വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില കേന്ദ്രസർക്കാർ വീണ്ടും വർധിപ്പിച്ചു. സിലിണ്ടറിന് 39 രൂപയാണ് കൂട്ടിയത്. പുതിയ വില സെപ്റ്റംബർ 01 മുതൽ പ്രാബല്യത്തിൻ വന്നു. ഇതോടെ രാജ്യ തലസ്ഥാനമായ ഡൽഹിയിൽ വാണിജ്യ സിലിണ്ടറിന്റെ വില 1,691.50 രൂപയായി ഉയർന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കേന്ദ്ര സർക്കാർ വാണിജ്യ സിലിണ്ടറിന്റെ വില 30 രൂപ കുറച്ചിരുന്നു. എന്നാൽ പിന്നാലെ ആഗസ്റ്റ് മാസത്തിൽ വിലയിൽ 8.50 രൂപ വർധിപ്പിച്ചു. തുടർന്നാണ് സെപ്റ്റംബർ മാസത്തിലും വില വർധിപ്പിച്ചത്. വില വർധന ഹോട്ടലുകളെയും ചെറുകിട വ്യവസായങ്ങളെയും ബാധിക്കും. അതോടെ ഈ വർധന വിലക്കയറ്റത്തിനും കാരണമാകും. സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുന്ന ഇത്തരം ജനദ്രോഹ നയങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണം.