അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഉണർത്താനുതകുന്ന പരിപാടികൾ ഉണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. സമ്പദ്‌വ്യവസ്ഥയുടെ മെല്ലെപ്പോക്ക് മറിക്കടക്കാൻ സഹായിക്കുന്ന ഹ്രസ്വ-ദീർഘകാല പദ്ധതികളും പരിപാടികളുമായിരിക്കും ബജറ്റിൽ ഉണ്ടാകുകയെന്നായിരുന്നു പൊതുവെയുള്ള കണക്കുകൂട്ടൽ. എന്നാൽ, എല്ലാ വിഭാഗം ജനങ്ങളെയും നിരാശപ്പെടുത്തുന്നതായി കേന്ദ്ര ബജറ്റ്. സമ്പദ്‌ഘടന നേരിടുന്ന ഒരു പ്രശ്‌നത്തിനും പരിഹാരം നിർദേശിക്കാൻ ധനമന്ത്രി നിർമല സീതാരാമന് കഴിയുന്നില്ല. സാമ്പത്തിക മുരടിപ്പിൽ ഏതാണ്ടെല്ലാ സാമ്പത്തിക ആസൂത്രകരും വിദഗ്ധരും ബിസിനസ് സമൂഹവും ആശങ്കയിലാണ്. അത് ശരിവയ്‌ക്കുന്നതാണ് ബജറ്റിന്റെ തലേന്ന് ധനമന്ത്രി പാർലമെന്റിൽ സമർപ്പിച്ച സാമ്പത്തിക സർവേ 2024-25 റിപ്പോർട്ട്. നടപ്പു സാമ്പത്തിക വർഷത്തെ സാമ്പത്തിക വളർച്ച നിരക്ക് 6.4 ശതമാനത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് സർവേ പറയുന്നത്. അടുത്തവർഷവും സാമ്പത്തിക വളർച്ച നിരക്കിൽ വർധന പ്രതീക്ഷിക്കുന്നില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏതാണ്ട് 6.3 ശതമാനത്തിനും 6.8 ശതമാനത്തിനും ഇടയിലാകുമെന്നാണ് അനുമാനം.
പ്രധാനമന്ത്രി അവകാശപ്പെട്ട 2047ലെ വികസിത ഭാരതത്തിലേക്ക് എത്തണമെങ്കിൽ എട്ടു ശതമാനം വാർഷിക വളർച്ച നിരക്കുവേണം. 8.2 ശതമാനം പ്രതീക്ഷിത സാമ്പത്തിക വളർച്ചയാണ് 2023-24 വർഷത്തെ സാമ്പത്തിക സർവേ റിപ്പോർട്ടിൽ അവകാശപ്പെട്ടത്. 2023- 24ൽ 8.2 ശതമാനവും 2022-23ൽ 7.2 ശതമാനവും 2021-22ൽ 8.7 ശതമാനവും വളർച്ച രേഖപ്പെടുത്തിയെന്നാണ് കേന്ദ്ര സർക്കാരിന്റെ നേരത്തേയുള്ള അവകാശവാദം. അങ്ങനെയെങ്കിൽ ഈ വർഷത്തെ സാമ്പത്തികസ്ഥിതി തികച്ചും ഗുരുതര അവസ്ഥയിലാണ്. നടപ്പുവർഷം മൂലധനച്ചെലവിൽ 12.3 ശതമാനം ഇടിവുണ്ടായി എന്നതും ആശങ്ക ഉയർത്തുന്നു. നവംബർവരെയുള്ള സ്ഥിതിവിവരങ്ങളെ ആശ്രയിച്ച് തയ്യാറാക്കിയ അവലോകനത്തിൽ, ഭക്ഷ്യ വിലക്കയറ്റം 8.4 ശതമാനമാണ്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 7.5 ശതമാനവും. നടപ്പുവർഷത്തെ ചരക്ക് കയറ്റുമതി വളർച്ച 1.6 ശതമാനം മാത്രമാണ്. ഇറക്കുമതി വർധന 5.2 ശതമാനവും. ബാങ്ക് വായ്‌പ വളർച്ച തോതിലും ഇടിവാണ്. മുൻവർഷം നവംബർവരെ 15.2 ശതമാനമായിരുന്നത് നടപ്പുവർഷം 11.8 ശതമാനംമാത്രം. ഈവർഷം നവംബർവരെ 3.4 ലക്ഷം കോടി രൂപയുടെ വിദേശ നിക്ഷേപം പിൻവലിക്കപ്പെട്ടുവെന്നതും കൂട്ടിച്ചേർക്കേണ്ടതുണ്ട്. ഈ അവസ്ഥയിൽ ജനങ്ങളുടെ വാങ്ങൽശേഷി ഉയർത്തുന്നതും സമ്പദ്‌വ്യവസ്ഥ ചലിപ്പിക്കാൻ ഉതകുന്നതുമായ നിർദേശങ്ങൾ വരുംവർഷത്തേക്കുള്ള ബജറ്റിൽ ഉണ്ടാകേണ്ടത് അനിവാര്യമായിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളെന്ന പതിവു ശൈലിതന്നെയാണ് ഇത്തവണയും കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുള്ളത്. എല്ലാ സംസ്ഥാനങ്ങളെയും തുല്യനിലയിൽ കണ്ടുള്ള സമീപനം ഉണ്ടായില്ല. ബിഹാറിനെ കേന്ദ്രീകരിച്ചുള്ളതായി പ്രഖ്യാപനങ്ങളിൽ ഏറെയും. ഒപ്പം, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആദായനികുതി നിരക്കിൽ വലിയ മാറ്റം വരുത്തുന്നെന്ന പ്രതീതി ജനിപ്പിക്കാനുമാണ് ശ്രമിച്ചിട്ടുള്ളത്.
