ഹിന്ദുരാഷ്ട്ര വാദികളായ ആർഎസ്‌എസ് ശതാബ്ദി ആഘോഷിക്കാനിരിക്കെ പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാനുള്ള ബഹുമുഖ ശ്രമങ്ങളാണ് നടന്നുവരുന്നത്. ആർഎസ്എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബലെയെയും ഉപരാഷ്ട്രപതി ജഗദീപ് ധൻഖറും കേരള ഗവർണർ രാജേന്ദ്ര ആർലേക്കറും നടത്തുന്ന പ്രസ്താവനകളും ചെയ്തികളും ഇതിലേക്കാണ് വിരൽചൂണ്ടുന്നത്. അടിയന്തരാവസ്ഥയുടെ 50-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെയാണ് ആർഎസ്എസിൽ രണ്ടാമനായ ഹൊസബലെ, ഭരണഘടനയുടെ ആമുഖത്തിലുള്ള സെക്കുലറിസം അഥവാ മതനിരപേക്ഷത, സോഷ്യലിസം എന്നീ പദങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്.
അടിയന്തരാവസ്ഥക്കാലത്ത് 1976 ൽ 42-ാം ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഈ പദങ്ങൾ കൂട്ടിച്ചേർത്തതെന്നും ഡോ. ബി ആർ അംബേദ്‌കർ തയ്യാറാക്കിയ ഭരണഘടനയിൽ ഈ പദങ്ങളില്ലെന്നതുമാണ് ഇതിന് ന്യായീകരണമായി ഹൊസബലെ ഉയർത്തിയത്. തൊട്ടടുത്തദിവസം ഉപരാഷ്ട്രപതി ജഗദീപ് ധൻഖറും ഈ വാദത്തെ പിന്തുണച്ച് സംസാരിച്ചു. ഭരണഘടനയിലെ വ്രണങ്ങളായാണ് ഈ ആശയങ്ങളെ ഉപരാഷ്ട്രപതി വീക്ഷിച്ചത്. ആമുഖം ഭരണഘടനയുടെ ആത്മാവാണെന്നും സോഷ്യലിസം, മതനിരപേക്ഷത എന്നീ വാക്കുകൾ ഉൾപ്പെടുത്തിയതിലൂടെ ഭരണഘടനയുടെ ആത്മാവിനെയാണ് തിരുത്തിയതെന്നുമാണ് ധൻഖറുടെ വാദം. സോഷ്യലിസം എന്ന വാക്ക് ഇന്ത്യയിൽ ആവശ്യമില്ലെന്നും മതനിരപേക്ഷത എന്ന വാക്ക് നീക്കം ചെയ്യുന്നത് ചർച്ച ചെയ്യണമെന്നും കേന്ദ്രകൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാനും പറഞ്ഞു. ഹൊസബലെയുടെ നിർദേശങ്ങൾ നടപ്പിലാക്കാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ലെന്നാണ് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്ങിന്റെ അഭിപ്രായം. ആമുഖത്തിൽനിന്ന് രണ്ട് വാക്കുകളും നീക്കുമെന്ന് ഹിന്ദുത്വ രാഷ്ട്രീയത്തിന് കോൺഗ്രസ് സംഭാവന ചെയ്ത അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ സർമയും പറഞ്ഞു.
മനുസ്മൃതി ഭരണഘടനയാക്കണമെന്ന് പറയുന്ന ആർഎസ്എസുകാരും അവരുടെ സിൽബന്തികളും നിലവിലുള്ള ഇന്ത്യൻ ഭരണഘടനയും ദേശീയപതാകയും അംഗീകരിക്കാത്തവരാണെന്ന കാര്യം പ്രസിദ്ധമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദി നാനൂറിലധികം സീറ്റ് എന്ന മുദ്രാവാക്യം ഉയർത്തിയതു തന്നെ ആർഎസ്എസിന്റെ ശതാബ്ദി വർഷത്തിൽ ഭരണഘടന മാറ്റിയെഴുതാനും സോഷ്യലിസം, മതനിരപേക്ഷത എന്നീ പദപ്രയോഗങ്ങൾ ഒഴിവാക്കാനുമായിരുന്നു. ഇത് മനസ്സിലാക്കിയ ഇന്ത്യൻ ജനത അവർക്ക് തനിച്ച് ഭൂരിപക്ഷം നൽകിയില്ല. എന്നിട്ടും ഭരണഘടന മാറ്റിയെഴുതുമെന്ന പ്രചാരണം അവർ തുടരുകയാണ്.
