കേരളത്തിന്റെ മികവുകളും നിക്ഷേപ സാധ്യതകളുംതേടി സംഘടിപ്പിച്ച ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയിലൂടെ 1,97,144.82 കോടി രൂപയുടെ നിക്ഷേപ വാഗ്‌ദാനം ലഭിച്ചു. ഉച്ചകോടിയിൽ താൽപ്പര്യപത്രം ഒപ്പിട്ട ആദ്യപദ്ധതിയുടെ കല്ലിടൽ നിയമസഭാ സമ്മേളനം കഴിഞ്ഞാലുടൻ മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റെയും സാന്നിധ്യത്തിൽ നടക്കും. എല്ലാ ജില്ലയിലും ഒരു പദ്ധതിയെങ്കിലും തുടങ്ങും.
ഫെബ്രുവരി 21നും 22നും കൊച്ചിയിൽനടന്ന ഉച്ചകോടി സമാപിച്ചപ്പോൾത്തന്നെ 1.53 ലക്ഷം കോടിരൂപയുടെ നിക്ഷേപ വാഗ്‌ദാനം ലഭിച്ചിരുന്നു. ഇരുപതുദിവസം പിന്നിട്ടപ്പോൾ 44,000 കോടിരൂപയുടെ അധിക നിക്ഷേപ സാധ്യത അറിയിച്ച് കൂടുതൽ കമ്പനികളെത്തി. ആകെ 5,59,144 തൊഴിലവസരം പ്രതീക്ഷിക്കുന്നു. ഐടി മേഖലയിൽ 60,000 തൊഴിലവസരംകൂടി ഉണ്ടാകും.
ലഭിച്ച താൽപ്പര്യപത്രങ്ങൾ 50 കോടി രൂപയ്‌ക്കുമുകളിലും താഴെയുമെന്ന് രണ്ടായി തിരിച്ചിട്ടുണ്ട്. 50 കോടിക്കുതാഴെയുള്ള പദ്ധതികളുടെ മേൽനോട്ടം ജില്ലാ വ്യവസായകേന്ദ്രം മാനേജർമാരെ ഏൽപ്പിക്കും. അതിനു മുകളിലുള്ളവയുടെ നടത്തിപ്പിന് പ്രത്യേക സംഘത്തെ നിയോഗിക്കും. പദ്ധതികളുടെയാകെ മേൽനോട്ടത്തിന് 16 വിദഗ്‌ധർ അടങ്ങുന്ന സംഘത്തെ ചുമതലപ്പെടുത്തും. താൽപ്പര്യപത്രങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ മന്ത്രിമാരുടെയും വകുപ്പു സെക്രട്ടറിമാരുടെയും യോഗം വെള്ളിയാഴ്‌ച ചേരും. തൊഴിലാളി സംഘടനകളുടെ യോഗവും വിളിച്ചിട്ടുണ്ട്. ഫിക്കി, സിഐഐ തുടങ്ങിയ സംഘടനകളുടെ യോഗവും നടത്തി.
