Skip to main content

ഭഗത് സിങ്ങിനെയും ഇസ്ലാമികതീവ്രവാദത്തെയും ഒരേതട്ടിൽ നിർത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയം രാജ്യത്തെ തകർക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ ശക്തികൾക്ക്‌ കരുത്തേകാനേ സഹായിക്കുകയുള്ളൂ

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പൊരുതി രക്തസാക്ഷിത്വംവരിച്ച ഭഗത് സിങ്ങിനെപ്പോലെയാണ് ഇസ്ലാമിക തീവ്രവാദികളുമെന്ന ആശയമാണ് ജമാ അത്തെ ഇസ്ലാമിയുടെ പ്രചാരണക്കാർ ഏറ്റെടുത്തിരിക്കുന്നത്. ഇതിലൂടെ ഭഗത് സിങ്ങിന്റെ പാരമ്പര്യത്തെ തെറ്റായി അവതരിപ്പിക്കുകയും ഇസ്ലാമിക തീവ്രവാദത്തിന് ആദർശപരത നൽകുകയുമാണ് ലക്ഷ്യം. ഭഗത് സിങ് മുന്നോട്ടുവച്ച ആശയത്തെയും ജമാഅത്തെ ഇസ്ലാമി മുന്നോട്ടുവയ്ക്കുന്ന മതരാഷ്ട്ര കാഴ്ചപ്പാടുകളെയും മനസ്സിലാക്കുമ്പോഴാണ് ഇതിന്റെ പൊള്ളത്തരം എത്ര അഗാധമാണെന്ന് തിരിച്ചറിയുക.

ഇരുപത്തിനാല് വയസ്സ്‌ തികയുന്നതിനു മുമ്പാണ് ബ്രിട്ടീഷ് സാമ്രാജ്യത്വം ഭഗത് സിങ്ങിന്റെ (1907-–-1931) ജീവിതം അവസാനിപ്പിച്ചത്. ആത്മസമർപ്പണവും വിജ്ഞാനദാഹവും പൊരുതാനുള്ള കരുത്തും അന്ത്യശ്വാസംവരെ ആ യുവാവ് സൂക്ഷിച്ചിരുന്നു. തൂക്കിലേറ്റുന്നതിന്‌ ഏതാനും മണിക്കൂറുകൾക്കുമുമ്പ് ഭഗത് സിങ്ങിന്റെ അഡ്വക്കേറ്റ്‌ അദ്ദേഹത്തെ സന്ദർശിക്കുന്നുണ്ട്. എത്തിയ ഉടനെ ലെനിന്റെ "ഭരണകൂടവും വിപ്ലവവും' എന്ന പുസ്തകം കൊണ്ടുവന്നോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. മനുഷ്യരെ സ്വാതന്ത്ര്യത്തിന്റെ മഹത്തായ ലോകത്തിലേക്കെത്തിക്കുന്നതിനുള്ള ഇടക്കാല അവസ്ഥയെന്ന നിലയിലാണ് തൊഴിലാളിവർഗ ഭരണകൂടത്തെ കാണുന്നത്. ലെനിന്റെ ഈ കാഴ്ചപ്പാടാണ് പുസ്തകം മുന്നോട്ടുവയ്ക്കുന്നത്. മരണത്തിലേക്ക് എടുത്തെറിയപ്പെടുമ്പോഴും മാർക്സിസത്തെ ആഴത്തിൽ അറിയാനുള്ള അഗാധമായ ആഗ്രഹമായിരുന്നു ഭഗത്‌ സിങ്ങിനെ നയിച്ചത്.

1930-ൽ ലാഹോർ ഗൂഢാലോചനക്കേസിൽ കോടതിയിൽ ഹാജരാക്കുമ്പോൾ, ലെനിന്റെ ചരമവാർഷിക ദിനത്തിൽ കമ്യൂണിസ്റ്റ് ഇന്റർനാഷണലിൽ ഉള്ള സന്ദേശം ഭഗത് സിങ് വായിക്കുകയുണ്ടായി. ‘തൊഴിലാളി വർഗത്തിന്റെ വിജയം സുനിശ്ചിതമാണ്. മുതലാളിത്തത്തിന്റെ പതനവും സാമ്രാജ്യത്വത്തിന് മരണവും'. എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം.

