ബിജെപിയുടെ ഫാസിസ്റ്റ് നയങ്ങളുമായി സിപിഐ എം സമരസപ്പെട്ടിരിക്കുന്നുവെന്ന രീതിയിലുള്ള പ്രചാരണം വ്യാപകമായി നടത്തിക്കൊണ്ടിരിക്കുകയാണ്. രഹസ്യരേഖകൾതന്നെ സിപിഐ എം വിതരണം ചെയ്തെന്നാണ് മാതൃഭൂമിയുടെ കണ്ടെത്തൽ. സിപിഐ എമ്മിന്റെ 24-ാം പാർടി കോൺഗ്രസിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് രാഷ്‌ട്രീയപ്രമേയം സംബന്ധിച്ചാണ് ഈ അസംബന്ധവാർത്ത. തുടർന്ന് തെറ്റായ പ്രചാരണങ്ങളുടെ തീമഴയാണ് മാധ്യമങ്ങൾ നടത്തുന്നത്.
ഫാസിസത്തെ സംബന്ധിച്ച കമ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ നിലപാട് ദിമിത്രോവ് പ്രസിദ്ധമായ ‘ഫാസിസത്തിനെതിരായ ഐക്യമുന്നണി’ എന്ന രേഖയിൽ ഇങ്ങനെ വ്യക്തമാക്കുന്നുണ്ട്. ‘‘ഫിനാൻസ് മൂലധനക്കാരിൽവച്ച് ഏറ്റവും പിന്തിരിപ്പനും, അങ്ങേയറ്റത്തെ സങ്കുചിത ദേശീയവാദികളും, കടുത്ത സാമ്രാജ്യത്വവാദികളുമായ ശക്തികളുടെ പരസ്യവും, ഭീകരവുമായ സ്വേച്ഛാധിപത്യമാണ് അധികാരത്തിലേറിയ ഫാസിസം''. ഇങ്ങനെ വ്യക്തമാക്കിയശേഷം അതിന്റെ മറ്റ് മുഖങ്ങളെയും അവതരിപ്പിക്കുന്നു. ‘‘തൊഴിലാളി വർഗത്തിനും കൃഷിക്കാരിലെ വിപ്ലവബോധമുള്ള വിഭാഗത്തിനും ബുദ്ധിജീവികൾക്കുമെതിരായ ഭീകരമായ പ്രതികാരത്തിനുള്ള സംഘടനയാണത്. വിദേശനയത്തിൽ മറ്റ് രാഷ്ട്രങ്ങളോട് മൃഗീയമായ പക വളർത്തുന്ന ഫാസിസം സങ്കുചിത ദേശീയത്വത്തിന്റെ ഏറ്റവും പ്രാകൃതരൂപമാണ്''.
മാർക്സിസം മുന്നോട്ടുവയ്‌ക്കുന്ന ഈ അടിസ്ഥാന ധാരണയിൽനിന്ന് സിപിഐ എമ്മിന്റെ പാർടി പരിപാടി ആർഎസ്എസിനെയും അത് നയിക്കുന്ന ബിജെപിയെയും കുറിച്ച് ഇങ്ങനെ വ്യക്‌തമാക്കുന്നു. ‘‘വർഗീയവും ഫാസിസ്റ്റ് സ്വഭാവമുള്ളതുമായ ആർഎസ്എസ് നേതൃത്വത്തിലുള്ള കൂട്ടുകെട്ട് ഉയർന്നുവരികയും, കേന്ദ്രത്തിൽ അധികാരമേറുകയും ചെയ്തതോടെ മതനിരപേക്ഷതയുടെ അടിത്തറയ്‌ക്കുള്ള ഭീഷണി സംഭ്രമജനകവുമായിട്ടുണ്ട്. ഭരണകൂട സ്ഥാപനങ്ങളെയും ഭരണസംവിധാനത്തെയും വിദ്യാഭ്യാസ വ്യവസ്ഥയെയും മാധ്യമങ്ങളെയും വർഗീയവൽക്കരിക്കാൻ നിരന്തരം ശ്രമങ്ങൾ നടക്കുന്നു. ഭൂരിപക്ഷ വർഗീയതയുടെ വളർച്ച ന്യൂനപക്ഷ വർഗീയതയുടെ ശക്തികൾക്ക് കരുത്തേകുകയും ദേശീയ ഐക്യത്തെ അപകടപ്പെടുത്തുകയും ചെയ്യുന്നു. വൻകിട ബൂർഷ്വാസിയിലെ ചില ശക്തികൾ ബിജെപിക്കും, അതിന്റെ വർഗീയ ശക്തികൾക്കും നൽകുന്ന പിന്തുണ രാജ്യത്തെ ജനാധിപത്യത്തിനും മതനിരപേക്ഷതയ്‌ക്കും ഗുരുതരമായ ഭവിഷ്യത്തുകൾ ഉളവാക്കുന്നതാണ്''. ബിജെപി രാജ്യത്ത് അധികാരത്തിലെത്തുന്നതോടെ നേരിടുന്ന ഗുരുതരമായ പ്രശ്നത്തെ ഇത്തരത്തിലാണ് പാർടി കാണുന്നത്.