കേരളത്തിന് ന്യായമായും അർഹതയുള്ള പ്രധാന ആവശ്യങ്ങൾ കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തിയിരുന്നു. കേന്ദ്ര ധനവിഹിതങ്ങളിൽ വലിയതോതിൽ വെട്ടിക്കുറവ് നേരിടേണ്ടിവരുന്ന കേരളത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നത് ഇത്തവണയും ചെവിക്കൊണ്ടില്ല. കഴിഞ്ഞ തവണയും കാര്യകാരണ സഹിതം നമ്മൾ മുന്നോട്ടുവച്ചിരുന്ന വിഷയമാണിത്. രണ്ടു ദശാബ്‌ദത്തിനിടയിൽ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ കയറ്റുമതി പ്രോത്സാഹന അനുകൂല പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ പദ്ധതി. എന്നാൽ, കയറ്റുമതി പ്രോത്സാഹനത്തിന് ഊന്നൽ നൽകുമെന്ന് പ്രഖ്യാപിക്കുന്ന ബജറ്റിൽ വിഴിഞ്ഞം തുറമുഖ വികസനം പരാമർശിച്ചേയില്ല. വയനാട് മുണ്ടക്കൈ ദുരിതബാധിതരുടെ പുനരധിവാസത്തിന് സഹായിക്കാനും കേന്ദ്ര സർക്കാരിന് മനസ്സുണ്ടായില്ല. പുതിയ സംരംഭങ്ങളൊന്നും കേരളത്തിനില്ല. പൊതുവിൽ കേരളവിരുദ്ധ ബജറ്റാണ് ഇത്തവണയും അവതരിപ്പിച്ചത്.
സംസ്ഥാനങ്ങൾക്കുള്ള ധനവിഹിതങ്ങളും ഗ്രാന്റുകളും വായ്‌പകളും കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതങ്ങളുമായി 25,01,284 കോടി രൂപ അടുത്ത സാമ്പത്തിക വർഷത്തേക്ക് നീക്കിവച്ചിട്ടുണ്ടെന്നും അത് 2023-24 വർഷത്തെ വകയിരുത്തലിനേക്കാൾ 4,91,668 കോടി രൂപ അധികമാണെന്നും അവകാശപ്പെടുന്നു. അതനുസരിച്ച് 2023- 24ൽ ജനസംഖ്യാനുപാതികമായി കേരളത്തിന് ഏകദേശം 72,500 കോടി രൂപയെങ്കിലും കിട്ടണം. ആ വർഷം എല്ലാംകൂടി കിട്ടിയത് 33,000 കോടി രൂപയോളമാണ്. 2025- 26ൽ ആകെ വകയിരുത്തലിൽ അഞ്ചുലക്ഷം കോടിയോളം രൂപ വർധിക്കുമ്പോൾ ആനുപാതിക വർധനയായി 14,258 കോടി രൂപ സംസ്ഥാനത്തിന് അധികം ലഭിക്കണം. യഥാർഥ വർധന വെറും 5000 കോടിയോളം രൂപയിൽ ഒതുങ്ങുമെന്നാണ് പ്രാഥമിക വിശകലനത്തിൽ വ്യക്തമാകുന്നത്. ഈ ഗൗരവമായ വിവേചനമാണ് യഥാർഥ പ്രശ്‌നം. നിതി ആയോഗ് വിലയിരുത്തലുകളിലും സാമ്പത്തിക സർവേ റിപ്പോർട്ടിലുമൊക്കെ ഒട്ടേറെ കാര്യങ്ങളിൽ മുന്നിൽനിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് അംഗീകരിക്കുന്ന കേന്ദ്ര സർക്കാരാണ് ധനവിഹിതത്തിന്റെ കാര്യത്തിലും പൊതുവികസനക്കാഴ്‌ചപ്പാടിലും സംസ്ഥാനത്തെ അവഗണിക്കുന്നത്. ഈ സമീപനം അങ്ങേയറ്റം ദുഃഖകരവും