മതത്തേയും സാമൂഹ്യജീവിതത്തേയും സംബന്ധിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ മതവിശ്വാസിയുടേയോ യുക്തിവാദിയുടേതോ ആയിരുന്നില്ല. അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി. “എല്ലാ പരീക്ഷണങ്ങളെയും ധൈര്യപൂർവം അഭിമുഖീകരിക്കാനും എല്ലാ അപകടങ്ങളെയും പൗരുഷത്തോടെ നേരിടാനും ഐശ്വര്യത്തിലും സമ്പൽ സമൃദ്ധിയിലും തന്റെ വികാര വിസ്ഫോടനങ്ങൾക്ക് കടിഞ്ഞാണിടാനും മനുഷ്യനെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് ദൈവത്തിന് സാങ്കൽപ്പികമായ ഒരു അസ്തിത്വം നൽകിയത്'' –എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ശാസ്‌ത്രീയ ചിന്തകൾ വികസിച്ചുവരുമ്പോൾ മതത്തിന്റെ ഊന്നുവടി ആവശ്യമില്ലെന്നതുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

വിപ്ലവകാരികൾ ആയുധമേന്തിയത് എന്തിനാണെന്ന് ഭഗത് സിങ് വ്യക്തമാക്കുന്നുണ്ട്. ജനങ്ങ ളുടെ ബോധവൽക്കരണത്തിലൂടെയും സമാധാനപരമായ മാർഗത്തിലൂടെയും സോഷ്യലിസം വികസിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളെയും അവർ (സാമ്രാജ്യത്വം ഉൾപ്പെടെയുള്ള ഭരണസംവിധാനം) നിർദയം അടിച്ചമർത്തുകയാണ്. ഈ സാഹചര്യത്തിൽ തന്റെ രക്തസാക്ഷിത്വത്തിലൂടെ ഒരു ബഹുജനപ്രസ്ഥാനം രൂപപ്പെടുത്തുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഈ രക്തസാക്ഷിത്വം യുവാക്കളെ സ്വാതന്ത്ര്യപ്രസ്ഥാനത്തിലേക്ക് വലിയതോതിൽ അണിനിരത്തി. മലബാറിലെ ആദ്യത്തെ യുവജന പ്രസ്ഥാനമായ അഭിനവ ഭാരത് യുവക് സംഘം എ വി കുഞ്ഞമ്പുവിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ടത് ഭഗത് സിങ്ങിന്റെ നൗജവാൻ ഭാരത് സഭയിൽനിന്ന് ആവേശമുൾക്കൊണ്ടാണ്.

ഭഗത് സിങ് ജയിലിനകത്തുവച്ച് നാല് കൃതികൾ രചിച്ചു. ‘സോഷ്യലിസത്തിന്റെ ആശയം', ‘ആത്മകഥ', ‘ഇന്ത്യയിലെ വിപ്ലവപ്രസ്ഥാനത്തിന്റെ ചരിത്രം', "മരണത്തിന്റെ പടിവാതിക്കൽ' എന്നിവയായിരുന്നു അവ. ഈ നാല് കൈയെഴുത്ത് പ്രതികളും ജയിലിൽനിന്ന് ഒളിച്ചുകടത്തി. എന്നാൽ സർക്കാർ അക്കാലത്ത് മർദനോപാധികൾ ശക്തമാക്കിയതോടെ അത് കൈവശമുണ്ടായിരുന്ന സുഹൃത്ത് അവ കത്തിച്ചുകളഞ്ഞു. കൃതികൾ ലഭ്യമല്ലെങ്കിലും അവയുടെ തലക്കെട്ടുകൾ അദ്ദേഹത്തിന്റെ ചിന്തയുടെ ആഴങ്ങളിലേക്കാണ് വിരൽചൂണ്ടുന്നുണ്ട്.
ചരിത്രം മാറുമ്പോൾ ജനങ്ങളെ ഭിന്നിപ്പിച്ചും ഏറ്റുമുട്ടിച്ചും നിലകൊണ്ട് തീവ്രവാദികളും ഭഗത് സിങ്ങിനെപ്പോലെ മഹാവിപ്ലവകാരികളായി മാറുമെന്നാണ് ജമാഅത്തെ ഇസ്ലാമിയുടെ വക്താവിന്റെ പ്രഖ്യാപനം. സാമ്രാജ്യത്വശക്തികളെ കെട്ടുകെട്ടിച്ച് സോഷ്യലിസ്റ്റ് രാഷ്ട്രമായി ഇന്ത്യയെ മാറ്റുകയായിരുന്നു ഭഗത് സിങ്ങിന്റെ സ്വപ്നം. സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിലൂടെ ചൂഷണവും അനീതികളുമെല്ലാം അവസാനിപ്പിച്ച് എല്ലാ മതവിശ്വാസികളും വിശ്വാസമില്ലാത്തവരും സമത്വത്തോടെ ജീവിക്കുന്ന രാജ്യത്തെയാണ് അദ്ദേഹം സ്വപ്നം കണ്ടത്. അത്തരമൊരു മഹത്തായ പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിനുള്ള ആത്മത്യാഗമായിരുന്നു ഭഗത് സിങ്ങിന്റെ ജീവിതം. അതിനായുള്ള അന്വേഷണമായിരുന്നു അദ്ദേഹത്തിന്റെ പഠനങ്ങൾ. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയമല്ല, ചേർത്ത് നിർത്തി ആഹ്ലാദത്തോടെ കഴിയുന്ന ആധുനികലോകത്തെയാണ് ഭഗത് സിങ് വിഭാവനം ചെയ്തത്.

