Skip to main content

സോഷ്യലിസ്റ്റ് ആശയങ്ങളെ പ്രതിരോധിക്കാനാണ് അമേരിക്ക ഇസ്ലാമിക ഭീകരവാദത്തെ ലോകത്ത് രൂപപ്പെടുത്തിയത്

മധ്യേഷ്യയിൽ മതനിരപേക്ഷ നിലപാട് സ്വീകരിച്ച സർക്കാരുകളെ അട്ടിമറിക്കുകയെന്നതാണ് അമേരിക്കൻ നയം. അഫ്ഗാനിസ്ഥാനിൽ തുടങ്ങി ഇറാഖിലേക്കും ലിബിയയിലേക്കുമെത്തിയ ആ ഇടപെടൽ സിറിയയിലേക്കും വ്യാപിച്ചിരിക്കുകയാണ്. അസദ് സർക്കാരിന്റെ പതനവും ജൊലാനിയുടെ എച്ച്ടിഎസ്‌ അധികാരത്തിലേറിയതും അതിലേക്കാണ് വിരൽചൂണ്ടുന്നത്.

85 ശതമാനത്തോളം മുസ്ലിങ്ങളും ക്രൈസ്‌തവസഭകളുടെ ആസ്ഥാനങ്ങളും സ്ഥാപനങ്ങളും ജനങ്ങളും ഉൾക്കൊള്ളുന്ന പ്രദേശമാണിത്. സ്വന്തമായ ഭാഷയും സംസ്കാരവുമുള്ള കുർദ്‌ ജനതയും സിറിയയുടെ സവിശേഷതകളാണ്. തദ്ദേശ നിവാസികളായ ബുദ്ധുക്കളും ഇവിടെയുണ്ട്. വിവിധ മതങ്ങളിൽ വിശ്വസിക്കുമ്പോഴും അറബ് ഭാഷ ഉയർത്തുന്ന ദേശീയബോധത്തിന്റെ അടിസ്ഥാനത്തിൽ യോജിച്ചുനിന്ന് മുന്നോട്ടുപോകുന്ന രീതിയാണവർ സ്വീകരിച്ചിരുന്നത്. ദമാസ്കസും അലെപ്പോയും ജസീറയുമെല്ലാം അടങ്ങുന്ന വ്യത്യസ്ത പ്രവിശ്യകളും സിറിയയുടെ സവിശേഷതയാണ്.

1831-ൽ ഇബ്രാഹിം സിറിയയിൽ അധികാരമേറ്റതോടെ സിറിയൻ ദേശീയത വളർത്തിക്കൊണ്ടുവരാനുള്ള നിലപാടുകൾ ശക്തമാക്കി. ആധുനിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിച്ച് സിറിയൻമേഖല അറബ് ദേശീയ പ്രസ്ഥാനങ്ങളുടെയും സാഹിത്യങ്ങളുടെയും സംഗമഭൂമിയാക്കി വളർത്തിയെടുത്തു. ഒന്നാം ലോക യുദ്ധത്തിനുശേഷമുണ്ടായ വേഴ്സായ് സമാധാന സന്ദേശത്തിൽ അറബ് ജനതയ്ക്കുവേണ്ടി സംസാരിച്ചത് സിറിയയിലെ ഭരണാധികാരികളായിരുന്നു. അങ്ങനെ അറബ് ജനതയുടെ ദേശീയബോധത്തിന്റെ കേന്ദ്രമായിരുന്നു സിറിയ.

ഒന്നാംലോക യുദ്ധത്തോടെ ഫ്രാൻസിന്റെ അധികാരത്തിലേക്ക് ഈ നാട് എത്തിച്ചേർന്നു. തദ്ദേശീയരായ അറബികളുടെ ശക്തമായ ചെറുത്തുനിൽപ്പ് ഫ്രാൻസിന് നേരിടേണ്ടിവന്നു. ഇതിനെ മറികടക്കാൻ വംശീയവും പ്രാദേശികവുമായ ഭിന്നതകൾ വളർത്തിയെടുക്കാനുള്ള ഇടപെടലാണ് ഫ്രാൻസ് നടത്തിയത്. എന്നാൽ, അതിനെയെല്ലാം അതിജീവിച്ച് സിറിയയിലെ സ്വാതന്ത്ര്യ പോരാട്ടങ്ങൾ മുന്നോട്ടുവന്നു. 1946-ൽ സിറിയ പ്രത്യേക രാജ്യമായി മാറി.

