Skip to main content

പരിസ്ഥിതിബോധം പൊതുമണ്ഡലത്തിന്റെ സവിശേഷ ശ്രദ്ധയിലെത്തിക്കുന്നതിനായി രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക സംഘടനകളിലേക്ക് പരിസ്ഥിതി രാഷ്ട്രീയത്തിന്റെ സന്ദേശം എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്

ജീവിതത്തെയും പ്രകൃതിയെയും ഉർവരമാക്കി നിലനിർത്തുന്ന ജൈവ സ്രോതസ്സാണ് നമ്മുടെ പരിസ്ഥിതി. ഏതൊരു ജനതയുടെയും അസ്തിത്വവും അതിനെ നിർണയിക്കുന്ന ആവാസവ്യവസ്ഥയും പരിസ്ഥിതിയിലെ സുപ്രധാന ഘടകമാണ്. പ്രകൃതിവിഭവങ്ങൾ എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. അതിനാൽ പാരിസ്ഥിതിക ചൂഷണത്തെ ചെറുക്കേണ്ടത് നാമേവരുടേയും ധാർമിക ഉത്തരവാദിത്വമാണ്. അതുകൊണ്ടുതന്നെ പരിസ്ഥിതിയുടെ പുനഃസ്ഥാപനവും സുസ്ഥിരതയും സഗൗരവം ചർച്ച ചെയ്യപ്പെടേണ്ട രാഷ്ട്രീയവിഷയം കൂടിയാണ്. പരിസ്ഥിതിബോധം പൊതുമണ്ഡലത്തിന്റെ സവിശേഷ ശ്രദ്ധയിലെത്തിക്കുന്നതിനായി രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക സംഘടനകളിലേക്ക് പരിസ്ഥിതി രാഷ്ട്രീയത്തിന്റെ സന്ദേശം എത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.

പാരിസ്ഥിതിക പ്രശ്നങ്ങളുടെ പരിഹാരത്തിനായി നാം അവലംബിക്കുന്ന ശാസ്ത്ര പ്രതിവിധികളും അവയുടെ പരിമിതികളും പരിശോധിച്ചാൽ ബോധപൂർവമുള്ള പരിസ്ഥിതി സംരക്ഷണമാണ് പ്രശ്നപരിഹാരത്തിന് ഏറ്റവും ഉത്തമമെന്ന് മനസ്സിലാകും. ആഗോളതാപനം സൃഷ്ടിക്കുന്ന കാലാവസ്ഥാ വ്യതിയാനവും അനുബന്ധ പ്രശ്നങ്ങളും നേരിടാൻ സ്വീകരിക്കുന്ന ശാസ്ത്രീയമാർഗങ്ങൾ, അവയുടെ ഫലസിദ്ധിയിലെ കാലതാമസത്തിലേക്കും സമ്പൂർണതയിലേക്കും വിരൽ ചൂണ്ടുമ്പോൾ പരിസ്ഥിതിയിൽ പ്രശ്നം സൃഷ്ടിച്ചശേഷം പരിഹാരം തേടുന്നതിനേക്കാൾ പരിസ്ഥിതിയെ സംരക്ഷിച്ചു നിലനിർത്തുന്നതിൽ ശ്രദ്ധ വയ്ക്കുന്നതാണ് അഭികാമ്യമെന്ന് ബോധ്യമാകും.