ജമാഅത്തെ ഇസ്ലാമിയും അതിന്റെ ചിന്തകരും അവർ പിന്തുണയ്ക്കുന്ന ഇസ്ലാമികതീവ്രവാദികളും ഭഗത് സിങ് വിഭാവനം ചെയ്യുന്നതുപോലെയുള്ള ആധുനിക സമൂഹത്തെ രൂപപ്പെടുത്താനും മുന്നോട്ടുകൊണ്ടുപോകാനുമല്ല ശ്രമിക്കുന്നത്. മറിച്ച് മനുഷ്യസമൂഹം പടിപടിയായി വളർത്തിക്കൊണ്ടുവന്ന സാമൂഹ്യ വികാസത്തെ ഉന്മൂലനം ചെയ്യുകയെന്ന കാഴ്ചപ്പാടാണുള്ളത്. ജമാഅത്തെ ഇസ്ലാമി സ്ഥാപകൻ മൗദൂദി ഇങ്ങനെ പറയുന്നുണ്ട്. "മുസൽമാന്മാരെ സംബന്ധിച്ചിടത്തോളം ഞാൻ ഇതാ അവരോട് തുറന്ന് പ്രസ്താവിക്കുന്നു. ആധുനിക മതനിരപേക്ഷ ജനാധിപത്യം നിങ്ങളുടെ ഇസ്ലാമിനും ഇമാനിനും കടകവിരുദ്ധമാണ്. മതരാഷ്ട്രവാദത്തിന് കീഴിൽ ജീവിക്കുന്നതാണ് മതനിരപേക്ഷ ഭരണ വ്യവസ്ഥയേക്കാൾ സന്തോഷകരമെന്ന് ഓർമപ്പെടുത്താനും മൗദൂദി മറക്കുന്നില്ല.
മൗദൂദിയുടെ കാഴ്ചപ്പാട് പ്രകാരം ഇസ്ലാമും കാഫറും രണ്ട് വർഗങ്ങളായാണ് കണ്ടിട്ടുള്ളത്. ഇവർ തമ്മിൽ സമരം നടക്കുന്നുണ്ട്. ഈ സമരത്തിൽ സമൂഹത്തെ ഇസ്ലാമികവൽക്കരിച്ച് ഇസ്ലാമികരാഷ്ട്രം സ്ഥാപിക്കുകയെന്നതാണ് മൗദൂദി ജമാഅത്തെ ഇസ്ലാമി സ്ഥാപനത്തിലൂടെ ലക്ഷ്യം വച്ചത്. ഇസ്ലാമായി ജീവിക്കണമെങ്കിൽ ആ രാഷ്ട്രം ഇസ്ലാമികരാഷ്ട്രമായി മാറണമെന്നും ജമാഅത്തെ ഇസ്ലാമി പറയുന്നു. ലോകത്തെ മുസ്ലിങ്ങളെല്ലാം ഒരു രാഷ്ട്രത്തിന്റെ ഭാഗമാണെന്ന് കാണുന്ന പാനിസ്ലാമിസമാണ് ഇവരുടെ സിദ്ധാന്തം.

