ഒരു ആലങ്കാരിക പദവി ജനാധിപത്യത്തിന് അമിതഭാരമായി മാറുന്നത് എങ്ങനെയെന്ന് തെളിയിച്ച ശേഷമാണ് കേരള രാജ്ഭവനിൽനിന്ന് ആരിഫ് മൊഹമ്മദ് ഖാൻ പടിയിറങ്ങുന്നത്. ഒരു സവിശേഷ അധികാരങ്ങളുമില്ലാത്ത പദവിയാണ് ഗവർണറുടേതെന്ന് സ്ഥിരീകരിച്ചത് ഡോ. ബി ആർ അംബേദ്കറാണ്. ഗവർണർക്കുള്ളത് ചില ചുമതലകൾ മാത്രമാണെന്നും ഭരണഘടനാ നിർമാണസഭയിൽ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അധികാരങ്ങളൊന്നുമില്ലാത്ത അലങ്കാരപദവി ആയതിനാൽ ഗവർണറെ തെരഞ്ഞെടുക്കേണ്ട ആവശ്യമില്ലെന്ന നിലപാടാണ് ഭരണഘടനാ നിർമാണസഭ കൈക്കൊണ്ടത്. ഭരണത്തിന്റെ തലപ്പത്തുള്ള പാർടിയുടെ ഒരു രണ്ടാംകിട നേതാവിനെ ഇത്തരം ഒരു സ്ഥാനത്തിരുത്തുന്നതിന് തെരഞ്ഞെടുപ്പിന്റെ ആവശ്യമില്ലെന്ന് കെ എം മുൻഷിയും പറഞ്ഞുവച്ചു. സവിശേഷ അധികാരങ്ങളോ കാര്യമായ ജോലിഭാരമോ ഇല്ലാത്തതിനാൽ ഒരാൾക്കുതന്നെ രണ്ടോ അതിലധികമോ സംസ്ഥാനങ്ങളുടെ ഗവർണറായി പ്രവർത്തിക്കുന്നതിന് തടസ്സവുമില്ല.
മുഖ്യമന്ത്രിയുടെയും മന്ത്രിസഭാംഗങ്ങളുടെയും ഉപദേശമനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. ഇത് ഭരണഘടനാപരമായ പൊതുതത്വമാണ്. നിയമനിർമാണ സഭയിലെ അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഗവർണറാകട്ടെ കേന്ദ്രം നിയമിക്കുന്നയാളും. ജനാധിപത്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട നിയമനിർമാണ സഭകൾക്കാണ് പ്രാമുഖ്യമെന്നത് പ്രത്യേകം പറയേണ്ടതില്ല. തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനം തടസ്സപ്പെടുത്താൻ ഗവർണർമാരെ ഉപയോഗിക്കുകയെന്ന ഹീനതന്ത്രമാണ് ആർഎസ്എസ് പയറ്റുന്നത്. ഭരണഘടനയെയും ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വങ്ങളെയും മാനിക്കാത്തവരാണ് തങ്ങളെന്ന് ആർഎസ്എസ് മുമ്പേ പ്രഖ്യാപിച്ചിട്ടുള്ളതാണ്. ആജ്ഞാനുവർത്തികളെ ഗവർണർപദവിയിൽ കുടിയിരുത്തി രാഷ്ട്രീയവിയോജിപ്പുള്ള സംസ്ഥാന സർക്കാരുകളെ പ്രതിസന്ധിയിലാക്കുന്ന അൽപ്പത്തമാണ് സംഘപരിവാർ തുടരുന്നത്.
