പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ വർഷം നടത്തിയ ആദ്യ മൻ കി ബാത്തിൽ (ജനുവരി 19ന്) ഇന്ത്യയിൽ പാർലമെന്ററി ജനാധിപത്യം നിലനിൽക്കുമോയെന്ന, 1950കളിൽ ഉയർന്ന ആശങ്കകൾ അസ്ഥാനത്തായെന്ന് അഭിമാനത്തോടെ പറഞ്ഞു. എന്തുതന്നെയായാലും ഇന്ത്യ "മദർ ഓഫ് ഡെമോക്രസി’ യാണെന്ന കാര്യം ആവർത്തിച്ച് ഓർമിപ്പിക്കാനും പ്രധാനമന്ത്രി മറന്നില്ല. ജനാധിപത്യത്തെക്കുറിച്ചുള്ള ഏതൊരു ചിന്തയും സ്വാഭാവികമായും പാർലമെന്റിലേക്കും അതിന്റെ പ്രവർത്തനങ്ങളിലേക്കും നയിക്കപ്പെടും. 2014ൽ ബിജെപി തനിച്ച് ഭൂരിപക്ഷം നേടി പ്രധാനമന്ത്രിയായ നരേന്ദ്ര മോദി പഴയ പാർലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിച്ച രംഗം ഇന്നും ഓർമയിലുണ്ട്. ശിരസ്സ് താഴ്‌ത്തി പാർലമെന്റിന്റെ ചവിട്ടുപടികളിൽ നമസ്കരിച്ചാണ് ആദ്യമായി ഇന്ത്യൻ പാർലമെന്റിലേക്ക് ഒരംഗമെന്ന നിലയിൽ അദ്ദേഹം പ്രവേശിച്ചത്. "ജനാധിപത്യ ക്ഷേത്രത്തോടുള്ള’ മോദിയുടെ ആഴത്തിലുള്ള ആദരവായാണ് ഈ നടപടിയെ അന്ന് മാധ്യമങ്ങൾ ആഘോഷിച്ചത്. എന്നാൽ, തുടർന്നുള്ള അദ്ദേഹത്തിന്റെ നടപടി ഓരോന്നും പാർലമെന്റ് എന്ന മഹത്തായ ജനാധിപത്യ സ്ഥാപനത്തെ ഇകഴ്‌ത്തുന്നതായിരുന്നു (മോദി വന്ദിച്ച മന്ദിരം ഉപേക്ഷിച്ച് പാർലമെന്റിന്റെ പ്രവർത്തനംതന്നെ പിന്നീട് പുതിയ മന്ദിരത്തിലേക്ക് മാറ്റി).
അപൂർവമായി മാത്രമാണ് പ്രധാനമന്ത്രി സഭയിൽ എത്താറുള്ളത്. ബജറ്റടക്കം പ്രധാനവിഷയങ്ങൾ ചർച്ച ചെയ്യുമ്പോൾപ്പോലും പ്രധാനമന്ത്രി സഭയിൽ എത്താറില്ല. ഒരു വർഷത്തിൽ ശരാശരി നാലുതവണ മാത്രമാണ് മോദി പാർലമെന്റിൽ സംസാരിക്കാറുള്ളതെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു വർഷം 10 മണിക്കൂറിൽ താഴെ മാത്രമാണ് അദ്ദേഹം ലോക്‌സഭയിൽ ഇരിക്കാറുള്ളത്. സുപ്രധാന ബില്ലുകളടക്കം ചർച്ച കൂടാതെയാണ് പാസാക്കാറുള്ളത് (പിൻവലിക്കാൻ നിർബന്ധിതമായ മൂന്ന് കാർഷിക ബില്ലുകൾ ഉൾപ്പെടെ). നേരത്തേ 70 ശതമാനത്തിലധികം ബില്ലുകളും സൂക്ഷ്മപരിശോധനയ്‌ക്കായി പാർലമെന്ററി സമിതിക്ക് വിട്ടിരുന്നു. അതിപ്പോൾ 20 ശതമാനത്തോളമായി ചുരുങ്ങി. പാർലമെന്റ് സമ്മേളിക്കുന്ന ദിവസത്തിലും കുറവുണ്ടായി. പാർലമെന്ററി ജനാധിപത്യത്തിന് ഉയർച്ചയല്ല താഴ്ചയാണ് മോദി ഭരണകാലത്തുണ്ടായിട്ടുള്ളതെന്ന് ഉറപ്പിച്ച് പറയാൻ കഴിയും. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് വഖഫ് ഭേദഗതി ബിൽ പാസാക്കാനുള്ള ധൃതിപിടിച്ച നീക്കം.