ഒന്നാം ലോക യുദ്ധത്തിനുശേഷം നാഷണൽ ബ്ലോക്കെന്ന ഭൂപ്രഭുക്കളുടെ പാർടി അധികാരത്തിലെത്തി. ഷുക്കൂരി അൽക്വത്തലി സ്വതന്ത്ര സിറിയയിലെ ആദ്യത്തെ പ്രസിഡന്റായി. 1949-ൽ പ്രസിഡന്റായിരുന്ന അൽക്വത്തലിയെ പുറത്താക്കി കേണൽ ഹുഡ്നി അധികാരം പിടിച്ചു. അഞ്ചു മാസത്തിനുശേഷം മറ്റൊരു സൈനിക മേധാവിയുടെ വെടിയേറ്റ് അദ്ദേഹം മരിച്ചു. പിന്നീട് അധികാരത്തിൽ വന്നത് കേണൽ ഹിന്നാവിയാണ്. ഇറാഖുമായി ഗൂഢാലോചന നടത്തുന്നുവെന്നതിന്റെ പേരിൽ ഹിന്നാവി സ്ഥാനഭ്രഷ്ടനായി. പകരം റിപ്പബ്ലിക്കൻ ബ്ലോക്കിന്റെ നേതാവായ ഹൗറാണി അധികാരത്തിൽ വന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ജനകീയ ഭരണഘടന നിലവിൽ വന്നു. ഈ നയങ്ങളോട് യോജിക്കാത്ത സ്ഥാപിത താൽപ്പര്യക്കാരുടെ ഇടപെടലിന്റെ ഫലമായി ഹൗറാണി സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു.

1953-ൽ ശിഷ്ഖലി പ്രസിഡന്റായി അധികാരത്തിൽ വന്നു. ഏകാധിപത്യ സ്വഭാവമുള്ള അദ്ദേഹത്തിന്റെ ഭരണത്തിനെതിരെ 1954-ൽ ഇടതു പക്ഷ പാർടികളും വിദ്യാർഥികളും സംയുക്തമായി പോരാട്ടം സംഘടിപ്പിച്ചു. ഇത്തരം പോരാട്ടങ്ങളിലൂടെ ബാത്തിസ്റ്റ്പാർടി അധികാരത്തിലെത്തി. ദേശസാൽക്കരണവും ഭൂപരിഷ്കരണവും പ്രധാനപ്പെട്ട മുദ്രാവാക്യമായി ബാത്തിസ്റ്റ്‌ പാർടി അവതരിപ്പിച്ചു. ബാത്തിസ്റ്റ് പാർടിയുടെ നേതാക്കൾ കമ്യൂണിസ്റ്റ് പാർടി നേതാക്കളുമായി യോജിച്ച് മുന്നോട്ടുപോയി. ഈജിപ്തിലെ പുരോഗമനവാദിയായ നാസറുമായി ഐക്യപ്പെട്ട് സാമ്രാജ്യത്വ നയങ്ങൾക്കെതിരെ ശക്തമായി പോരാട്ടം ആരംഭിക്കുകയും ചെയ്തു.

മതന്യൂനപക്ഷങ്ങളും മർദിത ജനവിഭാഗങ്ങളുമായിരുന്നു പ്രധാനമായും കമ്യൂണിസ്റ്റ് പാർടിയെ പിന്തുണച്ചത്. അമേരിക്കൻ സാമ്രാജ്യത്വത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 1956-ൽ യുണൈറ്റഡ് അറബ് റിപ്പബ്ലിക്കിന്റെ രൂപീകരണം ബാത്തിസ്റ്റ്‌ പാർടി പ്രഖ്യാപിച്ചു. ഈജിപ്തിലെ നാസർ മുന്നോട്ടുവച്ച പൊതുമേഖലയ്ക്ക് ഊന്നൽ നൽകിയ രീതിയാണ് സിറിയ സ്വീകരിച്ചത്. സിറിയയിലെ വ്യവസായികൾക്കും ഭൂപ്രഭുക്കൾക്കും ഇത് അംഗീകരിക്കാനായില്ല. ഇവരുടെ ശക്തമായ സമ്മർദത്തെ തുടർന്ന് അറബ് സഖ്യത്തിൽനിന്ന് പിന്മാറി സ്വതന്ത്ര രാഷ്ട്രമായി സിറിയ മാറി. മൻസൂർ അൽഖസ്വാരി അധികാരത്തിൽ വന്നു. അതോടെ കമ്പോളാധിഷ്ഠിതമായ നയത്തിലേക്ക് സിറിയ മാറി.