ഭരണഘടനയെ എതിർക്കുന്നവർ
ഭരണഘടന മാറ്റിയെഴുതാൻ മുന്നിട്ടിറങ്ങുന്ന ബിജെപി നേതാക്കൾ ആദ്യം ചെയ്യേണ്ടത് അവരുടെ ഭരണഘടന മാറ്റിയെഴുതുകയാണ്. കാരണം അവരുടെ ഭരണഘടനയിലെ (2012) അനുച്ഛേദം രണ്ടിൽ പറയുന്നത് ഇന്ത്യൻ ഭരണഘടനയിലും അതു മുന്നോട്ടുവയ്‌ക്കുന്ന സോഷ്യലിസം, മതനിരപേക്ഷത, ജനാധിപത്യം എന്നീ തത്വങ്ങളിലും അചഞ്ചലമായ വിശ്വാസം അർപ്പിക്കുന്നുവെന്നാണ്. ഇങ്ങനെ ഭരണഘടനയിൽ എഴുതിവച്ചവരാണ് അതിന് കടകവിരുദ്ധമായ രീതിയിൽ പെരുമാറുന്നത്. ഹൊസബലെയും മറ്റും ഉന്നയിക്കുന്ന മറ്റൊരു വാദം അംബേദ്‌കറുടെ ഭരണഘടനയിൽ സെക്കുലറിസം തുടങ്ങിയ പദപ്രയോഗങ്ങൾ ഇല്ലെന്നാണ്. എന്നാൽ മൗലികാവകാശങ്ങളെക്കുറിച്ച് പരാമർശിക്കുന്നിടത്ത് അനുച്ഛേദം 25ൽ 2 ( എ ) യിൽ സെക്കുലർ എന്ന പദപ്രയോഗം കാണാവുന്നതാണ്. ഭരണഘടനാ നിർമാണ സഭയിൽ നടന്ന ചർച്ചയിൽ സർദാർ വല്ലഭ് ഭായ് പട്ടേൽതന്നെ ഇന്ത്യയെ മതനിരപേക്ഷ രാഷ്ട്രമായാണ് (1949 ഒക്ടോബർ 14) വിഭാവനം ചെയ്യുന്നത്. അതായത് ഭരണഘടനാ നിർമാതാക്കളുടെ ലക്ഷ്യം ഒരു സോഷ്യലിസ്റ്റ്, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്ക് തന്നെയായിരുന്നു. ഈ ആശയത്തെ അന്നുമുതൽ എതിർക്കുന്നവരാണ് ആർഎസ്എസും അനുബന്ധ സംഘടനകളും. രാഷ്ട്രസമ്പത്ത് തുല്യമായി വിതരണം ചെയ്യുന്നതിന് ഇവർ എതിരാണ്. കോർപറേറ്റ് മുതലാളിത്തത്തിന്റെ വളർച്ചയാണ് അവർ ആഗ്രഹിക്കുന്നത്. വിവിധ മതസ്ഥർ സഹോദരങ്ങളെപോലെ ഇടപഴകി, ഇടകലർന്ന് ജീവിക്കുന്നതിനെ ഇവർ എതിർക്കുന്നു. ജനങ്ങളെ വർഗീയമായി ചേരിതിരിക്കാനാണ് ഇവരുടെ ശ്രമം. ജനാധിപത്യമല്ല സ്വേച്ഛാധിപത്യമാണ് ഇവർക്ക് പഥ്യം. ഈ ആശയ പരിസരമാണ് സോഷ്യലിസം, മതനിരപേക്ഷത എന്നീ പദങ്ങളോട് ഇവർക്കുള്ള അസഹിഷ്ണുതയ്‌ക്ക് കാരണം. ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങൾ മാറ്റാൻ കഴിയില്ലെന്ന് കേശവാനന്ദഭാരതി കേസിന്റെ വിധിന്യായത്തിലും 2024 ലെ വിധിന്യായത്തിലും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
ഗവർണറുടെ രാഷ്ട്രീയം
