ഇന്ന് പി കൃഷ്ണപിള്ള ദിനം. ആധുനിക കേരള ശില്പികളിൽ പ്രമുഖനായ സഖാവ് പി കൃഷ്ണപിള്ളയുടെ ഉജ്ജ്വലമായ രാഷ്ട്രീയ ജീവിതത്തിന്റെ സ്മരണങ്ങൾ തുടിക്കുന്ന ദിവസമാണിത്.
സഖാവിന്റെ ജീവചരിത്രം കേരള നവോത്ഥാനത്തിന്റെയും തൊഴിലാളി വർഗ മുന്നേറ്റത്തിന്റേയും ചരിത്രം കൂടിയാണ്. ദേശീയ സ്വാതന്ത്ര്യ സമരത്തിലും സാമൂഹ്യപരിഷ്കരണ മുന്നേറ്റങ്ങളിലും വളരെ ചെറുപ്പത്തിലേ സജീവമായി പങ്കു ചേർന്ന സഖാവ് കൃഷ്ണപിള്ള കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ടി, കമ്മ്യൂണിസ്റ്റ് പാര്‍ടി എന്നിവയുടെ രൂപീകരണത്തിന് നിർണായകമായ നേതൃത്വം നൽകി. 1937-ല്‍ കോഴിക്കോട് രൂപീകരിക്കപ്പെട്ട ആദ്യത്തെ കമ്യൂണിസ്റ്റ് പാര്‍ടി ഗ്രൂപ്പിന്റെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 1939 അവസാനം പിണറായിയിലെ പാറപ്രത്ത് നടന്ന സമ്മേളനത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേരളഘടകത്തിന്റെ ആദ്യ സെക്രട്ടറിയായതും കൃഷ്ണപിള്ളയായിരുന്നു.
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും ജന്മിത്വത്തിനും എതിരേ നടന്ന ഐതിഹാസികമായ നിരവധി പോരാട്ടങ്ങളിൽ നേതൃപരമായ പങ്ക് സഖാവ് വഹിക്കുകയുണ്ടായി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ശക്തമായ സംഘടനാ സംവിധാനവും രാഷ്ട്രീയ ദിശാബോധവും രൂപപ്പെടുത്താൻ കൃഷ്ണപിള്ള നൽകിയ സംഭാവനകൾ നിസ്തുലമാണ്. സഖാവ് എന്ന പദം അതിന്റെ എല്ലാ മഹത്വത്തോടെയും മനുഷ്യരൂപമാർജ്ജിച്ച വ്യക്തിത്വമായിരുന്നു കൃഷ്ണപിള്ളയുടേത്. സഖാക്കളുടെ സഖാവെന്ന് വിളിച്ച് ജനങ്ങൾ അദ്ദേഹത്തെ ഹൃദയത്തോട് ചേർത്തു.
1948 ആഗസ്‌റ്റ് 19-ന് ഒളിവുജീവിതത്തിനിടെ മരിക്കുമ്പോൾ സഖാവിനു വെറും 42 വയസ്സായിരുന്നു. സഖാവിന്റെ സ്മരണകൾ എക്കാലത്തും കമ്യൂണിസ്റ്റുകാർക്ക് പ്രചോദനമാണ്.
സഖാവ് മുന്നോട്ടു വച്ച ആശയങ്ങളും മുറുകെപ്പിടിച്ച മൂല്യങ്ങളും ഉൾക്കൊണ്ട് നമുക്ക് മുന്നോട്ട് പോകാം. അഭിവാദ്യങ്ങൾ.