Skip to main content

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മെയ് 2 ന് രാജ്യത്തിന് സമർപ്പിക്കും

ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. 2024 ജൂലൈ 13 മുതലാണ് വിഴിഞ്ഞം തുറമുഖത്ത് ട്രയൽ അടിസ്ഥാനത്തിൽ കപ്പലുകൾ വന്നു തുടങ്ങിയത്. 2024 ഡിസംബർ 3 മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി. ഇതുവരെ 263 കപ്പലുകൾ എത്തിച്ചേർന്നു. ഇത്രയും സമയത്തിനുള്ളിൽ 5.36 ലക്ഷം ടി.ഇ.യു കൈകാര്യം ചെയ്തു ലോകത്തെ തന്നെ വിസ്മയിപ്പിച്ചു മുന്നേറുകയാണ് വിഴിഞ്ഞം. 2025 ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഇന്ത്യയിലെ ദക്ഷിണ, പശ്ചിമ തീരത്തെ തുറമുഖങ്ങളിൽ ചരക്കു നീക്കങ്ങളിൽ വിഴിഞ്ഞമാണ് ഒന്നാം സ്ഥാനത്ത്. പ്രതിമാസം 1 ലക്ഷം ടിഇയു കൈകാര്യം ചെയ്യുക എന്ന നേട്ടവും വിഴിഞ്ഞം സ്വന്തമാക്കി.

ഇന്ത്യയിൽ ഇതുവരെ എത്തിയ കപ്പലുകളിൽ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന MSC Turkiye ഉൾപ്പെടെ വിഴിഞ്ഞത്ത് സുഗമമായി ബെർത്ത് ചെയ്തു. എംഎസ്സിയുടെ യൂറോപ്പിലേക്കുള്ള പ്രതിവാര സർവീസ് ആയ ജേഡ് സർവീസും വിഴിഞ്ഞത്തു നിന്ന് ആരംഭിച്ചു. വിജിഎഫ് കരാർ ഒപ്പിടൽ കൂടി പൂർത്തിയാക്കിയതോടെ വിഴിഞ്ഞം പോർട്ടിന്റെ ആദ്യഘട്ടത്തിലെ നടപടിക്രമങ്ങളെല്ലാം പൂർത്തിയാവുകയാണ്. തുറമുഖം രാഷ്ടത്തിന് സമർപ്പിക്കുന്നതോടെ ലോകസമുദ്രവ്യാപാര മേഖലയിൽ പ്രഥമനിരയിലേക്ക് എത്തിച്ചേരുകയാണ് കേരളം. ആർബിട്രേഷൻ നടപടികള്‍ ഒഴിവാക്കി പുതിയ കരാറിലേക്ക് എത്തിയതോടെയാണ് നിര്‍മാണപ്രവര്‍ത്തനം ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കി അഭിമാനകരമായ നേട്ടങ്ങളിലേക്ക് എത്താനായത്.

മുന്‍പ് ഉണ്ടായിരുന്ന കരാര്‍ അനുസരിച്ച് ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ വരുമാനം സര്‍ക്കാരിന് ലഭ്യമാവുന്ന നിലയിലാണ് ധാരണയില്‍ എത്തിയിരിക്കുന്നത്. അതനുസരിച്ച് 2034 മുതല്‍ തന്നെ തുറമുഖത്തില്‍ നിന്നും വരുമാനത്തിന്റെ വിഹിതം സര്‍ക്കാരിന് ലഭിക്കും. തുറമുഖത്തിന്റെ എല്ലാ ഘട്ടങ്ങളുടെയും നിര്‍മ്മാണം 2028-ല്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും . 4 ഘട്ടങ്ങളും കൂടി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന വരുമാനത്തിന്റെ ലാഭ വിഹിതമായിരിക്കും അദാനി വിഴിഞ്ഞം പോർട്ട് സര്‍ക്കാരിന് 2034 മുതല്‍ നല്‍കുക. ഇക്കാര്യത്തിലും ധാരണയില്‍ എത്തിയിട്ടുണ്ട്.

2028 നകം അടുത്ത ഘട്ടം പൂര്‍ത്തീകരിക്കുമ്പോൾ തുറമുഖത്തിന്റെ മിനിമം സ്ഥാപിത ശേഷി പ്രതിവര്‍ഷം 30 ലക്ഷം ടിഇയു ആയിരിക്കും. ഇതിനായി 10000 കോടി രൂപയുടെ ചിലവാണ് കണക്കാക്കിയിരിക്കുന്നത്. ഈ തുക പൂര്‍ണ്ണമായും അദാനി പോർട്സ് ആയിരിക്കും വഹിക്കുക.
റോഡ്, റെയിൽ കണക്റ്റിവിറ്റി പ്രാവർത്തികമാക്കി ചരക്ക് ഗതാഗതം സുഗമമാകുമ്പോൾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിന് മുൻപിൽ വലിയ വികസന സാധ്യതകൾ തുറന്നിടും. രാജ്യത്തിന്റെ ചരക്കുനീക്കത്തിന്റെ വലിയൊരു ഭാഗം കൈകാര്യം ചെയ്യാന്‍ വിഴിഞ്ഞത്തിന് സാധിക്കും. ഇതോടെ സംസ്ഥാന സർക്കാരിന്റെ ഇടപെടലുകളിലുടെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി പൂർത്തിയിയാക്കി തുറമുഖം പൂര്‍ണ്ണ ശേഷി കൈവരിക്കുന്നതോടു കൂടി കേരളത്തില്‍ വലിയ തോതിലുള്ള വാണിജ്യ-വ്യാവസായിക വളര്‍ച്ചയുണ്ടാകും.

