ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബഡ്ജറ്റ് തീർത്തും നിരാശാജനകമായിട്ടുള്ളതാണ്. ഇന്ത്യയിലെ മഹാ ഭൂരിപക്ഷത്തെയും അവഗണിച്ചുകൊണ്ട് ന്യുനപക്ഷത്തെ മാത്രം പ്രതിനിധാനം ചെയ്യുന്ന ഒരു ബഡ്ജറ്റ് ആയിട്ടാണ് ഈ ബഡ്ജറ്റ് അവതരണത്തെ കാണാന്‍ കഴിയുന്നത്.നമ്മുടെ രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാനോ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുവാനോ യാതൊരു നിര്‍ദ്ദേശവും ബഡ്ജറ്റ് മുന്നോട്ട് വെക്കുന്നില്ല. ജന സംഖ്യയുടെ ചെറിയ ശതമാനം വരുന്ന മധ്യ വർഗത്തെ സ്വാധീനിക്കാന്‍ വേണ്ടിയുള്ള ചില പ്രഖ്യാപനങ്ങള്‍ മാത്രമാണ് ഈ ബഡ്ജറ്റില്‍ ഉടനീളം കാണാന്‍ കഴിയുന്നത്. അതോടൊപ്പം തന്നെ നമ്മുടെ സംസ്ഥാനത്തെ പാടെ അവഗണിക്കുന്ന ഒരു ബഡ്ജറ്റാണ് ഇന്ന് ധനമന്ത്രി അവതരിപ്പിച്ചത്. ദീര്‍ഘകാലമായിട്ട് സംസ്ഥാനം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിവിധ ആവശ്യങ്ങള്‍ക്ക് ഈ ബഡ്ജറ്റില്‍ ഒരു കാര്യവും ചെയ്യില്ല എന്ന ഉറച്ച തീരുമാനം എടുത്ത പോലെ ആണ് ബഡ്ജറ്റ് അവതരണത്തെ കാണാന്‍ കഴിയുന്നത്. കുറച്ചു കാലങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതാണ് കേരളത്തിന്റെ വികസനത്തിന് വേണ്ടിയും മറ്റ് ആവശ്യത്തിനു വേണ്ടിയും പ്രത്യേക പാക്കേജ് അനുവദിക്കണം എന്നുള്ള കാര്യം. വളരെ വസ്തു നിഷ്ഠമായി നമ്മുടെ സംസ്ഥാന ഗവൺമെന്റ് ഇരുപത്തിനാലായിരം കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര ഗവണ്മെന്റില്‍ നിവേദനം സമര്‍പ്പിച്ചത്.അതുമായി ബന്ധപ്പെട്ടുകൊണ്ട് നമ്മുടെ സംസ്ഥാനത്തിൽ നിന്നും ജയിച്ചുവന്ന ബി ജെ പി എം പി ഒഴികെയുള്ള മിക്കവാറും എം പി മാര്‍ ഒപ്പിട്ട നിവേദനവും കേന്ദ്ര ഗവണ്മെന്റില്‍ സമര്‍പ്പിച്ചിരുന്നു.പക്ഷേ അത് സംബന്ധിച്ചു ഒരു കാര്യവും ഈ ബഡ്ജറ്റില്‍ പരാമർശിക്കുന്നില്ല എന്നുള്ളതാണ് കാണാന്‍ കഴിയുന്നത്.ബഡ്ജറ്റ് പ്രസംഗത്തിൽ പറഞ്ഞില്ലെങ്കിലും ബഡ്ജറ്റ് ഡോക്യുമെൻ്റിൽ ഉണ്ടോ എന്നുള്ളതും പരിശോധിച്ചു.