Skip to main content

പൊലീസിനെയും പട്ടാളത്തെയും ഉപകരണമാക്കിമാറ്റി രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കുകയല്ല, മറിച്ച് അത്തരം സംവിധാനങ്ങളെ ജനകീയമാക്കി മാറ്റുക എന്നതാണ് പാർടിയുടെ നയം

1957ൽ കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിൽ ഭരണത്തിൽ വന്ന സംസ്ഥാന സർക്കാർ പൊലീസിനോട് സ്വീകരിക്കേണ്ട നയം സംബന്ധിച്ച് വ്യക്തമായ കാഴ്‌ചപ്പാട് രൂപീകരിച്ചിരുന്നു. 1957 ജൂലൈ 12ന് പാർടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിൽ ഇങ്ങനെ പറയുന്നുണ്ട്:
‘‘ഭരണകക്ഷിയായതോടുകൂടി ഈ രാജ്യത്തുള്ള എല്ലാവരുടെയും ന്യായമായ താൽപ്പര്യങ്ങൾ സംരക്ഷിക്കാനുള്ള ചുമതല പാർടിക്കുണ്ട്. ഈ ഉത്തരവാദിത്വത്തിൽ അഹങ്കരിക്കുകയോ ഈ തക്കം മറ്റുള്ളവരോട് പ്രതികാരം ചെയ്യാനോ ഉപയോഗിക്കരുത്. നമ്മുടെ ചുമതലയുടെ ഭാരംകൊണ്ട് തലകുനിയുകയാണ് വേണ്ടത്. ചരിത്രപരമായ കാരണങ്ങൾകൊണ്ടുതന്നെ അധികാരം കൈകാര്യം ചെയ്യുന്നവർ മറ്റുള്ളവരുടെ അവകാശങ്ങൾ നിഷേധിച്ചും അവരെ മാനിക്കാൻ തയ്യാറാകാതെയുമുള്ള പാരമ്പര്യമാണ് നമുക്കുള്ളത്. ഇതിൽനിന്ന്‌ വ്യത്യസ്തമാണ് നമ്മുടെ പാർടിയെന്ന്‌ ബോധ്യപ്പെടുത്തേണ്ട ചുമതല നമുക്കുണ്ട്.’’

എല്ലാവരുടെയും ന്യായമായ താൽപ്പര്യങ്ങൾ സംരക്ഷിക്കുകയും നീതി ലഭിക്കാത്ത വിഭാഗങ്ങൾക്ക് അത് ലഭ്യമാക്കുകയും ചെയ്യുക എന്നതായിരുന്നു 1957ലെ പൊലീസ് നയത്തിന്റെ രത്നച്ചുരുക്കം. അതിന്റെ അടിസ്ഥാനത്തിലാണ് തൊഴിൽ സമരങ്ങളിൽ പൊലീസ് ഇടപെടരുതെന്ന നയം സ്വീകരിച്ചത്. അതുവരെ തുടർന്ന, തൊഴിലാളികൾക്കെതിരായി ഭരണസംവിധാനത്തെ ഉപയോഗിക്കുന്ന രീതി അവസാനിപ്പിച്ച് തൊഴിലാളികൾക്ക് നീതി ലഭിക്കുന്നതിനുള്ള ഇടപെടലായിരുന്നു അത്. ഇക്കാര്യം ഇ എം എസ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു.

‘‘കഴിഞ്ഞകാലത്ത് പൊലീസിന്റെ കടമ രണ്ടായിരുന്നു. ഒന്ന് കുറ്റവാളികളെ കണ്ടുപിടിക്കാനും കുറ്റവാളികളെ നിലയ്ക്ക്‌ നിർത്താനും സമുദായത്തെ സഹായിക്കുക. രണ്ട് ജനാധിപത്യപരമായ പ്രസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ തടഞ്ഞുകൊണ്ട് അവയെ വളരാൻ അനുവദിക്കാതിരിക്കുകയും ചില ജനാധിപത്യ രാഷ്ട്രീയ പാർടികളെ അടിച്ചമർത്തുകയും ചെയ്യുക എന്നതായിരുന്നു.’’