1961-ൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്ന് അധികാരത്തിലേറിയ സർക്കാരിനെ സൈനികനേതാക്കളുടെ നേതൃത്വത്തിൽ അട്ടിമറിച്ചു. കമ്പോളവൽക്കരണത്തിന്റെ അസംതൃപ്തിയുടെ പശ്ചാത്തലത്തിലുണ്ടായ രാഷ്ട്രീയ കലക്കത്തിനെ തുടർന്ന്, ദേശസാൽക്കരണ നടപടികളും ഭൂപരിഷ്കരണ നയങ്ങളുമെല്ലാം നടപ്പാക്കാൻ തുടങ്ങി. നിരോധിക്കപ്പെട്ടിരുന്നെങ്കിലും മുസ്ലിം ബ്രദർഹുഡ് ഇതിനെതിരെ നിലപാടെടുത്തു. കമ്യൂണിസ്റ്റ് ആശയങ്ങളെ പിഴുതെറിയാനുള്ള പദ്ധതികളിലേക്കും അവർ നീങ്ങി.

1963-ൽ ബാത്തിസ്റ്റുകളുടെ നേതൃത്വത്തിൽ സൈനികവിഭാഗം അധികാരമേറ്റു. അവർ ഈജിപ്ത്, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങളെ ഉൾപ്പെടുത്തി യുണൈറ്റഡ് അറബ് റിപ്പബ്ലിക് രൂപീകരിക്കാൻ ശ്രമിച്ചു. എന്നാൽ, ബാത്തിസ്റ്റ്‌ പാർടിയിലെ ഒരു വിഭാഗം ഈജിപ്തിലെ പുരോഗമനവാദിയായ നാസറിന്റെ നേതൃത്വത്തെ അംഗീകരിച്ചില്ല. ഇതെല്ലാം ബാത്തിസ്റ്റ്‌ പാർടിയിൽ വലിയ സംഘർഷമുണ്ടാക്കി. യോജിപ്പിനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു.

1966 ഫെബ്രുവരിയിൽ രക്തരൂക്ഷിതമായ വിപ്ലവത്തിലൂടെ ഒരുവിഭാഗം യുവാക്കളായ സൈനിക മേധാവികളുടെ നേതൃത്വത്തിൽ ഭരണം പിടിച്ചു. സിറിയയിലെ കമ്യൂണിസ്റ്റ് നേതാവായിരുന്ന ഖാലദ് ബക്ദാഷ് പ്രവാസജീവിതം മതിയാക്കി സിറിയയിലെത്തി. ദേശസാൽക്കരണമടക്കമുള്ള നടപടികൾ സ്വീകരിക്കുകയും ഈജിപ്തുമായുള്ള ഐക്യം ശക്തിപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്‌തു. ഇതിനിടെ 1967-ൽ ആറ് ദിവസത്തെ യുദ്ധത്തിൽ സിറിയക്ക് ഗോലാൻ കുന്നുകൾ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിൽ ഐക്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പുതിയ ഭരണഘടനയുണ്ടാക്കുകയും ഏകകക്ഷി ഭരണത്തിലേക്ക് സിറിയ എത്തുകയും ചെയ്തു.

1970-ൽ സൈനിക മേധാവിയായ ഹാവിസ് അൽ അഷദ് അധികാരം പിടിച്ചെടുത്തു. രാജ്യത്ത് ഒരു ദീർഘമായ ഭരണസംവിധാനം തുടർച്ചയായി മുന്നോട്ടുകൊണ്ടുപോയി. 1971ൽ അംഗീകരിച്ച പുതിയ ഭരണഘടനയുടെ അടിസ്ഥാനത്തിൽ അഷദ് സിറിയയുടെ പ്രസിഡന്റായി. ഈജിപ്ത്, ലിബിയ, സിറിയ എന്നീ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന ഫെഡറേഷൻ ഓഫ് അറബ് റിപ്പബ്ലിക്കിന്റെ നേതൃത്വം അദ്ദേഹം ഏറ്റെടുത്തു.