ലോകത്ത് എല്ലായിടത്തുമെന്നതുപോലെ പരിസ്ഥിതിയും വികസനവും കേരളീയ സമൂഹത്തിനു മുന്നിലും സജീവ ചർച്ചയാണ്. ജനങ്ങളുടെ ജീവിതവുമായി പരിസ്ഥിതിക്കുള്ള ബന്ധത്തെ നിഷേധിക്കുന്ന നിലപാടല്ല സർക്കാരിനുള്ളത്. മനുഷ്യനെ പ്രകൃതിയുടെ ഭാഗമായി കാണുന്ന വികസന സമീപനമാണ് സംസ്ഥാന സർക്കാർ മുന്നോട്ട് വയ്ക്കുന്നത്. കേരളത്തിന്റെ പരിസ്ഥിതി സന്തുലനാവസ്ഥ പുനഃസ്ഥാപിക്കുമെന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രകടനപത്രികയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, പരിസ്ഥിതി ബജറ്റ് അവതരിപ്പിച്ച സർക്കാരാണ് ഇപ്പോൾ സംസ്ഥാനത്തുള്ളത്. വികസന പ്രവർത്തനങ്ങൾ പരിസ്ഥിതിയിൽ ചെലുത്തുന്ന ആഘാതങ്ങൾ വിലയിരുത്തുന്നതിനും നിരീക്ഷിക്കുന്നതിനും അവ തിരുത്തുന്നതിനുള്ള ഇടപെടൽ നടത്തുന്നതിനുമുള്ള ആസൂത്രണ ഉപാധിയായി പരിസ്ഥിതി ബജറ്റ് മാറി. യുക്തിചിന്തയും ശാസ്‌ത്രബോധവും അടിസ്ഥാനമാക്കി മനുഷ്യനും പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തെ ഊട്ടിയുറപ്പിക്കുന്ന സർക്കാർ കാഴ്ചപ്പാടിന്റെ നിദർശനമാണിത്.

അതുകൊണ്ടുതന്നെ കേരളത്തിന്റെ പരിസ്ഥിതിയെ സുസ്ഥിരവും സമഗ്രവുമായി വീണ്ടെടുക്കുന്നതിൽ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണ്. പരിസ്ഥിതി പുനഃസ്ഥാപനത്തിനായി ഒരു മിഷൻ തന്നെ പ്രവർത്തിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. 2016ൽ സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ച ഹരിതകേരളം മിഷൻ ജലസ്രോതസ്സുകളുടെ സംരക്ഷണം, ശാസ്ത്രീയ മാലിന്യസംസ്കരണം, ജൈവവൈവിധ്യ സംരക്ഷണം തുടങ്ങിയ സുപ്രധാന പാരിസ്ഥിതിക പ്രവർത്തനങ്ങൾ നിർവഹിച്ചു വരികയാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വകുപ്പുകളുടെയും നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ വിജയകരമായി നടപ്പാക്കി ഇന്ത്യക്കാകെ മാതൃകയായി മാറിയ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളിൽ കേരളത്തിന്റെ വിജയമാണ്.

ഈ വർഷത്തെ ലോക പരിസ്ഥിതിദിനത്തിന്റെ സന്ദേശം പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതാണ്. കാടും കടലും കരയും ഒരുപോലെ പ്ലാസ്റ്റിക് മലിനീകരണ ഭീഷണി നേരിടുന്ന അവസ്ഥയാണിന്ന്. അതുകൊണ്ടുതന്നെ പ്ലാസ്റ്റിക്കിന്റെ ഉൽപ്പാദനവും ഉപയോഗവും അത്യാവശ്യങ്ങൾക്കു മാത്രമായി നിജപ്പെടുത്തുകയാണ് നാം ചെയ്യേണ്ടത്. പ്ലാസ്റ്റിക്കിലേതുൾപ്പെടെ ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന വസ്തുക്കൾ പൂർണമായും ഒഴിവാക്കണം. ഹരിത പെരുമാറ്റച്ചട്ടം ജീവിതശൈലിയാക്കി മാറ്റിവേണം പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രത്യാഘാതത്തെ പ്രതിരോധിക്കാൻ.

