Skip to main content

ഉരുൾപൊട്ടൽ സഹായ നിഷേധം; മലയാളികളോട് കേന്ദ്രത്തിന് ഇത്ര വൈരാഗ്യം എന്തിന് ?

വയനാട്‌ ദുരന്തത്തിന്റെ ഇരകളുടെയും കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ സമർപ്പിച്ച സഹായ അഭ്യർത്ഥന നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിൽ കടുത്ത വിവേചനമാണ്‌ പ്രകടമാകുന്നത്. കേരളം ഇന്ത്യയിലാണ് എന്ന് കേന്ദ്രസർക്കാരിനെ ഓർമ്മിപ്പിക്കേണ്ട സാഹചര്യമാണ് ഓരോ ദിവസവും. മലയാളികളോട് ഇത്ര വൈരാഗ്യം എന്തിനാണ്?

വയനാട് ദുരന്ത ബാധിതർക്ക് സഹായം നൽകില്ലെന്ന കേന്ദ്ര നിലപാട് മലയാളികളോടുള്ള അനീതിയാണ്. തങ്ങൾക്ക് എന്ത് ധിക്കാരവും ഈ രാജ്യത്ത് കാണിക്കാമെന്ന അഹന്ത കലർന്ന സമീപനമാണ്‌ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്‌. നാനൂറോളം മനുഷ്യരുടെ ജീവൻ അപഹരിക്കുകയും നൂറിലധികം പേരെ കാണാതാവുകയും ചെയ്ത മഹാദുരന്തത്തോട്‌ കേന്ദ്രസർക്കാർ കടുത്ത നീതി നിഷേധമാണ്‌ കാട്ടുന്നത്‌. വയനാടുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറിയ ദുരന്തങ്ങൾ നടന്ന സംസ്ഥാനങ്ങൾക്ക് പോലും വലിയ തുകകൾ അനുവദിച്ചു നൽകിയപ്പോൾ കേരളത്തിന് കേന്ദ്രം നൽകിയത് വട്ടപ്പൂജ്യമാണ്.

പ്രധാനമന്ത്രി വയനാട് സന്ദർശിക്കുമ്പോൾ സഹായം പ്രഖ്യാപിക്കും എന്നായിരുന്നു ആദ്യം സംഘപരിവാർ കേന്ദ്രങ്ങൾ പ്രചരിപ്പിച്ചത്. സന്ദർശനം കഴിഞ്ഞ നാളുകൾ ഏറെയായിട്ടും ഒന്നുമുണ്ടായില്ല. കേരള ഹൈക്കോടതിക്കും ഈ വിവേചനം ബോധ്യപ്പെട്ടതിനാലാകാം സഹായ തുക എപ്പോൾ പ്രഖ്യാപിക്കുമെന്ന്‌ അറിയിക്കാൻ കേന്ദ്രത്തോട്‌ നിർദേശിച്ചത്‌. ഒടുവിൽ മാസങ്ങൾക്കു ശേഷമാണ് കേന്ദ്രസർക്കാർ അവരുടെ നിലപാട് വ്യക്തമാക്കിയത്. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ല എന്നും കേരളത്തിന് സഹായം അനുവദിക്കില്ല എന്നും ഔദ്യോഗികമായി തന്നെ അറിയിച്ചു.

രാഷ്ട്രീയമായി തങ്ങളുടെ എതിർ ചേരിയിലുള്ള സംസ്ഥാന ഗവൺമെന്റുകളോട് വിവേചനം കാണിക്കുന്ന രീതിയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്. രാജ്യത്തിന്റെ ഫെഡറൽ മൂല്യങ്ങളെ കാറ്റിൽപ്പറത്തുകയാണ്. ഏറ്റവും കൊടിയ വിവേചനം നേരിടുന്ന സംസ്ഥാനം കേരളമാണ്. രാഷ്ട്രീയമായും സാമ്പത്തികമായും കേരളത്തെ ശ്വാസംമുട്ടിക്കുക എന്ന നയം കേന്ദ്രസർക്കാർ സ്വീകരിച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുൾപ്പെടെ പിരിച്ചെടുക്കുന്ന നികുതിയുടെ അർഹതപ്പെട്ട വിഹിതം നമുക്ക് തിരികെ ലഭ്യമാക്കുന്നില്ല. നമുക്ക് ന്യായമായും ലഭിക്കേണ്ട പങ്ക് നിഷേധിക്കുന്നു.

