മതേതര ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതിയ ബാബറി മസ്ജിദ് തകർക്കലിന് ഇന്ന് 32 വർഷം തികയുന്നു. 1992 ഡിസംബർ 6ന് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ ഇരച്ചെത്തിയ കർസേവകർ മിനാരങ്ങളും ചുറ്റുമതിലുമടക്കം തകർത്ത് പള്ളിക്ക് സാരമായ കേടുപാടുകൾ വരുത്തി. ആർഎസ്സ്എസും ഹിന്ദുമഹാസഭയും നേതൃത്വം നൽകിയ തീവ്ര ഹിന്ദുത്വവാദികൾ 1949ൽ തുടങ്ങിയ ശ്രമങ്ങളാണ് അന്ന് ഫലപ്രാപ്തിയിലെത്തിയത്. ബാബറി മസ്ജിദ് പൊളിക്കുന്നതിന് മുന്നോടിയായിട്ടും അതിന് പിന്നാലെയും നടന്ന വർഗീയ സംഘർഷങ്ങളിൽ അനേകായിരങ്ങൾ കൊല്ലപ്പെട്ടു. രാമക്ഷേത്ര നിർമ്മാണത്തിന് വേണ്ടിയുള്ള സംഘപരിവാർ സമരപരിപാടിയുടെ ഫലമായിട്ടായിരുന്നു കുപ്രസിദ്ധമായ ബോംബെ കലാപങ്ങൾ ഉൾപ്പെടെയുള്ള നിരവധി കൂട്ടക്കൊലകൾ നടന്നത്. ഇന്ത്യയുടെ മതേതര സ്വഭാവം തുടർച്ചയായി തകർക്കുന്നതിൽ അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങൾക്ക് നിർണ്ണായക പങ്കുണ്ട്.
കേന്ദ്രസർക്കാരിന്റെ കുറ്റകരമായ അനാസ്ഥ മൂലമാണ് ബാബറി മസ്ജിദിന് അന്ന് വേണ്ട രീതിയിൽ സംരക്ഷണം ലഭിക്കാഞ്ഞതും കർസേവകർക്ക് പള്ളി പൊളിക്കാനുമായത്. വേണ്ട വിധത്തിൽ കേസന്വേഷിച്ച് ബാബറി മസ്ജിദ് തകർത്ത മുതിർന്ന ബിജെപി നേതാക്കളുൾപ്പെടെയുള്ള അക്രമിസംഘത്തിന് ശിക്ഷ വാങ്ങി കൊടുക്കുന്നതിലും കേന്ദ്രസർക്കാർ സംവിധാനങ്ങൾ പൂർണ്ണമായും പരാജയപ്പെട്ടു. മസ്ജിദ് തകർത്തതിനുശേഷമുള്ള മൂന്ന് പതിറ്റാണ്ടിനിടയിൽ ഇന്ത്യൻ രാഷ്‌ട്രീയത്തോടൊപ്പം സാമൂഹ്യാവസ്ഥയിലും അടിസ്ഥാന മാറ്റങ്ങൾ ഉണ്ടായി. മാധ്യമം, സിനിമ, വ്യവസായം, വാണിജ്യം, സൈന്യം, ക്രമസമാധാനം, ജുഡീഷ്യറി, വിദേശനയം എന്നുതുടങ്ങി കായിക മേഖലയെവരെ സംഘപരിവാർ രാഷ്ട്രീയം വിഴുങ്ങി. ശ്രീകൃഷ്ണ ജയന്തി, രാമനവമി, വിനായക ചതുർഥി ആഘോഷ ദിനങ്ങളിലെല്ലാം രാജ്യത്ത് ആസൂത്രിത കലാപങ്ങൾ നടന്നു.
മതം നോക്കി ഒരു വിദ്യാർഥിയെ സഹാപാഠികളെക്കൊണ്ട് അടിപ്പിച്ച യുപിയിലെ അധ്യാപിക വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിന്റെ തീക്ഷ്ണതയുടെ പ്രതീകമാണ്. അയോധ്യയിലെ രാമക്ഷേത്ര നിർമാണം, കശ്മീരിന്റെ പ്രത്യേക പദവി പിൻവലിക്കൽ എന്നീ ലക്ഷ്യങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. മഥുരയിലും കാശിയിലും പള്ളികൾ തകർത്ത് ക്ഷേത്രങ്ങൾ നിർമിക്കുന്നതിനായുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ഏകീകൃത സിവിൽ നിയമം നടപ്പിലാക്കുന്ന നടപടികളും ദ്രുതഗതിയിൽ നീങ്ങുന്നു. ഇതോടൊപ്പം മറ്റുചിലതും സംഭവിക്കുന്നുണ്ട്. രാജ്യം അടിസ്ഥാന വികസന മേഖലയിൽ അതിവേഗം താഴോട്ടുപോവുകയാണ്. ആഗോള വിശപ്പ് സൂചികയിൽ ഇന്ന് ഇന്ത്യയുടെ സ്ഥാനം 125ൽ 111 ആണ്.