ജലസംരക്ഷണവും പരിസ്ഥിതി സംരക്ഷണത്തിൽ ഏറെ പ്രധാനമാണ്. മഴക്കാലത്ത് പ്രളയവും മഴ കഴിഞ്ഞാൽ വരൾച്ചയും അനുഭവപ്പെടുന്ന സ്ഥിതിയാണ് ഇപ്പോൾ നമ്മുടെ നാട്ടിലുള്ളത്. ഒട്ടും ആശാവഹമല്ല ഇത്. പുഴകളിലെയും നീർച്ചാലുകളിലെയും മാലിന്യങ്ങൾ പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങൾക്ക് കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. പുഴകളും നീർച്ചാലുകളും വീണ്ടെടുക്കാൻ ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പിലാക്കിവരുന്ന ‘ഇനി ഞാനൊഴുകട്ടെ' എന്ന ജനകീയ ക്യാമ്പയിൻ ഇതിനകംതന്നെ പ്രകടമായ ഗുണഫലങ്ങളാണ് സൃഷ്ടിച്ചത്. മണ്ണിടിച്ചിലും ഉരുൾപൊട്ടലും ലഘൂകരിക്കാനായി പശ്ചിമഘട്ട പ്രദേശങ്ങളിൽ നീർച്ചാൽ മാപ്പിങ്‌ നടത്തി നീരൊഴുക്ക് വീണ്ടെടുക്കുന്ന ‘സുരക്ഷിതമാക്കാം പശ്ചിമഘട്ടം’ ക്യാമ്പയിൻ പ്രവർത്തനങ്ങളും പ്രത്യേക പരാമർശമർഹിക്കുന്നു. ജൈവ വൈവിധ്യങ്ങളുടെ സംരക്ഷണവും പ്രകൃതി പുനഃസ്ഥാപന പ്രവർത്തനങ്ങളിൽ സുപ്രധാനമാണ്. നാടിന്റെ പച്ചപ്പ് തിരിച്ചുകൊണ്ടുവരികയാണ് ഇതിലെ പ്രധാന ദൗത്യം. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടന്നുവരുന്ന തരിശുഭൂമിയിൽ പച്ചപ്പൊരുക്കാനുള്ള പച്ചത്തുരുത്ത് പദ്ധതി ഇതിൽ ശ്രദ്ധേയമാണ്.

ആഗോളതാപനം ആശങ്കാജനകമായി കുതിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനങ്ങൾക്കു കാരണമായ ഈ പ്രതിഭാസത്തെ ഫലപ്രദമായി പ്രതിരോധിച്ചില്ലെങ്കിൽ സ്ഥിതി കൂടുതൽ ഗുരുതരമാകും. കാർബൺ ന്യൂട്രൽ കേരളം അഥവാ നെറ്റ് സീറോ എമിഷൻ അവസ്ഥയിലേക്ക് സംസ്ഥാനത്തെ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ പുരോഗമിക്കുകയാണ്. രാജ്യം 2070ൽ നെറ്റ് സീറോ എമിഷൻ അവസ്ഥയിലെത്താൻ ലക്ഷ്യമിടുമ്പോൾ, കേരളം 2050ൽ തന്നെ ഈ അവസ്ഥ കൈവരിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യം മുൻനിർത്തിയാണ് ‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’ എന്ന ക്യാമ്പയിൻ നടപ്പാക്കിവരുന്നത്. ആവാസവ്യവസ്ഥയുടെ നിലനിൽപ്പിനാധാരമായ കാടുകളും അവിടെ വസിക്കുന്ന ജീവജാലങ്ങളും സംരക്ഷിക്കപ്പെടണം. അതിവേഗം നഗരവൽക്കരണം നടക്കുന്ന കേരളംപോലുള്ള സംസ്ഥാനങ്ങളിൽ മരങ്ങൾ ഇല്ലാതാകുന്നത് ആശങ്കാജനകമാണ്. പ്രകൃതിക്കും സഹജീവികൾക്കും അനുഗുണമാകുംവിധം ‘ഒരു തൈ നടാം' എന്ന പേരിൽ ഒരു കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന ജനകീയ ക്യാമ്പയിന് സംസ്ഥാനത്ത് തുടക്കമാവുകയാണ്. ജൂൺ 5 ന് ആരംഭിച്ച് സെപ്തംബർ 30 ന് സമാപിക്കുംവിധമാണ് ഈ ക്യാമ്പയിൻ വിഭാവനം ചെയ്തിട്ടുള്ളത്.