വിവിധ സംസ്ഥാനങ്ങളിൽ ഗവർണർരാജ് നടപ്പാക്കാനുള്ള ആർഎസ്എസ് നീക്കം നിയമനിർമാണ സഭകളുടെ ജനാധിപത്യപരമായ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കി. നിയമസഭ ചർച്ചചെയ്ത് അംഗീകരിച്ച ബില്ലുകളിൽ ഒപ്പിടുകയോ തിരിച്ചയക്കുകയോ ചെയ്യാതെ പൂഴ്‌ത്തി വയ്‌ക്കുന്ന നെറികേടിനെതിരെ സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയെ സമീപിക്കേണ്ടിവന്നു. ആർഎസ്എസ് ചട്ടുകമായ ഗവർണർമാർക്ക് ഉന്നതനീതിപീഠത്തിൽനിന്ന് പ്രഹരമേറ്റു. ഇല്ലാത്ത അധികാരം പ്രയോഗിക്കാൻ ശ്രമിച്ച് ഇളിഭ്യനായ കേരള ഗവർണർ പക്ഷേ ആർഎസ്എസിന്റെ ദാസ്യവേല തുടർന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ തവണ കാലുമാറിയ രാഷ്ട്രീയക്കാരനെന്ന ദുഷ്‌പേരുള്ള ആരിഫ് മൊഹമ്മദ് ഖാൻ ഒടുവിൽ ചെന്നുചേർന്ന കൂടാരമാണ് ഇപ്പോഴത്തേത്. ഒടുവിലെത്തിയ കാലുമാറ്റക്കാരന് വിശ്വാസം നേടിയെടുക്കാൻ അമിതവിധേയത്വം പ്രകടിപ്പിക്കേണ്ടി വരുമെന്ന് അദ്ദേഹത്തിന് നന്നായറിയാം. അതിനാൽ സംഘപരിവാറിന്റെ ദത്തുപുത്രനായി സ്വയം മാറിയ ആരിഫ് മൊഹമ്മദ് ഖാൻ കേരള ഗവർണറായിരുന്ന കാലമത്രയും രാഷ്ട്രീയ യജമാനന്മാർക്കായി ദാസ്യവേല ചെയ്തു. വിനീതവിധേയനായ സംഘപരിവാർ ഭൃത്യനായി ഓച്ചാനിച്ചുനിന്നു. പൊതുമര്യാദകളുടെയും കീഴ്‌വഴക്കങ്ങളുടെയും നല്ലപാഠങ്ങൾ മാത്രമല്ല, ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങൾവരെ ലംഘിക്കപ്പെട്ടു. താനൊരു മഹാമേരുവാണെന്ന ഭാവത്തിൽ സദാ ആക്രോശിച്ചുകൊണ്ട് ഉറുമ്പിനേക്കാൾ ചെറുതായി.
ഗവർണറുടെ പരിമിതാധികാരത്തെയും ചുമതലകളെയും കുറിച്ചുള്ള അജ്ഞത അദ്ദേഹത്തെ നിരന്തരം പരിഹാസ്യനാക്കി. ഒരിക്കൽ ധനമന്ത്രി കെ എൻ ബാലഗോപാലിൽ തനിക്ക് ‘പ്രീതി നഷ്ടപ്പെട്ടു' വെന്നും മന്ത്രിസഭയിൽനിന്ന് ഒഴിവാക്കണമെന്നും പരസ്യമായി ആവശ്യം ഉന്നയിച്ചു. വാശിപിടിച്ചു. ഒരു മന്ത്രിയെ തനിക്ക് ഇഷ്ടമില്ലെങ്കിൽ ഉടനടി പുറത്താക്കാമെന്ന അബദ്ധധാരണ ഒട്ടൊന്നുമല്ല അദ്ദേഹത്തെ അപഹാസ്യനാക്കിയത്. മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ഗവർണറാണ്. എന്നാൽ, ഗവർണറുടെ താൽപ്പര്യമനുസരിച്ചല്ല, മറിച്ച് മുഖ്യമന്ത്രി കൊടുക്കുന്ന പട്ടികപ്രകാരമുള്ള നിയമസഭാംഗങ്ങൾക്കാണ് സത്യവാചകം ചൊല്ലിക്കൊടുക്കേണ്ടത്. അതായത് മുഖ്യമന്ത്രി പറയുന്നത് അനുസരിച്ച് ആ ജോലി ചെയ്യാനാണ് ഗവർണറെ നിയോഗിച്ചിരിക്കുന്നത് എന്ന് ചുരുക്കം. ആരിഫ് മൊഹമ്മദ് ഖാന്റെ അന്ധമായ ആർഎസ്എസ് വിധേയത്വം ഭരണഘടനാ വിരുദ്ധമായ സമീപനങ്ങളുടെ തടവുകാരനായി അദ്ദേഹത്തെ മാറ്റി.