പ്രതിഷേധാർഹവുമാണ്. ഇത് തിരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകുമെന്നാണ് ഇപ്പോഴും സംസ്ഥാനം പ്രതീക്ഷിക്കുന്നത്. സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി മൂന്നു ശതമാനത്തിൽത്തന്നെ നിലനിർത്താൻ നിർബന്ധം പിടിക്കുന്ന കേന്ദ്ര സർക്കാരിന്റെ കടമെടുപ്പ് 4.4 ശതമാനമായിരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഞങ്ങൾ കടമെടുക്കും നിങ്ങൾ എടുക്കാൻ പാടില്ലെന്നതാണ് സമീപനം. എല്ലാ ഹയർ സെക്കൻഡറി സ്‌കൂളുകളിലും ഇന്റർനെറ്റ് സൗകര്യം, ടിങ്കറിങ് ലാബ് തുടങ്ങിയ കേന്ദ്രാവിഷ്‌കൃത പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, പ്രൈമറി സ്‌കൂളുകളടക്കം എല്ലാ സ്‌കൂളുകളിലും ഇന്റർനെറ്റ് കണക്‌ഷൻ നിലവിലുള്ളപ്പോൾ ഇത്തരം പദ്ധതി പ്രഖ്യാപനംകൊണ്ട് കേരളത്തിന് പ്രയോജനമുണ്ടാകില്ലെന്നതാണ് പ്രശ്‌നം. നമുക്ക് അനുയോജ്യമായ നിലയിലേക്ക് മാറ്റം വരുത്തി ഉപയോഗിക്കാനുതകുന്ന അയവുള്ള മാനദണ്ഡങ്ങൾ വരാത്ത പക്ഷം ഇത്തരം വിഹിതങ്ങളിൽ സംസ്ഥാനത്തിന് അവകാശമില്ലാതാകുന്ന സ്ഥിതിയുണ്ടാകും.
കാർഷികരംഗത്തടക്കമുള്ള വിഹിത വകയിരുത്തലും കുറയുന്ന സ്ഥിതിയാണുള്ളത്. അടുത്ത സാമ്പത്തിക വർഷം, ചെലവിൽ മൂന്നരലക്ഷം കോടിയുടെ വർധനയാണ് ബജറ്റിൽ കണക്കാക്കുന്നത്. ഇതനുസരിച്ചുള്ള വർധനപോലും പൊതുവിൽ ജനങ്ങളെയാകെ ബാധിക്കുന്ന മേഖലകളിലുണ്ടാകുന്നില്ല. വളം സബ്‌സിഡിയിൽ 3400 കോടി രൂപ കുറഞ്ഞു. വിള ഇൻഷുറൻസിനും വകയിരുത്തലിൽ 3600 കോടി രൂപ കുറച്ചു. കാർഷികമേഖല ഒന്നാമത്തെ ഗ്രോത്ത് എൻജിൻ എന്ന് അവകാശപ്പെടുമ്പോഴാണ് ഈ വെട്ടിക്കുറയ്‌ക്കൽ. പെട്രോളിയം സബ്‌സിഡി 2600 കോടി കുറച്ചു. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള വിഹിതത്തിൽ നടപ്പുവർഷം 2023- 24 വർഷത്തേക്കാൾ 3600 കോടി രൂപയോളം കുറച്ചിരുന്നു. 2025-26 വർഷത്തേക്ക് നിലവിലുള്ള വിഹിതത്തിൽനിന്ന് ഒരു രൂപപോലും കൂട്ടിയില്ല. ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ വാങ്ങൽശേഷി ഉയർത്താൻ സഹായകമാകുന്ന പദ്ധതികളെയാണ് ഇത്തരത്തിൽ അവഗണിച്ചത്. ‘മഖാന’യെ പരിഗണിക്കുന്നവർ റബറിനെ അവഗണിച്ചു. കയറ്റുമതി മറ്റൊരു ഗ്രോത്ത് എൻജിനാണെന്ന് അവകാശപ്പെടുന്ന ബജറ്റ് നടപ്പുവർഷത്തെ കയറ്റുമതിയിലെ വളർച്ച മുരടിപ്പും ഇറക്കുമതിയിലുണ്ടായ വർധനയും കാണാതെ പോകുന്നു.
