വടകരയില്‍ നടന്നത് യുഡിഎഫിന്റെ തെറ്റായ രാഷ്ട്രീയ സംസ്‌കാരത്തിന്റെ ഭാഗമായുള്ള പ്രചരണങ്ങളാണ്. കാഫിര്‍ പരാമര്‍ശവും യുഡിഎഫിന്റെ ഇത്തരം പ്രചരണത്തിന്റെ ഭാഗമായി വന്നതാണ്. യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ആദ്യഘട്ടം മുതൽ വടകരയിൽ അശ്ലീലവും വർഗീയതയും ചേർത്താണ് അവർ പ്രചാരണം നടത്തിയത്. ആദ്യം നടന്നത് ടീച്ചര്‍ക്കെതിരെ ‘ടീച്ചറമ്മ’ എന്ന പേരിനെ പരിഹസിച്ചുള്ള പ്രചാരണമാണ്. വ്യക്തിപരമായ അശ്ലീല അധിക്ഷേപമാണ് പിന്നാലെ ഉണ്ടായത്. അതിനും പിന്നാലെയാണ് കാഫിര്‍ പരാമര്‍ശം ഉൾപ്പെടെയുള്ളവ ഓരോന്നോരോന്നായി പ്രചരിപ്പിച്ച് തുടങ്ങിയത്.
മുസ്ലീങ്ങള്‍ തീവ്രവാദികളാണ് എന്ന് ശൈലജ ടീച്ചര്‍ പറഞ്ഞുവെന്നാണ് പിന്നീട് പ്രചരിപ്പിച്ചത്. ലൗ ജിഹാദ് നിലനില്‍ക്കുന്നതായി ശൈലജ ടീച്ചര്‍ പറഞ്ഞുവെന്ന് പ്രചരിപ്പിച്ചു. പിന്നീട് പാനൂര്‍ സ്ഫോടന കേസിലെ പ്രതികളുമായി നില്‍ക്കുന്ന ഫോട്ടോ വ്യാജമായി പ്രചരിപ്പിച്ചു. തെറ്റായ വാര്‍ത്തയുടെ പ്രചാരണം എഐ സംവിധാനത്തോടെ കൂടുതല്‍ സജീവമായി. തെരഞ്ഞെടുപ്പ് പ്രചാരണ രംഗങ്ങളില്‍ ഇത്തരം പ്രചാരണം നടക്കുന്നുണ്ടെന്ന് സിപിഐ എം ചൂണ്ടികാട്ടിയിട്ടുണ്ട്. ഇത്തരം വ്യാജ പ്രചാരണങ്ങളെ തുറന്നുകാട്ടി മുന്നോട്ടുപോകും. ഇടതുപക്ഷത്തിന്റെ മതേതര നിലപാട് തിരഞ്ഞെടുപ്പില്‍ മാത്രമുള്ളതല്ല.
ന്യൂനപക്ഷ ഭൂരിപക്ഷ വര്‍ഗീയതക്കെതിരായ നിലപാട് എക്കാലത്തും സിപിഐ എം തുടര്‍ന്നുപോകും. ജമാഅത്തെ ഇസ്ലാമിയുടെയും, എസ്ഡിപിഐയുടെയും കൂട്ടുകക്ഷികളെ പോലെയാണ് കോണ്‍ഗ്രസും ലീഗും പ്രവര്‍ത്തിച്ചത്. വടകരയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടം മുതല്‍ അശ്ലീലവും വര്‍ഗീയവുമായ വ്യാജ പ്രചാരണമാണ് നടന്നത്. ഇത് ചൂണ്ടിക്കാട്ടി വിഷയത്തില്‍ ആദ്യം പരാതി നല്‍കിയത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ്.