ബാബറി മസ്ജിദ് പൊളിക്കുന്നതിലും രാമക്ഷേത്ര നിർമ്മാണം പ്രധാനപ്പെട്ട ഒരു രാഷ്ട്രീയ അജണ്ടയായി മാറ്റിയതിലുമുള്ള കോൺഗ്രസ്സിന്റെ പങ്ക് നാം മറന്നുകൂടാത്തതാണ്. ഒരു പ്രാദേശിക പ്രശ്നമായി തുടങ്ങിയ ബാബറി മസ്ജിദ് തർക്കത്തെ പല തവണ രാഷ്ട്രീയ നേട്ടങ്ങൾക്കായി കോൺഗ്രസ് ഉപയോഗപ്പെടുത്തി. 1949ൽ പള്ളി സംരക്ഷിക്കണമെന്ന് നിർദ്ദേശിച്ച പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്രുവിനെ അന്നത്തെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി ഗോബിന്ദ് വല്ലഭ് പന്ത് അവഗണിച്ചു. 1989ൽ രാമക്ഷേത്ര നിർമ്മാണത്തിനായുള്ള കല്ലിടലിന് അനുവാദം കൊടുത്ത പ്രധാനമന്ത്രി രാജീവ് ഗാന്ധി, ദേശീയ തെരഞ്ഞെടുപ്പിനായുള്ള കോൺഗ്രസിന്റെ പ്രചാരണപരിപാടി അയോദ്ധ്യയിൽ വച്ച് ഉദ്ഘാടനം ചെയ്തു. 1992ൽ ബാബറി മസ്ജിദ് തകർക്കുന്ന സമയത്ത് കേന്ദ്രസേനയെ പള്ളി പരിസരത്ത് വിന്യസിക്കാതെ കർസേവകർക്ക് ഒത്താശ ചെയ്ത കോൺഗ്രസ് പ്രധാനമന്ത്രി നരസിംഹ റാവുവും ഇപ്പോൾ അയോദ്ധ്യയിൽ തുടങ്ങിവച്ച രാമക്ഷേത്ര നിർമ്മാണത്തിനായി സകലവിധ സഹായങ്ങളും വാഗ്ദാനം ചെയ്യുന്ന രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ദിഗ്‌വിജയ് സിങ് ഉൾപ്പെടെയുള്ള നേതാക്കളും വർഗീയ രാഷ്ട്രീയത്തിന് കുട പിടിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തിന്റെ തുടർച്ചക്കാരാണ്.
കഴിഞ്ഞ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രധാന പ്രചാരണ വിഷയങ്ങളിലൊന്ന് രാമക്ഷേത്രമായിരുന്നു. രാമക്ഷേത്രത്തിന്റെ ക്രെഡിറ്റ് ബാബ്‌റി മസ്ജിദിന്റെ പൂട്ട് തുറന്നുകൊടുത്ത രാജീവ് ഗാന്ധിക്ക് അവകാശപ്പെട്ടതാണെന്നായിരുന്നു കമൽനാഥിന്റെ അവകാശവാദം. രാമക്ഷേത്ര നിർമാണത്തിനായി അയോധ്യയിൽ ഭൂമിപൂജ നടന്നപ്പോൾ സ്വന്തം വീട്ടിൽ സന്യാസിമാരെ വിളിച്ചുവരുത്തി കമൽനാഥ് റാം ദർബാർ സംഘടിപ്പിച്ചു. രാമക്ഷേത്ര നിർമാണത്തിനായി വെള്ളി ഇഷ്ടികകൾ അയോധ്യയിലേക്ക് അയച്ചു. കമൽനാഥിന്റെ ചുവടുപിടിച്ചാണ് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. ഇരുവരും ക്ഷേത്രങ്ങൾ കയറിയിറങ്ങി. ചന്ദനം പൂശിയും കുങ്കുമം തൊട്ടും കാവി പുതച്ചുമാണ് ജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ബീഫിന്റെ പേരിൽ രണ്ട് ചെറുപ്പക്കാരെ കൊലപ്പെടുത്തിയ വിഷയത്തിൽ ശക്തമായി ഇടപെടാൻ രാജസ്ഥാൻ ഭരിച്ചിരുന്ന അശോക് ഗെലോട്ട് സർക്കാർ തയ്യാറായിരുന്നില്ല. ഛത്തീസ്ഗഢിലെ ഭൂപേഷ് ബാഗേൽ സർക്കാരാകട്ടെ പശുസംരക്ഷണത്തിനും ചാണക ഗവേഷണത്തിനും ഊന്നൽ നൽകിക്കൊണ്ടായിരുന്നു ഭരണം നടത്തിയിരുന്നത്. മസ്ജിദ് തകർത്തതിനുശേഷം ബിജെപി ആസൂത്രിതമായി നടപ്പിലാക്കിയ ഹിന്ദുത്വ രാഷ്ട്രീയത്തെ മൃദുഹിന്ദുത്വകൊണ്ട് നേരിടാനാകില്ലെന്ന യാഥാർഥ്യം ഇന്നും കോൺഗ്രസിന് മനസ്സിലായിട്ടില്ല.