ബ്രിട്ടീഷുകാരുടെ കാലത്ത് ദേശീയ പ്രസ്ഥാനത്തിനുനേരെയും സ്വാതന്ത്ര്യത്തിനുശേഷം കമ്യൂണിസ്റ്റുകാർക്കുനേരെയും ഈ രീതി പ്രയോഗിച്ചു. ഇതിൽനിന്ന് വ്യത്യസ്തമായി, രാഷ്ട്രീയ വിരോധത്തിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുകയല്ല, എല്ലാവർക്കും നീതി ഉറപ്പുവരുത്തുകയാണ് പൊലീസ് നയമെന്ന് ഇ എം എസ് വ്യക്തമാക്കി. മുതലാളിമാർക്കും കുടുംബങ്ങൾക്കും നേരെയുണ്ടാകുന്ന വ്യക്തിഗതമായ ആക്രമണത്തെയും പൊലീസ് പ്രതിരോധിക്കും. അതായത്, പൗരന്മാർ എന്ന നിലയിൽ എല്ലാവർക്കും സുരക്ഷിതമായി ജീവിക്കാനുള്ള പശ്ചാത്തലമൊരുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തൊഴിലാളിവിരുദ്ധമായി ഇടപെടാതിരിക്കുകയും അതേസമയം, പൗരന്മാർ എന്ന നിലയിൽ എല്ലാവർക്കും നീതി ഉറപ്പുവരുത്തുകയും ചെയ്യുന്ന സമീപനമാണ് മുന്നോട്ടുവച്ചത് എന്നർഥം.

പൊലീസിനും ജനങ്ങൾക്കുമിടയിൽ മറ്റേതെങ്കിലും സംവിധാനത്തെ പ്രതിഷ്ഠിച്ച് ജനങ്ങൾക്ക് നീതി നൽകുകയെന്നതല്ല 1957 തൊട്ടുതന്നെ പാർടി സ്വീകരിച്ച പൊലീസ് നയം. പൊലീസ് സംവിധാനം നീതിയുക്തമായി പ്രവർത്തിക്കുന്ന രീതിയിൽ മാറ്റിത്തീർക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിന്റെ അടിസ്ഥാനത്തിൽ കേരള പൊലീസ് റീഓർഗനൈസേഷൻ കമ്മിറ്റിയെത്തന്നെ സർക്കാർ അക്കാലത്ത് നിയോഗിച്ചു. അന്നത്തെ സുപ്രീംകോടതി ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റായിരുന്ന എൻ സി ചാറ്റർജിയായിരുന്നു കമ്മിറ്റിയുടെ ചെയർമാൻ. അതിന്റെ പ്രധാനപ്പെട്ട ചുമതല ക്ഷേമരാഷ്ട്രത്തിൽ പൊലീസിന്റെ ചുമതല എന്താണെന്ന് നിശ്ചയിക്കുകയായിരുന്നു. 1959ൽ രൂപീകരിച്ച ഈ കമീഷൻ ഇ എം എസ് സർക്കാർ അധികാരത്തിൽനിന്ന് പോയശേഷം 1960ൽ ആണ്‌ റിപ്പോർട്ട് സമർപ്പിച്ചത്.

കേരള പൊലീസിനെ ജനകീയമാക്കുന്നതിനുള്ള ഇടപെടലുകൾ ഇതിന്റെ തുടർച്ചയായി ഇടതുപക്ഷ സർക്കാരുകൾ നടത്തി. ജനമൈത്രി പൊലീസ് ഇതിന്റെ ഭാഗമായിരുന്നു. പിണറായി വിജയൻ സർക്കാരിന്റെ സ്ത്രീ സൗഹാർദപരമായ ഇടപെടലിന്റെ ഫലമായാണ് വനിതാ ബറ്റാലിയൻ ആരംഭിച്ചതും പൊലീസിൽ സ്ത്രീകളുടെ അംഗസംഖ്യ വർധിപ്പിച്ചതും. പൗരാവകാശത്തിന്റെ വിവിധ പാഠങ്ങൾ പൊലീസ് പരിശീലനത്തിന്റെ ഭാഗമാക്കിയതും ഇതിന്റെ അടിസ്ഥാനത്തിലാണ്. പൊലീസ് സംവിധാനത്തെ ജനകീയ സേന എന്ന തരത്തിൽ മാറ്റുന്നതിനുള്ള ഇടപെടലും പിണറായി സർക്കാർ നടത്തി. ഓഖി, പ്രളയം, കോവിഡ്, വയനാട് ഉരുൾപൊട്ടൽ ദുരന്തങ്ങളിൽ പൊലീസ് സേന വഹിച്ച പങ്ക് ആർക്കും വിസ്മരിക്കാനാകില്ല. ഫയർഫോഴ്സും ഈ രംഗത്ത് നടത്തിയ പ്രവർത്തനം ഇതിന്റെ തുടർച്ചയാണ്.

