Skip to main content

സുസ്ഥിരവും പ്രകൃതിസൗഹൃദപരവും അതിജീവന ശേഷിയുള്ളതുമായ നവകേരളത്തിന്റെ മുഖമുദ്രകളായി ശുചിത്വവും മാലിന്യസംസ്കരണവും മാറണം

രാജ്യത്ത് നിരവധി മാതൃകകൾ സൃഷ്ടിച്ചവരാണ് കേരളീയർ. അവയിൽ ചിലത് ലോകത്തിനുതന്നെ മാതൃകയായിട്ടുമുണ്ട്. ‘മാലിന്യമുക്തം നവകേരളം’ എന്ന ക്യാമ്പയിനിലൂടെ മറ്റൊരു മാതൃകകൂടി മുന്നോട്ടുവയ്‌ക്കാനുള്ള തീവ്രയജ്ഞത്തിലാണ് നാമിപ്പോൾ. ഹരിതകേരളം മിഷൻ മുഖേന മാലിന്യനിർമാർജനത്തിനായി ജനകീയ ക്യാമ്പയിന് ഗാന്ധിജയന്തി ദിനത്തിൽ തുടക്കം കുറിക്കുകയാണ്. ശുചിത്വവും മാലിന്യസംസ്കരണവും മുൻനിർത്തിയുള്ള വിവിധ പ്രവർത്തനങ്ങളിലൂടെ ഏറെ മുന്നേറിയിട്ടുണ്ടെങ്കിലും സമ്പൂർണ മാലിന്യമുക്ത സംസ്ഥാനമെന്ന ലക്ഷ്യം കൈവരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ആ ലക്ഷ്യ സാക്ഷാൽക്കാരത്തിനായി ബോധവൽക്കരണം, ശീലവൽക്കരണം, അടിസ്ഥാന സൗകര്യം, ജനകീയ പങ്കാളിത്തം തുടങ്ങിയ വിവിധ ഘടകങ്ങളുള്ള ബൃഹത്‌ ക്യാമ്പയിനാണ് ലക്ഷ്യമിടുന്നത്.

സമ്പൂർണ സാക്ഷരത, ജനകീയാസൂത്രണം, പൊതുവിദ്യാഭ്യാസ സംരക്ഷണം, ഹരിതകേരളം തുടങ്ങിയവയിലെല്ലാം ജനകീയ പങ്കാളിത്തം സുപ്രധാന ചാലകശക്തിയായിരുന്നു. അതുകൊണ്ടുതന്നെ ശുചിത്വവും മാലിന്യസംസ്കരണവും ലക്ഷ്യമിട്ടിട്ടുള്ള പ്രവർത്തനങ്ങളിലും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിന് വലിയ പ്രാധാന്യമാണ് നൽകുന്നത്. മാലിന്യമുക്ത നവകേരളം എന്ന ജനകീയ ക്യാമ്പയിനിന്റെ കേന്ദ്ര ബിന്ദുവും അതുതന്നെയാണ്. സകല ജനവിഭാഗങ്ങളെയും അണിനിരത്തി, ചിട്ടയോടെയും കൃത്യമായ ആസൂത്രണത്തോടെയും മാലിന്യമുക്ത നവകേരളമെന്ന ലക്ഷ്യം സമയബന്ധിതമായി നേടിയെടുക്കാനാണ് ഈ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

