നിലമ്പൂരിൽ വർഗീയ ശക്തികളുടെ സഹായം യുഡിഎഫിന് ലഭിച്ചു. മാധ്യമങ്ങൾ തന്നെ പുറത്തുകൊണ്ടുവന്ന പോലെ യുഡിഎഫിനകത്ത്, യുഡിഎഫിന്റെ തന്നെ ഭാഗമായ പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും നടത്തിക്കൊണ്ടിരിക്കുന്ന വാക്പോരാട്ടങ്ങൾ നാം കണ്ടുകൊണ്ടിരിക്കുകയാണ്. കേരളം രണ്ട് തെരഞ്ഞെടുപ്പ് നേരിടുന്ന സവിശേഷ സാഹചര്യത്തിൽ സിപിഐ എമ്മിനകത്തും പ്രശ്നമുണ്ടെന്ന് വരുത്താൻ തെരഞ്ഞെടുപ്പ് പശ്ചാത്തലം അടിസ്ഥാനപ്പെടുത്തി പ്രചാരവേല അരംഭിച്ചിരിക്കുകയാണ്. എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിനെ ചിലർ വ്യക്തിപരമായി പോലും ആക്രമിച്ചു. വായനയും അറിവുമുള്ളത് ചിലരുടെ എതിർപ്പിന് കാരണമായി . ചില പ്രൊഫസർമാരും ബുദ്ധിജീവികളും ഇവർക്കൊപ്പം കൂടി. സ്വരാജിന്റെ സ്ഥാനാർഥിത്വം കേരളം അംഗീകരിച്ചതാണ്.
വർഗീയ ശക്തികളുടെ കൂട്ടുപിടിച്ചിട്ടും യുഡിഎഫിന്റെ വോട്ട് കുറഞ്ഞു. ബിജെപിക്ക് ലോക്സഭയിൽ ലഭിച്ച വോട്ട് പോലും ലഭിച്ചില്ല. എൽഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ പോറലേൽക്കാതെ ശക്തിപ്പെട്ടു. മതരാഷ്ട്രീയ വാദികളുമായുള്ള ലീഗ് - കോൺഗ്രസ് കൂട്ടുകെട്ട് സമൂഹത്തിൽ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. നിലമ്പൂരിൽ വലിയ വികസന പ്രവർത്തനങ്ങൾ സർക്കാരിന്റെ നേതൃത്വത്തിൽ നടത്തിയിരുന്നു. എന്നാൽ ഈ സർക്കാരിൻ്റെ വികസന നേട്ടത്തെ സ്വതന്ത്ര നേട്ടമായി സ്വതന്ത്ര സ്ഥാനാർഥി പ്രചരിപ്പിച്ചു. ഇത് സ്വതന്ത്ര സ്ഥാനാർഥിക്ക് വോട്ട് വർധിക്കുന്നതിന് ഇടയാക്കി.