കമ്യൂണിസ്റ്റ് പാർടിയെ സംബന്ധിച്ചിടത്തോളം പാർടി പരിപാടി ദീർഘകാല ലക്ഷ്യമായ വിപ്ലവ തന്ത്രം മുന്നോട്ടുവയ്‌ക്കുന്നു. ഇതിനെ പ്രായോഗികമാക്കാനുള്ള അടവുകളാണ് പാർടി കോൺഗ്രസുകളിൽ ചർച്ച ചെയ്യുന്നത്. 23–-ാം പാർടി കോൺഗ്രസ് ബിജെപിയെ അധികാരത്തിൽനിന്നും മാറ്റിനിർത്തുകയെന്നത് പ്രത്യേക കടമയായി കാണുകയും, അതിനായി ഓരോ സംസ്ഥാനത്തെയും ബിജെപി വിരുദ്ധ വോട്ടുകളെ കൂട്ടിയോജിപ്പിക്കണമെന്നും നിർദേശിച്ചു. ‘ഇന്ത്യാകൂട്ടായ്‌മ’യുടെ പൊതുസമീപനമായി പിന്നീട് ഇത് മാറി. ഇത് ബിജെപിക്കെതിരായ വിശാലമായ ഐക്യനിര വിവിധ സംസ്ഥാനങ്ങളിൽ രൂപപ്പെടുത്തുന്നതിനിടയാക്കി. അതിലൂടെയാണ് മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാമെന്ന ബിജെപിയുടെ സ്വപ്നം കേവല ഭൂരിപക്ഷത്തിൽപോലും എത്താതെ പൊലിഞ്ഞുപോയത്.
22-ാം പാർടി കോൺഗ്രസ് ബിജെപി ഫാസിസ്റ്റ് പ്രവണതകൾ പ്രകടിപ്പിക്കുന്നകാര്യം വ്യക്തമാക്കി. 23–-ാം പാർടി കോൺഗ്രസാകട്ടെ മോദി ഗവൺമെന്റ് ആർഎസ്എസിന്റെ ഫാസിസ്റ്റ് സ്വഭാവമുള്ള അജൻഡ നടപ്പിലാക്കുന്നതായി പ്രഖ്യാപിച്ചു. ഇതിന്റെ തുടർച്ചയിൽ 24–-ാം പാർടി കോൺഗ്രസിന്റെ രാഷ്ട്രീയ പ്രമേയം ഇങ്ങനെ പറഞ്ഞു. ‘‘ഹിന്ദുത്വത്തെ ഭരണകൂട ആശയസംഹിതയാക്കാനും, മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെ ഹിന്ദുരാഷ്ട്രമായി പരിവർത്തനം ചെയ്യാനുമുള്ള ആർഎസ്എസ് അജൻഡ ക്രമാനുഗതമായി പിന്തുടരുന്നുവെന്നതിന് കഴിഞ്ഞ മൂന്ന് വർഷത്തെ സംഭവങ്ങൾ ആവശ്യമായ തെളിവ് തരുന്നുണ്ട്''. ഇങ്ങനെ രേഖപ്പെടുത്തിയശേഷം ബിജെപി ന്യൂനപക്ഷങ്ങൾക്കും രാജ്യത്തിന്റെ മതനിരപേക്ഷ പാരമ്പര്യത്തിനുമെല്ലാം എതിരായി നടത്തുന്ന കാര്യങ്ങളെ കരട് പ്രമേയം വിശദീകരിക്കുന്നു.
