Skip to main content

യുജിസി നിർദേശങ്ങൾക്കെതിരെ സമാനവികാരമുള്ള സംസ്ഥാനങ്ങളെ കൂടെനിർത്തി രാജ്യവ്യാപക പ്രതിഷേധത്തിന് നേതൃത്വം നൽകാൻ നമുക്ക് കഴിയണം

ഫെഡറലിസം സംരക്ഷിക്കാൻ വേണ്ടി മോദി സർക്കാരിനെതിരെ പോരാട്ടം അനിവാര്യമാക്കുന്നതാണ് കഴിഞ്ഞദിവസം പുറത്തിറക്കിയ യുജിസിയുടെ പുതിയ കരട് നിർദേശങ്ങൾ. ഭരണഘടനയുടെ അടിസ്ഥാനശിലകളിലൊന്നായ ഫെഡറലിസത്തിനെതിരെ, സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കുമേൽ കടന്നുകയറുന്നതാണ് യുജിസിയുടെ പുതിയ കരട് നിർദേശം.സംസ്ഥാനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് പ്രവർത്തിക്കുന്ന സംസ്ഥാന സർവകലാശാലകളുടെ നിയന്ത്രണംകൂടി കേന്ദ്രത്തിന് നൽകുന്നതാണ് ഇത്‌. ജനുവരി ആദ്യവാരം കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പുറത്തിറക്കിയ കരടിന്മേൽ 30 ദിവസത്തിനകം അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

രാജ്യത്ത് 56 കേന്ദ്ര സർവകലാശാലകളും 481 സംസ്ഥാന സർവകലാശാലകളുമാണുള്ളത്. ഇതിലെ വൈസ്ചാൻസലർമാരുടെയും അധ്യാപകരുടെയും കോളേജ് പ്രിൻസിപ്പൽമാരുടെയും നിയമനങ്ങളും അക്കാദമിക്ക് നിലവാരവും നിശ്ചയിക്കാനുള്ള വിപുലമായ അധികാരങ്ങളാണ് കരട് നിർദേശംവഴി കേന്ദ്രത്തിന് ലഭിക്കുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് കോർപറേറ്റുകളെ കുടിയിരുത്തി വാണിജ്യവൽക്കരണം ശക്തമാക്കാനും ഗുണനിലവാരം തകർത്ത് വർഗീയവൽക്കരിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ നിർദേശം. ഇന്ത്യൻ വിദ്യാഭ്യാസ സമ്പ്രദായത്തെ കേന്ദ്രീകരണത്തിന്റെയും വർഗീയവൽക്കരണത്തിന്റെയും പാതയിലേക്ക് നയിക്കാൻ ലക്ഷ്യമിട്ട് അഞ്ചു വർഷം മുമ്പ് കൊണ്ടുവന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ തുടർച്ചയാണിത്. ബിജെപി അധികാരത്തിൽ വന്നതുമുതൽ തന്നെ വിദ്യാഭ്യാസ രംഗത്തെ, പ്രത്യേകിച്ചും ഉന്നത വിദ്യാഭ്യാസ രംഗത്തെ വർഗീയവൽക്കരിക്കാൻ ശ്രമം ആരംഭിച്ചു. ഈ ലക്ഷ്യത്തോടെ സിലബസിൽ മാറ്റം വരുത്തുന്നതോടൊപ്പം തന്നെ പ്രധാന സ്ഥാനങ്ങളിൽ ഹിന്ദുത്വ രാഷ്ട്രീയ ചായ്‌വ്‌ ഉള്ളവരെ നിയമിക്കാനും തുടങ്ങി. ബിജെപിക്ക് അധികാരമില്ലാത്ത കേരളംപോലുള്ള സംസ്ഥാനങ്ങളിൽ ഗവർണർമാരെ ഉപയോഗിച്ചാണ് ഇത്തരക്കാരെ വൈസ് ചാൻസലർമാരായി നിയമിച്ചത്. കേരളത്തിനു പുറമെ തമിഴ്നാട്, പഞ്ചാബ്, പശ്ചിമ ബംഗാൾ തുടങ്ങി ബിജെപി ഇതരകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ഈ നീക്കങ്ങളെ ശക്തമായി എതിർത്തുവരികയാണ്. എന്നാൽ പുതിയ യുജിസി കരട് നിർദേശങ്ങൾ ബിജെപി ഗവർണർമാരുടെ തെറ്റായ നീക്കങ്ങൾക്ക് സാധുത നൽകുന്നതാണ്.