ഇന്ത്യൻ ഭരണഘടനയോടുള്ള എതിർപ്പ് തന്നെയാണ് മറ്റൊരു രീതിയിൽ ഗവർണർ ആർലേക്കറും പ്രകടിപ്പിക്കുന്നത്. രാജ്ഭവനിലെ സെൻട്രൽ ഹാളിൽ കാവിയുടുത്ത സ്‌ത്രീയുടെ ചിത്രംവച്ച് അതിനെ പൂവിട്ട് പൂജിക്കണമെന്നാണ് ഗവർണർ ശഠിക്കുന്നത്. എന്നാൽ മന്ത്രിമാരായ പി പ്രസാദും വി ശിവൻകുട്ടിയും അതിന് തയ്യാറായില്ല. മന്ത്രിമാർ ചെയ്തത് തീർത്തും ശരിയായ നടപടിയാണ്. ഔദ്യോഗികപരിപാടികളിൽ ദേശീയ ചിഹ്നവും പതാകയും മാത്രമേ ഉപയോഗിക്കാവൂ. രാഷ്ട്രീയ പാർടികളുടെ വിശ്വാസപ്രമാണങ്ങളും പ്രത്യയശാസ്ത്രങ്ങളും പ്രവർത്തന രീതികളും എന്തു തന്നെയായാലും ഭരണഘടനാ പദവികളിൽ എത്തിക്കഴിഞ്ഞാൽ അവർ പ്രവർത്തിക്കേണ്ടത് ഭരണഘടന അനുസരിച്ചാണ്. ഭരണഘടനാ ബാഹ്യമായ സ്വന്തം വിശ്വാസ പ്രമാണങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് സത്യപ്രതിജ്ഞാലംഘനമല്ലാതെ മറ്റൊന്നുമല്ല. ഗവർണർ ചെയ്തുകൊണ്ടിരിക്കുന്നതും അതാണ്. ദേശീയ പ്രക്ഷോഭങ്ങളിലൂടെ ജനകീയമാക്കപ്പെട്ട ഒരു സങ്കൽപ്പമാണ് ഭാരതമാതാവ്. അതിന് നിയതമായ ഒരു രൂപമൊന്നുമില്ല. ഗവർണർ രാജ്ഭവനിൽ വച്ചിട്ടുള്ളത് ആർഎസ്എസ് സങ്കൽപ്പത്തിലുള്ള ഭാരതമാതാവാണ്. ഒരു സിംഹത്തിനരികെ കുന്തവും കാവിപതാകയുമേന്തിയ കാവിസാരിയണിഞ്ഞ സ്ത്രീരൂപത്തിന് ഭാരതമാതാവിന്റെ പ്രതീകമാകാൻ കഴിയില്ല. മാത്രമല്ല, അതിലുള്ള ഭൂപടം ആർഎസ്എസ് വിഭാവനം ചെയ്യുന്ന അഖണ്ഡ ഭാരതത്തിന്റേതാണ്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ബംഗ്ലാദേശും നേപ്പാളും ഭൂട്ടാനും മ്യാൻമറും ടിബറ്റും ശ്രീലങ്കയും ചേർന്ന അഖണ്ഡ ഭാരതത്തിന്റെ ഭൂപടമാണ് അതിനോടൊപ്പമുള്ളത്. രാജ്യത്തിന്റെ വികലമായ ഈ ഭൂപടം പ്രദർശിപ്പിക്കുക വഴി രാജ്ഭവൻ വലിയ തെറ്റാണ് ചെയ്തിട്ടുള്ളത്. അതിലുൾപ്പെട്ട രാഷ്ട്രങ്ങൾ ഇന്ത്യ തങ്ങളുടെ ഭൂമിയിൽ അവകാശവാദം ഉന്നയിച്ചുവെന്ന് പറഞ്ഞ് വിവാദം സൃഷ്ടിച്ചാൽ ഗവർണർ രാജ്യത്തിനു മുമ്പിൽ വലിയ കുറ്റക്കാരനായി മാറും. പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തപ്പോൾ പുരാതന മൗര്യ സാമ്രാജ്യത്തിന്റെ ചിത്രം പ്രദർശിപ്പിച്ചപ്പോൾ നേപ്പാളും ബംഗ്ലാദേശും മറ്റും, ഇന്ത്യ തങ്ങളുടെ ഭൂപ്രദേശങ്ങളിൽ അനധികൃതമായി അവകാശവാദം ഉന്നയിക്കുന്നുവെന്ന് പറഞ്ഞ് പ്രശ്നങ്ങൾ ഉണ്ടാക്കിയത് ഓർമിക്കുമല്ലോ.