ഈ സാഹചര്യത്തിലാണ് ന്യൂഡൽഹിയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കേരളത്തിലെ ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും സമരം സംഘടിപ്പിക്കപ്പെട്ടത്. രാജ്യത്തെ നേതാക്കന്മാരും മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സുപ്രീംകോടതിയിൽ കേരളം നേരിടുന്ന നേരിടുന്ന വിവേചനങ്ങൾ അക്കമിട്ട് നിരത്തി ഹർജി നൽകി. ഫെഡറൽ മൂല്യങ്ങൾ സംരക്ഷിക്കണമെന്ന് ആവർത്തിച്ചു പറഞ്ഞുകൊണ്ട് നടത്തിയ രാഷ്ട്രീയ പോരാട്ടം രാജ്യത്തിന്റെയാകെ ശ്രദ്ധയാകർഷിച്ചു. കേരളമുയർത്തിയ മുദ്രാവാക്യത്തിന്റെ ചുവടുപിടിച്ച് മറ്റു ചില സംസ്ഥാനങ്ങളും നികുതി വിതരണത്തിലെയും സാമ്പത്തിക ഫെഡറലിസത്തിലെയും അനീതിക്കെതിരെ ശബ്ദമുയർത്തി. ഈ പശ്ചാത്തലത്തിലും വയനാട് ദുരന്തത്തെയും രാഷ്ട്രീയക്കണ്ണോടു കൂടി സമീപിച്ച് നിസ്സാരവൽക്കരിക്കുകയാണ് കേന്ദ്ര സർക്കാർ.
 

കൂടുതൽ ലേഖനങ്ങൾ

പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടണം

സ. പിണറായി വിജയൻ

ഇസ്രയേലും അമേരിക്കയും ഇറാനെതിരെ നടത്തിയ ആക്രമണത്തേയും പ്രത്യാക്രമണത്തേയും തുടർന്ന് ഗൾഫ് മേഖലയിലാകെ രൂപപ്പെട്ടിരിക്കുന്ന സംഘർഷാവസ്ഥയിൽ വലിയ ആശങ്കയാണ് ഉയർന്നിട്ടുള്ളത്. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികൾക്ക് വേണ്ടി അടിയന്തരമായി ഇടപെടാൻ അഭ്യർത്ഥിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

ഒരു ജനതയുടെ അതിജീവന സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി മുണ്ടക്കൈ ടൗൺഷിപ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അസാധ്യത്തെ ഇച്ഛാശക്തികൊണ്ട് സാധ്യമാക്കിയ സന്തോഷകരമായ സന്ദർഭമാണിത്. ആദ്യഘട്ടം നൽകിയത് 178 വീടാണ്. 7 സെന്റിന്റെ പട്ടയവും നൽകുന്നു.

ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്

സ. പിണറായി വിജയൻ

എഹ്സാൻ ജാഫ്രിയുടെ ഓർമ്മദിനമാണ് ഇന്ന്.
ഗുജറാത്ത് വംശഹത്യയിൽ രക്തസാക്ഷിയായ എഹ്സാൻ ജാഫ്രി മതനിരപേക്ഷ ഇന്ത്യയുടെ എക്കാലത്തെയും കരുത്തുറ്റ പ്രതീകമാണ്. അഹമ്മദാബാദിലെ ഗുൽബർഗ് സൊസൈറ്റിയിൽ സംഘപരിവാർ നടത്തിയ തീവെപ്പിൽ മുൻ കോൺഗ്രസ്സ് എംപിയായ ജാഫ്രിയുൾപ്പെടെ 69 പേരായിരുന്നു വെന്തുമരിച്ചത്.

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം സ. പിണറായി വിജയൻ നയിക്കും

സ. എം എ ബേബി

കേരളത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മുഖ്യന്ത്രി സ. പിണറായി വിജയൻ നയിക്കും. സ്ഥാനാർഥി നിർണയ ചർച്ചകൾ ഉടൻ ആരംഭിക്കും. എൽഡിഎഫ് സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങൾ രാജ്യത്തിനാകെ മാതൃകയാണ്. പൊതുജനാരോഗ്യത്തിൽ എൽഡിഎഫിന്റെ ഈ നേട്ടങ്ങൾ കോൺഗ്രസിനും ബിജെപിക്കും ഉൾക്കൊള്ളാൻ കഴിയുന്നില്ല.