മതവിശ്വാസത്തെ രാഷ്ട്രീയവത്കരിക്കുന്നതിന്റെ അപകടങ്ങൾ മനസ്സിലാക്കുന്നതിൽ ബാബറി മസ്ജിദിന്റെ ചരിത്രത്തിനേക്കാൾ നല്ലൊരു ഉദാഹരണം വേറെയില്ല. വിഭജനത്തിന് ശേഷം ഇന്ത്യകണ്ട ഏറ്റവും വലിയ വർഗീയ ചേരിതിരിവിന് വഴിമരുന്നിട്ട ചരിത്രത്തിലെ ഏറ്റവും നൃശംസമായ സംഭവമായിരുന്നു ബാബറി മസ്ജിദ് തകർക്കൽ. ന്യൂനപക്ഷങ്ങളെ ഉത്കണ്ഠയുടെയും ഭീതിയുടെയും നിഴലിൽ നിർത്താനാണ് ഇത് കാരണമായത്. ഇന്ത്യയുടെ മതേതരത്വത്തിന് അന്നേറ്റ മുറിവിൽ നിന്നും ഇന്നും രക്തം ഒഴുകുന്നുണ്ട്. കൂടുതൽ മതപരമായ ചേരിതിരിവുകൾ സൃഷ്ടിക്കാനും മനുഷ്യർക്കിടയിൽ വെറുപ്പ് പടർത്തി പരസ്പരം ശത്രുക്കളാക്കാനും അങ്ങനെ അധികാരം നിലനിർത്താനുമുള്ള സംഘപരിവാർ ശ്രമം വിജയം കണ്ട കാലമാണിത്. തീവ്രവർഗീയതയിലധിഷ്ഠിതമായ ഒരു ഹിന്ദുത്വ രാഷ്ട്രം നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘപരിവാർ. ചരിത്രത്തിൽ നിന്ന് പാഠം ഉൾക്കൊള്ളാനോ മതനിരപേക്ഷത ഉയർത്തിപ്പിടിച്ച മനുഷ്യരെയാകെ ഒരുമിച്ചുചേർത്ത് മുന്നോട്ട് പോകാനോ കോൺഗ്രസിന് താത്പര്യവുമില്ല. ബിജെപിയുടെ ബി ടീമായി ഹിന്ദുത്വ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന തിരക്കിലാണ് കോൺഗ്രസ്.
വർഗീയതയെ ശക്തമായി ചെറുക്കുന്ന സംസ്ഥാനങ്ങളെ ഇല്ലാതാക്കുന്നതിനായുള്ള നൂതന പദ്ധതികളും സംഘപരിവാർ ആവിഷ്‌കരിക്കുന്നുണ്ട്. രാജ്ഭവനുകൾ കേന്ദ്രീകരിച്ച് സമാന്തര ഭരണം നടത്തുന്നു. ബിജെപിയെ ചെറുക്കുന്ന സംസ്ഥാനങ്ങളെ സാമ്പത്തികമായി ഞെരുക്കുക എന്നതാണ് മറ്റൊരു തന്ത്രം. ഇതിന്റെ ഏറ്റവും വലിയ ഇര കേരളമാണ്. വർഗീയതയെ പ്രതിരോധിക്കുന്നതിന് കേരളം ശിക്ഷിക്കപ്പെടുന്നു. കേരളം ഇതുവരെ നേരിടാത്ത അത്ര വ്യാപ്തിയുള്ള പ്രകൃതിദുരന്തമാണ് വയനാട്ടിലുണ്ടായത്. എന്നാൽ ലോക മനസ്സാക്ഷിയെ ഞെട്ടിച്ച ഒരു ദുരന്തമുഖത്ത് മുറിവിൽ മുളകു പുരട്ടുന്ന കേന്ദ്രസർക്കാരിനെയാണ് ഇവിടെ കാണുന്നത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം ഈ കേന്ദ്രസർക്കാർ പരിഗണിച്ചിട്ടില്ല. സഹജീവി സ്നേഹമില്ലാത്ത, വിദ്വേഷത്തിന്റെ വിത്തുമാത്രം പാകുന്ന ഈ കേരളവിരുദ്ധ ശക്തികളെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സർവോപരി മനുഷ്യത്വത്തിന്റെയും കൊടി ഉയർത്തി പുരോഗമന ജനാധിപത്യ മതനിരപേക്ഷ കേരളം അതിജീവിക്കും.