കേരളത്തെ പൂർണമായും അവഗണിച്ച ബജറ്റാണ് കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ചത്. ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വങ്ങൾ തന്നെ കാറ്റിൽപ്പറത്തി, തെരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങൾക്ക് മാത്രം രാഷ്ട്രീയ താത്പര്യങ്ങൾ മുൻനിർത്തി സഹായങ്ങൾ പ്രഖ്യാപിക്കുന്നതാണ് ഈ ബജറ്റ്. വയനാടിനോ വിഴിഞ്ഞം പദ്ധതിക്കോ ഒരു സഹായവും ബജറ്റിലില്ല. കേരളം ആവശ്യപ്പെട്ട 24000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് നിരാകരിക്കപ്പെട്ടു. കേരളത്തിനായി എയിംസോ കോച്ച് ഫാക്ടറിയോ പ്രത്യേക റെയിൽവേ ലൈനോ ഒന്നും ബജറ്റിൽ ഇല്ല. കേന്ദ്രസർക്കാർ അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക ഞെരുക്കത്തിന് പിന്നാലെയാണ് ബജറ്റിലെ ഈ അവഗണന.
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള സുസ്ഥിരവികസനത്തെയും, ഹരിത കർമ്മ സേനയെയും മാലിന്യ നിര്‍മാര്‍ജനത്തെയും, സ്വയം സഹായക സംഘങ്ങളെയുമെല്ലാം മാതൃകകളായി ഇന്നലെ എക്കണോമിക് സർവേയിൽ പരാമർശിച്ചിരുന്നു. കേരളത്തിന്റെ ഈ മാതൃകകൾക്ക് തുരങ്കം വെക്കുന്ന ബജറ്റാണ് ഇന്ന് അവതരിപ്പിക്കപ്പെട്ടത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്നതാണ് ഈ ബജറ്റും. 86000 കോടിയായി വിഹിതം തുടരുകയാണ്. തൊഴിലുറപ്പ് പദ്ധതിക്ക് അർഹമായ പരിഗണനയില്ല. വിഹിതം വർധിപ്പിക്കണമെന്ന് കേരളമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് വലിയ ആവശ്യമുയർന്നിട്ടും പരിഗണിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.
