ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതൃത്വമായിരുന്ന സഖാവ് ഹർകിഷൻ സിങ്ങ് സുർജീത്തിന്റെ ഓർമകൾക്ക് ഇന്ന് 16 വർഷം. വിപ്ലവകാരിയായ സ്വാതന്ത്ര്യസമര പോരാളിയായിരുന്ന സ. സുർജിത്തിന്റെ ത്യാഗോജ്വലമായ ജീവിതം ഇന്ത്യൻ രാഷ്ട്രീയ വിദ്യാർത്ഥികൾക്കാകെയും പാഠപുസ്തകമാണ്. 1947ൽ ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന വേളയിൽ പഞ്ചാബിലെ കമ്യൂണിസ്റ്റ് പാർടി സെക്രട്ടറിയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിൽ വളർന്ന് ഇന്ത്യൻ ഇടതുപക്ഷത്തിന്റെ അമരക്കാരനായി മാറുകയായിരുന്നു അദ്ദേഹം. 1964ൽ സിപിഐ എമ്മിന്റെ ആദ്യ പൊളിറ്റ്ബ്യൂറോയിലെ ഒമ്പത് അംഗങ്ങളിൽ ഒരാളായി. 1992ൽ ഇ എം എസിന്റെ പിൻഗാമിയായി 2005 വരെ പാർടി ജനറൽ സെക്രട്ടറിയായി. ഇന്ത്യൻ രാഷ്‌ട്രീയത്തിൽ കമ്യൂണിസ്റ്റ് പാർടിയെ നിർണായക ശക്തിയാക്കി അദ്ദേഹം മാറ്റി.
1916 മാർച്ച് 23ന് പഞ്ചാബിലെ ജലന്ധർ ജില്ലയിലെ ബുണ്ടാലയിലാണ് സഖാവ് ജനിച്ചത്. വിദ്യാർഥിയായിരിക്കെ ഭഗത് സിങ്ങിന്റെ രക്തസാക്ഷിത്വം ചെലുത്തിയ സ്വാധീനമാണ് സുർജിത്തിനെ വിപ്ലവജീവിതത്തിലേക്ക് നയിച്ചത്. വിദ്യാർഥിയായിരിക്കെ സുർജിത് ബുണ്ടാലയലിൽ ഒരു പൊതുയോഗം സംഘടിപ്പിച്ചു. പിറ്റേന്ന് സംഘാടകനെ തേടി പൊലീസ് സ്‌കൂളിലെത്തി. മാപ്പെഴുതി കൊടുത്താൽ സ്‌കൂളിൽ തുടരാൻ അനുവദിക്കാമെന്നായി അധികൃതർ. എന്നാൽ, മാപ്പെഴുതി കൊടുക്കാനല്ല മറിച്ച് സ്‌കൂളിനോടുതന്നെ വിടപറയാനാണ് സുർജിത് തീരുമാനിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തോടുള്ള അടങ്ങാത്ത കലാപങ്ങളായിരുന്നു സുർജിത്തിന്റെ ബാല്യവും കൗമാരവും. 16-ാം വയസ്സിൽ ഭഗത് സിങ്ങിന്റെ രക്തസാക്ഷിത്വദിനത്തിൽ ഹോഷിയാർപുർ കോടതിവളപ്പിൽ സുർജീത് ബ്രിട്ടന്റെ യൂണിയൻ ജാക്ക് താഴെ ഇറക്കി ത്രിവർണ പതാക ഉയർത്തി. തുടർന്ന് അറസ്റ്റിലായി. വിചാരണവേളയിൽ കോടതിയോട് തന്റെ പേര് ‘ലണ്ടൻ തോഡാ സിങ്’ അഥവാ ‘ലണ്ടനെ തകർക്കുന്ന സിങ്’ എന്നുറക്കെ പ്രഖ്യാപിച്ചു. കോടതിനാലുവർഷം ജയിൽവാസം വിധിച്ചു.