കോവിഡ് വ്യാപിച്ച്, ആശുപത്രി സംവിധാനങ്ങൾക്ക് അത് നിയന്ത്രിക്കാൻ പറ്റാത്ത സ്ഥിതി ലോകത്തെമ്പാടുമുണ്ടായി. മരണസംഖ്യ വികസിത രാജ്യങ്ങളിൽപ്പോലും വൻതോതിൽ ഉയർന്നു. ആശുപത്രി സംവിധാനങ്ങൾ അപര്യാപ്തമായി. നമ്മുടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം തടയുന്നതിന് നിയന്ത്രിത മേഖലകൾ സൃഷ്ടിച്ചു. പ്രതിരോധത്തിന്റെ ശക്തിദുർഗങ്ങളായി ഇതു മാറി. കോവിഡ് വ്യാപിക്കാതെ നിയന്ത്രിച്ച് നിർത്തുന്നതിൽ ഈ നടപടി സുപ്രധാന പങ്കുവഹിച്ചു. നിയന്ത്രിത മേഖലകൾ നിലനിർത്തുന്നതിനും ജനങ്ങൾക്ക് അവശ്യവസ്തുക്കൾ എത്തിച്ച് ജനജീവിതം തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിനും പൊലീസ് ഇടപെടൽ ഏറെ സഹായകമായി. ജനങ്ങളെ സംരക്ഷിക്കുന്ന ഈ സേവനത്തിനിടെ 18 പൊലീസുകാർ കോവിഡ് ബാധിച്ച് മരിച്ചു.

കേരളത്തെ വർഗീയ സംഘർഷത്തിൽനിന്ന് മുക്തമായ സംസ്ഥാനമാക്കി മാറ്റുന്നതിനും പൊലീസ് വഹിച്ച പങ്ക് ഏറെ വലുതാണ്. ഇവിടെ വർഗീയ സംഘർഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ഹിന്ദുത്വ വർഗീയ ശക്തികൾ രഹസ്യമായി ആയിരങ്ങളെ അണിനിരത്തി കലാപത്തിന് ശ്രമിച്ചപ്പോൾ അത് തിരിച്ചറിഞ്ഞ് ഇടപെട്ടത് കേരള പൊലീസായിരുന്നു. വാട്സാപ് ഹർത്താൽ തടഞ്ഞത് ഉദാഹരണം.

1957-ലെ സർക്കാർ ആവിഷ്‌കരിച്ച പൊലീസ് നയം കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ ശ്രമിക്കുന്നത്. മാത്രമല്ല, ശാസ്ത്ര സാങ്കേതികരംഗത്തെ വികാസത്തെ ഉപയോഗപ്പെടുത്തി പൊലീസിന്റെ പ്രവർത്തനത്തെ കൂടുതൽ ജനകീയമാക്കുന്നതിനും സർക്കാർ ഇടപെട്ടു. സൈബർ പൊലീസ് വിങ്ങും സാമ്പത്തിക കുറ്റങ്ങൾ തടയാൻ ഇക്കണോമിക് ക്രൈം വിങ്ങും ആരംഭിച്ചു. അതുവരെ കണ്ടെത്താതിരുന്ന നിരവധി കേസ്‌ കണ്ടെത്തുന്നതിനും ക്രമസമാധാനം സംരക്ഷിച്ച് നിർത്തുന്നതിനും ഈ നയത്തിന്റെ ഫലമായി സാധിച്ചു.

പിണറായി സർക്കാരിന്റെ ഇത്തരം ഇടപെടലിന്റെ ഭാഗമായി ഇന്ത്യയിലെ ഏറ്റവും മികച്ച ക്രമസമാധാന നില പുലരുന്ന സംസ്ഥാനമായി കേരളം മാറി. രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ പൊലീസ് സംവിധാനവും കേരളത്തിലാണ്. സൈബർ പൊലീസ് വിങ്ങിന് ഇന്ത്യയിലെ മികച്ച സംവിധാനമെന്ന അവാർഡും ലഭിച്ചിട്ടുണ്ട്. ഇങ്ങനെ ഏറ്റവും ജനകീയവും കാര്യക്ഷമവുമായ പൊലീസ് സംവിധാനത്തെ രൂപപ്പെടുത്താൻ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടുണ്ട്.

