കേരളത്തിലെ ബിഎസ്എൻഎൽ-ന്റെ ഉടമസ്ഥതയിലുള്ള 28 കേന്ദ്രങ്ങളുടെ 30.5 ഏക്കർ ഭൂമി ചുളുവിലയ്ക്ക് വിൽക്കാൻ കേന്ദ്ര സർക്കാർ തുടക്കംകുറിച്ചു കഴിഞ്ഞു. ഓരോ കേന്ദ്രത്തിലും നിലവിലുള്ള എക്സ്ചേഞ്ചിന്റെ പ്രവർത്തനത്തിന് ആവശ്യമായ ഭൂമി കിഴിച്ച് മിച്ചം വരുന്ന ഭൂമി ആണത്രേ ഇത്. എറണാകുളം, തിരുവനന്തപുരം, തൃശ്ശൂർ, കൊല്ലം, ആലുവ, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളിലെ ഭൂമിക്കാണ് സെന്റിന് ശരാശരി 2.15 ലക്ഷം രൂപ വില നിശ്ചയിച്ചിരിക്കുന്നത്.
ബിഎസ്എൻഎൽ, എംടിഎൻഎംഎൽ തുടങ്ങിയവ തങ്ങളുടെ സ്വത്തുക്കൾ മോണിറ്റൈസ് ചെയ്യുന്നതിൽ കാലതാമസം വരുത്തുന്നതിനെ വിമർശിച്ചുകൊണ്ട് ഏതാനും മാസങ്ങൾക്കു മുമ്പ് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി കത്ത് അയച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് 28 കേന്ദ്രങ്ങളുടെ ഭൂമിയും അവയുടെ വാല്യുവേഷൻ വിലയും തയ്യാറാക്കിക്കൊണ്ട് വീണ്ടും കത്ത് അയച്ചത്. (കേരളത്തിലെ ബിഎസ്എൻഎൽ കേന്ദ്രങ്ങളിൽ വില്പനയ്ക്ക് ഉദ്ദേശിക്കുന്ന ഭൂമിയുടെ ലിസ്റ്റ് ആദ്യ കമന്റിൽ)
സംസ്ഥാന സർക്കാരിനെ ഈ നീക്കത്തെക്കുറിച്ച് അറിയിക്കാൻപോലും കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. അതിന് അവർക്ക് നിയമപരമായ അവകാശം ഇല്ല. ഭൂമി ഏറ്റെടുക്കൽ നിയമത്തിൽ സെക്ഷൻ 3 (f) (iv) പ്രകാരമുള്ള “പൊതു ആവശ്യ”ത്തിനുവേണ്ടി സംസ്ഥാന സർക്കാർ ഏറ്റെടുത്തു നൽകിയിട്ടുള്ള ഭൂമിയാണിത്. കേന്ദ്ര സർക്കാരിന്റെ കമ്പനികൾക്കുവേണ്ടി മാത്രം ഉപയോഗപ്പെടുത്താനുള്ള ഈ ഭൂമിയാണ് സ്വകാര്യമേഖലയ്ക്ക് തീറെഴുതാൻ നിശ്ചയിച്ചിട്ടുള്ളത്. ഇത് തികച്ചും നിയമവിരുദ്ധമാണ്.
ഇതിനുപുറമേ ബിഎസ്എൻഎല്ലിന്റെ 4000 മൊബൈൽ ടവറുകൾ റിലയൻസ് ജിയോക്ക് പാട്ടത്തിന് കൊടുക്കാനുള്ള തീരുമാനവും ആയിട്ടുണ്ട്. ഇതുപോലെ തന്നെ ഫൈബർ ഓപ്ടിക് നെറ്റുവർക്കും ജിയോക്ക് ലഭ്യമാക്കും. ബിഎസ്എൻഎല്ലിന്റെ വാണിജ്യ എതിരാളിയായിട്ടുള്ള ജിയോയ്ക്ക് അനുകൂലമായ വ്യവസ്ഥകളിലാണ് ഈ കരാർ ഉണ്ടാക്കാൻ നീക്കം.
ടെലികോം പൊതുമേഖലയെ തകർക്കുന്നതിന് ബിജെപി നടത്തിക്കൊണ്ടിരിക്കുന്ന കുത്സിത നീക്കങ്ങളുടെ ഏറ്റവും അവസാനത്തെ അധ്യായമാണ് സ്വത്തുക്കളുടെ വില്പനയും ബിഎസ്എൻഎല്ലിന്റെ ടവറുകളും മറ്റും സ്വകാര്യ എതിരാളികൾക്ക് പാട്ടത്തിന് കൊടുക്കുന്നതും.