തീവ്ര വലതുപക്ഷത്തിന്റെ ആപൽക്കരമായ വളർച്ചയ്‌ക്കിടയിലും ലോകത്ത് പലയിടങ്ങളിലും ഉണ്ടാകുന്ന പുരോഗമന ശക്തികളുടെ മുന്നേറ്റം പ്രധാനമാണ്. പുരോഗമനപ്രസ്ഥാനങ്ങൾക്ക് അനുകൂലമായ ജനകീയ മുന്നേറ്റങ്ങൾ നാടകീയമായി വിജയിക്കാനുള്ള സാധ്യതകൾ പ്രത്യേക സാഹചര്യങ്ങളിൽ രൂപപ്പെടാം. അതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് ശ്രീലങ്ക. ജനതാ വിമുക്തി പെരമുന അവിടെ പ്രസിഡന്റ്–പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ മികച്ച വിജയം കൈവരിച്ചു. നേപ്പാളിൽ കമ്യൂണിസ്റ്റ് പ്രധാനമന്ത്രിയാണ്.
തമിഴ്‌നാട്ടിൽ ഡിഎംകെ ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള സമീപനമാണ് തമിഴ്‌നാട് സർക്കാരിനോട് സിപിഐ എം പിന്തുടരുന്നത്. വിശാല വർഗീയ വിരുദ്ധ സമരവേദി വളർത്തി എടുക്കുന്നതിൽ തമിഴ്‌നാട്ടിൽ നല്ല പുരോഗതിയുണ്ട്. എന്നാൽ ഇടതുപക്ഷം ഇനിയും കൂടുതൽ ശക്തിപ്രാപിച്ചാലേ യഥാർഥ ബദൽ സമ്പത്തികനയങ്ങൾ വികസിപ്പിക്കാനാകൂ. സിപിഐ എമ്മിന്റെ സ്വതന്ത്ര ശക്തി വർധിപ്പിച്ചാൽ മാത്രമേ വർഗീയ ബിജെപിക്ക് എതിരായ രാഷ്ട്രീയ സമരത്തിനു ദിശാബോധം നൽകാൻ കഴിയുകയുള്ളു.