പക്ഷെ ഒരു നയാ പൈസ പോലും കേരളത്തിന് നല്‍കാന്‍വേണ്ടി തയ്യാറാവുന്നില്ല എന്നുള്ള സ്ഥിതി ആണ് ഉള്ളത്.അതോടൊപ്പം തന്നെ വയനാട് വലിയ പ്രകൃതി ദുരന്തം ഉണ്ടായി.അതിനു സ്പെഷ്യല്‍ പാക്കേജ് നല്‍കണമെന്ന് നിരവധി വട്ടം ബഹുമാന്യനായ മുഖ്യമന്ത്രിയും അതുപോലെതന്നെ എം പി മാരെല്ലാം ആവശ്യപ്പെട്ടതാണ്.അതിനോടും പ്രത്യേകിച്ച് ഒരുതരത്തിലുള്ള പ്രതികരണവും ഉണ്ടായിട്ടില്ല. അതിവേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനു ആവശ്യമായിട്ടുള്ള സഹായം നല്‍കണം എന്ന് ആവശ്യപ്പെട്ടിട്ടും യാതൊരു സഹായവും പ്രഖ്യാപിച്ചിട്ടില്ല. മനുഷ്യ വന്യ ജീവി സംഘർഷം ലഘൂകരിക്കാൻ യാതൊരു വിധ പാക്കേജും അനുവദിച്ചിട്ടില്ല എന്ന് കാണാൻ കഴിയും. കാർഷിക മേഖലയായ ആലത്തൂർ പാർലമെൻ്റ് മണ്ഡലത്തിനെ സംബന്ധിച്ചും യാതൊരു വിധ സഹായവും ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടില്ല. മണ്ഡലത്തിൻ്റെ സമഗ്ര വികസനത്തിന് ഉതകുന്ന കാർഷിക പാക്കേജ്, ടൂറിസം സർക്യൂട്ട്, വില്ലേജ് ടൂറിസം എന്നിങ്ങനെയുള്ള വിവിധ ആവശ്യങ്ങളോടും മുഖം തിരിക്കുന്ന ബഡ്ജറ്റാണ് ഇന്ന് അവതരിപ്പിച്ചത്.എന്നാല്‍ ബീഹാറിനുവേണ്ടി ഒരുപാട് പ്രഖ്യാപനങ്ങൾ ആണ് ധനമന്ത്രി നടത്തിയത്. 6 തവണയാണ് ബഡ്ജറ്റ് പ്രസംഗത്തിൽ ബീഹാർ എന്ന് പരാമർശിച്ചത്. വരാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പ് മാത്രം ലക്ഷ്യം വെച്ചുള്ള ചില പ്രഖ്യാപനങ്ങള്‍ മാത്രമാണ് ഈ ബഡ്ജറ്റില്‍ കാണാന്‍ കഴിയുന്നത്. അഞ്ചാം തീയ്യതി നടക്കാൻ പോകുന്ന ഡല്‍ഹി തിരഞ്ഞെടുപ്പിൽ മിഡില്‍ ക്ലാസ്സിനെ സ്വാധീനിക്കാന്‍ വേണ്ടിയുള്ള പ്രഖ്യാപനങ്ങളും ബഡ്ജറ്റിൽ കാണാന്‍ കഴിയും. രാജ്യത്ത് വർധിച്ചു വരുന്ന അസമത്വം ഇല്ലാതാക്കാനോ ദാരിദ്ര്യം നിര്‍മ്മാര്‍ജനം ചെയ്യുവാനോ തൊഴിലില്ലായ്മ പരിഹാരം ഉണ്ടാക്കുവാനോ വിലകയറ്റം കുറക്കുവാനോ അങ്ങനെയുള്ള യാതൊരു നിര്‍ദേശവും മുന്നോട്ടുവേക്കാതെ തീര്‍ത്തും നിരാശാജനകമായ ഒരു ബഡ്ജെറ്റാണ്. പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിന് വേണ്ടി ഒരു പ്രഖ്യാപനവും ഉണ്ടായിട്ടില്ല എന്നതും പ്രതിഷേധാർഹമാണ്.