ഹരിതകേരളം മിഷൻ, തദ്ദേശഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, ഏജൻസികൾ, ശുചിത്വ മിഷൻ, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട്, മലിനീകരണ നിയന്ത്രണ ബോർഡ്, കുടുംബശ്രീ തുടങ്ങിയവയെല്ലാം ഈ യജ്ഞത്തിൽ പങ്കാളികളാണ്. കർശനനിരീക്ഷണം, ബോധവൽക്കരണം, പ്രകൃതി സൗഹൃദ ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കൽ, ഹരിതവിദ്യാലയങ്ങൾ, ഹരിതഓഫീസുകൾ, ഹരിതസ്ഥാപനങ്ങൾ, ഹരിത അയൽക്കൂട്ടങ്ങൾ, ഹരിത ടൂറിസം, വൃത്തിയുള്ള പൊതുസ്ഥലങ്ങളും മാർക്കറ്റുകളും, മാലിന്യമുക്തമായ നീർച്ചാലുകൾ തുടങ്ങി ഒട്ടേറെ ഘടകങ്ങൾ ഈ ക്യാമ്പയിനിൽ ഉൾപ്പെടുന്നുണ്ട്. ശുചിത്വ കേരളം, സുസ്ഥിരകേരളം എന്ന ലക്ഷ്യത്തിലേക്ക് എത്താനായി കേരളീയർ ഒന്നാകെ ഈ ജനകീയ ക്യാമ്പയിനിൽ അണിനിരക്കുകയാണ്.

വൃത്തിയുള്ള വീടും പരിസരവും നാടും മറ്റും ഒരു പരിഷ്കൃത സമൂഹത്തിന്റെ അടയാളവും സംസ്കാരവുമായാണ് നാം കാണുന്നത്. എന്നാൽ, കേരളീയർ വ്യക്തിശുചിത്വത്തിൽ കാണിക്കുന്ന ശുഷ്കാന്തി സാമൂഹ്യശുചിത്വത്തിൽ കാണിക്കുന്നില്ല. പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും മാലിന്യം കാണപ്പെടുന്നതിന്റെ കാരണങ്ങളിലൊന്നാണിത്. വ്യക്തികളുടെ സ്വഭാവങ്ങളിലും ശീലങ്ങളിലും വേണ്ട മാറ്റം വരുത്തി ഈ പ്രശ്നം പരിഹരിക്കണം. ജനങ്ങൾക്കായി ജനങ്ങൾ എന്നു പറയുന്നതുപോലെ പൊതുമാലിന്യ പ്രശ്നപരിഹാരം പൊതുസമൂഹത്തിലൂടെ എന്നതാണ് ഈ ക്യാമ്പയിനിലൂടെ നാം മുന്നോട്ടുവയ്‌ക്കുന്നത്.

ശുചിത്വം, മാലിന്യസംസ്കരണം എന്നിവ വായു, ജലം, ഭക്ഷണം, ആരോഗ്യം എന്നിങ്ങനെയുള്ള മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ജലാശയങ്ങളും നീർച്ചാലുകളും പുഴകളും വൃത്തിയാക്കി സംരക്ഷിക്കേണ്ടതുണ്ട്. ശരിയായ മാലിന്യസംസ്കരണം സാധ്യമല്ലാതെ വരുമ്പോൾ ഭൂഗർഭജലംപോലും മലിനമാകുമെന്നും ഇത് ശുദ്ധജലത്തിന്റെ ലഭ്യത ഇല്ലാതാക്കി രോഗവ്യാപനത്തിന് കാരണമാകുമെന്നും തിരിച്ചറിയണം. ശാസ്ത്രീയ മാലിന്യസംസ്കരണ മാർഗങ്ങൾ അവലംബിക്കുന്നതിലൂടെ മാത്രമേ മാലിന്യം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതാക്കാനാകൂ.