ഓരോ രാജ്യത്തിന്റെയും ചരിത്രപരവും സാമൂഹ്യവും സാമ്പത്തികവുമായ പരിതസ്ഥിതിക്ക് അടിസ്ഥാനമായാണ് ഫാസിസം രൂപംകൊള്ളുന്നത്. അതുകൊണ്ടുതന്നെ ഓരോ രാജ്യത്തും അവർ കടന്നുവരുന്ന വഴി വിശദമായ പരിശോധനയ്‌ക്ക് വിധേയമാക്കേണ്ടതുണ്ട്. ദിമിത്രോവ് ഫാസിസത്തിനെതിരായ ഐക്യമുന്നണിയെന്ന രേഖയിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇ എം എസ് ഇതു സംബന്ധിച്ച് വിശദീകരിക്കുമ്പോൾ ഫാസിസത്തെ സംബന്ധിച്ച മൗലിക തത്വങ്ങൾ ഏതെന്ന് മനസ്സിലാക്കാൻ ഈ രേഖ സഹായിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. ഒപ്പം പറയുന്ന കാര്യം ഏറെ പ്രസക്തമാണ്. ‘‘അന്ന് ഫാസിസത്തിന് നൽകിയ നിർവചനമനുസരിച്ച് ഇന്നത്തെ ഏതെങ്കിലുമൊരു ഗവൺമെന്റിനെയോ രാഷ്ട്രീയ പാർടിയെയോ വിലയിരുത്താൻ ശ്രമിക്കുന്നത് അസംബന്ധമായിരിക്കുമെന്നർഥം. എന്തുകൊണ്ടെന്നാൽ അന്നത്തെ സാർവദേശീയ സാഹചര്യമല്ല ഇന്ന് നിലനിൽക്കുന്നത്''. ഈ യാഥാർഥ്യങ്ങളെ ഉൾക്കൊണ്ടാണ് ഇന്ത്യയിലെ ഫാസിസ്റ്റ് അജൻഡകളുമായി പ്രവർത്തിക്കുന്നവരാണ് ആർഎസ്എസ് എന്ന നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് അതിന്റെ സവിശേഷതകളെ പരിശോധിക്കുന്നതിന് സിപിഐ എം തയ്യാറായത്. ഇതിന്റെ ഭാഗമായി കരട് രാഷ്ട്രീയ പ്രമേയത്തിന്റെ തുടക്കത്തിൽ ഇങ്ങനെ പറയുന്നു. ‘‘പിന്തിരിപ്പൻ ഹിന്ദുത്വ അജൻഡ അടിച്ചേൽപ്പിക്കുന്നതിനുള്ള ശ്രമങ്ങളും, പ്രതിപക്ഷത്തെയും ജനാധിപത്യത്തെയും അടിച്ചമർത്തുന്നതിനുള്ള അമിതാധികാര നീക്കങ്ങളും, നവഫാസിസ്റ്റ് സ്വഭാവ വിശേഷങ്ങളെയാണ് പ്രകടിപ്പിക്കുന്നത്''. ഇവിടെ പ്രയോഗിക്കപ്പെട്ട നവഫാസിസമെന്നതിനെ വിശദീകരിച്ച് പിബി ഒരു പ്രത്യേക കുറിപ്പ് കരട് രാഷ്ട്രീയ പ്രമേയത്തിന്റെ അവസാനം നൽകിയിട്ടുണ്ട്. ഇതിൽ യൂറോപ്പിലെ ഫാസിസവും ഇന്ത്യയിൽ ഉയർന്നുവരുന്ന ഫാസിസവും തമ്മിലുള്ള ബന്ധത്തെയും വ്യത്യസ്തതകളെയും വിശകലനം ചെയ്യുന്നു.