രാജ്യത്തിന് ഹാനികരമായ മറ്റു ചില തീരുമാനങ്ങളും ഇത്തവണ ഉണ്ടായിട്ടുണ്ട്. ആണവോർജ മേഖല സ്വകാര്യവൽക്കരിക്കുകയാണ്. ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം വിദേശനിക്ഷേപം വരുന്നതും അത്ര ശുഭകരമായ കാര്യങ്ങളല്ല. ഇത്തരം തീരുമാനം രാജ്യത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. ആദായനികുതിയിൽ അനൽപ്പമായ സന്തോഷം പ്രകടിപ്പിക്കാനാണ് കേന്ദ്ര ബജറ്റിൽ ശ്രമിച്ചിട്ടുള്ളത്. എന്നാൽ, വാർഷിക വരുമാനം 12 ലക്ഷം രൂപവരെയുള്ളവർക്ക് ആദായ നികുതി ഒഴിവ് അവകാശപ്പെടുമ്പോൾ, അതിനുമുകളിലുള്ള സ്ലാബുകളിലെ നികുതി നിരക്കിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. താഴേത്തട്ടിലുള്ള കുറച്ച് ആളുകൾക്കുമാത്രമായിരിക്കും എന്തെങ്കിലും പ്രയോജനമുണ്ടാകുക. ഈ ഇളവ് ലഭിക്കുന്നതിന് പുതിയ സ്‌കീം തെരഞ്ഞെടുക്കേണ്ടിവരുന്ന നികുതി ദായകന് ഭവനവായ്‌പ തിരിച്ചടവ്, കുട്ടികളുടെ ട്യൂഷൻ ഫീസ്, ലഘുസമ്പാദ്യ പദ്ധതി നിക്ഷേപം, ദുരിതാശ്വാസ നിധികളിലേക്കുള്ള സംഭാവനകൾ, ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് പ്രീമിയങ്ങൾ ഉൾപ്പെടെയുള്ള കിഴിവ് ക്ലെയിം ചെയ്യാനുള്ള അവസരവും ഇല്ലാതാകുന്നു. ഫലത്തിൽ മധ്യവർഗത്തിന് വലിയ പ്രയോജനമൊന്നും ഉണ്ടാക്കാൻ ഉതകുന്ന പ്രഖ്യാപനമല്ലിത്. ജനങ്ങളുടെ വരുമാനവും വാങ്ങൽശേഷിയും ഉയർത്തുന്ന നിലയിൽ പൊതുചെലവ് ഉയർത്തുക, മൂലധന നിക്ഷേപം വർധിപ്പിക്കുക, കൂടുതൽ നിക്ഷേപങ്ങളെ ആകർഷിക്കാൻ സഹായകമായ പരിപാടികൾ നടപ്പാക്കുക തുടങ്ങിയവയാണ് സമ്പദ്‌ഘടനയുടെ മുരടിപ്പ് നേരിടാനുള്ള മാർഗങ്ങളെന്നത് പരക്കെ അംഗീകരിക്കപ്പെട്ടതാണ്.
ലോക സാഹചര്യങ്ങൾ അതിവേഗം മാറുന്നു. അമേരിക്കയിലടക്കമുണ്ടായ രാഷ്‌ട്രീയ മാറ്റങ്ങൾ സാമ്പത്തികരംഗത്ത് പ്രവചനാതീതമായ ചലനങ്ങൾ സൃഷ്ടിക്കുന്നു. അതിനനുസരിച്ച് നമ്മുടെ രാജ്യത്തിന്റെ സമ്പദ്‌ഘടനയെ സ്വന്തം കാലിൽ ഉറപ്പിച്ച് നിർത്തുകയാണ് ആവശ്യം. അതിന് ഉൽപ്പാദനം, കൃഷി, സേവനം ഉൾപ്പെടെ അടിസ്ഥാന മേഖലകളിലൊക്കെ ഉയർന്ന വളർച്ച നിരക്ക് നേടേണ്ടതുണ്ട്. നമ്മുടെ മനുഷ്യവിഭവശേഷി രാജ്യത്തിനകത്തുതന്നെ വിനിയോഗിക്കുന്നുവെന്നതും ഉറപ്പുവരുത്തണം. അതിന് ഇന്ത്യയെ ഒന്നാകെ കണ്ടുള്ള നയസമീപനമായിരുന്നു വേണ്ടിയിരുന്നത്. അത് ഇത്തവണത്തെ കേന്ദ്ര ബജറ്റിലുമില്ല. രാഷ്‌ട്രീയപരമായ സമീപനമല്ല കേന്ദ്ര സർക്കാർ സ്വീകരിക്കേണ്ടത്. രാജ്യത്തെ ഒറ്റക്കെട്ടായി കൊണ്ടുപോകാനുതകുന്ന പരിപാടിയാണ് ആവശ്യം. അതിനുതകുന്ന നിലയിൽ കേന്ദ്ര സർക്കാരിന്റെ നിലപാടിൽ മാറ്റം വരുത്തുമെന്നുതന്നെയാണ് പ്രതീക്ഷ.