യുജിസി കരട് നിർദേശത്തിലെ ഏറ്റവും പ്രധാന പ്രശ്നം അത് ഫെഡറൽ വിരുദ്ധമാണ് എന്നതു തന്നെയാണ്. അധികാരങ്ങളെല്ലാം കേന്ദ്രീകരിക്കുക എന്ന ബിജെപി നയത്തിന്റെ ഭാഗമായാണ് ഈ യുജിസി കരടും."ഒരു രാഷ്ട്രം ഒരു സർക്കാർ’ എന്നതാണ് ബിജെപി ലക്ഷ്യം. നിലവിൽ സംസ്ഥാന സർക്കാരുകൾക്കാണ് സംസ്ഥാന സർവകലാശാലകളിൽ വിസിമാരെയും അധ്യാപകരെയും നിയമിക്കുന്നതിന് അധികാരമുള്ളത്. അത് പൂർണമായും ഇനി കേന്ദ്രത്തിനു ലഭിക്കും. ഇതോടെ സർവകലാശാലകളുടെ സ്വയംഭരണാവകാശം ഇല്ലാതായി പൂർണമായും കേന്ദ്രാധികാരത്തിനു കീഴിലാകും. എല്ലാ സർവകലാശാലകളുടെയും വിസിമാരെ നിയമിക്കുന്ന രീതിയിൽ മാറ്റം വരുത്തിക്കൊണ്ടാണ് ഈ ലക്ഷ്യം നേടുന്നത്. നിലവിൽ വിസിമാരെ തെരഞ്ഞെടുക്കുന്നത് മൂന്നംഗ സമിതിയാണ്. യുജിസിയുടെയും സർവകലാശാലയുടെയും (സിൻഡിക്കറ്റ് / സെനറ്റ് / യൂണിവേഴ്സിറ്റി കൗൺസിൽ) ചാൻസലറുടെ (ഗവർണർ ) നോമിനിയായി സംസ്ഥാനസർക്കാർ നിർദേശിക്കുന്ന വ്യക്തി എന്നിവർ ചേർന്ന സമിതിയാണ് വൈസ് ചാൻസലർമാരെ നിയമിക്കുന്നത്. ഇതിൽ സംസ്ഥാന സർക്കാരിനുള്ള പങ്കാളിത്തം പൂർണമായും ഇല്ലാതാക്കി ആ അധികാരം ഗവർണർക്ക് നൽകുകയാണ്.

സെലക്ഷൻ കം റിസർച്ച് കമ്മിറ്റിയുടെ ചെയർമാൻ ചാൻസലറുടെ നോമിനിയായിരിക്കുമെന്നും വ്യവസ്ഥയുണ്ട്. അതായത് മൂന്നംഗ സമിതിയിൽ രണ്ടുപേർ - ചാൻസലറുടെയും (ഗവർണർ) യുജിസിയുടെയും പ്രതിനിധി - കേന്ദ്രത്തിന്റേതാകുന്നതോടെ അവർ നിശ്ചയിക്കുന്നയാൾ വിസിയാകും. സ്വാഭാവികമായും ബിജെപി, ആർഎസ്എസ് അനുഭാവമുള്ളവർ വരും. സംസ്ഥാനങ്ങൾ പാസാക്കിയ നിയമവും ചട്ടവും അനുസരിച്ചായിരിക്കണം വിസി നിയമനം എന്ന 2013 ലെ യുജിസി ചട്ടത്തിന് കടകവിരുദ്ധവും ഫെഡറൽ വിരുദ്ധവുമായ ഉള്ളടക്കമാണ് ഇപ്പോഴത്തെ യുജിസി കരടിലുള്ളത്. ഈ നീക്കത്തിൽ മറ്റൊരു വലിയ അപകടംകൂടിയുണ്ട്. ഗവർണർ എന്നത് ആലങ്കാരിക പദവി മാത്രമാണെന്നും സംസ്ഥാന മന്ത്രിസഭയുടെ ഉപദേശ നിർദേശങ്ങൾ അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത് എന്നുമുള്ള ഭരണഘടനാ സങ്കൽപ്പത്തെ പൊളിച്ചെഴുതാനാണ് മോദി സർക്കാരിന്റെ ശ്രമം. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സർവാധികാരിയായി ഗവർണറെ പ്രതിഷ്ഠിച്ച് കേന്ദ്രനയം നടപ്പിലാക്കാനുള്ള ഏജന്റായി ആ പദവിയെ ഉപയോഗിക്കുകഎന്ന ലക്ഷ്യംകൂടി ഇതിനു പിന്നിലുണ്ട്. കേന്ദ്രം ഭരിച്ച ബിജെപി സർക്കാരുകൾ ഗവർണർ പദവിയെ പക്ഷപാതപരമായ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടാൻ ഉപയോഗിച്ച ഉദാഹരണങ്ങൾ കേരളത്തിന് സുപരിചിതമാണ്. ആരിഫ് മൊഹമ്മദ് ഖാന്റെ ചെയ്തികൾ നമ്മുടെ മുമ്പിലുണ്ട്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് വിലങ്ങുതടിയായാണ് ഗവർണർമാർ പ്രവർത്തിക്കുന്നത്. ഇത്തരം ഗവർണർമാരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് നിയമസാധുത നൽകാനാണ് യുജിസിയെ ഉപയോഗിക്കുന്നത്. 1988 ലെ സർക്കാരിയ കമീഷൻ സംസ്ഥാനങ്ങളുടെ നിർദേശത്തിന് വിധേയമായാണ് ചാൻസലർ എന്ന ദൗത്യം ഗവർണർമാർ നിർവഹിക്കേണ്ടത് എന്ന് വ്യക്തമാക്കിയെങ്കിൽ ഗവർണർക്ക് ചാൻസലർ പദവി നൽകുന്നതിൽ എന്ത് സാംഗത്യമാണുള്ളത് എന്ന ചോദ്യമാണ് 2010 ലെ പൂഞ്ചി കമീഷൻ ഉന്നയിച്ചത്. ഇതെല്ലാം അവഗണിച്ച് ഗവർണറുടെ ചാൻസലർ പദവിക്ക് നിയമസാധുത നൽകുക എന്ന ഭരണഘടനാ വിരുദ്ധ നീക്കമാണ് പുതിയ യുജിസി കരടിലുള്ളത്.