ന്യൂനപക്ഷത്തെ അപരരായി കാണുന്ന രീതി വൻകിട ബൂർഷ്വാസിയുടെ ശക്തമായ ചിന്തകൾ എന്നിവയെല്ലാം ഹിറ്റ്‌ലറുടെയും മുസോളിനിയുടെയും കാലത്തേതെന്നപോലെ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഹിന്ദുത്വ സങ്കുചിത പ്രത്യയശാസ്ത്രം, നവലിബറൽ പ്രതിസന്ധി, വൻകിട ബൂർഷ്വാസിയുടെ താൽപ്പര്യത്തിനൊപ്പിച്ച് അമിതാധികാരത്തിന്റെ രീതി എന്നിവയും നവഫാസിസത്തിന്റെ രൂപമാണെന്ന കാര്യം രേഖയിലുണ്ട്. അന്നത്തെ കാലത്തുനിന്നും വ്യത്യസ്തമായി സാമ്രാജ്യത്വ രാഷ്ട്രങ്ങൾ തമ്മിലുള്ള വൈരുധ്യങ്ങൾ ശക്തമായി നിലനിൽക്കുന്നില്ല. ഫാസിസ്റ്റ് ശക്തികളാകട്ടെ ആഗോളവൽക്കരണ നയങ്ങൾക്കെതിരായി ഉയർന്നുവരുന്ന അസംതൃപ്തിയെ മുതലെടുക്കാൻ ശ്രമിക്കുന്നുണ്ട്. അധികാരത്തിലെത്തിക്കഴിഞ്ഞാൽ ആ നയങ്ങൾ തന്നെ ഇവർ നടപ്പിലാക്കുന്ന സ്ഥിതിയുമുണ്ട്.
കോൺഗ്രസ് സർക്കാരിന്റെ ആഗോളവൽക്കരണ നയങ്ങൾ സൃഷ്ടിച്ച പ്രശ്നങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ബിജെപി അധികാരത്തിൽ വന്നത്. എന്നാൽ, അധികാരത്തിൽ വന്നശേഷം ആ നയം കൂടുതൽ ശക്തമായി തുടരുകയാണ് ചെയ്തത് എന്ന ഇന്ത്യൻ അനുഭവങ്ങളെ ഇവിടെ ചേർത്ത് വായിക്കേണ്ടതുണ്ട്.
ഫാസിസ്റ്റുകൾ അധികാരത്തിലെത്തിയാൽ തെരഞ്ഞെടുപ്പ് നിർത്തുന്ന നയമാണ് സ്വീകരിച്ചത്. ഇപ്പോൾ അത് നിലനിർത്തിക്കൊണ്ട് തന്നെ പ്രതിപക്ഷത്തെ അടിച്ചമർത്തുകയും അമിതാധികാരം ഉപയോഗിക്കുകയും ചെയ്യുന്ന രീതി വികസിക്കുകയാണ്. നിലവിലുള്ള ഭരണ സംവിധാനത്തിന്റെ ഉള്ളിൽ നിന്നുകൊണ്ട് ദീർഘകാലം പ്രവർത്തിച്ച് ഭരണകൂടത്തിന്റെ ഘടനയിൽ തന്നെ മാറ്റങ്ങൾ വരുത്തുന്ന പുതിയ പ്രവണത നിലനിൽക്കുന്ന കാര്യവും വിശദീകരിക്കുന്നുണ്ട്. ഇന്നത്തെ സാഹചര്യത്തിൽ സംഘപരിവാർ ഫാസിസത്തിന്റെ വഴിയിലേക്കാണ് നീങ്ങുന്നത്. നിലവിൽ ഫാസിസമായി അത് മാറിയിട്ടില്ല. അങ്ങനെ മാറിയിരുന്നുവെങ്കിൽ പ്രതിപക്ഷ കക്ഷികൾക്ക് സർക്കാരിനെ വിമർശിക്കാനാകില്ല. പത്രങ്ങളോ മറ്റോ പ്രസിദ്ധീകരിക്കാനും കഴിയുമായിരുന്നില്ല. സംസ്ഥാന സർക്കാരുകൾക്ക് ഇന്നുള്ള സ്വാതന്ത്ര്യത്തോടെ പ്രവർത്തിക്കുവാനും കഴിയുമായിരുന്നില്ല.
അതേസമയം, ബിജെപി–ആർഎസ്എസ് എന്നിവയോട് ഏറ്റുമുട്ടി അവരെ തടഞ്ഞില്ലെങ്കിൽ ഇപ്പോഴത്തെ ഹിന്ദുത്വ –- കോർപറേറ്റ്–- അമിതാധികാരം ഫാസിസമായി മാറുമെന്ന കാര്യവും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ആർഎസ്എസ് ഫാസിസ്റ്റ് സംഘടനയാണ് എന്നതിലും അവർ അതിനായാണ് ശ്രമിക്കുന്നത് എന്നതിലും ഒരു സംശയവും സിപിഐ എമ്മിന് അന്നും ഇന്നും ഇല്ല.