പരിസ്ഥിതി സൗഹൃദപരമായ ജീവിതശൈലി സ്വീകരിച്ച്, വരും തലമുറകൾക്കു വേണ്ടി ഒരു നല്ല നാളെ കെട്ടിപ്പടുക്കാൻ ഒരുമിച്ച് പ്രവർത്തിക്കാം.
 

കൂടുതൽ ലേഖനങ്ങൾ

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും

സ. എം വി ഗോവിന്ദൻ മാസ്റ്റർ

രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമെന്ന നേട്ടത്തിലേക്ക്‌ കേരളത്തെ ഉയർത്തിയ എൽഡിഎഫിന്റെ ഉറപ്പാണ്‌ ദാരിദ്ര്യനിർമാർജനവും. ഒന്നാം പിണറായി വിജയൻ സർക്കാർ ഒട്ടേറെ ദുരന്തമുഖങ്ങളിലൂടെ കടന്നുപോയിട്ടും പ്രതികൂല പഞ്ചാത്തലത്തെ നേരിട്ട്‌ മുന്നേറി.

കേരളത്തിന്റെ നേട്ടങ്ങൾ എൽഡിഎഫ് തുടർഭരണത്തിന്റെ സംഭാവന

സ. പിണറായി വിജയൻ

അതിദാരിദ്ര്യമുക്ത കേരളം അടക്കം മികച്ച നേട്ടം കൈവരിക്കാനായത്‌ 2021ൽ ജനങ്ങൾ എൽഡിഎഫിന്‌ തുടർഭരണം സമ്മാനിച്ചതുകൊണ്ടാണ്. എൽഡിഎഫ്‌ ഭരിക്കുന്ന ഘട്ടത്തിലെല്ലാം വൻ വികസനം നാട്ടിലുണ്ടാകും, പക്ഷെ തൊട്ടുപിന്നാലെ യുഡിഎഫ്‌ വരുന്നതോടെ ഈ നേട്ടങ്ങൾ അധോഗതിയിലേക്ക്‌ പോകും.

ഇടതുപക്ഷം മത്സരിച്ചതുള്‍പ്പെടെ നിരവധി സീറ്റുകളിൽ കോൺ​ഗ്രസ് വിമത സ്ഥാനാർഥികളെ നിർത്തി ബിജെപിക്ക് അനുകൂലമായ വിധിയുണ്ടാക്കി

സ. എം വി ഗോവിന്ദൻ മാസ്റ്റർ

മതനിരപേക്ഷത സംരക്ഷിക്കാൻ വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കോൺ​ഗ്രസ് തയ്യാറായില്ല എന്നതും ബിഹാർ തെരഞ്ഞെടുപ്പിലുണ്ടായ മറ്റൊരു പ്രധാന പ്രശ്നമായി. പ്രധാനകക്ഷിയെന്ന നിലയിൽ കോൺ​ഗ്രസ് ​ഗൗരവപൂർവമായ സമീപനം സ്വീകരിച്ചിരുന്നുവെങ്കിൽ ചിത്രം മറ്റൊന്നാകുമായിരുന്നു.

തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്

സ. എം വി ഗോവിന്ദൻ മാസ്റ്റർ

ബിഹാർ തെരഞ്ഞെടുപ്പ് പരാജയം മതനിരപേക്ഷശക്തികൾ ശരിയായ രീതിയിൽ പരിശോധിച്ച് ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകണമെന്ന സൂചനയാണ് നൽകുന്നത്. തെരഞ്ഞെടുപ്പ് കമീഷനെ ദുരുപയോ​ഗം ചെയ്തുകൊണ്ടാണ് വർ​ഗീയ പ്രചരണങ്ങളും പണക്കൊഴുപ്പും ബിജെപി തെരഞ്ഞെടുപ്പിലുടനീളം നടത്തിയത്.