തമിഴ്നാട് ഗവർണർ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച വിഷയത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി ഫെഡറൽ സംവിധാനത്തെയും നിയമസഭയുടെ ജനാധിപത്യ അവകാശങ്ങളെയും ഉയർത്തിപ്പിടിക്കുന്നതാണ്. ഗവർണർമാർ മന്ത്രിസഭയുടെ ഉപദേശത്തിനനുസരിച്ചാണ് പ്രവർത്തിക്കേണ്ടതെന്ന് നേരത്തെ തന്നെ സുപ്രീംകോടതി പലവട്ടം വ്യക്തമാക്കിയതാണ്. അതിലുമുപരിയായി ഈ വിധിയിൽ ബില്ലുകൾ പാസാക്കുന്നതിന് കൃത്യമായ സമയപരിധിയടക്കം നിശ്ചയിച്ചു കാണുന്നു. നിയമനിർമ്മാണ സഭയുടെ അധികാരങ്ങൾ ഗവർണർമാർ കയ്യടക്കുന്ന പ്രവണതയ്ക്കെതിരായ താക്കീത് കൂടിയാണ് ഈ വിധി. അത് ജനാധിപത്യപത്യത്തിൻ്റെ വിജയമാണ്. നിയമസഭ പാസാക്കിയ ബില്ലുകൾ 23 മാസം വരെ തടഞ്ഞുവെക്കുകയും അനിശ്ചിതത്വത്തിലാക്കുകയും ചെയ്ത അവസ്ഥ നമ്മുടെ മുന്നിലുണ്ട്. അതിനെതിരെ കേരളം നിയമ പോരാട്ടത്തിലാണ്. കേരളം ഉയർത്തിയ അത്തരം വിഷയങ്ങളുടെ പ്രസക്തിക്കും പ്രാധാന്യത്തിനുമാണ് ഈ വിധി അടിവരയിടുന്നത്.
