സ്‌ത്രീകളുടെ തൊഴിൽ അവകാശത്തിനും അഭിമാന സംരക്ഷണത്തിനുംവേണ്ടി സർക്കാർ വിട്ടുവീഴ്ചയില്ലാത്ത നിലപാട് കൈക്കൊള്ളും. നിർഭയമായി കലാമികവ് തെളിയിക്കുന്നതിന്, സുരക്ഷിതത്വമുള്ള വിധത്തിൽ കലാരംഗത്തെ ശുദ്ധീകരിച്ചെടുക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മനസ്സിനെ മലിനമാക്കുന്ന അംശങ്ങൾ സിനിമയിലോ സിനിമാ മേഖലയിലോ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം ആ രംഗത്ത് പ്രവർത്തിക്കുന്നവർക്കുണ്ട്.
കലാകാരികളുടെ മുന്നിൽ ഒരു ഉപാധിയും ഉണ്ടാകരുത്. കലേതരമായ ഒരവസ്ഥയും ഉണ്ടാകരുത്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന് നിർബന്ധമുള്ളതുകൊണ്ടാണ് ചില പരാതികൾ ഉണ്ടായപ്പോൾ സ്‌ത്രീകളുടേതുമാത്രമായ കമ്മിറ്റിയെ നിയോഗിച്ചത്. ഇന്ത്യയിൽ ഒരിടത്തുമാത്രമേ ഇത്തരമൊരു നടപടി ഉണ്ടായിട്ടുള്ളൂ. അത് കേരളത്തിലാണ്. ഇത് അഭിമാനിക്കാവുന്ന ഒരു മാതൃകയാണ്. ഈ മാതൃക പലയിടത്തും സ്വീകരിക്കപ്പെടുമെന്ന് ഉറപ്പാണ്. ചലച്ചിത്രരംഗത്തിന്റെ വികസനം മുന്നിൽക്കണ്ട് കാര്യമായ ഇടപെടലുകളാണ് സംസ്ഥാന സർക്കാർ നടത്തുന്നത്.