ബന്ധുവായ ഹർബൻസ് സിങ് ബാസ്സിയിൽനിന്നാണ് സുർജീത്‌കമ്യൂണിസ്റ്റ് പാർടിയിലേക്ക് ആകർഷിക്കപ്പെടുന്നത്. മോസ്കോയിലെ ടോയ്ലേഴ്സ് സർവകലാശാലയിൽനിന്ന് പഠനം കഴിഞ്ഞ് തിരിച്ചുവന്ന ഹർബൻസാണ് സുർജിത്തിനെ ബന്ധപ്പെട്ട് അദ്ദേഹത്തെ ഒളിവിൽ കഴിയുന്ന ചില കമ്യൂണിസ്റ്റ് നേതാക്കളുമായി ബന്ധപ്പെടുത്തുന്നത്. സുർജീത് കമ്യൂണിസ്റ്റ് പാർടി അംഗമാകുന്നത് 1934ലാണ്. സോഹൻസിങ് ജോഷ് ജാലിയൻവാലാ ബാഗിൽ വിളിച്ചുചേർത്ത യോഗത്തിൽ ഇന്ദർസിങ് ഗുജ്റൻവാല, ഫൗജദസിങ് ഫുല്ലർ എന്നിവരുൾപ്പെടെ 20 പേർ മാത്രമാണ് പാർടി അംഗങ്ങളായി പഞ്ചാബിലുണ്ടായിരുന്നത്. പാർടിയുടെ ജില്ലാകേന്ദ്രം അന്ന് ലാഹോറിലായിരുന്നു.
പടിപടിയായി ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് അദ്ദേഹം ഉയർന്നു. രണ്ടാം ലോകയുദ്ധകാലത്ത് കമ്യൂണിസ്റ്റുകാർ രാജ്യവ്യാപകമായി വേട്ടയാടപ്പെട്ടു. രണ്ടാം ലോകയുദ്ധകാലത്ത് അറസ്റ്റിലായ വേളയിലാണ് അദ്ദേഹത്തിന്റെ കണ്ണിന് കാഴ്ചശക്തി മങ്ങുന്നത്. ലാഹോറിലെ കുപ്രസിദ്ധമായ ചെങ്കോട്ട ജയിലിലെ ഒരു ഇരുട്ടുമുറിയിൽ ഒന്നരക്കൊല്ലം തടവിൽ പാർപ്പിച്ചതിനാലാണ് ഈ പ്രശ്നം ഉടലെടുത്തതെന്ന് പലപ്പോഴും സുർജിത് പറഞ്ഞിരുന്നു. ജയിൽ സന്ദർശിച്ച് തടവുകാരുടെ ആരോഗ്യനിലയെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ വന്ന ഒരു ഐറിഷ് ഡോക്ടറുടെ നിർബന്ധത്തിന് വഴങ്ങിയാണ് അവസാനം അദ്ദേഹത്തെ ആ ഇരുട്ടറയിൽനിന്ന് മാറ്റാൻ ബ്രിട്ടീഷുകാർ തയ്യാറായത്. അന്ന് ചെറുപ്പക്കാരനായ ആ ഡോക്ടർ വന്നില്ലായിരുന്നെങ്കിൽ കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടമായേനേ എന്ന് സുർജിത് പല വേളയിലും പറഞ്ഞിരുന്നു. ദീർഘകാലം ഒളിവിൽ പാർത്ത വ്യക്തികൂടിയാണ് സുർജിത്. രണ്ടാം ലോകയുദ്ധകാലത്തായിരുന്നു ഇത്. തലമുടി മൊട്ടയടിച്ചും ഹാർമോണിയം തൂക്കി പാട്ടുകാരനായി അഭിനയിച്ചും കരിമ്പ് മെതിച്ച് ശർക്കരയുണ്ടാക്കുന്ന ആളായും അഭിനയിച്ച് അറസ്റ്റിൽനിന്ന് രക്ഷപ്പെട്ട സുർജിത് പല ഘട്ടങ്ങളിലും പിടിക്കപ്പെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്.