മാലിന്യസംസ്കരണത്തിനായി സൃഷ്ടിക്കുന്ന പൊതു ഭൗതികസൗകര്യങ്ങൾ ഫലപ്രദമായി പ്രവർത്തിപ്പിക്കാനുള്ള പിന്തുണ പൊതുസമൂഹം നൽകണം. സാങ്കേതിക മികവുള്ളതും പാരിസ്ഥിതികമായി പ്രശ്നങ്ങൾ സൃഷ്ടിക്കാത്തതുമായ മാലിന്യസംസ്കരണ യൂണിറ്റുകളായ കമ്യൂണിറ്റി കമ്പോസ്റ്റ്, കമ്യൂണിറ്റി ബയോഗ്യാസ്, എംസിഎഫ്, മിനി എംസിഎഫ്, കക്കൂസ് മാലിന്യസംസ്കരണ യൂണിറ്റ് എന്നിവയ്ക്കെതിരെ ചിലയിടങ്ങളിൽ തടസ്സങ്ങൾ ഉണ്ടാകുന്നുണ്ട്. ഇത്തരം തടസ്സങ്ങൾ സൃഷ്ടിക്കപ്പെടുന്നതിന്റെ കാരണം ബോധവൽക്കരണത്തിന്റെ അഭാവമാണ്. ഇതിനെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താനും തെറ്റിദ്ധാരണ അകറ്റാനും മുൻകൈ എടുക്കുകയാണ്. ഇത്തരം യൂണിറ്റുകൾക്കെതിരെയല്ല, മറിച്ച് മാലിന്യം ജലാശയങ്ങളിലേക്കും പൊതു ഇടങ്ങളിലേക്കും വലിച്ചെറിഞ്ഞ്‌ മാലിന്യക്കൂനകൾ സൃഷ്ടിക്കുന്നതിന് എതിരെയാണ് എതിർപ്പും പ്രതിഷേധവുമുണ്ടാകേണ്ടത്. അത്തരമൊരു ബോധ്യത്തിലേക്ക് പൊതുസമൂഹമാകെ ഉണരേണ്ടതുണ്ട്.

2016ൽ നിലവിൽവന്ന ഖരമാലിന്യ പരിപാലന ചട്ടപ്രകാരം, മാലിന്യം സൃഷ്ടിക്കുകയോ അവശേഷിപ്പിക്കുകയോ ചെയ്യുന്നവർക്ക് അത് സംസ്കരിക്കാനുള്ള ചുമതലയുണ്ട്. അതായത് നമുക്കെല്ലാവർക്കും പൊതുസമൂഹത്തിനാകെ മാലിന്യം സംസ്കരിക്കുന്നതിനുള്ള ഉത്തരവാദിത്വമുണ്ട്. ചട്ടപ്രകാരം മാലിന്യസംസ്കരണം നടത്താത്തവർക്ക് പിഴ ചുമത്താനും അവർക്കെതിരെ നിയമനടപടി സ്വീകരിക്കാനുമുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കുന്നതിൽ പൊതുസമൂഹമാകെ ജാഗ്രത കാട്ടണം.

അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന സംസ്ഥാനമാണ് കേരളം. 2035ഓടെ കേരളത്തിലെ ജനസംഖ്യയുടെ 90 ശതമാനവും നഗരജനസംഖ്യയായി മാറുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ മാലിന്യസംസ്കരണം എന്നത് നാം വളരെ ഗൗരവത്തോടെ ഏറ്റെടുക്കണം. സുസ്ഥിരവും പ്രകൃതിസൗഹൃദപരവും അതിജീവന ശേഷിയുള്ളതുമായ നവകേരളത്തിന്റെ മുഖമുദ്രകളായി ശുചിത്വവും മാലിന്യസംസ്കരണവും മാറണം. പെട്ടെന്നൊരു ദിവസംകൊണ്ട് സാധ്യമാക്കാവുന്നതല്ല ഇത്. മറിച്ച് തുടർന്നുകൊണ്ടേയിരിക്കേണ്ട പ്രവർത്തനമാണിത്.
 

കൂടുതൽ ലേഖനങ്ങൾ

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടണം

സ. പിണറായി വിജയൻ

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസാധ്യത്തെ ഇച്ഛാശക്തികൊണ്ട് സാധ്യമാക്കിയ സന്തോഷകരമായ സന്ദർഭമാണിത്. ആദ്യഘട്ടം നൽകിയത് 178 വീടാണ്. 7 സെന്റിന്റെ പട്ടയവും നൽകുന്നു.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

സ. പിണറായി വിജയൻ

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സ. പിണറായി വിജയൻ നയിക്കും

സ. എം എ ബേബി

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.