ജനപക്ഷത്ത് നിലയുറപ്പിച്ച് പൊരുതുന്ന എൽഡിഎഫ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുന്നതിന് സാമ്പത്തിക ഉപരോധമുള്‍പ്പടെയുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. കോര്‍പ്പറേറ്റ് മാധ്യമങ്ങളേയും, നവമാധ്യമങ്ങളേയും ഉപയോഗപ്പെടുത്തിയാണ് വലതുപക്ഷ ശക്തികള്‍ പാര്‍ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ ജനകീയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനുള്ള സംവിധാനങ്ങള്‍ രൂപപ്പെടുത്തുക പ്രധാനമാണ്. പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ നേരിടാന്‍ കഴിയുന്ന സംവിധാനങ്ങളുള്‍പ്പെടുത്തി സിപിഐ എം പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് തിരുവനന്തപുരത്ത് നിര്‍മ്മിക്കുകയാണ്. എകെജി പഠന ഗവേഷണ കേന്ദ്രത്തിനായി നിര്‍മ്മിച്ച എകെജി സെന്ററിലാണ് നിലവില്‍ പാര്‍ടി സംസ്ഥാന കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിച്ചുവരുന്നത്. നിലവിലുള്ള ഓഫീസ് പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കായി പൂര്‍ണ്ണമായും മാറ്റിവെക്കാനും, പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് എകെജി സെന്ററിന് എതിര്‍വശത്ത് നിര്‍മ്മിക്കുന്നതിനുമാണ് തീരുമാനിച്ചിട്ടുള്ളത്. വര്‍ത്തമാനകാല വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ കഴിയുന്ന സംവിധാനങ്ങളും, സുഗമമായ പാര്‍ടി പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സൗകര്യങ്ങളുമൊരുക്കിയാണ് സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മ്മാണം പുരോഗമിക്കുന്നത്.
സ. കോടിയേരി ബാലകൃഷ്‌ണന്‍ സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന ഘട്ടത്തില്‍ 2022 ഫെബ്രുവരി 25-നാണ് പുതിയ കെട്ടിടത്തിന് മുഖ്യമന്ത്രി സ. പിണറായി വിജയന്‍ തറക്കല്ലിട്ടത്. ഈ വര്‍ഷം അവസാനത്തോടെ കെട്ടിടം ഉദ്‌ഘാടനം ചെയ്യാനും, സംസ്ഥാന കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും പുതിയ കെട്ടിടത്തിലേക്ക് മാറ്റാനും കഴിയുമെന്നാണ് കരുതുന്നത്.
പാര്‍ടി പ്രവര്‍ത്തകരും. പൊതുജനങ്ങളും നല്‍കുന്ന സംഭാവനയാണ് സിപിഐ എമ്മിന്റെ ഏതൊരു പ്രവര്‍ത്തനത്തേയും യാഥാര്‍ത്ഥ്യമാക്കുന്നതിന് സഹായമായിട്ടുള്ളത്. ഇതിന്റെ ഭാഗമായി ജനകീയ പിന്തുണയോടെ സംസ്ഥാന കമ്മിറ്റി ഓഫീസ് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് ഒക്‌ടോബര്‍ 5, 6 തീയ്യതികളില്‍ പാര്‍ടി പ്രവര്‍ത്തകര്‍ പൊതുജനങ്ങളെ സമീപിച്ച് ഓഫീസ് നിര്‍മ്മാണത്തിനായുള്ള തുക ഹുണ്ടികയിലൂടെ സമാഹരിക്കുകയാണ്. ഫണ്ട് ശേഖരണം വിജയിപ്പിക്കുന്നതിന് ഏവരുടെയും വിലയേറിയ പങ്കാളിത്തം ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.