തെറ്റായ പ്രവണതകൾ കാണിച്ച 108 പൊലീസുകാരെ സർവീസിൽനിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. ഇങ്ങനെ, പൊലീസ് സംവിധാനത്തെ ജനകീയമാക്കാനും ഉയർന്നുവരുന്ന പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാനുമുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നത്.

കേരള പൊലീസുമായി ബന്ധപ്പെട്ട് ഇപ്പോൾ ചില പരാതികൾ ഉയർന്നുവന്നിട്ടുണ്ട്. ഇ എം എസ് സൂചിപ്പിച്ചതുപോലെ ഭരണം മാറിയാലും വ്യവസ്ഥ മാറില്ല. അതിനാൽ, മറ്റെല്ലാ മേഖലയിലുമെന്നപോലെ, ജനാധിപത്യവിരുദ്ധ സമീപനങ്ങൾ പലവിധത്തിൽ നിലവിലുള്ള സംവിധാനത്തിൽ നിലനിൽക്കും. ഈ സാഹചര്യങ്ങൾ തിരുത്തുന്നതിനുവേണ്ടി ഇടപെടുകയാണ് ഇടതുപക്ഷ സർക്കാരിന്റെ ഉത്തരവാദിത്വം. പരാതികളുണ്ടാകാം, അവയോട് എന്ത് സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത് എന്നതാണ് പരിശോധിക്കപ്പെടേണ്ടത്. പി വി അൻവർ എംഎൽഎ ഉൾപ്പെടെ ഉന്നയിച്ച പരാതികളിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി, അടിയന്തരമായി വരുത്തേണ്ട ചില മാറ്റങ്ങൾ വരുത്തി. പൊലീസ് മേധാവിയുടെ നേതൃത്വത്തിൽത്തന്നെ അന്വേഷക സംഘം എല്ലാ കാര്യങ്ങളും അന്വേഷിക്കുകയാണ്. നേരത്തേ തെറ്റായ പ്രവണതകൾ കാണിച്ച 108 പൊലീസുകാരെ സർവീസിൽനിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. ഇങ്ങനെ, പൊലീസ് സംവിധാനത്തെ ജനകീയമാക്കാനും ഉയർന്നുവരുന്ന പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാനുമുള്ള ഇടപെടലാണ് സർക്കാർ നടത്തുന്നത്.

അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. വന്ന പരാതികൾ ഉദ്യോഗസ്ഥതലത്തിൽ ആയതിനാൽ സർക്കാരാണ് അന്വേഷിച്ച് നടപടിയെടുക്കേണ്ടത്. പാർടിയെ സംബന്ധിച്ചിടത്തോളം അതിനുശേഷം ഇടപെടേണ്ടതുണ്ടെങ്കിൽ ഇടപെടുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതുപോലെ, ഇക്കാര്യത്തിൽ ഒരു അവ്യക്തതയും പാർടിക്കോ സർക്കാരിനോ ഇല്ല. നവമാധ്യമ ചർച്ചകളിൽ കമ്യൂണിസ്റ്റ് പാർടിയുടെ നയം അവർ സ്വയം തീരുമാനിക്കുകയും അതിനനുസരിച്ച് സർക്കാർ പ്രവർത്തിക്കുന്നില്ലെന്ന് ആരോപിക്കുകയുമാണ് ചെയ്യുന്നത്. ഇത് പാർടിയെ സംരക്ഷിക്കുന്നതിനല്ല, മറിച്ച് ജനങ്ങൾക്കിടയിൽ അവമതിപ്പ് സൃഷ്ടിക്കാനുള്ള പ്രവർത്തനത്തിന്റെ ഭാഗമാണെന്ന് കാണേണ്ടതുണ്ട്.