തിരുവനന്തപുരം ജില്ലയില്‍ ഔട്ടര്‍ ഏര്യ ഗ്രോത്ത് കോറിഡോര്‍, ഔട്ടര്‍ റിംഗ് റോഡ്, വിഴിഞ്ഞം-കൊല്ലം-പുനലൂര്‍ വളര്‍ച്ചാത്രികോണം മുതലായവ യുദ്ധകാലാടിസ്ഥാനത്തില്‍ യാഥാര്‍ത്ഥ്യമാക്കി തുറമുഖ നിര്‍മ്മാണം മൂലമുള്ള നേട്ടങ്ങള്‍ പരമാവധി ഈ മേഖലയില്‍ പ്രയോജനപ്പെടുത്തുവാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു ഇതിനായുള്ള പ്രാഥമികാനുമതികളും നല്‍കിക്കഴിഞ്ഞു. വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയാണ് NHAI യുമായി ചേര്‍ന്ന് ഔട്ടര്‍ റിംഗ് റോഡ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഈ റോഡുകള്‍ക്കിരുവശങ്ങളിലുമായി 2.5 കിലോമീറ്റര്‍ പ്രദേശം വിവിധങ്ങളായ വ്യവസായവും വാണിജ്യശാലകളും സ്ഥാപിക്ക പ്പെടുന്നതോടുകൂടി തിരുവനന്തപുരത്തിന്‍റെ മുഖഛായ തന്നെ മാറുന്ന ബൃഹത് പദ്ധതിയാണിത്. ഈ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന മുറയ്ക്ക് എറണാകുളം മുതല്‍ തെക്കോട്ടുള്ള ഇതര ജില്ലകളിലും നിരവധി ലോജിസ്റ്റിക് പാര്‍ക്കുകളും വ്യവസായശാലകളും വരുമെന്ന് പ്രതീക്ഷിക്കുന്നു. കേന്ദ്രീകൃത തുറമുഖമായി വിഴിഞ്ഞത്തെ കണ്ടുകൊണ്ട് ഇതര തുറമുഖങ്ങളില്‍ നിന്നും വിഴിഞ്ഞത്തേക്ക് ചരക്കു നീക്കം നടത്തുന്നതിനായുള്ള നടപടികളും പുരോഗമിക്കുകയാണ്.

സ. വി എൻ വാസവൻ

കൂടുതൽ ലേഖനങ്ങൾ

കഴിഞ്ഞ 10 വർഷങ്ങൾക്കുള്ളിൽ നാം കൈവരിച്ച പുരോഗതിയെ പിന്നോട്ടടിപ്പിക്കുന്ന കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ കേരളം സമരമുഖം തുറക്കുന്നു

തിരുവനന്തപുരത്തെ പാളയം രക്തസാക്ഷി മണ്ഡപത്തിൽ ജനുവരി 12 ന് കേരളം സുപ്രധാനമായ ഒരു സമരമുഖം തുറക്കുകയാണ്.

ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർ​ഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോൺ​ഗ്രസും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മാറാട് കലാപത്തെ കുറിച്ച് പറയുന്നതിൽ എന്താണ് പ്രയാസം. ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പിൻപറ്റി വർ​ഗീയ ദ്രുവീകരണം നടത്തുകയാണ് യുഡിഎഫും കോൺ​ഗ്രസും. 39.97ശതമാനം വോട്ട് എൽ‍ഡിഎഫിന് ലഭിച്ചിട്ടുണ്ട്. അടിത്തറ ഭദ്രമാണ്. ചരിത്രത്തിലില്ലാത്ത വിധം മതപരവും ജാതീയവുമായ വിഭജനം നടക്കുകയാണ്.

മതത്തെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിച്ച് രാജ്യത്തെ മതരാഷ്ട്ര സിദ്ധാന്തത്തിലേക്ക് നയിക്കുന്ന വർ​ഗീയ ശക്തികൾ ജനാധിപത്യത്തിന് വലിയ ഭീഷണി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ലോകത്തും രാജ്യത്തും തീവ്ര വലതുപക്ഷ ശക്തികളും മതധ്രുവീകരണ ശക്തികളും രാഷ്ട്രീയ നേട്ടങ്ങൾക്കായി മതത്തെ ഉപയോഗിക്കുന്ന അപകടകരമായ ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം സംഘടിപ്പിക്കും

കേരളത്തിനെതിരായ കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ ജനുവരി 12 ന്‌ തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ എന്നിവർ പങ്കെടുക്കുന്ന സത്യാഗ്രഹ സമരം സംഘടിപ്പിക്കും.