ചരിത്രപ്രസിദ്ധമായ സന്താൾ കലാപത്തിന്റെ 170-ാം വാർഷികമാണ് ഇന്ന് ഹുൽ ദിവസ് ആയി ആഘോഷിക്കുന്നത്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെയും സമീന്ദാറുകളുടെയും മഹാജനങ്ങളുടെയും അടിച്ചമർത്തൽ ഭരണത്തിനെതിരെ 1855-ൽ സിദ്ധുവിന്റെയും കൻഹു മുർമുവിന്റെയും നേതൃത്വത്തിൽ ആയിരക്കണക്കിന് ആദിവാസികൾ വിമോചന സമരം ആരംഭിച്ചു. ജൂൺ 30 മുതൽ തുടങ്ങിയ വിപ്ലവം 1856 ജനുവരി 3 വരെ നീണ്ടു നിന്നു. അമ്പും വില്ലും, വാളുകളുമായി പോരാടിയ സാന്താൾ വിപ്ലവകാരികളെ തോക്കേന്തിയ ബ്രിട്ടീഷ് സൈന്യം മൃഗീയമായി അടിച്ചൊതുക്കുകയായിരുന്നു. ഈ വിപ്ലവത്തിൽ 15000-ത്തിലധികം സാന്താൾ ജനതയാണ് രക്തസാക്ഷിത്വം വരിച്ചത്. ആദിവാസി അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവ മുന്നോട്ട് കൊണ്ടുപോകുന്നതിനും സന്താൾ പോരാളികളുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുമെന്ന് ഈ ദിനത്തിൽ പ്രതിജ്ഞ ചെയ്യുന്നു.
