പൊതുമേഖലാ ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ (എൽഐസി) ഓഹരികൾ വീണ്ടും വിറ്റഴിക്കാൻ കേന്ദ്രം നീക്കം തുടങ്ങി. 2025–26 സാമ്പത്തികവർഷം രണ്ടുമുതൽ മൂന്നുശതമാനംവരെ ഓഹരികൾ വിറ്റഴിക്കാനാണ് പദ്ധതി. ഓഹരിവിപണിയിൽ കടുത്ത ചാഞ്ചാട്ടമുള്ളതിനാൽ രണ്ടുഘട്ടമായിട്ടായിരിക്കും വിൽപ്പന. 2027ഓടെ 10 ശതമാനം ഓഹരികൾ വിറ്റഴിച്ച് സർക്കാർ ഓഹരിപങ്കാളിത്തം 90 ശതമാനമാക്കി കുറയ്‌ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇൻഷുറൻസ് മേഖല പൂർണമായും സ്വകാര്യവൽക്കരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് 100 ശതമാനം സർക്കാർ ഉടമസ്ഥതയിലായിരുന്ന എൽഐസിയുടെ ഓഹരികൾ കേന്ദ്രം വിറ്റഴിക്കാൻ തുടങ്ങിയത്. 2022 മേയിലാണ് പ്രാഥമിക ഓഹരിവിൽപ്പന (ഐപിഒ) യിലൂടെ 3.5 ശതമാനം ഓഹരികൾ വിറ്റത്. ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യുന്ന കമ്പനികൾ മൂന്നുവർഷത്തിനകം പൊതു ഓഹരിപങ്കാളിത്തം 25 ശതമാനമാക്കണമെന്നാണ് സെബിയുടെ ചട്ടം. എൽഐസിക്ക് 2032 വരെ ഇതിന് സമയം അനുവദിച്ചിട്ടുണ്ട്. 96.5 ശതമാനം ഓഹരിയാണ് നിലവിൽ കേന്ദ്രത്തിന്റെ കൈവശമുള്ളത്.