അതിനാൽ എല്ലാ അർഥത്തിലും ഭരണഘടനാ ലംഘനമാണ് ഗവർണറുടെ നേതൃത്വത്തിൽ നടക്കുന്നത്. ഇതു സംബന്ധിച്ച് സംസ്ഥാന മന്ത്രിസഭയുടെ അഭിപ്രായം ഗവർണറെ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. ഭരണഘടനയുടെ 163-ാം അനുച്ഛേദം അനുസരിച്ച് ഗവർണർക്ക് ആവശ്യമായ ഉപദേശങ്ങൾ നൽകേണ്ടത് മന്ത്രിസഭയാണ്. ഈ ഉപദേശം സ്വീകരിച്ച് പ്രവർത്തിക്കേണ്ടത് ഗവർണറുടെ ഭരണഘടനാപരമായ കടമയാണ് - ഭരണനിർവഹണ വിഷയങ്ങളെല്ലാം അന്തിമമായി തീരുമാനിക്കേണ്ടത് സർക്കാരാണ്. സർക്കാരിന്റെ നയങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കേണ്ട ബാധ്യത ഗവർണർക്കുണ്ട്. ഭരണഘടനാ ശിൽപ്പിയായ അംബേദ്‌കർ തന്നെ പറഞ്ഞത് "ഭരണഘടനയ്‌ക്ക് കീഴിലുള്ള ഗവർണർക്ക് സ്വന്തമായി നിർവഹിക്കാൻ കഴിയുന്ന ഒരു ചുമതലയുമില്ല’ എന്നാണ് സുപ്രീംകോടതി പല വിധിന്യായങ്ങളിൽ ഇത് ശരിവച്ചിട്ടുമുണ്ട്. അതിനാൽ ഗവർണറോട് അഭ്യർഥിക്കാനുള്ളത്, വ്യക്തിപരമായ രാഷ്ട്രീയവും വിശ്വാസപ്രമാണങ്ങളും രാജ്ഭവനിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുതെന്നാണ്. ഭരണഘടനയ്‌ക്ക് വിധേയനായി, അതിന്റെ സംരക്ഷകനായി മാറുന്നതിനു പകരം അതിനെ നശിപ്പിക്കാൻ ശ്രമിക്കരുത് എന്നാണ്.
ലക്ഷ്യം വർഗീയത പടർത്തൽ
സംഘപരിവാറിന്റെ ഈ ഭരണഘടനാവിരുദ്ധ ആശയങ്ങൾക്ക് വേരോട്ടം നൽകുംവിധം ന്യൂനപക്ഷ പ്രസ്ഥാനങ്ങളും വർഗീയ ശക്തികളും പ്രവർത്തിക്കരുതെന്നുകൂടി ഇതോടൊപ്പം ചേർത്തു പറയേണ്ടതുണ്ട്. ലഹരിയിൽനിന്നും കുട്ടികളെ അടർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ അവരിൽ നവോന്മേഷവും ഊർജസ്വലതയും പ്രദാനം ചെയ്യുന്നതിന് വിദ്യാഭ്യാസ വകുപ്പ് സൂംബ ഡാൻസ് പ്രോത്സാഹിപ്പിക്കുന്നതിനെതിരെ ചില കോണുകളിൽനിന്നും ഉയർന്നുവന്ന അടിസ്ഥാനരഹിതവും അശാസ്ത്രീയവുമായ വിമർശങ്ങൾ ഞാൻ നേരത്തേ പറഞ്ഞ ഇരുട്ടിന്റെ ശക്തികൾക്കാണ് ബലം നൽകുന്നത്. സൂംബ ഡാൻസ് ഒരു വാമിങ്‌അപ്പ് മാത്രമാണ്. ഇത്തരം കായിക വിനോദങ്ങളിൽ പങ്കെടുക്കുന്നത് കുട്ടികളിൽ മാനസികവും ശാരീരികവുമായ ഉന്മേഷവും ആരോഗ്യവും ഗുണകരമായ ചിന്തയും വളർത്താൻ സഹായിക്കും. ഇവരുടെ പഠനത്തെ മാത്രമല്ല വ്യക്തിത്വ വികാസത്തെയും വളർത്തും. വാക്സിൻ എടുക്കരുത്, പ്രസവം വീട്ടിൽ മതി തുടങ്ങിയവ പ്രചരിപ്പിച്ചവർ തന്നെയാണ് ഇപ്പോൾ സൂംബയ്‌ക്കെതിരെയും രംഗത്തു വരുന്നത്. ശാസ്ത്രവിരുദ്ധത വളർത്തുന്ന ഇത്തരം പ്രചാരണങ്ങളാണ് അന്ധവിശ്വാസങ്ങൾക്കും വർഗീയതയ്‌ക്കും വഴിതുറന്നിടുന്നത്. ഭൂരിപക്ഷ വർഗീയതയെ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വർഗീയത വളർത്തുന്നത് പൊതുസമൂഹത്തെ വർഗീയവൽക്കരിക്കാൻ കാരണമാകും. ഇത് നാടിനാപത്താണ്. ജനങ്ങൾ ഇത് തിരിച്ചറിയണം എന്നു മാത്രമാണ് പറയാനുള്ളത്.