ഇതോടൊപ്പം തന്നെ കോർപറേറ്റുകൾക്കുകൂടി വിദ്യാഭ്യാസമേഖലയെ കീഴ്പ്പെടുത്താനുള്ള പഴുതും യുജിസി കരട് നൽകുന്നുണ്ട്. അതായത് അക്കാദമിക് ഇതര വ്യക്തികളെയും വിസിമാരായി നിയമിക്കാമെന്നർഥം. വിസിമാരായി നിയമിക്കപ്പെടുന്നവർക്ക് അധ്യാപനപരിചയം വേണമെന്നില്ല. വ്യവസായ മേഖലയിൽനിന്നോ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്നോ ഭരണതലത്തിൽനിന്നോ ഉള്ളവരെ നിയമിക്കാം. കേന്ദ്രത്തിന് താൽപ്പര്യമുള്ള ആരെയും നിയമിക്കാമെന്നർഥം. വിസിമാരെ മാത്രമല്ല കോളേജ് പ്രിൻസിപ്പൽമാരെയും അധ്യാപകരെയും നിയമിക്കാനും ഇനി കേന്ദ്രത്തിന് കഴിയും. കോളേജ് മാനേജ്മെന്റ്‌ കമ്മിറ്റിയിൽനിന്നും രണ്ടു പേരും വൈസ് ചാൻസലറുടെ പ്രതിനിധികളായ മൂന്നു പേരുമാണ് പ്രിൻസിപ്പലിനെ തെരഞ്ഞെടുക്കുക. അധ്യാപകനിയമന ഇന്റർവ്യൂ ബോർഡിലെ വിഷയ വിദഗ്ധരെ നിയമിക്കുന്നതും വിസിയാണ്. വിസി നിർദേശിക്കുന്ന അഞ്ച് പേരുടെ പാനലിൽനിന്നും മൂന്നു വിഷയ വിദഗ്ധരെ കോളേജ് ഇന്റർവ്യൂ ബോർഡിന് തീരുമാനിക്കാം. അതായത് കേന്ദ്രം നിയമിക്കുന്ന വിസിമാരെ ഉപയോഗിച്ച് പ്രിൻസിപ്പൽമാരെയും അധ്യാപകരെയും നിയമിക്കാനുള്ള അധികാരവും കേന്ദ്രം കൈക്കലാക്കുകയാണ്.

സമവർത്തി പട്ടികയിലുള്ള വിദ്യാഭ്യാസം ക്രമേണ കേന്ദ്രത്തിന്റെ കൈകളിലേക്ക് മാറുകയാണ്. സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവരുന്നതോടൊപ്പം ഉന്നത വിദ്യാഭ്യാസം കാവിവൽക്കരിക്കുകകൂടി ചെയ്യുകയാണ്. ഒരു വെടിക്ക് രണ്ട് പക്ഷിയാണ് ലക്ഷ്യം. അക്കാദമിക ഗുണനിലവാരം തകർക്കുന്ന പല നിർദേശങ്ങളും യുജിസി കരടിലുണ്ടെന്ന് അക്കാദമിക സമൂഹം ചൂണ്ടിക്കാട്ടുന്നുണ്ട്. അതും പരിശോധിക്കപ്പെടേണ്ടതാണ്.