പ്രധാനമായും ആദായ നികുതി ഇളവ് ആണ് ബഡ്ജറ്റിൻ്റെ പ്രധാന ആകർഷണമായി ചൂണ്ടിക്കാണിക്കുന്നത്. 80000 രൂപ മുതൽ 125000 ലക്ഷം വരെയുള്ള ഇളവ് ആണ് ഇതിൻ്റെ ഭാഗമായി വരുന്നത്. 25 ലക്ഷം രൂപ വാർഷിക വരുമാനമുള്ള വ്യക്തിക്ക് ഏകദേശം ഒന്നേകാൽ ലക്ഷം രൂപയുടെ ഇളവാണ് ലഭിക്കുക. ഈ ഇളവ് എങ്ങിനെയാണ് സമ്പദ് വ്യവസ്ഥയിൽ ചിലവഴിക്കുന്നതിൻ്റെ അടിസ്ഥാനത്തിലായിരിക്കും മൾട്ടിപ്ലയർ എഫക്റ്റ് നിലനിൽക്കുന്നത്. മധ്യവർഗത്തിൽ പെട്ട ഒരു നികുതിദായകൻ്റെ കൈവശം വീട്,വാഹനം ഉൾപ്പെടെയുള്ള ഭൂരിഭാഗം ജീവിത സൗകര്യങ്ങളും ഉള്ള ഒരു കാലഘട്ടമാണ് ഇപ്പോൾ. ഈ ഒരു വിഭാഗം ആദായ നികുതിയിൽ നിന്ന് ലഭിക്കുന്ന ഇളവ് ആഭരണങ്ങൾ വാങ്ങുന്നതിനും ഉല്ലാസ യാത്രകൾക്കും വിദ്യാർത്ഥികളുടെ വിദേശ പഠനത്തിനും ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായിരിക്കും ചിലവഴിക്കുക. സമ്പദ് വ്യവസ്ഥയെ ആകെ ചലിപ്പിക്കുന്ന ഒരു ഉപഭോഗം ഇപ്പോൾ പ്രഖ്യാപിച്ച ആദായ നികുതി ഇളവിൻ്റെ ഭാഗമായി ഉണ്ടാകാൻ പോകുന്നില്ല.135 കോടിയിലേറെ ജനങ്ങളുള്ള ഒരു രാജ്യത്ത് ജനസംഖ്യയുടെ ഒരു ചെറിയ ശതമാനം വരുന്ന മധ്യ വർഗത്തിന് ലഭിക്കുന്ന ഇളവ് സമ്പദ് വ്യവസ്ഥക്ക് ആകെ ഗുണകരമാവില്ല.മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് വിഹിതം വർദ്ധിപ്പിച്ചിട്ടില്ല. സാധാരണക്കാർ ഗ്രാമീണർ , കർഷകർ ഉൾപ്പെടെയുള്ള വിഭാഗത്തിന് വരുമാനം വർദ്ധിപ്പിക്കാൻ ഉള്ള യാതൊരു വിധ പ്രഖ്യാപനങ്ങളും ബഡ്ജറ്റിൽ ഇല്ല.സർക്കാരിൻ്റെ ചിലവ് ചെയ്യൽ കുറക്കുകയാണ് ഉണ്ടായിട്ടുള്ളത്. ആകെ GDP യുടെ 14.17 ശതമാനമാണ് സർക്കാരിൻ്റെ ആകെ ചിലവ് ചെയ്യൽ. ഇത് മുൻവർഷത്തേക്കാൾ കുറവാണ്. കൃത്യമായി വളർച്ച നിരക്ക് കുറയും എന്ന സൂചനയാണ് ഉള്ളത്. വളർച്ച നിരക്ക് കുറയുന്ന സാഹചര്യത്തിൽ സമ്പദ്‌വ്യവസ്ഥയെ താങ്ങി നിർത്തുന്ന പ്രഖ്യാപനങ്ങളാണ് വേണ്ടിയിരുന്നത്.അത്തരം പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ബഡ്ജറ്റിൽ ഇല്ല.നിക്ഷേപവും കുറയുന്ന സാഹചര്യമാണ്. മുൻവർഷം പതിനൊന്ന് ലക്ഷത്തി പതിനൊന്നായിരത്തി ഒരു നൂറ്റി പതിനൊന്ന് കോടി രൂപ ആയിരുന്നത് ഈ വർഷം ഒരു ലക്ഷം കോടിയുടെ കുറവാണ് വന്നിട്ടുള്ളത്. വെറും പൊള്ളയായ പ്രഖ്യാപനങ്ങൾ മാത്രമാണ് ബഡ്ജറ്റിലുള്ളത്.പ്രധാനമന്ത്രിയുടെ പേരിൽ രാജ്യത്ത് നടത്തുന്ന പി എം എ വൈ ഉൾപ്പെടെയുള്ള വിവിധ പദ്ധതികളിൽ 11 പദ്ധതികളുടെയും വിഹിതം വെട്ടി കുറച്ചിരിക്കുകയാണ്. പി എം ആവാസ് യോജനയിൽ മാത്രം 18000 കോടിയുടെ കുറവാണ് വന്നിട്ടുള്ളത്. കഴിഞ്ഞ ബഡ്ജറ്റിൽ മുപ്പതിനായിരം കോടി വകയിരുത്തിയ പി എം ആവാസ് യോജനയിൽ ചിലവഴിച്ചത് പതിമൂന്നായിരം കോടി രൂപ മാത്രമാണ്.
ഇത്തരത്തിൽ പൊള്ളയായ പ്രഖ്യാപനങ്ങൾ മാത്രം നടത്തി കേരളത്തെ അപ്പാടെ അവഗണിച്ച ബഡ്ജറ്റിനെതിരെ പാർലമെൻ്റിനകത്തും പുറത്തും ശക്തമായ പ്രതിഷേധം നടത്തും.