1973-ൽ നടന്ന തെരഞ്ഞെടുപ്പിൽ നാഷണൽ പ്രോഗ്രസീവ് ഫ്രണ്ടിന്റെ ബാനറിൽ ബാത്തിസ്റ്റ് പാർടി വിവിധ പുരോഗമന പ്രസ്ഥാനങ്ങളുമായും കമ്യൂണിസ്റ്റ് പാർടികളുമായും ഐക്യമുന്നണിയുണ്ടാക്കി മത്സരിച്ചു. മൂന്നിൽ രണ്ട് ഭൂരിപക്ഷവും നേടി. 1973-ൽ നടന്ന യുദ്ധത്തിൽ ഗോലാൻ കുന്നുകളുടെ ഒരുഭാഗം തിരിച്ചുപിടിക്കാൻ അവർക്ക് കഴിഞ്ഞു. ഇത്തരത്തിൽ സുശക്തമായ ഒരു ഭരണസംവിധാനത്തെ പ്രദാനം ചെയ്യുന്നതിന് അസദിന്റെ നേതൃത്വത്തിലുള്ള ഭരണത്തിന് കഴിഞ്ഞു.

ഈ സർക്കാർ അധികാരത്തിൽ തുടരുകയും മതനിരപേക്ഷ നയങ്ങൾ മുന്നോട്ടുവയ്‌ക്കുകയും ചെയ്തു. പ്രസിഡന്റായിരുന്ന ഹാവിസ് അൽ അഷദിന്റെ മരണശേഷം മകൻ ബഷാർ അൽ അസദ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അസദ് ഭരണം ചെയ്തുവച്ച ഗുണപരമായൊരു കാര്യം അതുവരെ അസ്ഥിരമായ ഭരണവ്യവസ്ഥ നിലനിന്നിരുന്ന സിറിയയിൽ ഉറച്ച സർക്കാർ ഉണ്ടായി എന്നതാണ്. മാത്രമല്ല മതനിരപേക്ഷ നിലപാടുകൾ സ്വീകരിച്ചുകൊണ്ട് സിറിയയെ സാമ്രാജ്യത്വവിരുദ്ധ പാതയിൽ ഉറപ്പിച്ച് നിർത്താനുമായി.

ഇസ്രയേലിന്റെ അധിനിവേശത്തെ ശക്തമായി പ്രതിരോധിച്ച ഇറാന്റെ നേതൃത്വത്തിലുള്ള പ്രതിരോധത്തിന്റെ ഭാഗമായിരുന്നു സിറിയ. റഷ്യയുമായി അടുത്ത ബന്ധം സ്ഥാപിച്ചു. അത്തരത്തിൽ അമേരിക്കയുടെ ഏകലോക ക്രമത്തെ പ്രതിരോധിക്കുന്ന നിലപാടിലേക്കാണ് സിറിയ വന്നത്. അതിനാൽ സിറിയയെ തകർക്കാനുള്ള പദ്ധതികൾ അമേരിക്ക ആവിഷ്കരിച്ചു. അഫ്ഗാനിസ്ഥാനിൽ നടത്തിയതുപോലെ ഇസ്ലാമിക തീവ്രവാദത്തെ ഉപയോഗപ്പെടുത്താനാണ് അമേരിക്ക ശ്രമിച്ചത്. എന്നാൽ, ഇതിനെ റഷ്യയുടെയും ഇറാന്റെയും സഹായത്തോടുകൂടി സിറിയയിൽ അധികാരത്തിലുണ്ടായിരുന്ന അസദ് സർക്കാർ പ്രതിരോധിച്ച് നിന്നു.

സിറിയക്ക് നേരെ തുടർച്ചയായി ഇസ്രയേൽ ആക്രമണം നടത്തിയും അസദ് സർക്കാരിന് പിന്തുണ നൽകിയ ഹിസ്ബുള്ളയെ ദുർബലപ്പെടുത്തിയും നടത്തിയ ഇടപെടലുകളാണ് അസദ് സർക്കാരിന്റെ പതനത്തിലേക്ക് നയിച്ചത്. സഹായിയായ ഇറാനെതിരായുള്ള ആക്രമണങ്ങളും സിറിയൻ പ്രതിരോധത്തെ ബാധിച്ചു. ഉക്രയ്‌ൻ യുദ്ധത്തിൽ മുഴുകിയ റഷ്യക്കും സഹായമെത്തിക്കുന്നതിൽ പരിമിതിയുണ്ടായി. ഈ അന്താരാഷ്ട്ര സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തിയാണ് മധ്യേഷ്യയിലെ ഈ മതനിരപേക്ഷ സർക്കാരിനെ തകർത്തത്.