സിപിഐ (എംഎൽ) ന്റെ നിലപാട് പ്രകാരം ഇന്ത്യയിൽ ഫാസിസമായിക്കഴിഞ്ഞു. സിപിഐ മോദി ഗവൺമെന്റിനെ ഫാസിസ്റ്റ് ഗവൺമെന്റ് എന്നും വിശേഷിപ്പിക്കുന്നു. ഫാസിസ്റ്റ് പ്രവണതകളുള്ളതാണ് ബിജെപിയെന്നും അവരുടെ ഭരണത്തെ തടഞ്ഞില്ലെങ്കിൽ അത്തരമൊരവസ്ഥയിൽ എത്തിച്ചേരുമെന്നും സിപിഐ എം വിലയിരുത്തുന്നു.
ബിജെപി ഫാസിസ്റ്റ് അജൻഡകൾ മുന്നോട്ടുവയ്‌ക്കുന്ന സംഘടനയാണ് എന്നതിൽ മൂന്ന് ഇടതുപക്ഷ കക്ഷികൾക്കും ഒരേ അഭിപ്രായമാണ്. എന്നാൽ, ഫാസിസത്തിലേക്കുള്ള പ്രയാണത്തിൽ അത് എത്രത്തോളം എത്തിയെന്ന കാര്യത്തിൽ മാത്രമാണ് അഭിപ്രായ വ്യത്യാസമുള്ളത്. ബിജെപി മുഖ്യവിപത്താണ് എന്നും അതിനാൽ ബിജെപിയെ പ്രതിരോധിക്കുകയെന്നത് അടിയന്തര കടമയാണെന്നും മനസ്സിലാക്കി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതിന് ഇടതുപക്ഷത്തിന് ഇവയൊന്നും ഒരു തടസ്സവുമല്ല.
സിപിഐ എമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയത്തിൽ ബിജെപിയെ മുഖ്യശത്രുവായി കാണുകയും അവർക്കെതിരായി ശക്തമായ നിലപാടെടുക്കാൻ ഇടതുപക്ഷ ഐക്യം ശക്തിപ്പെടേണ്ടതുണ്ട് എന്നും ഊന്നിപ്പറയുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഇന്ത്യാകൂട്ടായ്‌മയുമായി ഇപ്പോഴുള്ള സഹകരണം തുടരേണ്ടതുണ്ട് എന്ന നിലപാട് കരട് പ്രമേയം സ്വീകരിക്കുന്നത്.
പാർടി കോൺഗ്രസിൽ ചർച്ച ചെയ്ത് ആവശ്യമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടായിരിക്കും പ്രമേയം അംഗീകരിക്കുക. അപ്പോഴും ആർഎസ്എസ് ഫാസിസ്റ്റ് സംഘടനയാണെന്ന കാര്യത്തിലും അവയെ പരാജയപ്പെടുത്തേണ്ടത് സുപ്രധാനമായ കടമയാണെന്ന കാര്യത്തിലും ഒരുമാറ്റവും ഉണ്ടാകില്ല. കാരണം പാർടി പരിപാടി അതിനെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അതിലെ കാഴ്ചപ്പാടുകളെ അതത് കാലത്ത് പ്രായോഗികമാക്കാനുള്ള വഴികളാണ് പാർടി കോൺഗ്രസിൽ ചർച്ച ചെയ്യുന്നത്. ഇന്ത്യൻ സാഹചര്യത്തിലെ ഫാസിസത്തിന്റെ നിലയും അതിന്റെ സവിശേഷതയും കൂടുതൽ ആഴത്തിൽ വിശകലനം ചെയ്യുന്ന സിപിഐ എമ്മിന്റെ രീതി യഥാർഥത്തിൽ അതിനെതിരായ പ്രതിരോധത്തെ കൂടുതൽ ശക്തിപ്പെടുത്താനുള്ള വഴി സൃഷ്ടിക്കുകയേയൂള്ളൂ.
