ജാതിമേൽകോയ്മക്കെതിരെ തന്റെ ജീവിതം കൊണ്ട് പട നയിച്ച മഹാത്മാ അയ്യങ്കാളിയുടെ ജന്മവാർഷികമാണിന്ന്. സഞ്ചാര സ്വാതന്ത്ര്യവും വിദ്യാഭ്യാസത്തിനുള്ള അവസരവും മാന്യമായ കൂലിയും നിഷേധിക്കപ്പെട്ട തിരുവിതാംകൂറിലെ അടിച്ചമർത്തപ്പെട്ട ജനതയ്ക്ക് ജാതി-ജന്മി-നാടുവാഴി വ്യവസ്ഥയ്ക്കെതിരെ പോരാടാൻ ഊർജ്ജം നൽകിയത് അയ്യങ്കാളിയാണ്.
ജാതീയമായ ഉച്ചനീചത്വങ്ങളെ ചോദ്യംചെയ്ത അയ്യങ്കാളിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട വില്ലുവണ്ടി യാത്രയും കല്ലുമാല സമരവുമെല്ലാം സവർണ്ണ മേധാവിത്വത്തിന് വലിയ പ്രഹരമാണേൽപ്പിച്ചത്. സഞ്ചാരസ്വാതന്ത്ര്യ നിഷേധത്തിനെതിരെ അയ്യൻകാളി നടത്തിയ വില്ലുവണ്ടിയാത്ര കേരളത്തിന്റെ പിൽക്കാല സാമൂഹ്യ ജീവിതത്തിൽ ഏറെ അനുരണം സൃഷ്ടിച്ചു. ദളിത് കുട്ടികൾക്ക് സ്കൂളിൽ പ്രവേശനം നിഷേധിച്ചതിനെതിരെയും കർഷകത്തൊഴിലാളികളുടെ വേതനവർധനവിനു വേണ്ടിയും അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന കർഷകത്തൊഴിലാളി പണിമുടക്ക് കേരള ചരിത്രത്തിലെ പ്രധാനപ്പെട്ട തൊഴിൽസമരം കൂടിയായിരുന്നു.
ആധുനിക കേരളത്തിന് അടിത്തറ പാകപ്പെട്ടത് അയ്യങ്കാളി ഉൾപ്പെടെ നടത്തിയ സംഘടിത പോരാട്ടങ്ങളുടെ ഫലമായാണ്. സാമൂഹിക അസമത്വങ്ങളെ പരിപൂർണമായും മറികടന്ന് തുല്യതയിലൂന്നിയ സമൂഹമായി കേരളത്തെ പരിവർത്തിപ്പിക്കാൻ അയ്യങ്കാളിയുടെ സ്മരണ നമുക്ക് ഊർജ്ജം പകരും. ഏവർക്കും അയ്യങ്കാളി ജയന്തി ആശംസകൾ.