പുതിയ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ മുന്നോട്ടു വയ്‌ക്കുന്ന ശിക്ഷാനടപടികളാണ് യുജിസി കരടിലെ ഏറ്റവും അപകടകരവും പ്രതിഷേധാർഹവുമായ കാര്യം. നിർദേശങ്ങൾ നടപ്പിലാക്കാത്ത സ്ഥാപനങ്ങളെ യുജിസി സ്കീമിൽ പങ്കെടുക്കുന്നതിൽനിന്നും ബിരുദ പ്രോഗ്രാമുകൾ നൽകുന്നതിൽനിന്നും വിലക്കുമെന്നും യുജിസി ആക്ടിന്റെ പരിധിയിൽ വരുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽനിന്നും നീക്കം ചെയ്യുമെന്നും ഉൾപ്പെടെയുള്ള ശിക്ഷാ നടപടികളാണ് പറയുന്നത്. അതായത് ക്രമേണ സർവകലാശാലാ പദവി തന്നെ നഷ്ടമാകും. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാനും ഗവേഷണ പ്രവർത്തനം മെച്ചപ്പെടുത്താനും ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിനു വേണ്ടി വിഭാവനം ചെയ്ത യുജിസി ആ മുഖ്യ കടമ പാതി വഴിയിൽ ഉപേക്ഷിച്ച് ഏകശിലാത്മകമായ സാംസ്കാരിക ദേശീയത അക്കാദമിക് രംഗത്തു പടർത്താനും അതുവഴി ആ സ്ഥാപനങ്ങളെ തകർക്കാനുമാണ് കൂട്ടുനിൽക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതാണ്. കേരളത്തിന്റെ പ്രതിഷേധം ഇതിനകംതന്നെ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്‌റ്റാലിനും യുജിസി നിർദേശങ്ങൾക്കെതിരെ രംഗത്തു വന്നിട്ടുണ്ട്. സമാനവികാരമുള്ള സംസ്ഥാനങ്ങളെ കൂടെനിർത്തി രാജ്യവ്യാപക പ്രതിഷേധത്തിന് നമുക്ക് നേതൃത്വം നൽകാൻ കഴിയണം. കേരളത്തിൽ നിന്നുള്ള പാർലമെന്റ്‌ അംഗങ്ങളും ഒറ്റക്കെട്ടായി പ്രതിഷേധം ഉയർത്തണം.
 

കൂടുതൽ ലേഖനങ്ങൾ

മാർച്ച് 19 സ. ഇഎംഎസ് ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി

മാർച്ച് 19 സ. ഇഎംഎസ് ദിനാചരണത്തിന്റെ ഭാഗമായി എകെജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി സ. എം വി ഗോവിന്ദൻ മാസ്റ്റർ പതാക ഉയർത്തി. സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സ. എം എ ബേബി, പാർടി കേന്ദ്ര കമ്മിറ്റി അംഗം സ. എ കെ ബാലൻ, പാർടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സ. ടി പി രാമകൃഷ്‌ണൻ, സ.

പ്രവാസിക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കും

സ. പിണറായി വിജയൻ

പ്രവാസികള്‍ക്കായി നിലവിലുള്ള ക്ഷേമ പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിലും കാലോചിതമായി പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിലും സര്‍ക്കാര്‍ ഊന്നല്‍ നല്‍കിവരുകയാണ്.

കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ സമയബന്ധിതമായി പൂർത്തിയാകും

സ. പിണറായി വിജയൻ

കണ്ണൂർ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ സമയബന്ധിതമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ടവരുമായി വിശദമായി ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി തലത്തില്‍ ഈ മാസം യോഗം ചേരാനും തീരുമാനിച്ചിട്ടുണ്ട്. ഗൗരവമായ വിഷയമാണിത്.

കേരളം രാജ്യത്ത് ബദൽ വികസന മാതൃക ഉയർത്തുന്നുവെന്നതിനുള്ള മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമായി നമുക്ക് മാറാനായത്

സ. പിണറായി വിജയൻ

കേരളം രാജ്യത്ത് ബദൽ വികസന മാതൃക ഉയർത്തുന്നുവെന്നതിനുള്ള മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഏറ്റവും കുറഞ്ഞ ശിശുമരണ നിരക്കുള്ള സംസ്ഥാനമായി നമുക്ക് മാറാനായത്.