ഭരണഘടന എല്ലാ പൗരന്മാർക്കും ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം പരിമിതപ്പെടുത്തുന്നതും നിഷേധിക്കുന്നതുമായ ബില്ലാണ് കേന്ദ്രം കൊണ്ടുവരുന്നത്. വഖഫ് എന്നത് ഒരു ഇസ്ലാമിക സങ്കൽപ്പമാണ്. അറബിനാടുകളിൽപ്പോലും ഇസ്ലാംമതത്തിനു മുമ്പ് വഖഫ് ഇല്ലായിരുന്നുവെന്നാണ് പണ്ഡിതമതം. വഖഫ് സ്വത്തിൽ ഇടപെടാനും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഭേദഗതി നീക്കം. അഞ്ചു വർഷം മുസ്ലിംമത വിശ്വാസിയായി തുടരുന്ന ഒരാൾക്ക് മാത്രമേ വഖഫ് നൽകാവൂ എന്ന് ശഠിക്കുന്ന ഭേദഗതി ബില്ലിൽ, മുസ്ലിം അല്ലാത്ത രണ്ട് അംഗങ്ങളെ ബോർഡിൽ അംഗമാക്കാമെന്ന വിചിത്രനിബന്ധനയുമുണ്ട്. ഒരു നിശ്ചിത മതത്തിനുവേണ്ടിയുള്ള കമ്മിറ്റികളിലോ സ്ഥാപനങ്ങളിലോ മറ്റു മതസ്ഥർക്ക് പ്രാതിനിധ്യം നൽകുന്ന തരത്തിൽ പാർലമെന്റ് നിയമനിർമാണം നടത്തുന്നത് തെറ്റാണെന്ന വാദവും ഉയർന്നിട്ടുണ്ട്. ബില്ലിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. ഒരു കാര്യം വ്യക്തമാണ്. മുസ്ലിങ്ങൾ രണ്ടാംതരം പൗരന്മാരാണെന്നും അവരെ ഇരുത്തേണ്ടിടത്ത് ഇരുത്തിയെന്നും കാണിച്ച് ഭൂരിപക്ഷ ഹിന്ദുവോട്ട് നേടാനുള്ള വില കുറഞ്ഞ രാഷ്ട്രീയമാണ് ബിജെപി വഖഫ് ഭേദഗതി ബില്ലിലൂടെ പയറ്റുന്നത്.
ആഗസ്‌ത് എട്ടിനാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരൺ റിജിജു വഖഫ് ഭേദഗതി നിയമം 2024 ലോക്‌സഭയിൽ അവതരിപ്പിച്ചത്. മോദി സർക്കാരിന് നിർണായക പിന്തുണ നൽകുന്ന ഐക്യജനതാദൾ ലോക്‌സഭയിൽ സുതാര്യതയുടെ പേരിൽ ബില്ലിനെ പിന്തുണച്ചെങ്കിലും തെലുഗുദേശം പാർടി ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടണമെന്നാവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് സൂക്ഷ്‌മപരിശോധനയ്‌ക്കായി ജെപിസിക്ക് വിടാൻ സർക്കാർ നിർബന്ധിതമായത്. എന്നാൽ, ബില്ലിന്റെ സൂക്ഷ്‌മപരിശോധനയോ അപാകം തിരുത്തലോ സർക്കാരിന്റെ ലക്ഷ്യമല്ലായിരുന്നു. ലോക്‌സഭയിൽനിന്ന് 21 പേരും രാജ്യസഭയിൽനിന്ന് 10 പേരും ഉൾപ്പെട്ട ജെപിസിയുടെ ചെയർമാനായി മുൻ യുപി മുഖ്യമന്ത്രിയും ഇപ്പോൾ ബിജെപി ലോക്‌സഭാംഗവുമായ ജഗദംബികാ പാൽ നിയമിതനാകുകയും ചെയ്തു. സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവരെ ലോക്‌സഭയിലും രാജ്യസഭയിലും പുറത്താക്കുന്നത് പതിവായിരിക്കേ ജഗദംബികാ പാൽ ജനുവരി 17ന് ജെപിസിയിലെ 10 പ്രതിപക്ഷ അംഗങ്ങളെയും സസ്‌പെൻഡ് ചെയ്‌തു.