എന്നാൽ കേരളത്തിൽ ബഹുഭൂരിപക്ഷം വരുന്ന സുന്നി ജനവിഭാഗമുൾപ്പെടെയുള്ളവർ മതനിരപേക്ഷ സമൂഹത്തിനകത്ത് ഇസ്ലാമായി ജീവിക്കാനാകുമെന്നും ബഹുസ്വരതയുടെ ജീവിതക്രമം അംഗീകരിച്ച് ജീവിക്കുകയാണ് വേണ്ടതെന്ന കാഴ്ചപ്പാടും മുന്നോട്ടുവയ്ക്കുന്നു. അതുകൊണ്ട് ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദം കേരളത്തിലെ മുസ്ലിംവിഭാഗം അംഗീകരിക്കുന്ന ഒന്നല്ല.

മതരാഷ്ട്രവാദം, ന്യൂനപക്ഷവിരുദ്ധത, ആധുനിക ജനാധിപത്യത്തോടുള്ള പുറന്തിരിഞ്ഞുനിൽക്കൽ, ബഹുസ്വരതയുടെ നിഷേധം, വ്യത്യസ്ത ഭാഷകളെ നിരാകരിക്കൽ തുടങ്ങിയവയെല്ലാമാണ് ജമാഅത്തെ ഇസ്ലാമിയുടെ കാഴ്ചപ്പാടുകൾ. അതായത് ബഹുസ്വര പാരമ്പര്യത്തിന്റെ എല്ലാ അടിസ്ഥാനങ്ങളിൽനിന്നും വിദൂരമാണ് ഇവരുടെ നിലപാടുകൾ. ഇസ്ലാമിക രാഷ്ട്രമെന്ന കാഴ്ചപ്പാട് മുന്നോട്ടുവയ്ക്കുമ്പോൾ ഹിന്ദുരാഷ്ട്ര മുദ്രാവാക്യക്കാർ നേരിടുന്ന പ്രശ്നങ്ങൾ ജമാഅത്തെ ഇസ്ലാമിയും നേരിടേണ്ടി വന്നു. ഏത് ഹിന്ദുവിന്റേത് എന്നതുപോലെ തന്നെ ഏത് ഇസ്ലാമിന്റേത് എന്ന പ്രശ്നവും ഉയർന്നുവരുന്നു. സുന്നി, ഷിയ തുടങ്ങിയ വൈവിധ്യങ്ങളിൽ ഏതിനെയാണ് പിൻപറ്റുകയെന്നതും മുസ്ലിം മതരാഷ്ട്രവാദത്തിന്റെ അശാസ്ത്രീയതയെ വ്യക്തമാക്കുന്നു. ലോകത്തിലെ മുസ്ലിങ്ങൾ ഒറ്റ രാഷ്ട്രമെന്ന പാനിസ്ലാമിസത്തിനു പകരം ഒരു രാജ്യത്തെ സമാനസംസ്കാരവും ജീവിതവുമെല്ലാമുള്ള ഇസ്ലാം മതവിശ്വാസികൾ ഒറ്റരാഷ്ട്രമെന്ന കാഴ്ചപ്പാടാണ് മുഹമ്മദലി ജിന്നയ്‌ക്കുണ്ടായിരുന്നത്. ഈ വൈരുധ്യമാണ് ജിന്നയും മൗദൂദിയും തമ്മിലുള്ള വൈരുധ്യമായി വികസിച്ചത്‌.
ജനാധിപത്യത്തിന്റെ മറയുപയോഗിച്ച് മതരാഷ്ട്രവാദത്തിലേക്ക് രാജ്യത്തെയെത്തിക്കാനുള്ള പദ്ധതികളാണ് ജമാഅത്തെ ഇസ്ലാമി രാജ്യത്ത് ആസൂത്രണം ചെയ്യുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ ദളിത് സ്നേഹം ഇതിന്റെ ഭാഗമാണ്. പരിസ്ഥിതി സ്നേഹം ജനങ്ങളിൽ ഇടപെടുന്നതിനുള്ള വഴിയാണ് ഇവർക്ക്. സ്വത്വരാഷ്ട്രീയത്തിനും സ്വത്വരാഷ്ട്രീയവാദക്കാർക്കും ജമാഅത്തെ ഇസ്ലാമിയുടെ പ്രസിദ്ധീകരണങ്ങൾ നൽകുന്ന പ്രോത്സാഹനത്തിൽ ഇത്തരമൊരു താൽപ്പര്യംകൂടിയുണ്ട്.