രാജ്യം കണ്ട തലയെടുപ്പുള്ള കർഷക നേതാക്കളിൽ ഒരാളുകൂടിയായിരുന്നു സുർജീത്. 1936ൽ അഖിലേന്ത്യാ കിസാൻസഭ രൂപംകൊള്ളുന്നതിനുമുമ്പുതന്നെ കർഷകരെ സംഘടിപ്പിക്കുന്നതിൽ സുർജിത് മുഴുകി. ഇന്ത്യാവിഭജനവും പഞ്ചാബിലെ ഖലിസ്ഥാൻവാദവുമാണ് വർഗീയശക്തികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കാൻ സുർജിത്തിനെ പ്രേരിപ്പിച്ചത്. വിഭജനകാലത്തെ വർഗീയാക്രമണങ്ങൾ തടയാനും മുൻനിന്ന് പ്രവർത്തിച്ചു. പഞ്ചാബ് നിയമസഭാ അംഗമായും രാജ്യസഭാ അംഗമായും പ്രവർത്തിച്ചു. ഇന്ത്യയിൽ സിപിഐ എമ്മിന്റെ വളർച്ചയിൽ നിർണായക സംഭാവനയാണ് അദ്ദേഹം നൽകിയത്. 2008 ആഗസ്‌ത് ഒന്നിന് സുർജിത് അന്തരിച്ചു.
സ്വന്തം ജീവൻ ത്യജിച്ചുപോലും രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുക്കാൻ തയ്യാറായ സ. സുർജീത്തിനെപ്പോലുള്ള അനേകായിരം ധീരരുടെ ത്യാഗത്തിന്റെ ഫലമാണ് ഇന്ത്യയെന്ന സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക്. സ്വാതത്ര്യ സമരത്തിൽ പങ്കുചേരുകയോ ബ്രിട്ടീഷ് ഭരണകൂടത്തെ ഒരു വാക്കുകൊണ്ടുപോലും നോവിക്കുകയോ ചെയ്യാതിരുന്ന പാരമ്പര്യമാണ് ഹിന്ദുത്വ ശക്തികൾക്കും ആർഎസ്എസ്നും ഉള്ളത്. അവരാണ് യഥാർത്ഥ രാജ്യദ്രോഹികൾ. അതുകൊണ്ടുതന്നെയാണ് സ്വാതന്ത്ര്യ സമരത്തിലെ തങ്ങളുടെ പങ്കിനെക്കുറിച്ചുള്ള ലജ്ജാവഹമായ പാരമ്പര്യത്തെ മറച്ചുപിടിക്കാനും ചരിത്രത്തെത്തന്നെ തിരുത്താനും സംഘപരിവാർ ശക്തികൾ ശ്രമിക്കുന്നത്. നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും ജനാധിപത്യ മൂല്യങ്ങളെയും കശാപ്പ് ചെയ്ത് ഇവിടെ ഹിന്ദുരാഷ്ട്രം സ്ഥാപിക്കാൻ ശ്രമിക്കുന്ന വർഗീയ ശക്തികൾക്കെതിരെ ഇന്ത്യയെന്ന ആശയത്തെ തന്നെ സംരക്ഷിക്കാൻ രാജ്യത്തെ മതനിരപേക്ഷ ജനാധിപത്യ ശക്തികൾ വിയോജിപ്പുകൾ മറന്ന് ഒന്നിച്ച ഘട്ടമാണിത്. എന്നാൽ ഫെഡറൽ തത്വങ്ങളെ പോലും ആട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ ബജറ്റിൽ ബിജെപി ഇതര സംസ്ഥാനങ്ങളെ പാടെ അവഗണിച്ചിരിക്കുകയാണ്. കേരളത്തോട് കേന്ദ്രം തുടരുന്ന അനീതി ബജറ്റിലും പ്രകടമായി. കേരളം ഇന്നേ വരെ കാണാത്ത പ്രകൃതി ദുരന്തങ്ങളിൽ വിറങ്ങലിച്ച് നിൽക്കുമ്പോൾ പോലും സംസ്ഥാനത്തിന് സഹായം നൽകുന്നതിന് പകരം കേരളത്തെ കുറ്റപ്പെടുത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഈ സാഹചര്യത്തിൽ സ. സുർജീത്തിനെപ്പോലെയുള്ള ആയിരക്കണക്കിന് രണധീരരുടെ ത്യാഗോജ്വലമായ സ്മരണകൾ രാജ്യത്തിന്റെ നിലനിൽപ്പിനായുള്ള പോരാട്ട ഭൂമികയിൽ നമുക്ക് കരുത്താകും.