ചെയർമാൻ ഏകപക്ഷീയമായി അജൻഡയിൽ മാറ്റം വരുത്തിയതിനെ ചോദ്യം ചെയ്തതിനായിരുന്നു സസ്‌പെൻഷൻ. മുൻ കോൺഗ്രസ് നേതാവുകൂടിയായ ജഗദംബികാ പാലിന്റെ സ്വേച്ഛാധിപത്യ നടപടികൾ ഇവിടംകൊണ്ടവസാനിക്കുന്നില്ല. വഖഫ് ഭേദഗതി ബില്ലിന്റെ 44 വ്യവസ്ഥയിലും പ്രതിപക്ഷം ഭേദഗതി അവതരിപ്പിച്ചു. ഇതിനു പുറമെ അഞ്ഞൂറിലധികം നിർദേശങ്ങളും സമർപ്പിച്ചു.
ബില്ലിൽ ഉൽക്കണ്ഠയുള്ള അഞ്ച് കോടി പേർ ഇ– -മെയിൽ സന്ദേശം അയച്ചതായി ഓൾ ഇന്ത്യ മുസ്ലിം പേഴ്‌സണൽ ലോ ബോർഡും അറിയിച്ചു. എന്നാൽ, ഇതിൽ ഒന്നുപോലും ജെപിസി അംഗീകരിച്ചില്ല. ബിജെപി അംഗങ്ങൾ അവതരിപ്പിച്ച 14 ഭേദഗതിയും അതേപടി അംഗീകരിക്കുകയും ചെയ്തു. പ്രതിപക്ഷമുക്ത ഭാരതത്തെക്കുറിച്ച് പറയുന്ന പ്രധാനമന്ത്രി വഖഫ് ബിൽ സംബന്ധിച്ച ജെപിസിയിൽ അത് പൂർണമായും നടപ്പാക്കി. ജെപിസി അംഗമായ ബിജെപിയിലെ നിഷികാന്ത് ദുബെ, കോടിക്കണക്കിന് വന്ന ഇ–- മെയിലിനു പുറകിൽ ചൈനയും പാകിസ്ഥാനുമാണെന്നുകൂടി ആരോപിച്ചു! ലൗജിഹാദും ലാൻഡ് ജിഹാദും പറഞ്ഞ് മതധ്രുവീകരണത്തിന് ശ്രമിച്ച ബിജെപി ഇപ്പോൾ ഇ–- മെയിൽ ജിഹാദിനെക്കുറിച്ചാണ് പറയുന്നത്.
പ്രതിപക്ഷ ഭേദഗതികളും നിർദേശങ്ങളും ചവറ്റുകുട്ടയിലേക്ക് തള്ളിയ ജഗദംബികാ പാൽ, വിയോജനക്കുറിപ്പ് നൽകാനുള്ള സമയംപോലും അവർക്ക് നൽകിയില്ല. ജെപിസിയുടെ കരട് റിപ്പോർട്ട് ജനുവരി 28ന് രാത്രിയാണ് അംഗങ്ങൾക്കിടയിൽ വിതരണം ചെയ്തത്. 29ന് രാവിലെ പതിനൊന്നിനെതിരെ 15 വോട്ടിന് റിപ്പോർട്ട് പാസാക്കുകയും ചെയ്തു. 655 പേജുള്ള റിപ്പോർട്ടിന്മേലുള്ള വിയോജനക്കുറിപ്പ് 29ന് രാവിലെ 10ന് മുമ്പ് നൽകാനാണ് നിർദേശിച്ചത്. പ്രതിപക്ഷ അംഗങ്ങളുടെ ശക്തമായ പ്രതിഷേധം കണക്കിലെടുത്ത് വൈകിട്ട് നാലുവരെയാക്കിയെന്നുമാത്രം. അഞ്ചോളം പ്രതിപക്ഷ എംപിമാർ വിയോജനക്കുറിപ്പ് സമർപ്പിച്ചു. എന്തുതന്നെയായാലും ബജറ്റ് സമ്മേളനത്തിൽ ബിൽ പാസാക്കാനാണ് ഒരുങ്ങുന്നത്.