2012–-13 കാലത്ത് സിറിയൻ സർക്കാരിനെ അട്ടിമറിക്കാൻ അമേരിക്കയുണ്ടാക്കിയ ഓപ്പറേഷന്റെ ഭാഗമായാണ് ഇപ്പോൾ സിറിയയിൽ അധികാരത്തിലിരിക്കുന്ന എച്ച്ടിസിയുടെ ഭരണം ഉണ്ടായത്. അതിന്റെ നേതാവ് ജൊലാനിയാണ്. ബിൻലാദനെപ്പോലെ വളർത്തിയെടുത്തശേഷം ഇദ്ദേഹത്തിന്റെ തലയ്‌ക്ക് 10 ലക്ഷം ഡോളർ അമേരിക്ക പ്രഖ്യാപിച്ചു. കഴിഞ്ഞ 10 വർഷമാകട്ടെ ഈ സംഘടന അധികാരത്തിലിരിക്കുന്ന ഇദ്ലിബ് പ്രവിശ്യയിൽ താലിബാൻ മോഡൽ ഭരണമാണ്. വ്യത്യസ്തമായ ജനങ്ങളും സംസ്കാരങ്ങളുമുള്ള സിറിയയെ ഇസ്ലാമിക സ്റ്റേറ്റിന്റെ വഴികളിലേക്ക് നയിക്കുമെന്ന സമീപനമാണ് ഇപ്പോൾ അധികാരത്തിലിരിക്കുന്ന എച്ച്ടിസിക്കുള്ളത്. ഇത് കണക്കിലെടുത്താണ്‌ ജമാഅത്തെ ഇസ്ലാമിയും അവരുടെ മാധ്യമങ്ങളും സിറിയൻ അട്ടിമറിയെ പിന്തുണയ്ക്കുന്നത്.

സോഷ്യലിസ്റ്റ് ആശയങ്ങളെ പ്രതിരോധിക്കുകയെന്ന കാഴ്ചപ്പാടിന്റെ ഭാഗമായാണ് ഇസ്ലാമിക ഭീകരവാദത്തെ അമേരിക്ക ലോകത്ത് രൂപപ്പെടുത്തിയത്. അത്തരം ഇടപെടലിന്റെ തുടർച്ചയാണ് സിറിയയിലെ അധികാരം പിടിച്ചെടുക്കൽ. പുരോഗമന ശക്തികളും പിന്തിരിപ്പന്മാരും തമ്മിലുള്ള പോരാട്ടങ്ങളുടെ ചരിത്രത്തിന്റെ തുടർച്ചയാണ് ഇപ്പോൾ അവിടെ നടക്കുന്ന സംഭവവികാസങ്ങൾ. പലപ്പോഴും അധികാരത്തിലേറിയ പിന്തിരിപ്പൻ ശക്തികളെ വകഞ്ഞുമാറ്റിയാണ് മതനിരപേക്ഷതയുടെ പാരമ്പര്യം സിറിയ നിലനിർത്തിയത്. ആ വഴിയിൽ ബഹുസ്വരതയുടെ നാടായ സിറിയ മുന്നേറുമെന്ന് നമുക്ക് തീർച്ചയായും പ്രതീക്ഷിക്കാം.

 

കൂടുതൽ ലേഖനങ്ങൾ

മാർച്ച് 19 സ. ഇഎംഎസ് ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി

മാർച്ച് 19 സ. ഇഎംഎസ് ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി. സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. എം എ ബേബി, പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. എ കെ ബാലൻ, പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സ. ടി പി രാമകൃഷ്‌ണൻ, സ.

പ്രവാസിക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും

സ. പിണറായി വിജയൻ

പ്രവാസികള്‍ക്കായി നിലവിലുള്ള ക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിലും കാലോചിതമായി പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലും സര്‍ക്കാര്‍ ഊന്നല്‍ നല്‍കിവരുകയാണ്.

കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ സമയബന്ധിതമായി പൂർത്തിയാകും

സ. പിണറായി വിജയൻ

കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ സമയബന്ധിതമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരുമായി വിശദമായി ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി തലത്തില്‍ ഈ മാസം യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഗൗരവമായ വിഷയമാണിത്.

കേരളം രാജ്യത്ത് ബദൽ വികസന മാതൃക ഉയർത്തുന്നുവെന്നതിനുള്ള മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമായി നമുക്ക് മാറാനായത്

സ. പിണറായി വിജയൻ

കേരളം രാജ്യത്ത് ബദൽ വികസന മാതൃക ഉയർത്തുന്നുവെന്നതിനുള്ള മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമായി നമുക്ക് മാറാനായത്.