സോഷ്യലിസ്റ്റ് രാജ്യങ്ങളിലുൾപ്പെടെ കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിലുള്ള സർക്കാരിനു കീഴിലായിരുന്നു പൊലീസും പട്ടാളവും രഹസ്യാന്വേഷണ വിഭാഗങ്ങളുമെല്ലാം. ഇത്തരം സംവിധാനങ്ങളെ ജനങ്ങൾക്ക് ആകമാനം നീതിനൽകുന്നവിധം ഉപയോഗപ്പെടുത്താൻ കഴിയാത്തതുകൊണ്ട് കൂടിയാണ് അവിടെ തിരിച്ചടിയുണ്ടായതെന്ന് സിപിഐ എം നിരീക്ഷിച്ചിട്ടുണ്ട്. പൊലീസിനെയും പട്ടാളത്തെയും ഉപകരണമാക്കിമാറ്റി രാഷ്ട്രീയ പ്രതിയോഗികളെ ഒതുക്കുകയല്ല, മറിച്ച് അത്തരം സംവിധാനങ്ങളെ ജനകീയമാക്കി മാറ്റുക എന്നതാണ് പാർടിയുടെ നയം. ജനങ്ങൾക്ക് നീതി ഉറപ്പാക്കുകയും ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ശക്തികൾക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കുകയുമാണ് വേണ്ടത്. ഈ കാഴ്ചപ്പാടനുസരിച്ചാണ് ഇടതുപക്ഷ സർക്കാർ പ്രവർത്തിക്കുന്നതും മുന്നോട്ടുപോകുന്നതും.
 

കൂടുതൽ ലേഖനങ്ങൾ

മാധ്യമങ്ങളുടേയും, പ്രതിപക്ഷത്തിന്റേയും, ബിജെപിയുടേയും കള്ള പ്രചരണത്തിനെതിരായി സെപ്റ്റംബർ 24-ന്‌ ബഹുജന പ്രതിഷേധ കൂട്ടായ്‌മകള്‍ സംഘടിപ്പിക്കും

ഒരു വിഭാഗം വലതുപക്ഷ മാധ്യമങ്ങളുടേയും, പ്രതിപക്ഷത്തിന്റേയും, ബിജെപിയുടേയും നേതൃത്ത്വത്തില്‍ കേരളത്തിനെതിരായും, വയനാട്‌ പുനരധിവാസത്തെ അട്ടിമറിക്കാനും, ദുരന്തബാധിതർക്ക് അര്‍ഹതപ്പെട്ട കേന്ദ്ര സഹായം ഇല്ലാതാക്കുന്നതിനും നടത്തുന്ന കള്ള പ്രചരണത്തിനെതിരായി സെപ്റ്റംബർ 24-ന്‌ ജില്ലാ കേന്ദ്രങ്ങളില്‍ ബഹുജന പ്

വയനാട്‌ ദുരന്തമുണ്ടായി 50 ദിവസം കഴിഞ്ഞിട്ടും കേന്ദ്രം കേരളത്തെ സഹായിക്കാത്തത്‌ മറച്ചുപിടിക്കാനാണ്‌ മാധ്യമങ്ങളുടെ നുണ പ്രചരണം

സ. എം ബി രാജേഷ്

വയനാട്‌ ദുരന്തമുണ്ടായി 50 ദിവസം കഴിഞ്ഞിട്ടും കേന്ദ്രം സഹായിക്കാത്തത്‌ മറച്ചുപിടിക്കാനാണ്‌ വ്യാജ വാർത്തയുമായി മാധ്യമങ്ങൾ ഇറങ്ങിയിരിക്കുന്നത്.

പ്രതിപക്ഷ നേതാവ്‌ ബിജെപി നേതാവിനെപ്പോലെ സംസാരിക്കരുത്

സ. ടി എം തോമസ് ഐസക്

വയനാട് ദുരന്തത്തിന്റെ നഷ്ടക്കണക്ക്‌ അധികപ്പറ്റാണെന്ന് ആക്ഷേപിക്കുന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, 2012-ൽ വരൾച്ചാദുരിതാശ്വാസമായി യുഡിഎഫ്‌ സർക്കാർ 19,000 കോടിയുടെ നഷ്ടം കണക്കാക്കിയതിന്റെ മാനദണ്ഡം വിശദീകരിക്കണം.

ഇന്ത്യയിലെ ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കി കേന്ദ്ര സർക്കാരിന് സർവ്വാധികാരം നൽകാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണ് 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’

സ. പിണറായി വിജയൻ

ഇന്ത്യയിലെ ഫെഡറൽ വ്യവസ്ഥയെ നിർവീര്യമാക്കി കേന്ദ്ര സർക്കാരിന് സർവ്വാധികാരം നൽകാനുള്ള ഒളിപ്പിച്ചുവെച്ച അജണ്ടയാണ് 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്ന നിലപാടിനു പിന്നിൽ. ലോകസഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കുശേഷവും പാഠം പഠിക്കാൻ ബിജെപി തയ്യാറല്ല എന്നുവേണം മനസ്സിലാക്കാൻ.