പുതിയ വഖഫ് ഭേദഗതി ബിൽ ഫെഡറൽ തത്വങ്ങളുടെ ലംഘനംകൂടിയാണ്. വഖഫ് ബോർഡിന്റെയും സ്ഥാപനങ്ങളുടെയും ഭരണത്തിനാവശ്യമായ ചട്ടങ്ങളും മറ്റും രൂപീകരിക്കുന്നതിൽ സംസ്ഥാന സർക്കാരുകളുടെ അധികാരം പരിമിതപ്പെടുമെന്ന് പല വിദഗ്‌ധരും ഇതിനകം ചൂണ്ടിക്കാട്ടി. മൂലനിയമത്തിലെ 109-ാം വകുപ്പ് ഭേദഗതി ചെയ്യുന്നതോടെ വഖഫ് സ്ഥാപനങ്ങളുടെ ഭരണത്തിനാവശ്യമായ ചട്ടങ്ങളും മറ്റും രൂപീകരിക്കാനുള്ള അവകാശം കേന്ദ്ര സർക്കാരിനായിരിക്കും. സംസ്ഥാന സർക്കാരിനും സംസ്ഥാന വഖഫ് ബോർഡുകൾക്കുമുള്ള അധികാരങ്ങളാണ് കേന്ദ്രം കവരുന്നത്.
ഈ വർഷം ബിഹാറിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ധൃതിപിടിച്ച് ഈ ബിൽ പാസാക്കാൻ ശ്രമിക്കുന്നതെന്നാണ് ഒരുപക്ഷം. ബിൽ നിയമമാകുന്നതോടെ വഖഫ് സ്വത്ത് സംബന്ധിച്ച് പലവിധ തർക്കങ്ങളും പൊന്തിവരാനിടയുണ്ട്. ഗ്രാമീണ പ്രദേശങ്ങളിൽ ഉൾപ്പെടെ ഹിന്ദു–മുസ്ലിം വിഭജനം സൃഷ്ടിച്ച് വോട്ട് നേടാമെന്ന കണക്കുകൂട്ടലിലാണ് ബിൽ ധൃതിപിടിച്ച് പാസാക്കാൻ ശ്രമിക്കുന്നത്. ഭരണഘടനയിലെ 370-ാം വകുപ്പ് റദ്ദാക്കൽ, ഏക സിവിൽ നിയമം, മുത്തലാഖ് നിരോധനം എന്നിവയുടെ തുടർച്ചയായാണ് വർഗീയധ്രുവീകരണം ലക്ഷ്യമിട്ട് വഖഫ് നിയമഭേദഗതിയും. എല്ലാ മസ്ജിദുകൾക്കടിയിലും ക്ഷേത്രാവശിഷ്ടങ്ങൾ തിരയുന്നതും ഇതേ ലക്ഷ്യം വച്ചാണെന്ന് സംഭലിലെ സംഭവങ്ങൾ തെളിയിക്കുന്നു. ആർഎസ്എസിന് നൂറുവയസ്സ് പൂർത്തിയാകുന്ന ഈ വർഷം രാജ്യത്തെ വർഗീയ സംഘർഷങ്ങളിലാഴ്‌ത്തി, ജനങ്ങളെ ഭിന്നിപ്പിച്ച് ഭരണത്തിന്റെ കടിഞ്ഞാൺ കൈമോശം പോകാതെ സൂക്ഷിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ഈ വർഗീയ അജൻഡയ്‌ക്കെതിരെ എല്ലാ മതനിരപേക്ഷ ജനാധിപത്യ വിശ്വാസികളും ഒന്നിച്ചണിനിരക്കേണ്ട സമയമാണിത്. മധുരയിൽ മാർച്ച് ആദ്യവാരം ചേരുന്ന സിപിഐ എം പാർടി കോൺഗ്രസിന്റെ മുമ്പിലുള്ള പ്രധാന അജൻഡയും അതുതന്നെയാണ്.
