കോൺഗ്രസ് നേതാവായ അച്ഛനും മകനുംആത്മഹത്യചെയ്തതിന്റെ കാരണം കത്തിലൂടെ എഴുതി അറിയിച്ചിട്ടും ആ കത്ത് തുറന്നു പോലും നോക്കിയില്ല എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞിരിക്കുകയാണ്. ഇതിലും വലിയ നിരുത്തരവാദിത്വം വേറെ എന്തുണ്ട് ?കണ്ണൂർ മണ്ഡലത്തിലെ പാവപ്പെട്ട ജനങ്ങൾ നൽകുന്ന നിവേദനങ്ങളുടെ സ്ഥിതിയും ഇതു തന്നെയായിരിക്കില്ലേ? 2021 ൽ കോൺഗ്രസ് നേതാവായ എൻ എൻ വിജയൻ അയച്ച കത്ത് വായിച്ച് കൃത്യമായ നിലപാട് സ്വീകരിച്ചിരുന്നെങ്കിൽ നിസ്സഹായരായ ആ അച്ഛനും മകനും ജീവനൊടുക്കുന്നതിൽ നിന്ന് അവരെ രക്ഷിക്കാമായിരുന്നില്ലേ. വിജയൻ എഴുതിവെച്ച കത്തിൽ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്‌ണന്റെ പേരിലും ആരോപണമുന്നയിച്ചിരിക്കുകയാണ്. ഗുരുതരമായ കുറ്റകൃത്യം എംഎൽഎയുൾപ്പടെ നടത്തിയിരിക്കുന്നു എന്ന് എഴുതിവെച്ച് മകനെയും കൂട്ടി ആത്മഹത്യ ചെയ്ത കോൺഗ്രസ് നേതാവിൻ്റെ കുടുംബത്തെ ആശ്വസിപ്പിക്കാൻ ഒറ്റ കോൺഗ്രസ് നേതാവുമില്ലെന്നോ?
സിപിഐ എമ്മിന് നേരെ പടവാളുയർത്തിയ ചില മാധ്യമ വിശാരദന്മാരുടെ വിചാരണകൾ നടക്കാത്തതെന്ത് ? നിരാലംബരും ദുഃഖാർത്തരുമായ വിജയൻ്റെ കുടുംബത്തെ ആശ്വസിച്ചിക്കാൻ വീട്ടിലെത്തേണ്ട എംപി പ്രിയങ്കാ ഗാന്ധി അവിടെ എത്തിയിട്ടില്ല. എംപിയെ അങ്ങനെയിങ്ങനെയൊന്നും പ്രതീക്ഷിക്കേണ്ടതുമില്ല. വയനാട്ടിലെ ജനങ്ങളുടെ ദുർവിധി എന്നല്ലാതെ എന്തു പറയാൻ. എംഎൽഎക്ക് ഇനി ഒരു നിമിഷം പോലും ആ സ്ഥാനത്ത് തുടരാൻ അർഹതയില്ല എത്രയും വേഗത്തിൽ രാജിവെക്കുക എന്നതാണ് മാന്യത. എംപിക്കും കുടുംബം കത്ത് നൽകിയിട്ടുണ്ട് എന്ന് അറിയുന്നു. എന്താണവരുടെ ജനങ്ങളോടുള്ള പ്രതിബദ്ധത? സ്വന്തം സഹപ്രവർത്തകരോട് പോലും ഈ സമീപനമാണെങ്കിൽ സാധാരണജനത്തോട് എന്തായിരിക്കും മനോഭാവം? രണ്ടു വിലപ്പെട്ട ജീവനുകൾ നഷ്ടപ്പെട്ടിട്ടും ഒന്ന് സാന്ത്വനിപ്പിക്കാൻ പോലും വരാത്ത ഒരു ജനപ്രതിനിധിക്ക് ആസ്ഥാനത്ത് തുടരാൻ ധാർമ്മികമായി ഒരു അവകാശവുമില്ല.