ജമാഅത്തെ ഇസ്ലാമിയുടെ മതരാഷ്ട്രവാദത്തെ അതിശക്തമായാണ് ദേശീയതലത്തിൽതന്നെ മുസ്ലിം ജനവിഭാഗങ്ങൾ എതിർത്തത്. അതിന്റെ മുഖ്യവക്താക്കളിലൊരാളായിരുന്നു മൗലാനാ അബുൾകലാം ആസാദ്. സുന്നിവിശ്വാസത്തിന് അടിസ്ഥാനമായി നിലകൊള്ളുന്ന സൂഫിസം അത്തരത്തിലുള്ള മറ്റൊരു ധാരയായിരുന്നു. ആഗ്രഹനിഗ്രഹമാണ് സൂഫികൾ മുന്നോട്ടുവച്ചത്. ലളിതമായ ജീവിതവും മനുഷ്യസ്നേഹവും അതിലെ സജീവധാരയായിരുന്നു. ഇതര മതസ്ഥരേയും അവരുടെ ആചാരാനുഷ്ഠാനങ്ങളേയും തുല്യപ്രാധാന്യത്തോടെ സൂഫിസം വീക്ഷിച്ചു.

ദൈവമെന്നത് സ്നേഹമാണെന്നും ദൈവ സാക്ഷാൽക്കാരത്തിന് ജനങ്ങളെ സ്നേഹിക്കുകയാണ് വേണ്ടതെന്നും സൂഫിസം ഓർമപ്പെടുത്തുന്നു. വാളല്ല, വാക്കും പ്രബോധനവും സ്നേഹവുമാണ് അതിന്റെ മുഖമുദ്ര. വൈവിധ്യമാർന്ന ജീവിതത്തെയും സംസ്കാരത്തെയും ഉൾക്കൊള്ളുന്നതാണ് സൂഫിപാരമ്പര്യം. പാനിസ്ലാമിസത്തിൽനിന്ന് വ്യത്യസ്തമായി പ്രാദേശിക സവിശേഷതകളെ സൂഫിസം ഉൾക്കൊള്ളുന്നു. മതത്തെ രാഷ്ട്രീയാധികാരവുമായി ബന്ധിപ്പിക്കുന്നതിനെ അത് എതിർക്കുന്നു. മതനിഷ്ഠകളോടെ മതനിരപേക്ഷ രാഷ്ട്രത്തിനകത്ത് ജീവിക്കാമെന്ന സമീപനം മുന്നോട്ടുവയ്‌ക്കുന്നു. ജമാഅത്തെ ഇസ്‌ലാമിയെ വിമർശിക്കുന്നത് ഇസ്ലാം മതത്തിനെതിരെയുള്ള ആക്രമണമാണ് എന്ന വാദം എത്ര നിരത്ഥകമാണെന്ന് ഇത് വ്യക്തമാക്കുന്നു.
മതരാഷ്ട്ര വാദത്തിന്റെ അധികാര താൽപ്പര്യങ്ങളല്ല സ്നേഹത്തിന്റെ തെളിനീർ സൃഷ്ടിക്കുന്ന സൂഫി പാരമ്പര്യം നമ്മുടെ നാടിന്റെ സംസ്കാരത്തിൽ സജീവധാരയായി നിലനിൽക്കുന്നുണ്ട്. നവോത്ഥാനത്തിന്റെ ആശയസംഹിതകളും ഇതുമായി ചേർന്ന് നിൽക്കുന്നു. മതരാഷ്ട്രവാദത്തേയും തീവ്രവാദത്തേയും പ്രതിരോധിക്കുന്ന ആശയധാരയായി നമ്മുടെ അന്തരീക്ഷത്തിൽ ഇവയെല്ലാമുണ്ട്. മതനിരപേക്ഷ സംസ്കാരവും തൊഴിലാളിവർഗ രാഷ്ട്രീയവും ഇത്തരമൊരു കാഴ്ചപ്പാടിന് കരുത്തായി വർത്തിക്കുന്നു.

ഭഗത് സിങ്ങിനെയും ഇസ്ലാമികതീവ്രവാദത്തെയും ഒരേതട്ടിൽ നിർത്തുന്ന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയം രാജ്യത്തെ തകർക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ ശക്തികൾക്ക്‌ കരുത്തേകാനേ സഹായിക്കുകയുള്ളൂ. ഇന്ത്യൻ സ്വാതന്ത്ര്യപ്രസ്ഥാനത്തെ അനിസ്ലാമികമായി കണ്ട് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയവും സ്വാതന്ത്ര്യത്തിനായി ജീവൻ ബലികഴിച്ച ഭഗത് സിങ്ങിന്റെ രാഷ്ട്രീയവും പരസ്പരവിരുദ്ധമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. സൂക്ഷ്മതലത്തിലും വ്യാപിക്കുന്ന മതരാഷ്ട്രവാദികളുടെ ആശയങ്ങളെ പരാജയപ്പെടുത്താനുള്ള കനത്ത ജാഗ്രതയാണ് കാലം ആവശ്യപ്പെടുന്നത്.
 

