിലുകളും തൊഴിൽ രീതികളും മാറുകയാണ്.

സഖാവ് പി ഗോവിന്ദപ്പിള്ളയുടെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന സഖാവ് പി ഗോവിന്ദപ്പിള്ള ഓർമയായിട്ട് ഇന്നേക്ക് പന്ത്രണ്ട്‌ വർഷം. പി ജി എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട അദ്ദേഹം മാർക്സിസ്റ്റ് സൈദ്ധാന്തികനും സഞ്ചരിക്കുന്ന വിശ്വവിജ്ഞാനകോശവുമായിരുന്നു.

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് കേരളത്തിൽ

സ. ആർ ബിന്ദു

രാജ്യത്ത് ആദ്യമായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സ്‌പോര്‍ട്സ് ലീഗ് ആരംഭിക്കുകയാണ് കേരളത്തിൽ. മികച്ച കായിക സംസ്‌കാരം വാര്‍ത്തെടുക്കുന്നതിനൊപ്പം കോളേജുകളിലെ അടിസ്ഥാനസൗകര്യ വികസനം കൂടി ലക്ഷ്യമിട്ടാണ് കായിക വകുപ്പുമായി ചേർന്ന് കോളേജ് ലീഗിന് ഉന്നതവിദ്യാഭ്യാസ വകുപ്പ് തുടക്കമിടുന്നത്.