സംഘപരിവാറിന്റെ വർഗീയ വിഭജനരാഷ്ട്രീയത്തെ അതിർത്തിക്കപ്പുറത്ത് നിർത്തിയ കേരളത്തോടും ഇടതുപക്ഷത്തോടുമുള്ള പക ഗവർണറുടെ ഓരോ വാക്കിലും തുളുമ്പി. സിപിഐ എമ്മിനെ എതിർത്ത് ഒരിക്കൽ അദ്ദേഹം ഉയർത്തിയ വിമർശം ‘വൈദേശിക ആശയങ്ങൾ ഉയർത്തിപ്പിടിക്കുന്നവർ' എന്നായിരുന്നു. കമ്യൂണിസവും സോഷ്യലിസവുമൊക്കെ വൈദേശികമാണെന്നും തനി ഭാരതീയമല്ലാത്തതിനാൽ കമ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യണമെന്നും ആദ്യം പറഞ്ഞത് ആർഎസ്എസ് ആണ്. ഗവർണർ ആർഎസ്എസിന്റെ നാവായപ്പോൾ മറന്നത് ഭരണഘടനയെത്തന്നെയാണ്. ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടന ഇന്ത്യയുടേതാണ്. ലോകംകണ്ട ഭരണഘടനാ വിദഗ്ധനായ ഐവർ ജെന്നിങ്സ് ഇക്കാര്യം ചൂണ്ടിക്കാട്ടി വിമർശമുന്നയിച്ചിട്ടുണ്ട്. ഇന്ത്യൻ ഭരണഘടന വലുതായതിന്റെ ഒരുകാരണം മറ്റുരാജ്യങ്ങളുടെ ഭരണഘടനകളിൽനിന്ന് നമുക്ക് സ്വീകാര്യമായതെല്ലാം സ്വാംശീകരിച്ചതുകൊണ്ടുകൂടിയാണ്. യുഎസ്എസ്ആർ, അമേരിക്ക, ഫ്രാൻസ് തുടങ്ങി നിരവധി രാജ്യങ്ങളുടെ ഭരണഘടനകളും ബ്രിട്ടനിലെ കീഴ്‌വഴക്കങ്ങളും ഇന്ത്യൻ ഭരണഘടനയെ സ്വാധീനിച്ചിട്ടുണ്ട്. അതായത് ഇന്ത്യൻ ഭരണഘടന ആ അർഥത്തിൽ ഭാരതീയമല്ല എന്ന് സാരം! ആദാനപ്രദാനങ്ങളുടെ സാർവദേശീയ സംസ്‌കാരം ആർഎസ്എസിന് അന്യമായതിനാൽ ഭരണഘടനയെയും അവർക്ക് അംഗീകരിക്കാനായില്ല. ജനാധിപത്യം എന്ന ആശയംപോലും വൈദേശികമാണെന്ന് അബദ്ധങ്ങൾ തട്ടിവിടുമ്പോൾ ഗവർണർ ഓർത്തില്ല. എന്തിന് ഗവർണർ എന്ന പദവിയും ആ പദവും വൈദേശികമാണെന്നു ചിന്തിക്കാനുള്ള വിവേകവും അദ്ദേഹത്തിനുണ്ടായില്ല. ആർഎസ്എസ് മനുഷ്യത്വത്തെ മാത്രമല്ല വിവേകത്തെയും ഇല്ലാതാക്കും.
ഉന്നതമായ കാഴ്‌ചപ്പാടിന്റെ ഭാഗമായി കേരള നിയമസഭ സൗമനസ്യത്തോടെ നൽകിയ സർവകലാശാലാ ചാൻസലർ പദവിയും നീചമായി ദുരുപയോഗിക്കാൻ ഗവർണർ മടിച്ചില്ല. നാളിതുവരെ സംസ്ഥാനത്തെ ഒരു സർവകലാശാലാ സെനറ്റിലും വിദ്യാർഥികൾ സംഘപരിവാറിനെ തെരഞ്ഞെടുത്തിട്ടില്ല. ആദ്യമായി സർവകലാശാലാ സെനറ്റിലെ വിദ്യാർഥിപ്രതിനിധികൾക്കിടയിൽ ആർഎസ്എസ് പട്ടികയിലുള്ളവരെ തിരുകിക്കയറ്റാനാണ് ഗവർണർ ശ്രമിച്ചത്. വിദ്യാഭ്യാസ, കലാ–-കായിക രംഗങ്ങളിലെ സവിശേഷപ്രതിഭകളെ നാമനിർദേശം ചെയ്യാനുള്ള ഗവർണറുടെ അവകാശമാണ് ആർഎസ്എസ് ശാഖയിൽ അടിയറവച്ചത്. കൊലക്കേസ് പ്രതികൾ ഉൾപ്പെടെയുള്ളവരെയാണ് ഇത്തരത്തിൽ പിൻവാതിലിലൂടെ തിരുകിക്കയറ്റാൻ ഗവർണർ നിർദേശിച്ചത്.