കൂടുതൽ ലേഖനങ്ങൾ

സിപിഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ "സന്ധിയില്ലാത്ത സമരകാലം" സ. എം എ ബേബി ഉദ്ഘാടനം ചെയ്തു

സിപിഐ എം മലപ്പുറം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാർ "സന്ധിയില്ലാത്ത സമരകാലം" പാർടി പോളിറ്റ് ബ്യൂറോ അംഗം സ. എം എ ബേബി ഉദ്ഘാടനം ചെയ്തു. പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. വിജു കൃഷ്ണൻ, മന്ത്രി ശ്രീ. വി അബ്ദുറഹ്മാൻ, സ. സി കെ ശശീന്ദ്രൻ, സ. എം ഷാജർ എന്നിവർ സംസാരിച്ചു.

മാർക്‌സ്‌ തുടങ്ങിയ പഠനവും പ്രവർത്തനവും കണ്ണിമുറിയാതെ തുടരുക എന്നതാണ് പുതിയ കാലത്തിന്റെ പ്രധാന കടമ

സ. എം എ ബേബി

മാർക്‌സ്‌ തുടങ്ങിയ പഠനവും പ്രവർത്തനവും കണ്ണിമുറിയാതെ തുടരുകയാണ്‌ പുതിയ കാലത്തിന്റെ പ്രധാന കടമ. വർത്തമാനകാലത്തെ മാർക്‌സിസം പഠിക്കാൻ മാർക്‌സിസത്തിന്റെ ചരിത്രം നന്നായി മനസ്സിലാക്കണം. ഭാവിയിൽ സമൂഹം എങ്ങനെയായിരിക്കുമെന്ന് മാർക്‌സും എംഗൽസും പറഞ്ഞിട്ടില്ല. അവർ അവരുടെ കാലത്തെ വ്യാഖ്യാനിച്ചു.

സംഘപരിവാറിന്റെ കേരളവിരുദ്ധ രാഷ്ട്രീയ അജണ്ടകളെ ജനങ്ങൾ പ്രതിരോധിക്കും

സ. എം സ്വരാജ്

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയെ തകർത്തുകൊണ്ട്, സംഘപരിവാർ തിട്ടൂരം നടപ്പാക്കാനുള്ള ധൃതിപിടിച്ച പദ്ധതികളാണ് ചാൻസിലർ പദവിയുള്ള ഗവർണറും അദ്ദേഹത്തിന്റെ നോമിനികളായ വൈസ് ചാൻസിലർമാരും സർവ്വകലാശാലകളിൽ നടപ്പാക്കാൻ ശ്രമിക്കുന്നത്.

ഭരണഘടനാശിൽപിയായ ഡോ. ബി ആർ അംബേദ്‌കറോട്‌ സംഘപരിവാർ തുടക്കംമുതൽ പുലർത്തുന്ന അസഹിഷ്‌ണുതയാണ്‌ പാർലമെന്റിൽ ആഭ്യന്തരമന്ത്രി അമിത്‌ഷായുടെ വാക്കുകളിലൂടെ പുറത്തുവന്നത്

സ. കെ രാധാകൃഷ്‌ണൻ എംപി

ഭരണഘടനാശിൽപിയായ ഡോ. ബി ആർ അംബേദ്‌കറോട്‌ സംഘപരിവാർ തുടക്കംമുതൽ പുലർത്തുന്ന അസഹിഷ്‌ണുതയാണ്‌ പാർലമെന്റിൽ ആഭ്യന്തരമന്ത്രി അമിത്‌ഷായുടെ വാക്കുകളിലൂടെ പുറത്തുവന്നത്. മതവാദവും മനുവാദവും ഭരണഘടനയിൽ ഉൾപ്പെടുത്തണമെന്ന്‌ സംഘപരിവാറിന്‌ താൽപര്യം ഉണ്ടായിരുന്നു; അംബേദ്‌കറാകട്ടെ മനുസ്‌മൃതി കത്തിച്ച ആളും.